കൊച്ചിയിലെ മരട് നഗരസഭയിൽ തീരദേശമേഖലാ ചട്ടം ലംഘിച്ച് നിർമിച്ച 5 ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചുനീക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത് 2019 മേയ് 9ന്. നിർമാണ പ്രവർത്തനങ്ങൾക്കു കർശനനിയന്ത്രണമുള്ള തീരദേശ നിയന്ത്രണ മേഖല– 3ൽ (സിആർസെഡ്) ഉൾപ്പെട്ട പ്രദേശത്തായിരുന്നു ഫ്ലാറ്റുകൾ. ഇത്തരം പ്രദേശത്ത് തീരമേഖലയിൽ നിന്ന് 200 മീറ്റർ പരിധിക്കുള്ളിൽ നിർമാണങ്ങൾ പാടില്ല.
നിർമിച്ചത്: ആല്‍ഫാ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്
മാനേജിങ് ഡയറക്ടര്‍: പോള്‍ രാജ്
കുണ്ടന്നൂര്‍ കായല്‍ തീരത്ത് ലെ മെറീഡിയന്‍ ഹോട്ടലിന് മറുകരയില്‍ ഇരട്ട കെട്ടിടങ്ങള്‍ അടങ്ങിയ ഫ്ലാറ്റ്.
സ്ഫോടനം നടത്തുന്നത്: ഗ്രൗണ്ട് ഫ്ലോർ, 1, 2, 5, 7, 9, 11, 14 നിലകള്‍.
പൊളിക്കുന്നത്: ജനുവരി 11 രാവിലെ 11.30
പൊളിക്കുന്ന കമ്പനി: വിജയ് സ്റ്റീല്‍സ് (ചെന്നൈ)
ചെലവ്: 61,00,000 രൂപ
വെല്ലുവിളി: ആല്‍ഫാ സെറീന് ചുറ്റുമുള്ളത് നാല്‍പതോളം വീടുകള്‍. ജനസാന്ദ്രതയേറിയ പ്രദേശം. ഫ്ലാറ്റിനോടു ചേർന്ന് ഒരു ബഹുനില കെട്ടിടം. വീടുകള്‍ പൊളിയാതെ ഫ്ലാറ്റില്‍ സ്ഫോടനം നടത്തണം. ഇപ്പോള്‍ തന്നെ പതിനെട്ടോളം വീടുകളില്‍ വിള്ളല്‍ കണ്ടെത്തി. രണ്ട് ടവറുകളുടെയും ഇടയിലുള്ള ഒഴിഞ്ഞ ഭാഗത്തേക്കു വീഴ്ത്തുക ലക്ഷ്യം
നിർമാണം: ഹോളി ഫെയ്ത്ത് ബില്‍ഡേഴ്സ് & ഡവലപേഴ്സ്
മാനേജിങ് ഡയറക്ടര്‍: സാനി ഫ്രാന്‍സിസ്
കുണ്ടന്നൂര്‍ കായല്‍ തീരത്ത് കുണ്ടന്നൂര്‍–തേവര മേല്‍പ്പാലത്തിന് സമീപം. നഗരസഭാ കാര്യാലയത്തിനു പിന്നിലുള്ള ഫ്ലാറ്റ്
സ്ഫോടനം നടത്തുന്നത്: ലോവർ, അപ്പർ ഗ്രൗണ്ട്, 2, 4, 7, 10, 13, 15 നിലകള്‍.
പൊളിക്കുന്നത്: ജനുവരി 11, രാവിലെ 11
പൊളിക്കുന്ന കമ്പനി: എഡിഫസ് എന്‍ജിനീയറിങ് (മുംബൈ)
ചെലവ്: 64,02,240 രൂപ
വെല്ലുവിളി: ഫ്ലാറ്റിനടുത്ത് ഏകദേശം ഒന്നര മീറ്റർ മാറി ഒരു വീടുണ്ട്. അതിനു തൊട്ടപ്പുറത്ത് ഭാരത് പെട്രോളിയത്തിന്റെ പെട്രോഹൗസ്. ഫ്ലാറ്റിനു മുന്നിലൂടെ 10 മീ. മാറി തേവര കുണ്ടന്നൂർ പാലം. ഫ്ലാറ്റിന് മുന്നില്‍ ഭൂമിക്കടിയിലൂടെ ഐഒസിയുടെ പെട്രോള്‍, ഡീസല്‍ പൈപ്പ് ലൈനും കടന്നുപോകുന്നു. നിലവില്‍ ജെട്ടി മുതല്‍ ഇരുമ്പനം വരെ 16 കി.മീ. ഉള്ള ഈ പൈപ്പ് ലൈനില്‍ നിന്ന് പെട്രോളും ഡീസലും പൂര്‍ണമായും കളഞ്ഞ് വെള്ളം നിറച്ചിരിക്കുകയാണ്. 36 ഡിഗ്രി ചരിച്ച് ഫ്ലാറ്റ് പാലത്തിന്റെ ഭാഗത്തേക്കു വീഴ്ത്താനാണു പദ്ധതി.
