കറുത്ത മഷിയാൽ അടയാളപ്പെടുത്തിയ സമ്പദ് രംഗം; പ്രതീക്ഷാ നാളങ്ങളും

പിങ്കി ബേബി

ഇന്ത്യൻ സാമ്പത്തിക ചരിത്രത്തിൽ 2016 എന്ന വർഷത്തെ കറുത്ത മഷികൊണ്ടാവാം അടയാളപ്പെടുത്തുന്നതെങ്കിലും വരുംവർഷങ്ങളിലേക്കുള്ള പ്രതീക്ഷകളുടെ ചൂണ്ടുപലകകൾ ഈ കലണ്ടറിൽ കാണാമായിരുന്നു. സംഭവബഹുലം എന്ന ഒറ്റവാക്കിൽ വിശേഷിപ്പിക്കാവുന്ന വർഷത്തിന്റെ ആദ്യമധ്യാന്തം വാർത്തകളിൽ നിറഞ്ഞു. ദലാൽ സ്ട്രീറ്റിലേക്ക് ആഭ്യന്തര– വിദേശക്കൊടുങ്കാറ്റുകൾ വീശിയടിച്ചു. രൂപ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കിടിഞ്ഞു. ഡോണൾഡ് ട്രംപ് എന്ന ബിസിനസുകാരൻ അമേരിക്കയുടെ അമരത്തെത്തിയതു കണ്ടു ലോക വിപണികൾ ഭയന്നു വിറച്ചു. റിസർവ് ബാങ്കിനു ശബ്ദമുണ്ടെന്നു തെളിയിച്ച ഗവർണർ രഘുരാം രാജൻ പടിയിറങ്ങി. സാമ്പത്തികമായി ഏൽക്കുന്ന മുറിവ് ഉണങ്ങാൻ പത്തു വർഷമെങ്കിലും കഴിയുമെന്ന ഉറച്ച ബോധ്യത്തോടെ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നു പുറത്തുപോകാൻ തീരുമാനിച്ചു.

ശുദ്ധജലം പോലെ തെളിഞ്ഞതെന്ന് എല്ലാവരും കരുതിയ ടാറ്റയുടെ കോർപറേറ്റ് ഹൗസിന്റെ അടുക്കളയിൽ നിന്നു കേട്ട അപസ്വരം ടാറ്റ സൺസ് ചെയർമാൻ സൈറസ് മിസ്ട്രിയുടെ തൊപ്പി തെറിപ്പിച്ചു. 9,000 കോടിയുടെ കടങ്ങൾ ബാങ്കുകൾക്ക് നൽകി നീലപ്പൊൻമാൻ യുകെയ്ക്കു പറന്നു... എല്ലാത്തിനുമൊടുവിൽ നാളെ രാവിലെ മുതൽ 1000, 500 നോട്ടുകൾ ഇല്ലെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ ഏഴാം തിയതി രാത്രി മാധ്യമങ്ങളെ കണ്ടു. ഇനിയും അവസാനിക്കാത്ത കറൻസി പ്രതിസന്ധി ഗ്രാമീണ ഇന്ത്യയുടെ നട്ടെല്ലൊടിച്ചു. ബാങ്കുകൾക്കു മുൻപിൽ ക്യൂനിന്നു തളർന്നു വീണു പാവങ്ങൾ മരിച്ചപ്പോഴും കള്ളപ്പണവേട്ടയും ഇന്ത്യയുടെ പുരോഗതിയും എന്നു കരുതി ആശ്വസിച്ചു ജനങ്ങൾ.
മേയിൽ ഇന്ത്യയും മൗറീഷസും തമ്മിൽ ഒപ്പു വച്ച നികുതിക്കരാർ മുതൽ ഡിസംബർ 14ന് പലിശ നിരക്കുകൾ കൂട്ടാൻ ഫെഡറൽ റിസർവ് എടുത്ത തീരുമാനം വരെ 2016ന്റെ സാമ്പത്തിക ചരിത്രത്തിൽ അടയാളപ്പെടുത്തും.

