രാഷ്ട്രീയ സംഭവങ്ങളാൽ ശ്രദ്ധേയമായൊരു വർഷം

കോടിയേരി ബാലകൃഷ്ണന്‍

രാഷ്ട്രീയ സംഭവങ്ങളാല്‍ ശ്രദ്ധേയമായ വര്‍ഷമാണു കടന്നുപോയത്. 2016ലാണ് യുഡിഎഫ് ഭരണം അവസാനിക്കുകയും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരികയും ചെയ്തത്. കേരളം ശക്തമായ മതനിരപേക്ഷ അടിത്തറയുള്ള സംസ്ഥാനമാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്ഥമായി കേരളത്തിന്റെ നേട്ടമതാണ്. കേരളത്തെ ശ്രദ്ധേയമാക്കി നിലനിര്‍ത്തുന്ന ഘടകവുമതാണ്. ജാതി,മത അടിസ്ഥാനത്തില്‍ രാഷ്ട്രീയപാര്‍ട്ടികളും സംഘടനകളും രൂപീകരിച്ച് വര്‍ഗീയ ചിന്തകളും ചേരിതിരിവുകളും രാജ്യത്താകെ വളര്‍ന്നുവരുന്ന സന്ദര്‍ഭത്തിലാണ് കേരളവും അതിന്റെ വേദിയാക്കി മാറ്റാന്‍ കേന്ദ്രഭരണം ഉപയോഗിച്ചു കൊണ്ട് ആര്‍എസ്എസ് നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടത്തിവന്നത്.

കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തിനും കടുത്ത വെല്ലുവിളി നേരിടേണ്ട അവസ്ഥ വന്നുചേര്‍ന്നിട്ടുണ്ട്. ഇത്തരമൊരു സന്ദര്‍ഭത്തില്‍ ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമി, അയ്യങ്കാളി, അയ്യാവൈകുണ്ഠസ്വാമി, മക്തി തങ്ങള്‍, പൊയ്കയില്‍ യോഹന്നാന്‍ ഇങ്ങനെയുള്ള നിരവധി സാമൂഹികപരിഷ്‌ക്കര്‍ത്താക്കള്‍ നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമായി കേരളത്തില്‍ നിലവില്‍വന്ന നവോത്ഥാന പാരമ്പര്യം അട്ടിമറിക്കപ്പെട്ടുകൂടാ എന്നു ചിന്തിക്കുന്ന ജനങ്ങളെ അണിനിരത്തി മതനിരപേക്ഷ കേരളം എന്ന മുദ്രാവാക്യമാണ് ഈ വര്‍ഷം സിപിഎം മുന്നോട്ടുവച്ചത്.

യുഡിഎഫ് നേതൃത്വം ബിജെപി നിലപാടുകളെ പ്രോത്സാഹിപ്പിക്കത്തക്കവിധം ബിജെപിയും യുഡിഎഫും തമ്മിലാണ് കേരളത്തില്‍ മുഖ്യമത്സരം നടക്കുന്നതെന്നും ഇടതുപക്ഷം മൂന്നാംസ്ഥാനത്തായിരിക്കുമെന്നും പ്രചരിപ്പിച്ചുകൊണ്ട് ഇടതുപക്ഷത്തെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചു. ഈ വെല്ലുവിളികളെ നേരിട്ട് ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് 140-ല്‍ 91 സീറ്റുകള്‍ നേടി വിജയിക്കാന്‍ കഴിഞ്ഞതോടെ കേരളത്തിലെ രാഷ്ട്രീയ മുന്നേറ്റം ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു. ഇതിനെത്തുടര്‍ന്ന് അധികാരത്തില്‍വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ സാമൂഹിക നീതിയില്‍ അധിഷ്ഠിതമായ സമഗ്രവികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.