നിർമിച്ചത്: കെ.പി.വര്‍ക്കി & ബില്‍ഡേഴ്സ്
മാനേജിങ് ഡയറക്ടര്‍: കെ.വി.ജോസ്
ചമ്പക്കര കനാൽ തീര റോഡിനോടു ചേർന്ന് തൈക്കുടം പാലത്തിനു സമീപം സ്ഥിതി ചെയ്യുന്ന കെട്ടിടം. 20 കൊല്ലം മുൻപ് മരട് പഞ്ചായത്ത് ആയിരുന്നപ്പോൾ ആദ്യം പണിത ഫ്ലാറ്റ് സമുച്ചയം. ഇതിന്റെ ചുവടു പിടിച്ചായിരുന്നു മറ്റു കെട്ടിടങ്ങൾക്കും അനുമതി.
സ്ഫോടനം നടത്തുന്നത്: ഗ്രൗണ്ട് ഫ്ലോർ, 1, 2, 7 നിലകള്‍
പൊളിക്കുന്നത്: ജനുവരി 12 ഉച്ചയ്ക്ക് 2
പൊളിക്കുന്ന കമ്പനി: എഡിഫസ് എന്‍ജിനിയറിങ് (മുംബൈ)
ചെലവ്: 21,02,720 രൂപ
വെല്ലുവിളി: ഫ്ലാറ്റിനോടു ചേര്‍ന്ന് അങ്കണവാടി. തൊട്ടടുത്തു മറ്റൊരു ബഹുനില കെട്ടിടവും ഏതാനും വീടുകളുമുണ്ട്. അവശിഷ്ടങ്ങൾ അങ്കണവാടി കെട്ടിടത്തിനു മുകളിലേക്കു വീഴാതിരിക്കാൻ നിയന്ത്രിത സ്ഫോടനത്തിനൊപ്പം ഫ്ലാറ്റ് രണ്ടായി പിളർത്താനാണു തീരുമാനം. കെട്ടിടത്തിന്റെ ഒരു വശത്തെ അവശിഷ്ടങ്ങൾ മുൻഭാഗത്തേക്കും മറുവശത്തേതു പിറകിലേക്കും വീഴ്ത്താനാണു ശ്രമം. പൊളിക്കാനുള്ളവയിൽ ഏറ്റവും ചെറിയ ഫ്ലാറ്റ്.
നിര്‍മിച്ചത്: ജെയിന്‍ ഹൗസിങ് ആൻഡ് കണ്‍സ്ട്രക്‌ഷന്‍സ്
മാനേജിങ് ഡയറക്ടര്‍: സന്ദീപ് മാലിക്ക്
നെട്ടൂര്‍ കായല്‍ തീരത്തെ ഈ ഫ്ലാറ്റാണ് പൊളിക്കുന്നതില്‍ ഏറ്റവും വലുത്.
സ്ഫോടനം നടത്തുന്നത്: ഗ്രൗണ്ട് ഫ്ലോർ, അപ്പർ ഗ്രൗണ്ട്, 1, 5, 8, 11, 14 നിലകള്‍.
പൊളിക്കുന്നത്: ജനുവരി 12 രാവിലെ 11
പൊളിക്കുന്ന കമ്പനി: എഡിഫസ് എന്‍ജിനിയറിങ് (മുംബൈ)
ചെലവ്: 86,76,720 രൂപ
വെല്ലുവിളി: ഫ്ലാറ്റ് കായലിലേക്ക് ഇറക്കിപ്പണിതിരിക്കുകയാണ്. അവശിഷ്ടങ്ങൾ കായലിലേക്ക് വീഴാതെ വേണം പൊളിക്കാൻ. ഫ്ലാറ്റിനോടു ചേർന്ന് കെഎസ്ഇബി വൈദ്യുതി ടവർ. സമീപം ചെറിയ കെട്ടിടവുമുണ്ട്. വീടുകൾ കുറവ്. ഫ്ലാറ്റ് കിഴക്കുഭാഗത്തേക്ക് ചരിച്ചുവീഴ്ത്തും.
