സ്വരപരിണാമത്തിന്റെ ഗാനവര്‍ഷങ്ങള്

മാനുവൽ ജോര്‍ജ്

യേശുദാസ്

അരനൂറ്റാണ്ടിലേറെയായി മലയാളിയുടെ ചുണ്ടിലെ പാട്ടാണ് യേശുദാസ്. ആ ഗന്ധര്‍വ സ്വരം മൂളാത്ത, മനസ്സില്‍ പാടി നടക്കാത്ത എത്ര മലയാളികളുണ്ടാവും? സംഗീതം ഇഷ്ടപ്പെടുന്നവരില്‍ ഒരാള്‍ പോലും ഉണ്ടാവില്ലെന്ന് ഉറപ്പിച്ചു പറയാം. അറുപതുകളില്‍ മലയാളസിനിമയില്‍ ആദ്യമായി മുഴങ്ങിത്തുടങ്ങിയ യേശുദാസിന്റെ ശബ്ദം ഇന്നും ഹൃദയഗീതങ്ങളായി കൊണ്ടുനടക്കുകയാണ് നമ്മള്‍. കാലത്തിലെ മാറ്റം യേശുദാസിന്റെ ശബ്ദത്തില്‍ വരുത്തിയ മാറ്റങ്ങള്‍ എന്തൊക്കെയാണ് ? അറുപതുകളിലെ യുവത്വം നിറഞ്ഞ യേശുദാസിന്റെ ശബ്ദം പിന്നീട് മാറിയതെങ്ങനെയാണ്? അദ്ദേഹത്തിന്റെ സ്വരപരിണാമത്തിലൂടെ ഒരു യാത്ര നടത്തിനോക്കൂ. സുകൃതജന്മങ്ങള്‍ക്കു മാത്രം സാധിക്കുന്ന അപൂര്‍വതയാണ് ആ യാത്രയിലൂടെ നമുക്കു കണ്ടെത്താനാവുക. സ്വരംകൊണ്ടു കാലത്തെ തോല്‍പിക്കുക എന്നതു മറ്റാര്‍ക്കും സാധിക്കുന്നതല്ല. പകരം വയ്ക്കാനില്ലാത്ത ഗായകനായി യേശുദാസ് മാറുന്നത് കാലത്തെയും തോല്‍പിച്ച സ്വരത്തിന്റെ ഉടമ എന്നതുകൊണ്ടുകൂടിയാണ്.യേശുദാസിന്റെ സ്വരപരിണാമത്തിലെ മാറ്റം ഗന്ധര്‍വനാദത്തെ കൂടുതല്‍ സുന്ദരമാക്കുകയാണ് ചെയ്തത് എന്നതിനു മികച്ച ഉദാഹരണമാണ് 'മിടുമിടുക്കി' എന്ന ചിത്രത്തിനു വേണ്ടി അദ്ദേഹം പാടിയ 'അകലെയകലെ നീലാകാശം..' എന്ന ഗാനം. 26 വര്‍ഷങ്ങള്‍ക്കു ശേഷം 1995ല്‍ ഇതേ ഗാനം യേശുദാസ് വീണ്ടും പാടി. രാജസേനന്‍ സംവിധാനം ചെയ്ത 'ആദ്യത്തെ കണ്‍മണി' എന്ന ചിത്രത്തിനുവേണ്ടി. ശ്രീകുമാരന്‍ തമ്പി രചിച്ച് ബാബുരാജ് ഈണമിട്ട ആ ഗാനം എക്കാലത്തെയും വലിയ ഹിറ്റ് ഗാനങ്ങളിലൊന്നായി ഇന്നും തുടരുന്നു. ശബ്ദശുദ്ധിക്കായി കഠിനവ്രതങ്ങള്‍ 'പിതാവേ, എനിക്കു കര്‍ത്താവിന്റെ ശരീരം മാത്രം മതി, രക്തം വേണ്ട' - തന്റെ വിവാഹവേളയില്‍ വിശുദ്ധ കുര്‍ബാന നല്‍കിയ ഗ്രിഗോറിയോസ് തിരുമേനിയോട് യേശുദാസ് പറഞ്ഞു. കുര്‍ബാനയ്ക്കിടെ വീഞ്ഞില്‍ മുക്കിയാണ് തിരുവോസ്തി നല്‍കുക. പക്ഷേ, യേശുദാസിന്റെ ആഗ്രഹപ്രകാരം വീഞ്ഞില്‍ മുക്കാതെ ഗ്രിഗോറിയോസ് തിരുമേനി യേശുദാസിനു അപ്പം നല്‍കി. ഒരിക്കലും ശുദ്ധി നഷ്ടപ്പെടാത്ത ശബ്ദം നിലനിര്‍ത്താന്‍ വേണ്ടി അദ്ദേഹം ചെയ്ത ത്യാഗങ്ങള്‍ എത്രയധികമാണെന്ന് വ്യക്തമാക്കുന്ന സംഭവമാണിത്. തന്റെ ശബ്ദസൌന്ദര്യം നിലനിര്‍ത്താന്‍ യേശുദാസിന് സാധിച്ചത് ജീവിതത്തില്‍ ഉടനീളം അദ്ദേഹം പാലിച്ച ഇത്തരം കടുത്ത നിഷ്ഠങ്ങള്‍ കൊണ്ടു കൂടിയാണ്.ഒരിക്കലും മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്തിട്ടില്ല അദ്ദേഹം. വീഞ്ഞുപോലും രുചിച്ചിട്ടില്ല. ഐസ്ക്രീം രുചിച്ചിട്ടുള്ളതു പോലും വളരെ അപൂര്‍വമായി മാത്രം. ജീവിതസുഖങ്ങളെല്ലാം സംഗീതത്തിനു വേണ്ടി അദ്ദേഹം തൃജിച്ചു. ''ഞാന്‍ ശ്രദ്ധിച്ചില്ലായിരുന്നുവെങ്കില്‍ എന്റെ ശബ്ദത്തിനു ക്ഷീണം തട്ടുമായിരുന്നു. ശബ്ദനാളത്തില്‍ കൂടുതല്‍ മാംസ്യം അടിഞ്ഞുകൂടിയാല്‍ ശബ്ദത്തില്‍ വ്യത്യാസം വരും. കൂടുതല്‍ സംസാരിക്കുന്നതുപോലും സംഗീതജ്ഞനു നന്നല്ല. സംസാരിക്കുമ്പോഴും പാടുമ്പോഴും പേശീചലനത്തില്‍ വ്യത്യാസം സംഭവിക്കും. ഒരേ ഒച്ചയില്‍ സംസാരിക്കുന്നതുപോലും നന്നല്ല. ശബ്ദം ഉയര്‍ത്തിയും താഴ്ത്തിയും സംസാരിക്കണം'' - ശബ്ദശുദ്ധി നിലനിര്‍ത്തുന്നതിനെപ്പറ്റിയുള്ള തന്റെ കാഴ്ചപ്പാട് യേശുദാസ് ഒരിക്കല്‍ വിശദീകരിച്ചു. ഗന്ധര്‍വസ്വരം കാലങ്ങളിലൂടെ ''ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന് മാതൃകാ സ്ഥാനമാണിത്'' ശ്രീനാരായണ•ഗുരുവിന്റെ വിഖ്യാതമായ ഈ ശ്ളോകം ആലപിച്ചുകൊണ്ട് 'കാല്പാടുകള്‍' എന്ന ചിത്രത്തിലൂടെ 1962ലാണ് യേശുദാസ് പിന്നണിഗായകനാകുന്നത്. പിന്നീട് മുപ്പതിനായിരത്തിലേറെ ഗാനങ്ങള്‍ പാടിയ വലിയ ഗായകന് അനുയോജ്യമായ തുടക്കം. അറുപതുകളിലെ യേശുദാസിന്റെ ഗാനങ്ങളുടെ പട്ടിക എടുത്തുനോക്കൂ. എങ്ങനെയാണ് അതില്‍ നിന്ന് ഏറ്റവും മികച്ചവ തിരഞ്ഞെടുക്കുക? എങ്ങനെയാണ് ആ കാലത്തെ ഹിറ്റുകളെ മാത്രം വേര്‍തിരിച്ചെടുക്കുക? 