ഖാസി, ജയന്റിയ, ഗാരോ കുന്നുകളിലായി പടർന്നുകിടക്കുന്ന മേഘാലയയിൽ മഴവിൽ സഖ്യമാണ് ഭരിക്കുന്നത്. 2018ലെ തിരഞ്ഞെടുപ്പിൽ 21 എംഎൽഎമാരുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസിനെ ഒഴിവാക്കി ഇതരപാർട്ടികൾക്കു സർക്കാരുണ്ടാക്കാൻ അന്നത്തെ ഗവർണർ ഉദാരമായ സമയം നൽകുകയായിരുന്നു. കോൺറാഡ് സാങ്മ നേതൃത്വം നൽകുന്ന നാഷനലിസ്റ്റ് പീപ്പിൾസ് പാർട്ടി (20 സീറ്റ്) നയിക്കുന്ന മേഘാലയ ഡമോക്രാറ്റിക് അലയൻസിൽ ബിജെപിക്കു പുറമേ പ്രാദേശിക പാർട്ടികളായ യുണൈറ്റഡ് ഡമോക്രാറ്റിക് പാർട്ടി (യുഡിപി), പീപ്പിൾസ് ഡമോക്രാറ്റിക് ഫ്രണ്ട് (പിഡിപി), ഹിൽ സ്റ്റേറ്റ് പീപ്പിൾസ് ഡമോക്രാറ്റിക് പാർട്ടി (എച്ച്എസ് പിഡിപി) എന്നിവരും ഏതാനും സ്വതന്ത്രരും പങ്കാളികളായി സർക്കാർ രൂപീകരിച്ചു. സംസ്ഥാനത്ത് ആദ്യമായി കഴിഞ്ഞതവണ ബിജെപി രണ്ടു സീറ്റ് നേടി. കോൺഗ്രസിന്റെ 21 എംഎൽഎമാരും ഒന്നിനു പിന്നാലെ ഒന്നായി മറ്റു പാർട്ടികളിൽ ചേക്കേറി. ഏറ്റവും ഒടുവിൽ, 2021 നവംബറിൽ മുൻ മുഖ്യമന്ത്രി മുകുൾ സാങ്മയുടെ നേതൃത്വത്തിൽ 12 കോൺഗ്രസ് എംഎൽഎമാർ തൃണമൂൽ കോൺഗ്രസിൽ ചേർന്നതോടെ പതനം പൂർത്തിയായി. തിരഞ്ഞെടുപ്പിൽ ഒറ്റ സീറ്റിലും ജയിക്കാത്ത മമതാ ബാനർജിയുടെ പാർട്ടിയാണ് ഇപ്പോൾ മേഘാലയയിലെ പ്രതിപക്ഷം.
ആകെ സീറ്റ്: 60
ഫെബ്രുവരി 27