ബഹുനില കെട്ടിടങ്ങൾ സെക്കൻഡുകൾക്കുള്ളിൽ അതു നിൽക്കുന്ന സ്ഥലത്തു തന്നെ ഇടിഞ്ഞുവീഴ്ത്തുന്ന ബിൽഡിങ് ഇംപ്ലോഷൻ അഥവാ നിയന്ത്രിത സ്ഫോടന രീതിയാണു മരടിൽ പ്രയോഗിക്കുന്നത്. പൊളിക്കേണ്ട കെട്ടിടത്തിന്റെ പ്ലാൻ പരിശോധനയാണ് ആദ്യഘട്ടം. കെട്ടിടം എങ്ങനെയാണു നിർമിച്ചിട്ടുള്ളതെന്നും ഏതൊക്കെ സ്ഥലങ്ങളിലാണു പ്രധാന തൂണുകളുള്ളതെന്നും ഇതിൽ നിന്നു മനസ്സിലാവും. രണ്ടാം ഘട്ടത്തിൽ പൊളിക്കൽ സംഘത്തിന്റെ കെട്ടിട പരിശോധന.
കെട്ടിടത്തിന്റെ ഓരോ നിലയിലെയും ഘടന ഈ ഘട്ടത്തിൽ സൂക്ഷ്മമായി വിലയിരുത്തും. എങ്ങനെയാണു കെട്ടിടം പൊളിക്കേണ്ടതെന്ന പ്ലാനിനു രൂപം നൽകുന്നത് മൂന്നാം ഘട്ടത്തിൽ. കെട്ടിടത്തിന്റെ പ്ലാൻ, കെട്ടിട പരിശോധന എന്നിവയ്ക്കൊപ്പം മുൻപും കെട്ടിടം പൊളിച്ചതിന്റെ അനുഭവ സമ്പത്തു കൂടി ചേർത്താണ് ഈ പ്ലാനിനു രൂപം നൽകുന്നത്. ചില സാഹചര്യങ്ങളിൽ കംപ്യൂട്ടറിന്റെ സഹായത്തോടെ ത്രീഡി മോഡൽ കൂടി വികസിപ്പിക്കും. സ്ഫോടനം നടത്തുമ്പോൾ എന്തെല്ലാം സംഭവിക്കുമെന്നു വെർച്വലായി പരിശോധിക്കാനാകും.
‘ഇംപ്ലോഷൻ’ എന്ന വാക്കിന്റെ അർഥം തന്നെ ‘അകത്തേക്കുള്ള സ്ഫോടനം’ എന്നാണ്; പുറത്തേക്കു ചിതറിത്തെറിക്കുന്ന ‘എക്സ്പ്ലോഷനു’ നേർവിപരീതം. സമീപ പ്രദേശങ്ങളിൽ മറ്റു കെട്ടിടങ്ങൾ ഉള്ള സ്ഥലത്ത് അവയെ ബാധിക്കാതെ ഒരു കെട്ടിടം പൊളിച്ചു മാറ്റുന്ന രീതിയാണിത്. ഒരു വലിയ കെട്ടിടത്തെ താങ്ങിനിർത്തുന്ന പ്രധാന തൂണുകൾ നീക്കം ചെയ്യുകയാണെങ്കിൽ കെട്ടിടം താനേ വീഴുമെന്ന തത്വത്തെ ആസ്പദമാക്കിയാണു പ്രവർത്തനം. മുകൾ നിലകൾ കൂടുതൽ ഭാരമുള്ളതാണെങ്കിൽ അതു വീഴുമ്പോൾ താഴത്തെ നിലകൾ തകരും. താങ്ങിനിർത്തുന്ന തൂണുകളിൽ ബലക്ഷയമുണ്ടാക്കാൻ പല നിലകളിലായി സ്ഫോടനം നടത്തും. തൂണുകൾ ഇല്ലാതാകുമ്പോൾ ഗുരുത്വാകർഷണ ബലത്തിൽ കെട്ടിടം താനെ നിലംപതിക്കും.
ബിൽഡിങ് ഇംപ്ലോഷനിൽ ഏറെ പ്രധാനപ്പെട്ടതാണു പൊട്ടിത്തെറിയുടെ സമയക്രമം നിശ്ചയിക്കുന്നത്. കെട്ടിടം വീഴുമ്പോൾ ഭൂമിയിലുണ്ടാകുന്ന ആഘാതം, തുടർന്നുള്ള പ്രകമ്പനങ്ങൾ എന്നിവയുടെ തോത് ഈ സമയക്രമത്തെ ആശ്രയിച്ചാണുള്ളത്. അതീവ ശ്രദ്ധയോടെയുള്ള ബിൽഡിങ് ഇംപ്ലോഷൻ ഭൂമിയിൽ സെക്കൻഡിൽ 25 മില്ലിമീറ്ററിൽ താഴെയുള്ള പ്രകമ്പനമേ സൃഷ്ടിക്കൂ.