2016 ലെ പ്രധാന സംഭവങ്ങൾ

∙ ഇന്ത്യ–മൗറീഷ്യസ് നികുതിക്കരാർ– ഇരട്ട നികുതി വേണ്ട (മേയ് 11)

ഫോറിൻ ഡയറക്ട് ഇൻവസ്റ്റ്മെന്റ്, ഫോറിൻ പോർട്ഫോളിയോ ഇൻവെസ്റ്റ്മെന്റ് എന്നിങ്ങനെ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ പണം ഇറക്കുന്ന രാജ്യമാണ് മൗറീഷ്യസ്. ഇന്ത്യയിലെത്തുന്ന വിദേശ നിക്ഷേപത്തിന്റെ 34 ശതമാനത്തിലധികവും മൗറീഷ്യസിൽ നിന്നാണ്. 16 ശതമാനമാണ് സിംഗപ്പൂരിൽ നിന്നെത്തുന്നത്. മൗറീഷ്യസ് ഇന്ത്യയിൽ നടത്തുന്ന നിക്ഷേപത്തിനു ചുമത്തിയിരുന്ന ഇരട്ട നികുതി സംവിധാനം നിർത്തലാക്കാനുള്ള കരാറിൽ മേയ് 11ന് ഒപ്പു വച്ചു. ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ഈ കരാർ നൽകിയ ഉണർവു ചെറുതല്ല. 

∙ രഘുറാം രാജൻ പടിയിറങ്ങി – റെക്സിറ്റ് (ജൂൺ 18)

സെപ്റ്റംബർ നാലിനായിരുന്നു റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജന്റെ ടേം അവസാനിക്കുന്നതങ്കിലും രാജൻ തുടരുമെന്ന പ്രതീക്ഷ വിപണികൾക്കുണ്ടായിരുന്നു. എന്നാൽ തനിക്കു പഠിക്കണമെന്നു വാശിപിടിച്ച് ചിക്കാഗോയിലേക്കു വണ്ടി കയറാനുള്ള തീരുമാനം ജൂൺ 18ന് അദേഹം പ്രഖ്യാപിച്ചു. കടുത്ത നിരാശയോടെയാണ് വിപണികൾ ഈ തീരുമാനം സ്വീകരിച്ചത്. പല പ്രതിസന്ധി ഘട്ടങ്ങളിലും വിപണികൾക്കു ജീവശ്വാസമേകിയ തീരുമാനങ്ങളെടുത്ത രാജന്റെ പിൻമാറ്റത്തിന്റെ അപകടങ്ങൾ 2016ന്റെ അവസാനം തന്നെ വിപണികളിൽ പ്രകടവുമായി.

∙ ജിഎസ്ടി– നികുതി സമ്പ്രദായം ഏകീകൃതമാകുന്നു (ഓഗസ്റ്റ് 3)

ചരക്കുസേവന നികുതി എന്ന ഏകീകൃത നികുതി സമ്പ്രദായത്തിലേക്കു രാജ്യം മാറുന്നതിനുള്ള അംഗീകാരം രാജ്യസഭയിൽനിന്നു ലഭിച്ചത് 2016ലെ ചരിത്ര മുഹൂർത്തമായിരുന്നു. 2017 ഏപ്രിലിൽ പ്രാബല്യത്തിലെത്തുമെന്നു പ്രതീക്ഷിക്കപ്പെടുന്ന ഏകീകൃത നികുതിയുടെ നിരക്ക് ഇതുവരെ തീരുമാനിക്കപ്പെട്ടിട്ടില്ല.