'ഭാഗ്യജാതകം' എന്ന ചിത്രത്തിലെ 'ആദ്യത്തെ കണ്‍മണി ആണായിരിക്കണം..' എന്ന ഗാനമാണ് യേശുദാസിന്റെ സിനിമാ ജീവിതത്തിലെ ആദ്യ ഹിറ്റ് എന്നു പറായം. പി. ലീലയോടൊപ്പം പാടിയ ഈ ഗാനം സൂപ്പര്‍ഹിറ്റായതോടെ മലയാളത്തിന്റെ പ്രിയ ഗായകനായി യേശുദാസ് മാറി. യേശുദാസിന്റെ ഏറ്റവും മികച്ച ഗാനം ഏത് എന്ന ചോദ്യത്തിനും ഉത്തരം കണ്ടെത്തുക സാധ്യമല്ല. പക്ഷേ, അങ്ങനെയൊരു തിരഞ്ഞെടുപ്പ് നടത്തിയാല്‍ കൂടുതല്‍ വോട്ടുവീഴാവുന്ന ഗാനം അറുപതുകളുടെ തുടക്കത്തിലാണ് യേശുദാസ് പാടിയത്. ഭാര്‍ഗവീനിലയത്തിലെ 'താമസമെന്തേ വരുവാന്‍...പ്രാണസഖീ എന്റെ മുന്നില്‍....' എന്ന ഗാനമാണത്. 1964ല്‍ പി. ഭാസ്കരന്റെ രചനയില്‍ ബാബുരാജ് ഒരുക്കിയ ഈ ഗാനം സാങ്കേതിസൌകര്യങ്ങള്‍ വളരെ കുറവുള്ള ഒരു കാലത്താണ് ജന്മമെടുക്കുന്നതെന്ന് വിശ്വസിക്കാനാവില്ല.ഒറ്റ മൈക്കില്‍ റിക്കോര്‍ഡിങ് നടക്കുന്ന കാലമാണത്. തബല, വയലിന്‍ തുടങ്ങിയവയെല്ലാം ഗായകനു ചുറ്റുമുണ്ടാകും. പലതവണ റിഹേഴ്സല്‍ നടത്തി പാടിപ്പഠിപ്പിച്ച ശേഷമാണ് അവസാന റെക്കോര്‍ഡിങ്. മലയാളത്തിന് ഏറ്റവും പ്രിയങ്കരമായ, ഏറ്റവും പരിചിതമായ ഗന്ധര്‍വസ്വരത്തില്‍ പിറന്ന ഈ ഗാനത്തെ വെല്ലാന്‍ മറ്റൊരു പ്രണയഗാനം ഇനിയും ഉണ്ടായിട്ടില്ല എന്നു നിസ്സംശയം പറയാം.Related Articles
അവൾ എത്തി എന്ന് ഉറപ്പായിട്ടേ ഞാൻ ഉറങ്ങാറുള്ളൂ...
പാട്ടിലെ ‘പുറം’
ബിഥോവന്റെ ആയിരം നാവുള്ള മൊഴി
മാസ്റ്ററിന്റെ 25 വർഷങ്ങൾ
ഹൃദയത്തോടു മാത്രം തോറ്റവൾ
സ്വരപരിണാമത്തിന്റെ ഗാനവര്‍ഷങ്ങള്
കഠിനമായ ഈണങ്ങൾ പാടി അതിശയിപ്പിച്ചപ്പോൾ
പഠനം തുടരാൻ കൂലിപ്പണി;എന്നിട്ടും ഇളയരാജ പാട്ടുകാരനായി
ഇവളെന്റെ പുണ്യം, ഇൗണം; കെ.എസ് ചിത്രയെക്കുറിച്ച് ചേച്ചി
കാലമിന്നും മൂളുന്ന ഈണം, മുഹമ്മദ് റഫി !
© Copyright 2017 Manoramaonline. All rights reserved.