ഗോത്രരാഷ്ട്രീയവും പണവുമാണ് നാഗാലാൻഡിൽ അധികാരം നിശ്ചയിക്കുന്നത്. പ്രതിപക്ഷമായിരുന്ന നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്) ഭരണത്തിന്റെ ഭാഗമായതോടെ ഫലത്തിൽ സംസ്ഥാനത്തു പ്രതിപക്ഷമില്ല. നാഗാ സമാധാനചർച്ചകൾക്കു പിന്തുണ നൽകാനാണ് എൻപിഎഫ് കഴിഞ്ഞ ഫെബ്രുവരിയിൽ സർക്കാരിൽ ചേർന്നത്. മുഖ്യമന്ത്രി നെയ്ഫ്യു റിയോ നയിക്കുന്ന നാഷനൽ ഡമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി(എൻഡിപിപി)യും ബിജെപിയും ഇത്തവണയും ഒരുമിച്ചാണു മത്സരിക്കുന്നത്. കോൺഗ്രസ് സ്ഥാനാർഥി പിന്മാറിയതിനെത്തുടർന്ന് അകുലലുട്ടോ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി എതിരില്ലാതെ ജയിച്ചു. കൂട്ടുകക്ഷി സർക്കാരിൽ അംഗമാണെങ്കിലും എൻപിഎഫാണ് എൻഡിപിപി- ബിജെപി സഖ്യത്തിന്റെ പ്രധാന എതിരാളികൾ. 59 അംഗ നിയമസഭയിൽ 26 എംഎൽഎമാരുമായി വലിയ ഒറ്റക്കക്ഷിയായിരുന്ന എൻപിഎഫ്, സർക്കാരിന്റെ ഭാഗമായതിനു പിന്നാലെ 21 എംഎൽഎമാർ എൻഡിപിപിയിൽ ചേർന്നിരുന്നു. നാലു തവണ നാഗാലാൻഡ് മുഖ്യമന്ത്രിയായ നെയ്ഫ്യു റിയോയെ മുന്നിൽനിർത്തിയാണ് എൻഡിപിപി- ബിജെപി സഖ്യത്തിന്റെ പ്രചാരണം. എൻപിഎഫിന്റെ മുഖ്യമന്ത്രിയായിരുന്ന റിയോ കഴിഞ്ഞ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപാണ് പുതിയ പാർട്ടി രൂപീകരിച്ചത്. നാഗാലാൻഡിലെ പ്രമുഖ ഗോത്രമായ അംഗാമിയിൽപെട്ട റിയോ അധികാരത്തിലെത്തണമെന്ന് ബിജെപി കേന്ദ്രനേതൃത്വവും ആഗ്രഹിക്കുന്നു.
ആകെ സീറ്റ്: 60
ഫെബ്രുവരി 27