∙ ബ്രെക്സിറ്റ് – ഗുഡ്ബൈ ഈയു.. (സെപ്റ്റംബർ 4)

യൂറോപ്യൻ യൂണിയനിൽനിന്നു പുറത്തുപോകണമോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള ഹിതപരിശോധനയിൽ ബ്രിട്ടനിലെ ജനങ്ങൾ ‘യെസ്’ എന്നു മറുപടി നൽകി. 51.9 ശതമാനം ആളുകളും യൂറോപ്യൻ യൂണിയനെന്ന –യൂറോപ്യൻ രാജ്യങ്ങളെ ഒരുമിച്ചു നിർത്തുന്ന സംഘടനയിൽ തുടരാൻ താത്പര്യമില്ലെന്നു വ്യക്തമാക്കി വോട്ടു ചെയ്തു. പണ്ടേതന്നേ യൂറോസോണിൽ ഇല്ലാതിരുന്ന ബ്രിട്ടൻ അങ്ങനെ നിർണായകമായ യൂറോപ്യൻ യൂണിയനിൽനിന്നു പുറത്തായി. യൂറോപ്യൻ യൂണിയനുള്ളിൽ നിൽക്കുമ്പോഴുള്ള കരാറുകളും സാമ്പത്തിക ഇടപാടുകളും ഇതോടെ അനിശ്ചിതാവസ്ഥയിലായി. പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ രാജിവച്ചു. പ്രതിസന്ധികളെ നേരിടാൻ ഏറ്റവും കുറഞ്ഞത് 10 വർഷം കാലതാമസമെടുക്കുമെന്നു വ്യക്തമാക്കിക്കൊണ്ടു തന്നെ തെരേസാ മേയ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്തു. ബ്രിട്ടന്റെ തീരുമാനം പക്ഷേ, ലോകവിപണികളെ ഭയചകിതരാക്കി. സാമ്പത്തികമായി യുകെ തകരുമെന്ന ചിന്ത ലോകവിപണികളിൽ കൊടുങ്കാറ്റായി ആഞ്ഞടിച്ചു. ഡോളറിനെതിരെ പൗണ്ട് സ്റ്റെർലിങ് ദുർബലമായി. ബ്രെക്സിറ്റിന്റെ നഷ്ടം ഇന്ത്യൻ വിപണികളിൽ ആഴ്ചകളോളം നീണ്ടു.

∙ സർജിക്കൽ സ്ട്രൈക്ക് – വിപണിയിൽ യുദ്ധകാഹളം (സെപ്റ്റംബർ 29)
അതിർത്തിയിലെ പ്രകോപനങ്ങൾക്ക് ഇന്ത്യ പാക്കിസ്ഥാൻ താവളത്തിൽ ചെന്നു നൽകിയ മറുപടി വിപണികളിൽ കാര്യമായ ഉലച്ചിൽ സൃഷ്ടിച്ചു. പൂർണവിജയമായിരുന്ന മിന്നൽ ആക്രമണം പക്ഷേ, വരാൻ പോകുന്ന ഇന്ത്യ–പാക് യുദ്ധത്തിന്റെ കാഹളമായാണ് ദലാൽ സ്ട്രീറ്റിൽ അലയടിച്ചത്. ഓഹരി–നാണ്യ വിപണികൾ തകർന്നു. അതിർത്തിയിലെ പ്രശ്നങ്ങൾ വർഷാദ്യം മുതൽ അന്ത്യം വരെ ദലാൽ സ്ട്രീറ്റിലും ചോര വീഴ്ത്തി. വിദേശ നിക്ഷേപകരും ആഭ്യന്തര നിക്ഷേപകരും പലപ്പോഴും വിൽപ്പനക്കാരായി കളമൊഴിഞ്ഞു.

∙ നോട്ട് അസാധുവാക്കൽ – കാഷ്‌ലെസ് ഇക്കണോമി (നവംബർ 8)