അടിസ്ഥാനസൗകര്യവികസനത്തിനുവേണ്ടി വിമാനത്താവളം, പുതിയ റെയില്‍വേ ലൈനുകള്‍, ഗതാഗതക്കുരുക്കില്ലാതെ സഞ്ചരിക്കാന്‍ കഴിയുന്ന റോഡുകള്‍, പാലങ്ങള്‍, മെട്രോറെയില്‍, ജലമെട്രോ തുടങ്ങി നിരവധി പദ്ധതികള്‍ ആരംഭിച്ചപ്പോള്‍തന്നെ കുടിലുകളില്‍ കഴിയുന്ന പാവപ്പെട്ടവരെ ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്കും തുടക്കം കുറിക്കാന്‍ കഴിഞ്ഞു. ശുചിമുറിയില്ലാത്ത രണ്ടരലക്ഷം വീടുകളില്‍ 95 ശതമാനം വീടുകളിലും ശുചിമുറി സംവിധാനം ഒരുക്കാന്‍ 400 കോടിരൂപ ആറുമാസം കൊണ്ടു സര്‍ക്കാര്‍ ചിലവഴിച്ചു. ശുചിത്വഭാരതം പ്രഖ്യാപിച്ചത് നരേന്ദ്രമോദി സര്‍ക്കാരാണെങ്കിലും അതു വിജയകരമായി നടപ്പിലാക്കിയത് പിണറായി വിജയന്‍ സര്‍ക്കാരാണ്. ഇന്ത്യയിലെ 51 ശതമാനം ഗ്രാമീണവാസികള്‍ വീടിനോട് ചേര്‍ന്ന് ശുചിമുറിയില്ലാതെയാണ് ജീവിക്കുന്നത്. പട്ടണങ്ങളില്‍ എട്ടുശതമാനം ആളുകള്‍ക്കും ഈ സൗകര്യമില്ല. ഈ ഘട്ടത്തില്‍ കേരളം ആര്‍ജിച്ചനേട്ടം ദേശീയതലത്തില്‍തന്നെ ശ്രദ്ധേയമായിരിക്കുകയാണ്.

സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ആയിരംരൂപവീതം വര്‍ധിപ്പിച്ച് കുടിശിക ഉള്‍പ്പെടെ 37 ലക്ഷം വീടുകളില്‍ 3700 കോടിരൂപ വിതരണം ചെയ്ത സര്‍ക്കാര്‍ പാവപ്പെട്ടവരോട് പ്രതിബദ്ധതയുള്ള ഒരു ഭരണത്തിന് ഈ വര്‍ഷം തുടക്കം കുറിച്ചു. സര്‍ക്കാര്‍ ആശുപത്രികളുടെ വികസനത്തിനുവേണ്ടിയും പൊതുവിദ്യാലയ സംരക്ഷണത്തിനുവേണ്ടിയും പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു. വീടില്ലാത്തവര്‍ക്ക് മുഴുവന്‍ വീടു നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതിയും മാലിന്യവിമുക്ത പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഹരിതകേരളം പദ്ധതിയും ഈ വര്‍ഷം തുടങ്ങാന്‍ കഴിഞ്ഞു എന്നത് 2016നെ എന്നും ഓര്‍മ്മിക്കപ്പെടുന്ന വര്‍ഷമായി മാറും.

ദേശീയതലത്തില്‍ നോട്ട് പ്രശ്നം കാരണം സഹകരണമേഖലയുള്‍പ്പെടെ പ്രതിസന്ധിയെ നേരിടുമ്പോള്‍ ജനപക്ഷത്തുനിന്ന് ഒരു നിലപാട് സ്വീകരിക്കാന്‍ കേരളത്തിന് കഴിഞ്ഞു. ഇപ്പോള്‍ കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ ഉണ്ടായിരുന്നില്ലെങ്കില്‍ കേരളത്തിലെ സഹകരണമേഖല സമ്പൂര്‍ണമായ തകര്‍ച്ചയിലെത്തുമായിരുന്നു. ഇതില്‍നിന്ന് കേരളത്തെ രക്ഷിച്ചത് സര്‍ക്കാര്‍ നടത്തിയ ഇടപെടലാണ്.

© Copyright 2017 Manoramaonline. All rights reserved....
കേരള രാഷ്ട്രീയം എങ്ങോട്ട്?
കറുത്ത മഷിയാൽ അടയാളപ്പെടുത്തിയ സമ്പദ് രംഗം; പ്രതീക്ഷാ നാളങ്ങളും
മുന്നണികള്‍ക്ക് വരമ്പുകള്‍ ഇല്ലാതായി; കേന്ദ്രത്തെ ശത്രുവാക്കാന്‍ ശ്രമം