ലക്ഷ്മി വിജയൻ
അമ്മയുടെ ഇടനെഞ്ചിന്റെ താളമാണ് മകൾ...
ആ മിടിപ്പിൽ കാതോർത്താണ് ലോകത്തിലെ മറ്റനേകം ശബ്ദങ്ങളിലേക്ക്... കാഴ്ചകളിലേക്ക് മകൾ പാദസരം കിലുക്കിയെത്തുക...
അമ്മ പാടുമ്പോൾ കേട്ടുറങ്ങി...
അമ്മയുടെ ചിരികണ്ട് ചിരിച്ച്...
അലസമായി മുന്നിലേക്കു വീഴുന്ന അമ്മയുടെ മുടിയിഴകളിൽ കയ്യുടക്കി വച്ച് കുസൃതികാട്ടി...
അമ്മയെ പോലെയാകണമെന്നാകും അന്ന് എല്ലാ പെൺമക്കളും ചിന്തിച്ചിരിക്കുക
അതുപോലെയുള്ള എത്രയെത്ര അമ്മയോർമ്മകൾ...
അങ്ങനെ അമ്മയുടെ പാട്ടു കേട്ടുറങ്ങിയ ഒരു മകളുടെ സ്വരമാണ് ഇന്ന് നമുക്ക് ഏറ്റവും പ്രിയപ്പെട്ടവയിൽ ഒന്ന്...
കേൾക്കാനേറെ ഇഷ്ടമുള്ള പെൺസ്വരം
ശ്വേത മോഹൻ...ഗായിക സുജാത മോഹന്റെ മകൾ.
പ്രണയത്തിന്റെ സ്വരരാഗങ്ങൾ അനേകം പാടിത്തന്ന പ്രിയ ഗായികയാണു സുജാത. ദശാബ്ദങ്ങളായി മലയാളി കേട്ടുണരുന്ന, ഉറങ്ങുന്ന,
വെറുതെ സ്വപ്നങ്ങളിലേക്കു കണ്ണുനട്ടിരിക്കും നേരം കാതോർക്കുന്ന സ്വരം. ഇന്ന് സുജാതയെ ഓർത്താൽ മനസിന്റെ പിന്നാമ്പുറങ്ങളിൽ
കേൾക്കുക കൊഞ്ചലും പ്രണയവും ഇഴചേർന്ന ആ സ്വരം മാത്രമല്ല, ശ്വേതയുടേതും കൂടിയാണ്.
ശ്വേതയും കൂടിയുണ്ടായിരുന്നു....
എനിക്കും അതുപോലൊരു മുത്തശ്ശിയാകണം...
അമ്മയായിരുന്നു എനിക്ക് എല്ലാം...കുഞ്ഞിലേ അച്ഛന്‍ ഞങ്ങളെ വിട്ടുപോയതാണ്. എന്റെ അമ്മ തന്നെയാണ് എന്റെ മകൾക്കും
എല്ലാമായിരുന്നത്. ജീവിതത്തിലെ മൂല്യങ്ങളെ, സ്നേഹത്തെ കുറിച്ചെല്ലാം പറഞ്ഞ് നൽകി അവളെ വളർത്തിയത്...ഞാൻ പാട്ടും
പരിപാടികളും തിരക്കുകളുമായി പോകുമ്പോൾ അവൾക്കൊപ്പമുണ്ടായിരുന്നത് അമ്മയായിരുന്നു. അമ്മ ഇപ്പോഴും പറയും ഞാൻ
വരുന്നതും നോക്കി അവൾ വൈകിയായാലും ബാൽക്കണിയിൽ വന്ന് അവൾ നിൽക്കുന്നതൊക്കെ.... അവള്‍ക്ക്
കുഞ്ഞുങ്ങളുണ്ടാകുമ്പോൾ എനിക്കും അതുപോലൊരു മുത്തശ്ശിയാകണം...എന്റെ അമ്മയോളം ഞാൻ വരുമോ എന്നതിൽ
സംശയമുണ്ട്....സുജാത പറയുന്നു.
