‘വിജയത്തിലേക്കുള്ള യാത്രയിൽ നിങ്ങൾക്കു നേരെ കല്ലുകൾ വന്നേക്കാം, പക്ഷേ അവയെ നാഴികക്കല്ലുകളാക്കി മാറ്റുക...’
ഇന്ത്യയുടെ ക്രിക്കറ്റ് ദൈവത്തിന്റെ, സച്ചിൻ തെൻഡുൽക്കറിന്റെ, വാക്കുകളാണ്. 2023 ഏപ്രിൽ 24ന് അൻപതാം പിറന്നാളാഘോഷിക്കുന്ന, ലോക ക്രിക്കറ്റിൽ വലിയ അദ്ഭുതങ്ങൾ തീർത്ത ‘ലിറ്റിൽ മാസ്റ്ററു’ടെ ജീവിതത്തിലെ നാഴികക്കല്ലുകളിലൂടെ...

1973 ഏപ്രിൽ 24

മുംബൈയില്‍ സച്ചിന്റെ ജനനം

പിതാവ്

രമേഷ് തെൻഡുൽക്കർ, അമ്മ: രജനി തെൻഡുൽക്കർ

1984

പതിനൊന്നാം വയസ്സിൽ സച്ചിനെ ക്രിക്കറ്റ് പരിശീലകനായ രമാകാന്ത് അച്ഛരേക്കറുടെ ക്യാംപിലേക്ക് സഹോദരൻ അജിത് എത്തിക്കുന്നു.

1989 നവംബർ 15

പതിനാറാം വയസ്സിൽ ഇന്ത്യയ്ക്കായി അരങ്ങേറ്റം. പാക്കിസ്ഥാനെതിരെ കറാച്ചിയിൽ ആദ്യ ടെസ്റ്റ്. സീനിയർ ടീമിൽ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന റെക്കോർഡ് ഇപ്പോഴും സച്ചിന് സ്വന്തം.

1989 നവംബർ 23

ഫൈസലാബാദിൽ പാക്കിസ്ഥാനെതിരെ ആദ്യ ടെസ്റ്റ് അർധസെഞ്ചറി.

1989 ഡിസംബർ 18

ഏകദിന ക്രിക്കറ്റിൽ സച്ചിന്റെ അരങ്ങേറ്റം; പാക്കിസ്ഥാനെതിരെ.

1990 ഓഗസ്റ്റ് 9

ആദ്യ ടെസ്റ്റ് സെഞ്ചറി. ഓൾഡ്‌ ട്രഫോഡിൽ ഇംഗ്ലണ്ടിനെതിരെ പുറത്താകാതെ 119.

1990 ഡിസംബർ 5

പുണെയിൽ ശ്രീലങ്കയ്ക്കെതിരെ ആദ്യ ഏകദിന അർധ സെഞ്ചറി (53); സച്ചിന്റെ ആദ്യത്തെ ഏകദിന മാൻ ഓഫ് ദ് മാച്ചും.

1994 സെപ്റ്റംബർ 9

ആദ്യ ഏകദിന സെഞ്ചറി. കൊളംബോയിൽ ഓസ്‌ട്രേലിയക്കെതിരെ 110 റൺസ്. ഇതേ കലണ്ടർ വർഷം 1000 റൺസും സ്വന്തമാക്കി.

1996

ഏകദിനത്തിൽ 4000 റൺസ്. 23-ാം വയസ്സിൽ, ഇന്ത്യൻ ടീമിന്റെ നായക സ്ഥാനത്ത്. 17 മാസത്തിനുശേഷം ക്യാപ്‌റ്റൻസി ഒഴിഞ്ഞു.

1997

ഏകദിനത്തിൽ 5000 റൺസ്. വിസ്‌ഡൻ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്‌കാരം.

1998

ഷാർജയിൽ 5 മൽസരത്തിൽനിന്ന് 435 റൺസ് നേടി ഒരു ഏകദിന ടൂർണമെന്റിലെ ഏറ്റവും കൂടുതൽ റൺസിന് അർഹനായി. ഏകദിനത്തിൽ 7000 റൺസ്. ഡെസ്‌മണ്ട് ഹെയ്‌ൻസിന്റെ റെക്കോർഡായിരുന്ന 17 സെഞ്ചറി മറികടന്നു. കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ റൺസ്– 34 മൽസരത്തിൽനിന്ന് 1894 റൺസ്. ഏകദിനത്തിൽ ആദ്യ 5 വിക്കറ്റ് നേട്ടം.

1999

രാഹുൽ ദ്രാവിഡിനൊപ്പം 331 റൺസ് കൂട്ടുകെട്ടിലൂടെ ഏകദിന ക്രിക്കറ്റിലെ അന്നത്തെ ഏറ്റവും വലിയ പാർട്ണർഷിപ് സ്കോറെന്ന റെക്കോർഡ്.

1999 ഒക്ടോബർ 30

ന്യൂസീലൻഡിനെതിരെ അഹമ്മദാബാദ് ടെസ്റ്റിൽ ആദ്യ ഡബിള്‍ സെഞ്ചറി (217).

2000

അസ്ഹറുദ്ദീന്റെ 9378 റൺസ് മറികടന്നു ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസെന്ന ലോക റെക്കോർഡ്.

