ലോകത്തെ ആദ്യ മൾട്ടിപർപ്പസ് ഇ-ടോയ്ലറ്റ് തിരുവനന്തപുരത്ത്
നമ്മുടെ നാട്ടിൽ യാത്ര ചെയ്യുമ്പോൾ, വിശേഷിച്ചും സ്ത്രീകൾ നേരിടുന്ന ഒരു പ്രശ്നമാണ് പൊതു ശുചിമുറികളുടെ അഭാവം. എന്നാൽ, തിരുവനന്തപുരം വിമാനത്താവളത്തോട് ചേർന്ന് കിടക്കുന്ന പുല്ലുവിള, ഇന്ന് ആഗോളഭൂപടത്തിൽ അടയാളപ്പെട്ടു കഴിഞ്ഞു. എങ്ങനെയെന്നോ? മനുഷ്യ വിസർജ്ജ്യത്തിൽ നിന്നും ജൈവ വളവും, ബയോ ഗ്യാസിൽ നിന്നും ഊർജവും ഉത്പാദിപ്പിക്കുന്ന ഇ- ടോയ്ലറ്റാണ് ഇവിടുത്തെ ഹൈലൈറ്റ്!
വെള്ളവും ഇവിടെ റീ-സൈക്കിൾ ചെയ്തു ഉപയോഗിക്കുന്നു.
പൂർണമായും ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഇവയുടെ പ്രവർത്തനം. വൈദ്യുതി, ഉപയോഗിക്കുന്ന വെള്ളം തുടങ്ങിയവ സ്വയംനിയന്ത്രിതമാണ്. അകത്തളം സ്വയം ശുചീകരിക്കുവാനുള്ള സംവിധാനവുമുണ്ട്. ടോയ്ലറ്റിനോട് ചേർന്ന് ബന്ധിപ്പിച്ചിരിക്കുന്ന യന്ത്രസംവിധാനം ഖരമാലിന്യത്തെ ജൈവവളമാക്കുകയും, ഖരദ്രാവകങ്ങളെ വിഘടിപ്പിച്ച് ബയോഗ്യാസ് ഉത്പാദിപ്പിക്കുകയും ജലത്തെ പുനരുപയോഗിക്കുകയും ചെയ്യുന്നു.
ഇറാം സയന്റിഫിക് ഗ്രൂപ്പാണ് ഓട്ടോമേറ്റഡ് ടോയ്ലറ്റ് നിർമിച്ചത്. 19 സംസ്ഥാനങ്ങളിലായി 1600 ലധികം ഇ- ടോയ്ലറ്റുകൾ ഇറാം ഗ്രൂപ്പ് ഇതിനകം നിർമിച്ചു നൽകിയിട്ടുണ്ട്. മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സിന്റെ ഗേറ്റ്സ് ഫൗണ്ടേഷൻ, ഇന്ത്യയിലെ അടിസ്ഥാന ശുചീകരണം മെച്ചപ്പെടുത്തുന്നതിനായി വിഭാവനം ചെയ്ത പദ്ധതികളുടെ ഭാഗമാണ് ഈ നൂതനസംരംഭം..