ശ്വേത ഒരിക്കലും സംഗീത രംഗത്ത് ഇങ്ങനെ സജീവമാകുമെന്ന് ഞാൻ കരുതിയേയില്ലായിരുന്നു. കാരണം അവൾ ഒട്ടുമേ താൽപര്യം
ചെറുതിലെ കാണിച്ചിരുന്നേയില്ല. പാട്ട് പാടും അത്രയേയുള്ളൂ. സംഗീതത്തിലെ തിരക്കുകളിലേക്കൊന്നും അവൾക്ക് എത്തിപ്പെടാൻ
താൽപര്യമില്ലായിരുന്നുവെന്നായിരുന്നു ഞാൻ കരുതിയിരുന്നത്. അവൾ നന്നായി പാടുമെന്ന് എല്ലാവർക്കും അറിയാമായിരുന്നു.
എ.ആർ.റഹ്മാൻ സംഗീതത്തിലുള്ള അച്ചം അച്ചം ഇല്ലൈ എന്ന പാട്ടിൽ കോറസ് പാടാൻ അവസരമൊക്കെ കിട്ടുന്നത്
അങ്ങനെയൊക്കെയായിരുന്നു. അതിനു ശേഷം സംഗീതത്തോട് വല്യ താൽപര്യമൊന്നും കാണിച്ചില്ല. ഞാനും നിർബന്ധിക്കാൻ
പോയില്ല. പാട്ടു പഠനമൊന്നും നടത്തിയിരുന്നുമില്ല. പക്ഷേ അതിനും കൂടി വേണ്ടി ഇന്ന് അവൾ പഠിക്കുന്നുണ്ട്. അത്രയേറെ
നിഷ്ടയോടെയാണ് പാട്ടു പഠനമൊക്കെ നടത്തുന്നത്....പാട്ടിനോട് വലിയ താൽപര്യം കാണിക്കാത്ത മകൾ ഇന്ന് കുറേ നല്ല ചലച്ചിത്ര
ഗാനങ്ങൾ പാടി എനിക്കൊപ്പം സഞ്ചരിക്കുമ്പോൾ എല്ലാം ദൈവ നിശ്ചയമെന്നേ ഞാൻ പറയുള്ളൂ....
മകൾ നന്നായി പാടുന്നുണ്ട്...നല്ല സ്വരമാണ് എന്ന് കേൾക്കുമ്പോൾ എനിക്ക് അറിയില്ല എന്തു പറയണമെന്ന്....
എന്റെ മകൾ എന്ന ലേബൽ...
സുജാത മോഹന്റെ മകൾ എന്നത് അവളുടെ സംഗീത ജീവിതത്തിലെ തുടക്കം മനോഹരമാക്കി. അത് വാസ്തവമാണ്. അതൊരു വലിയ
അവസരമാണ് അവൾക്ക്. കുഞ്ഞിലേ വലിയ സംഗീത സംവിധായകരെ കാണാനും പരിചയപ്പെടാനും പാടുമെന്ന കാര്യം അവർ
തിരിച്ചറിയാനുമൊക്കെ ഇടയാക്കിയത് എന്റെ മകൾ ആയതുകൊണ്ടു തന്നെയാണ്. പക്ഷേ നമ്മുടെ ലേബൽ ഒരിക്കലും പിന്നീടുള്ള
സംഗീത ജീവിതത്തിന്റെ ഉയർച്ചയ്ക്ക് വേഗം കൂട്ടില്ലല്ലോ...കുറേ നല്ല പാട്ടുകൾ അവളെ തേടിയെത്തിയത് ദൈവാനുഗ്രഹമാണ്. കാരണം
എത്രമാത്രം കുട്ടികളാണ് ഓരോ ദിവസവും ഈ രംഗത്തേയ്ക്കെത്തുന്നത്. ഇന്നത്തെ പിന്നണി ഗായകരെ കുറിച്ച് ചിന്തിച്ചാൽ തന്നെ
മനസിലാകും അത്. എന്തു മാത്രം കുട്ടികളാണ്.