കള്ളപ്പണവേട്ട, പ്ലാസ്റ്റിക് കറൻസിയിലേക്കുള്ള ചുവടുമാറ്റം എന്നീ രണ്ടു മഹാലക്ഷ്യങ്ങളുമായി 1000, 500 നോട്ടുകൾ അസാധുവാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ എട്ടാം തിയതി രാത്രി എട്ടു മണിക്കു നടത്തിയ പ്രസംഗം കേട്ട് ഇന്ത്യയൊട്ടാകെ ഞെട്ടി. നവംബർ ഒൻപതിന് രാവിലെ ഒൻപതു മണിക്കു കണ്ണുതുറന്ന ഓഹരി നാണ്യ വിപണികൾ അന്ന് വെളിച്ചം കണ്ടില്ല. നോട്ടിനായി നെട്ടോട്ടമായിരുന്നു നാടു മുഴുവൻ. ജനജീവിതം പണമില്ലാതെ ദുസഹമായി. വ്യാപാരവും വാണിജ്യവും കുറഞ്ഞു. കാർഷിക മേഖലയിലും പ്രതിസന്ധിയുണ്ടായി. ദീർഘകാലാടിസ്ഥാനത്തിൽ രാജ്യത്തിനു വരുന്ന നന്മ ഓർത്തോ, പ്രതികരിക്കാനാവാതെയോ ജനം ദുരിതങ്ങൾ സഹിച്ചു. ആഭ്യന്തര ഉൽപാദനത്തെ അടിസ്ഥാനമാക്കിയുള്ള വളർച്ചാ നിരക്ക് ഇടിയുമെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്ലി തന്നെ തുറന്നു സമ്മതിച്ചു. പുതുവർഷത്തിന്റെ ആദ്യപാദങ്ങളിലും നോട്ട് നിരോധന പ്രതിസന്ധികൾ പ്രതിഫലിക്കും.

∙ നോട്ട് നിരോധനം – ലക്ഷ്യം ഇതുവരെ

തിരിച്ചെത്തിയ പഴയ നോട്ടുകളുടെ എണ്ണം – 5.92 ലക്ഷം കോടി
പുതിയതായി ഇറക്കിയ നോട്ടുകളുടെ എണ്ണം – 22.6 ബില്യൺ നോട്ടുകൾ
നിക്ഷേപം - 12,44 ലക്ഷം കോടി രൂപ
പുനക്രമീകരിച്ച എടിഎം – 2.2 ലക്ഷം
പുതിയ ബാങ്ക് അക്കൗണ്ട് – 30 ലക്ഷം
പ്രതിദിനമുള്ള പേടിഎം ഇടപാട് – 7 മില്യൺ
ഇ–പണമിടപാടിൽ ഇതുവരെയുണ്ടായ വർധന – 30 ശതമാനം

∙ ട്രംപ് ഉദയം– ആഗോള വിപണിയിൽ നടുക്കം (നവംബർ–9)

അമേരിക്കൻ ബിസിനസുകാരൻ ഡോണൾഡ് ട്രംപിന്റെ സംവാദങ്ങൾക്കു ലഭിച്ച പിന്തുണ തന്നെ ആഗോള വിപണികളെ ഭയചകിതമാക്കിയിരുന്നു. അമേരിക്ക ഫസ്റ്റ് എന്ന ട്രംപിന്റെ നയം ഒരു രാജ്യത്തിനും നല്ലതല്ലെന്നു ലോകം തിരിച്ചറിഞ്ഞതുകൊണ്ടു തന്നെ. ഡമോക്രാറ്റിന്റെ ഹിലറി ക്ലിന്റന് അനുകൂലമായി വന്ന ഓരോ സർവേ ഫലങ്ങളെയും വിപണികൾ ആഘോഷിച്ചു. പക്ഷേ, നവംബർ ഒൻപതിനു അതു സംഭവിച്ചു. റിപബ്ലിക്കൻ സ്ഥാനാർഥി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചു. കോർപറേറ്റ്, വ്യക്തിഗത നികുതികൾ വെട്ടിക്കുറക്കുകയും ആഗോള സാമ്പത്തിക കരാറുകൾ മാറ്റിയെഴുതണമെന്നുമുള്ള ട്രംപിന്റെ പ്രഖ്യാപനത്തിൽ വിപണികൾ തകർന്നടിഞ്ഞു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസം സെൻസെക്സിൽ 1600 പോയിന്റ് വ്യാപാരത്തിനിടെ ഇടിഞ്ഞു. ഇന്ത്യൻ മരുന്നു കമ്പനികൾ മാത്രമാണ് ട്രംപിനെ വിപണിയിൽ സ്വാഗതം ചെയ്തത്.