ഒരു തൂണു പൊട്ടിക്കുന്നതോടെ അതിനു മുകളിലുള്ള കെട്ടിട ഭാഗങ്ങൾ താഴേക്കു വീഴാൻ തുടങ്ങും. താഴേക്കു വരുന്ന കെട്ടിടഭാഗങ്ങളുടെ വേഗം ഓരോ സെക്കൻഡിലും 10 മീറ്റർ/ സെക്കൻഡ് വീതം വർധിച്ചു കൊണ്ടിരിക്കും. താഴേക്കു വീഴുന്ന കെട്ടിടഭാഗങ്ങളെ മറ്റു തൂണുകളോ, ബീമുകളോ തടസ്സപ്പെടുത്താം. ഇത്തരം തടസങ്ങൾ ഇല്ലാതാക്കുന്ന തരത്തിൽ പല നിലകളിലായി സ്ഫോടനം ക്രമീകരിച്ചിട്ടുണ്ടാകും. ഇതുവഴി കെട്ടിടം അതിന്റെ തറയിലേക്കു തന്നെ തകർന്നു വീഴും. ഡിറ്റണേറ്ററുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തി വേണമെങ്കിൽ കെട്ടിടം ചരിച്ചു വീഴ്ത്താനും കഴിയും.
കുണ്ടന്നൂർ എച്ച്2ഒ
ഹോളിഫെയ്ത്തിൽ
നെട്ടൂർ ജെയിൻ
കോറൽ കോവ്
നെട്ടൂർ ആൽഫ സെറീന്റെ
ഇരട്ട ടവറുകൾ
കണ്ണാടിക്കാട് ഗോൾഡൻ
കായലോരം
സ്ഫോടനം നടത്താനുള്ള ചുമതല ‘പെസോ’യുടെ അംഗീകാരമുള്ള ബ്ലാസ്റ്റർമാർക്കാണ്. പൊളിക്കുന്ന കെട്ടിടത്തിൽ നിന്ന് 150 മീറ്റർ മാറിയാണ് ബ്ലാസ്റ്ററും സംഘവും പൂർണ സുരക്ഷാ സംവിധാനങ്ങളോടെ നിലയുറപ്പിക്കുക. ഓരോ ഫ്ലാറ്റ് സമുച്ചയങ്ങളും പൊളിക്കുന്നതിനു വ്യത്യസ്ത സ്ഫോടന പദ്ധതികൾ. കെട്ടിട അവശിഷ്ടങ്ങൾ ഏതു രീതിയിലാണു ഭൂമിയിൽ പതിക്കേണ്ടത് എന്നതിന് അനുസരിച്ചാണ് സ്ഫോടനങ്ങൾ ക്രമീകരിക്കുക. കെട്ടിടത്തിൽ സ്ഥാപിച്ച സ്ഫോടക വസ്തുക്കൾ ഡിലെ ഡിറ്റണേറ്ററുകളുമായി ബന്ധിപ്പിച്ചിട്ടുണ്ടാകും. സ്ഫോടനങ്ങളുടെ സമയം ക്രമീകരിക്കുന്നത് ഇവയാണ്. മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിൽ സ്ഫോടനം നടത്തുന്ന രീതിയിലാണു ഡിറ്റണേറ്ററുകളുടെ വിന്യാസം. എല്ലാം ശരിയെന്നു പലവട്ടം ഉറപ്പുവരുത്തിയ ശേഷം കൗണ്ട്ഡൗൺ – 5,4,3,2,1,0... താഴത്തെ നിലയിലെ പ്രധാന തൂണിൽ ആദ്യ സ്ഫോടനം. പിന്നീട് തുടർച്ചയായി മാലപ്പടക്കം പോലെ ചെറു സ്ഫോടനങ്ങൾ മുകളിലേക്ക്. കെട്ടിടം താഴേക്ക്.
കുണ്ടന്നൂർ എച്ച്2ഒ
ഹോളിഫെയ്ത്തിൽ
നെട്ടൂർ ജെയിൻ
കോറൽ കോവ്
നെട്ടൂർ ആൽഫ സെറീന്റെ
ഇരട്ട ടവറുകൾ
കണ്ണാടിക്കാട് ഗോൾഡൻ
കായലോരം
പൊളിഞ്ഞു വീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതും അതീവ ശ്രദ്ധയോടെ വേണം. കെട്ടിട അവശിഷ്ടങ്ങൾ പരമാവധി പുനരുപയോഗിക്കണം. ഇതിനായി പ്രത്യേകം ടെൻഡർ വിളിക്കും. കോൺക്രീറ്റ്, ഇരുമ്പു കമ്പികൾ എന്നിവയായിരിക്കും അവശിഷ്ടങ്ങളിൽ കൂടുതലും. ഇരുമ്പു കമ്പികൾ സംസ്കരിച്ചു വീണ്ടും ഉപയോഗിക്കാനാവും. കോൺക്രീറ്റിൽ നിന്നു വേർതിരിച്ചെടുക്കുന്നവ കെട്ടിട, റോഡ് നിർമാണത്തിനും ഉപയോഗിക്കാം.