2001

ഓസ്‌ട്രേലിയക്കെതിരെ ഇൻഡോറിൽ 137 റൺസ് നേടി ഏകദിനത്തിൽ 10,000 റൺസ് നേടുന്ന ആദ്യ കളിക്കാരനായി. ഏകദിനത്തിൽ 100 വിക്കറ്റ് നേട്ടവും.

2003

ലോകകപ്പിലെ ‘പ്ലെയർ ഓഫ് ദ് ടൂർണമെന്റായി’ തിരഞ്ഞെടുക്കപ്പെട്ടു. 673 റൺസ് സ്‌കോർ ചെയ്‌തു. ഇന്ത്യ ഫൈനലിൽ ഓസ്‌ട്രേലിയയോടു തോറ്റു.

2004

ഓസ്‌ട്രേലിയയിൽ പുറത്താകാതെ 248 റൺസെടുത്ത് സുനിൽ ഗാവസ്‌കറുടെ 34 ടെസ്‌റ്റ് സെഞ്ചറി എന്ന റെക്കോർഡിന് ഒപ്പം.

2006 ഡിസംബർ 1

ട്വന്റി20 അരങ്ങേറ്റം; ആദ്യ മത്സരം ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജൊഹാനസ്ബെർഗിൽ (സച്ചിൻ ഒരേയൊരു രാജ്യാന്തര ട്വന്റി20 മത്സരമാണ് കളിച്ചിട്ടുള്ളത്)

2008

ടെസ്‌റ്റിൽ ഏറ്റവും കൂടുതൽ റൺസ് എന്ന ബ്രയാൻ ലാറയുടെ റെക്കോർഡിനെ മറികടന്നു. 2007ൽ വിരമിക്കുമ്പോൾ ലാറ 11,953 റൺസ് നേടിയിരുന്നു.

2009

ഏകദിനത്തിൽ 17,000 റൺസെന്ന നേട്ടം.

2010

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിനത്തിൽ ഡബിൾ സെഞ്ചറി (200*); ഈ നേട്ടം കൈവരിക്കുന്ന ആദ്യ ക്രിക്കറ്റ് താരം.

2011

ആറാം ലോകകപ്പ് മത്സരത്തിൽ പങ്കെടുത്തു. (1992, 1996, 1999, 2003, 2007, 2011).

2011 ഏപ്രിൽ 2

ശ്രീലങ്കയെ ഫൈനലിൽ തോൽപിച്ച് സച്ചിന് ആദ്യ ലോകകപ്പ് നേട്ടം. രണ്ട് സെഞ്ചറികളടക്കം 482 റൺസെടുത്ത സച്ചിൻ, ആ ലോകകപ്പിലെ റൺവേട്ടക്കാരിൽ രണ്ടാമനായി.

2012 മാർച്ച് 16

സെഞ്ചറികളുടെ എണ്ണത്തിൽ സെഞ്ചറി തികച്ച് സച്ചിൻ. നേട്ടം ബംഗ്ലദേശിനെതിരെ ഏഷ്യാകപ്പിൽ. ക്രിക്കറ്റ് ചരിത്രത്തിൽ നൂറു സെഞ്ചറി നേടുന്ന ആദ്യ കളിക്കാരൻ.

2012 മാർച്ച് 18

സച്ചിന്റെ അവസാന ഏകദിനം പാക്കിസ്ഥാനെതിരെ മിർപൂരിൽ.

2012 ഡിസംബർ 23

ഏകദിനത്തില്‍നിന്ന് വിരമിച്ചതായി ഔദ്യോഗിക പ്രഖ്യാപനം

2013 ഒക്ടോബർ 10

നവംബറിൽ അവസാന ടെസ്റ്റ് കളിച്ച് രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിടപറയുമെന്ന് സച്ചിന്റെ പ്രഖ്യാപനം.

2013 നവംബർ 14–16

സച്ചിന്റെ അവസാന ടെസ്റ്റ് വെസ്റ്റിൻഡ‍ീസിനെതിരെ വാങ്കഡേ സ്റ്റേഡിയത്തിൽ. അതോടെ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽനിന്നും സച്ചിന്‍ വിരമിച്ചു.

സച്ചിന്റെ പ്രധാന ക്രിക്കറ്റ് കണക്കുകൾ

∙ സച്ചിന്റെ ആകെ മത്സരങ്ങൾ (ഏകദിനം): 463 ∙ സച്ചിന്റെ ആകെ മത്സരങ്ങൾ (ടെസ്റ്റ്): 200 ∙ സച്ചിന്റെ ആകെ സെഞ്ചറി (ഏകദിനം): 49 ∙ സച്ചിന്റെ ആകെ സെഞ്ചറി (ടെസ്റ്റ്): 51 ∙ സച്ചിന്റെ ആകെ അർധ സെഞ്ചറി (ഏകദിനം): 96 ∙ സച്ചിന്റെ ആകെ അർധ സെഞ്ചറി (ടെസ്റ്റ്): 68

പ്രധാന പുരസ്കാരങ്ങൾ

അർജുന (1994), ഖേൽരത്ന (1997–98), പദ്മശ്രീ (1999), പദ്മവിഭൂഷൺ (2008), ഭാരത്‌രത്ന (2014), മഹാരാഷ്ട്ര ഭൂഷൺ അവാർഡ് (2001).

Visit our graphics home page

© Copyright 2023 Manoramaonline. All rights reserved.