∙ കറൻസി മൂല്യത്തകർച്ച – രൂപ പടുകുഴിയിലേക്ക് (നവംബർ 24)

ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കുള്ള ഇന്ത്യൻ കറൻസിയുടെ പതനത്തിനും 2016 സാക്ഷിയായി. നവംബർ 24ന് ഡോളറിനെതിരെ രൂപയുടെ മൂല്യം വ്യാപാരത്തിനിടെ 68 രൂപ 86 പൈസയിലേക്ക് ഇടിഞ്ഞു. ഡോണൾഡ് ട്രംപിൽ പ്രതീക്ഷ അർപ്പിച്ച് ഫോറിൻ പോർട്ട് ഫോളിയോ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽനിന്നു നടത്തിയ പിൻവാങ്ങലാണു രൂപയെ തകർത്തത്.

∙ പലിശ കൂട്ടി അമേരിക്ക – ഫെഡറൽ റിസർവ് തീരുമാനം (ഡിസംബർ 15)

പലിശ നിരക്കുകൾ പടിപടിയായി കൂട്ടാനുള്ള തീരുമാനത്തിലേക്ക് അമേരിക്ക കടന്നിരിക്കുന്നുവെന്ന സൂചനകൾ അവശേഷിപ്പിച്ചാണ് 2016 കടന്നു പോകുന്നത്. 0.5 ശതമാനമായിരുന്ന നിരക്ക് 0.25 ശതമാനം വർധിപ്പിച്ച് 0.75 ലേക്ക് ഉയർത്തി. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ദോഷകരമായി ഭവിക്കുന്ന തീരുമാനത്തിന് ഇനി അമേരിക്ക വൈകില്ലെന്ന ഉറപ്പ് വിപണികൾക്ക് തിരിച്ചടിയായി. 2019 ഓടെ പലിശ നിരക്ക് പടിപടിയായി ഉയർത്തി മൂന്നു ശതമാനത്തിലെത്തിക്കാനുള്ള അമേരിക്കയുടെ ശ്രമം ആരംഭിച്ചു കഴിഞ്ഞു. ട്രംപിന്റെ അമേരിക്ക ഫസ്റ്റ് നിലപാടും ഫെഡറൽ റിസർവിനെ മറിച്ചൊരു തീരുമാനമെടുക്കാൻ പ്രേരിപ്പിക്കില്ല. ഡോളറിന്റെ വില ഇനിയും ഉയർത്താനും ഇന്ത്യൻ രൂപയെ തളർത്താനും ട്രംപിന്റെ തീരുമാനം കാരണമാകും.

∙ ക്രൂഡ് ഓയിൽ കുതിപ്പ് – വില ഉയരുന്നു

ജൂലൈ മാസം മുതലാണ് അസംസ്കൃത എണ്ണ വിലയിൽ കുതിപ്പ് പ്രകടമായത്. കനത്ത വിലയിടിനെ തുടർന്ന് പ്രതിസന്ധിയിലായ ഗൾഫ് രാജ്യങ്ങൾ ഉൽപാദനം കുറയ്ക്കാനെടുത്ത തീരുമാനമാണ് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കൂട്ടിയത്. ഒരു വർഷത്തിനു ശേഷം 2016 ജൂലൈയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 57 ഡോളർ കടന്നു. ഇറക്കുമതി ചെലവിന്റെ 80 ശതമാനത്തിലേറെയും എണ്ണ വാങ്ങാൻ ഉപയോഗിക്കുന്ന ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കൂടാൻ എണ്ണവിലക്കയറ്റം കാരണമാകും.

© Copyright 2017 Manoramaonline. All rights reserved....
കേരള രാഷ്ട്രീയം എങ്ങോട്ട്?
രാഷ്ട്രീയ സംഭവങ്ങളാൽ ശ്രദ്ധേയമായൊരു വർഷം
മുന്നണികള്‍ക്ക് വരമ്പുകള്‍ ഇല്ലാതായി; കേന്ദ്രത്തെ ശത്രുവാക്കാന്‍ ശ്രമം