സുജാത വേദിയിൽ നിന്ന് അനങ്ങാതെ പുസ്തകം നോക്കി ഇടയ്ക്കൊന്നു ചിരിച്ചു പാടുന്ന രീതിയാണെങ്കിൽ...ശ്വേത അങ്ങനയേ അല്ല.
വേദികളെ ഇളക്കി മറിച്ചുകൊണ്ടാണ് പാടുന്നത്. അച്ഛനും ഭർത്താവ് അശ്വിനുമാണ് ശ്വേതയെ ഇങ്ങനെയാക്കിയതെന്നാണ് അമ്മയുടെ
പക്ഷം...അയ്യേ ഇങ്ങനെ നിന്നാണോ പാടുന്നത്...കുറച്ചു കൂടി ആക്ടീവ് ആകണം...നിങ്ങളൊക്കെ പുതിയ കുട്ടികളല്ലേ...എന്ന
പറച്ചിലാണത്രേ ഇന്ന് വേദിയിൽ കാണുന്ന ശ്വേതയെ രൂപപ്പെടുത്തിയത്....
എന്റെ സംഗീത ജീവിതത്തിൽ എന്നെ ഏറ്റവും പിന്തുണച്ചതും പ്രോത്സാഹിപ്പിച്ചതും അമ്മ കഴിഞ്ഞാൽ പിന്നെ ഭർത്താവ് ആയിരുന്നു.
അദ്ദേഹത്തിനായിരുന്നു എന്നെക്കാൾ എന്റെ സ്വരത്തോടു സ്നേഹമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ശ്വേതയുടെ ജീവിതത്തിലേക്കു
കൂട്ടായി വന്ന അശ്വിനും, അശ്വിൻ മാത്രമല്ല അശ്വിന്റെ അച്ഛനും അമ്മയും അതുപോലെ തന്നെയാണ്. ഒത്തിരി ഇഷ്ടമാണ് അവർക്ക്
അവളുടെ പാട്ട്....രാപകല്‍ ഭേദമില്ലാത്ത റെക്കോഡുകൾക്കും റിഹേഴ്സലുകൾക്കും ശ്വേതയ്ക്ക് മറ്റൊരു ടെന്‍ഷനുമില്ലാതെ
പോകാനാകുന്നതും ആ കുടുംബം അത്രയേറെ സ്നേഹം നൽകുന്നതു കൊണ്ടാണ്...
പിന്നെ എനിക്ക് എപ്പോഴും തോന്നിയിട്ടുള്ളത് ദൈവാനുഗ്രഹം കൊണ്ട് അവൾക്ക് നല്ല കുറേ പാട്ടുകൾ പാടാൻ കിട്ടുന്നുണ്ടെന്നാണ്.
അത് മറന്ന് നമ്മൾ സംസാരിക്കാൻ പാടില്ലല്ലോ. പിന്നെ എന്ത് സൗകര്യമുണ്ടായാലും തടസങ്ങളുണ്ടായാലും ഒരു കുട്ടിയ്ക്ക് കിട്ടേണ്ട
പാട്ടുകൾ അവളെ തേടി വരും എന്നു തന്നെയാണ്.
അവൾ എത്തിയിട്ടേ ഞാൻ ഉറങ്ങാറുള്ളൂ....
വാർത്തകളൊക്കെ കേൾക്കുമ്പോൾ ശരിക്കും പേടിയാകാറുണ്ട്. സിനിമയിലും സംഗീതത്തിലും രാത്രിയാത്ര ഒഴിവാക്കാനാകില്ലല്ലോ. ചില
റെക്കോഡിങുകൾ പാതിരാത്രിയോളം നീളും. പരിപാടികളും. രാത്രിയാത്രകൾ ഇന്നത്തെ കാലത്ത് സ്ത്രീകളെ സംബന്ധിച്ചൊരു പേടി
സ്വപ്നം തന്നെയാണ്. ശ്വേത രാത്രികളിൽ റെക്കോഡിങിനോ മറ്റോ പോയാലും അവൾ എത്തി എന്ന് ഉറപ്പു വരുത്തിയിട്ടേ ഞാൻ
ഉറങ്ങാറുള്ളൂ. പോകുന്ന വഴിയും വരുന്ന വഴിയുമൊക്കെ നിരന്തരം ഞാൻ അവൾ സുരക്ഷിതയാണെന്ന് ഉറപ്പുവരുത്തിക്കൊണ്ടിരിക്കും.
