മുന്നണികള്‍ക്ക് വരമ്പുകള്‍ ഇല്ലാതായി; കേന്ദ്രത്തെ ശത്രുവാക്കാന്‍ ശ്രമം

കുമ്മനം രാജശേഖരന്‍

ഐക്യകേരളത്തിന്റെ ഷഷ്ടിപൂര്‍ത്തി കാലമാണിത്. അറുപത് വര്‍ഷം പിന്നോട്ടു തിരിഞ്ഞുനോക്കുമ്പോള്‍ 2016 പതിവ് ശൈലികളും സമ്പ്രദായങ്ങളും മാറ്റിമറിച്ചിരിക്കുകയാണ്. ഏതാണ്ട് നാലര പതിറ്റാണ്ടായി കേരള രാഷ്ട്രീയം നിഷ്ഠപോലെ പരിപാലിച്ചുപോന്ന രണ്ട് മുന്നണി എന്നതിന് വെല്ലുവിളി ഉയര്‍ത്തി എന്‍ഡിഎ വളര്‍ന്നു. 2016 കേരള രാഷ്ട്രീയത്തിന്റെ ദശാസന്ധിയാണ്. ഒരു മുന്നണിയുടെ പടിയിറക്കവും മറ്റൊരു മുന്നണിയുടെ പടികയറ്റവും. പുതിയ മുന്നണി അധികാരത്തിലെത്തുമ്പോള്‍ പടിയിറങ്ങിയ ഭരണത്തില്‍ നിന്നും വ്യത്യസ്തമായ നയവും പരിപാടിയും പദ്ധതിയുമൊക്കെ സ്വാഭാവികമായും പ്രതീക്ഷിക്കുന്നതാണ്. എന്നാല്‍ ഇടത് മുന്നണി ഭരണത്തിലേറി ആറുമാസം പിന്നിട്ടിട്ടും ഭരണം വിട്ടിറങ്ങിയ കോണ്‍ഗ്രസ് മുന്നണിയുടെ നയങ്ങളില്‍നിന്നും ഒരു വ്യതിയാനവും ദര്‍ശിക്കാനായില്ല.

അഴിമതിയും കെടുകാര്യസ്ഥതയും ദുര്‍ഭരണവുമായിരുന്നു യുഡിഎഫിന്റെ മുഖമുദ്ര. ഒട്ടനവധി കൊള്ളരുതായ്മകള്‍ കണ്ടുമടുത്ത ജനത ഭരണമാറ്റംകൊണ്ട് പലതും പ്രതീക്ഷിച്ചു. പക്ഷേ എല്ലാം ശരിയാക്കാന്‍ അധികാരത്തിലെത്തിയ ഇടത് മുന്നണിയുടെ മധുവിധുകാലം തന്നെ കലഹത്തിന്റെയും സ്വജനപക്ഷപാതത്തിന്റെയും ക്രമസമാധാന തകര്‍ച്ചയുടെയും കാഴ്ചകളാണു കേരളീയ സമൂഹത്തിനു സമ്മാനിച്ചത്. സ്വജനപക്ഷപാതത്തിന്റെ പേരില്‍ ഒരു മന്ത്രിക്ക് രാജിവയ്ക്കേണ്ടി വന്നു. പകരം കയറിയ മന്ത്രിയാകട്ടെ ഇന്നലെ കൊന്നിട്ടുണ്ട്, ഇനിയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന വ്യക്തി. പ്രതിക്കൂട്ടില്‍ നിന്ന് മന്ത്രിസ്ഥാനത്തേക്കും മന്ത്രിസ്ഥാനത്തുനിന്ന് പ്രതിക്കൂട്ടിലേക്കുമെത്തുന്ന മന്ത്രിയെ സഹിക്കേണ്ട ഗതികേടിലേക്ക് കേരളം എത്തിയിരിക്കുന്നു.

കേന്ദ്രവിരുദ്ധ സമരം നടത്തി മേനി നടിക്കാറുള്ള ഇടതുപക്ഷം ജനങ്ങളെ കേന്ദ്രസര്‍ക്കാരിന്റെ ശത്രുക്കളാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടത്തുന്നത്. പരസ്പരം പോരടിച്ചിരുന്ന മുന്നണികള്‍ക്ക് കേന്ദ്രത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കാന്‍ ആശയപരമായോ നയപരമായോ തടസ്സമില്ല. ഒരുമിച്ചുനില്‍ക്കാന്‍ ഇവരെ പ്രാപ്തരാക്കുന്നത് നയപരമായ പാപ്പരത്തമാണ്. അവര്‍ക്ക് ഇപ്പോള്‍ വരമ്പുകള്‍ ഇല്ലാതായി. ഇടതിന് ബദല്‍ നയം വലതിനില്ല. വലതിന് പകരം നയം ഇടതിനുമില്ല. രണ്ടും ഒരേ കള്ള നാണയത്തിന്റെ ഇരുപുറമായതിനാല്‍ കേന്ദ്രത്തിനെതിരെ യോജിക്കാന്‍ കഴിയുന്നു എന്നു മാത്രമല്ല ബദല്‍ ഭരണവും നടത്താനാകുന്നില്ല.

യുഡിഎഫ് പാതിവഴിക്കിട്ട് പോയ റേഷന്‍ കാര്‍ഡ് വിതരണം പൂര്‍ത്തിയാക്കാന്‍ മാസങ്ങളായിട്ടും സാധിക്കുന്നില്ല. കാര്‍ഡില്ലാത്തതിനാല്‍ ജനങ്ങള്‍് അര്‍ഹതപ്പെട്ട അരി ലഭിക്കാതെ വലയുകയാണ്. എഫ്സിഐ ഗോഡൗണുകളില്‍ അരിയുണ്ട്. അത് എടുത്ത് ഉപഭോക്താവിന് നല്‍കാന്‍ സംസ്ഥാനം സജ്ജമല്ല. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട നിബന്ധനകള്‍ പൂര്‍ത്തിയാകാത്തതിനാല്‍ കേന്ദ്രം നല്‍കിപ്പോരുന്ന 1800 കോടി രൂപപോലും നഷ്ടപ്പെടുമെന്ന ദയനീയ അവസ്ഥയാണ്.

പ്രശ്നങ്ങള്‍ പരിഹരിക്കാനല്ല പ്രതിസന്ധി രൂക്ഷമാക്കാനാണ് ഇരുമുന്നണികളും പ്രയത്നിക്കുന്നത്. എന്നാല്‍ പഴയപോലെ പിത്തലാട്ടം നടത്തി ജനങ്ങളെ കബളിപ്പിക്കാന്‍ ഇനി മുന്നണികള്‍ക്കാവില്ല. സ്വതന്ത്രഭാരതത്തില്‍ മുമ്പെങ്ങുമില്ലാത്തവിധം സാമ്പത്തിക പരിഷ്‌ക്കരണവും കള്ളനോട്ട്വേട്ടയും കേന്ദ്ര സര്‍ക്കാര്‍ നടത്തുമ്പോള്‍ അത് വിജയിപ്പിക്കാനും ജനങ്ങളെ ആശ്വസിപ്പിക്കാനും സര്‍ക്കാരും പ്രതിപക്ഷവും രാഷ്ട്രീയ പാര്‍ട്ടികളും സഹകരിക്കേണ്ടതാണ്. എന്നാല്‍ കള്ളനോട്ടുകളും കള്ളപ്പണവും ഭീകരപ്രവര്‍ത്തനവും തടയാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാരിനെ സംഹരിക്കാനുള്ള ശ്രമമാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്.

സഹകരണ മേഖലയിലെ ക്രമമല്ലാത്ത പണമിടാപാടുകളെക്കുറിച്ച് ചിന്തിക്കാന്‍ പോലും പാടില്ലെന്ന പിടിവാശിയാണല്ലൊ കണ്ടത്. പിന്നീടതില്‍ അയവ് വന്നു. ഇത് നേരത്തെ ചെയ്തെങ്കില്‍ സഹകരണമേഖലയിലെ ആശങ്ക മുമ്പേ കെട്ടടങ്ങുമായിരുന്നു. സഹകരണമേഖലയെ കവചമാക്കി കള്ളപ്പണക്കാര്‍ക്ക് സംരക്ഷണം നല്‍കാന്‍ സാധാരണക്കാര്‍ തയ്യാറാകില്ല. നോട്ട് പിന്‍വലിക്കല്‍ പ്രയാസമുണ്ടാക്കിയെങ്കിലും ജനങ്ങള്‍ മികച്ച രീതിയില്‍ സഹകരിച്ചത് നല്ല ലക്ഷണമാണ്.

പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും കേരളീയ സമൂഹത്തില്‍ നല്ല മതിപ്പുണ്ടാക്കി. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും പ്രകടിപ്പിച്ച ജനപിന്തുണ ഇരട്ടിയിലധികം കൂടി എന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. ബിജെപിയെ തോല്‍പ്പിക്കാന്‍ ഇരുമുന്നണിയും നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിച്ചു. ബിജെപിയെ നിയമസഭയുടെ നാലയലത്തുപോലും അടുപ്പിക്കില്ലെന്ന് വാശിപിടിച്ചു.

ബിജെപിക്കാര്‍ക്ക് നിയമസഭ കാണണമെങ്കില്‍ പാസെടുത്ത് ഗ്യാലറിയിലിരിക്കാമെന്ന് പരിഹസിച്ചു. ഇതെല്ലാം വീക്ഷിച്ച വോട്ടര്‍മാര്‍ മുന്നണികളുടെ വെല്ലവിളികളെ അവഗണിച്ച് ബിജെപിക്കും എന്‍ഡിഎയ്ക്കും വോട്ടുചെയ്തു. ഒരംഗത്തെ നിയമസഭയിലെത്തിക്കാനായി. ഏഴിടത്ത് രണ്ടാം സ്ഥാനത്തെത്തി. 20000 വോട്ടിലധികമുള്ള 64 നിയോജകമണ്ഡലങ്ങളുണ്ടാക്കാനായി. 15 ശതമാനം വോട്ട് അതായത് 30 ലക്ഷം വോട്ടുനേടുന്ന മുന്നണിയായി എന്‍ഡിഎ വളര്‍ന്നു. അടുത്ത തെരഞ്ഞെടുപ്പാകുമ്പോള്‍ കേരളത്തിലെ ഒന്നാം കക്ഷിയാക്കാമെന്ന ആത്മവിശ്വാസമാണ് 2016 ബിജെപിക്ക് നല്‍കിയത്.

© Copyright 2017 Manoramaonline. All rights reserved....
കേരള രാഷ്ട്രീയം എങ്ങോട്ട്?
കറുത്ത മഷിയാൽ അടയാളപ്പെടുത്തിയ സമ്പദ് രംഗം; പ്രതീക്ഷാ നാളങ്ങളും
രാഷ്ട്രീയ സംഭവങ്ങളാൽ ശ്രദ്ധേയമായൊരു വർഷം