എപ്പോൾ പോകും എപ്പോൾ തിരിച്ചെത്തും എവിടെയാണ് താമസം എന്നെല്ലാം അറിഞ്ഞ് മനസിനെ സമാധാനപ്പെടുത്തിക്കൊണ്ടിരിക്കും.
അതാണല്ലോ കാലം....
എങ്ങനെയാണ് ഇതിനെ അതിജീവിക്കുക എന്ന് ചിന്തിക്കാറുണ്ട്. നമ്മളുടേതല്ലാത്ത തെറ്റു കൊണ്ട് ജീവിതത്തിൽ
സംഭവിക്കുന്നതിനെയോർത്ത് പശ്ചാത്തപിച്ചിരിക്കരുതെന്നാണ് എനിക്ക് ഓരോ പെൺകുട്ടികളോടും പറയാനുള്ളത്. നമ്മളെന്തു
തെറ്റാണു ചെയ്തത്...ദുംഖിച്ച് തലകുമ്പിട്ട് സമൂഹത്തിനു മുൻപാകെ നിൽക്കാൻ.
ന്യൂജനറേഷൻ സംഗീതവും കുട്ടികളും....
ഞാൻ എല്ലാത്തരും സംഗീതവും ആസ്വദിക്കുന്നൊരാളാണ്. പാടുന്ന എല്ലാവരോടും ഇഷ്ടം. പാട്ട് ആസ്വദിക്കുന്നവരോടും. ന്യൂജനറേഷൻ
കുട്ടികൾ എന്നു നമ്മൾ വിശേഷിപ്പിക്കുന്നവർ കുറേക്കൂടി മനസു തുറന്നു സംസാരിക്കുന്നവരായിട്ടാണ് എനിക്കു തോന്നിയിട്ടുള്ളത്.
എന്തുമാത്രം കഴിവുള്ള കുട്ടികളാണ് അവർ. എന്റെ കാലഘട്ടം പോലെയല്ല, അവർക്ക് വല്ലാത്ത ഉത്സാഹമാണ്. പാട്ട് പാടാന്‍ മാത്രമല്ല,
സംഗീത സംവിധാനം ചെയ്യാനും വേദികളിൽ പെർഫോം ചെയ്യാനും വല്ലാത്ത ആവേശമാണ് അവർക്ക്. എനിക്ക് അതൊക്കെ വലിയ
ഇഷ്ടമുള്ള കാര്യമാണ്....
അമ്മയോടു വർത്തമാനം പറഞ്ഞ് ഏറെക്കഴിഞ്ഞാണ് മകൾ എത്തിയത്...അമ്മ എല്ലാം പറഞ്ഞില്ലേ...ഞാൻ എന്തു പറയാനാണ് ഇനി
എന്ന മട്ട്...ഒരു റെക്കോഡിങിന്റെ ഇടവേളയ്ക്കിടയിൽ നിന്ന് സംസാരിച്ചു തുടങ്ങിയ ശ്വേത സുജാത പറഞ്ഞതു പോലൊരു കുട്ടിയാണ്.
വലിയ ആവേശത്തോടെയാണ് പാട്ടിനെ കുറിച്ചും വൈകി ആരംഭിച്ച പാട്ടു പഠനത്തെ കുറിച്ചും സ്വപ്നങ്ങളെ കുറിച്ചുമൊക്കെ ശ്വേത
സംസാരിച്ചത്. വ്യത്യാസങ്ങളൊന്നുമില്ലാതെ പാട്ട് കേൾക്കുകയാണ് നിരന്തരം ചെയ്യാറെന്നാണ് ശ്വേതയുടെ പറയുന്നത്.
തിരക്കുകള്‍ക്കിടയിലെ പാട്ടു പഠനം അതാണ്. ശ്വേത പറയുന്നു....