കേരള രാഷ്ട്രീയം എങ്ങോട്ട് ?

രമേശ് ചെന്നിത്തല
(പ്രതിപക്ഷ നേതാവ്)

നിയമസഭാ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് കൈപ്പിഴ പറ്റിയെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് ബോധ്യമായ അവസ്ഥയിലാണ് 2016 കടന്ന് പോവുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ താല്‍ക്കാലിക വീഴ്ചയില്‍ നിന്ന് കരകയറി യു.ഡി.എഫ് അതിശക്തമായി സംസ്ഥാന രാഷ്ട്രീയത്തില്‍ തിരിച്ചു വരവ് നടത്തുന്ന കാഴ്ചയ്ക്കും 2016 സാക്ഷിയാകുന്നു.

എണ്ണിയെണ്ണി പറയാവുന്ന ഭാവനാ പൂര്‍ണമായ നിരവധി പദ്ധതികളിലൂടെ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ കേരളത്തെ വികസനക്കുതിപ്പിലേക്ക് നയിച്ചിരുന്നു. പ്രവര്‍ത്തിക്കുന്ന സര്‍ക്കാരായിരുന്നു അതെന്ന് യു.ഡി.എഫിന്റെ കടുത്ത വിമര്‍ശകന്മാര്‍ പോലും സമ്മതിച്ച കാര്യമാണ്. കൊച്ചി മെട്രോ, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കണ്ണൂര്‍ വിമാനത്താവളം, സ്മാര്‍ട്ട് സിറ്റി, തിരുവനന്തപുരം-കോഴിക്കോട് ലൈറ്റ് മെട്രോ തുടങ്ങി കേരളത്തിന്റെ മുഖഛായ മാറ്റാന്‍ കഴിയുന്ന വമ്പന്‍ പദ്ധതികള്‍ മുതല്‍ ഗ്രാമങ്ങളിലെ പാവപ്പെട്ടവരുടെ ജീവിതത്തതിന് ഭദ്രത നല്‍കുന്ന ക്ഷേമ പദ്ധതികള്‍ വരെ സര്‍വ്വതലസ്പര്‍ശിയായ വികസനമായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയത്.

ക്രമസമാധാന പാലനത്തില്‍ കേരളം ദേശീയ തലത്തില്‍ തന്നെ ഒന്നാമതെത്തി. കേരളത്തിന്റെ ശാപമായ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതി വരുത്താന്‍ കഴിഞ്ഞു. ഓപ്പറേഷന്‍ കുബേര മുതല്‍ ക്ലീന്‍ കാമ്പസ് സേഫ് കാമ്പസ് വരെയുള്ള സാമൂഹ്യ പ്രതിബദ്ധതയുള്ള പരിപാടികള്‍. പാവങ്ങളുടെയും നിത്യരോഗികളുടെയും കണ്ണീരൊപ്പുന്ന കാരുണ്യ പദ്ധതി. അങ്ങനെ സംസ്ഥാനത്തിന് വികസനക്കുതിപ്പും സാധാരണക്കാര്‍ക്കും പാവങ്ങള്‍ക്കും തണലും നല്‍കി മുന്നേറിയ സര്‍ക്കാരിനെ അപവാദക്കഥകളുടെ പ്രളയം സൃഷ്ടിച്ചും വര്‍ഗീയത ആളിക്കത്തിച്ചുമാണ് തിരഞ്ഞെടുപ്പില്‍ വീഴ്ത്തിയത്. ഇടതു മുന്നണിക്ക് 2011നെക്കാള്‍ രണ്ട് ശതമാനം വോട്ട് കുറച്ചാണ് ലഭിച്ചത്. എന്നിട്ടും 91 സീറ്റുകളോടെ ഭരണത്തിലെത്താന്‍ അവര്‍ക്ക് കഴിഞ്ഞത് ബി.ജെ.പിയുടെ സാന്നിദ്ധ്യം കാരണമാണ്. കേന്ദ്ര ഭരണത്തിന്റെ തണലില്‍ വര്‍ഗീയ ധ്രൂവീകരണമെന്ന അപകടകരമായ കളിക്ക് പോലും തയ്യാറായാണ് ബി.ജെ.പി മുന്നേറിയത്. ഇടതു മുന്നണിയാകട്ടെ മോഹന സുന്ദര വാഗ്ദാനങ്ങളും നല്‍കി. രണ്ടിലും വീണു പോയ ഒരു വിഭാഗം ജനങ്ങള്‍ തങ്ങള്‍ക്ക് പിണഞ്ഞ അബദ്ധം തിരിച്ചറിഞ്ഞു എന്നതാണ് 2016 അവസാനിക്കുമ്പോള്‍ കേരളം കാണുന്നത്. 

ഇടതു മുന്നണി വരും എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാരിന് ഒരിഞ്ച് മുന്നോട്ട് പോകാനായിട്ടില്ല. ഒന്നും ശരിയാക്കാനുമായില്ല. ആകെ വി.എസ്.അച്യുതാനന്ദനെ ശിയാക്കി. അത്ര മാത്രം. ആറു മാസം വെറുതെ പോയി. എടുത്ത് പറയാന്‍ കഴിയുന്ന ഒരു നേട്ടം പോലും ഇടതു സര്‍ക്കാരിനില്ല. മാത്രമല്ല യു.ഡി.എഫ് സര്‍ക്കാര്‍ അതിവേഗത്തില്‍ മുന്നോട്ട് കൊണ്ടു പോയിരുന്ന വികസന പദ്ധതികളെല്ലാം ഒച്ചിഴയുന്ന വേഗത്തിലായി. പലതും നിലച്ച് പോവുകയും ചെയ്തു.

അഴിമതിക്കെതരെ ഗിരിപ്രഭാഷണം നടത്തി അധികാരത്തിലേറിയ ഇടതു സര്‍ക്കാര്‍ അഴിമതിയില്‍ റെക്കോര്‍ഡ് വേഗത്തിലാണ് മുങ്ങിത്താണത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തെല്ലാം സ.പി.എം നേതാക്കളുടെയും മന്ത്രിമാരുടെയും ബന്ധുക്കളെ നിര്‍ലജ്ജം കുടിയിരുത്തുന്ന കാഴ്ചയാണ് വിപ്ലവം മാത്രം പ്രസംഗിക്കുന്ന ഭരണകക്ഷി ചെയ്തത്. മന്ത്രിസഭയിലെ രണ്ടാമനായിരുന്ന സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍ രണ്ട് ഉറ്റബന്ധുക്കളെയാണ് തന്റെ കീഴിലുള്ള വ്യവസായ സ്ഥാപനങ്ങളുടെ തലപ്പത്ത് നിയമിച്ചത്. ഭാര്യാസഹോദരി പി.കെ. ശ്രീമതി എം.പിയുടെ മകനേയും സഹോദരന്റെ മകളെയും. സത്യപ്രതിജ്ഞാ ലംഘനവും ഭരണഘടനാ വിരുദ്ധവും വ്യക്തമായ അഴിമതിയുമായിരുന്നു ഇത്. ഇതിനെതിരെ പ്രതിപക്ഷ നേതാവെന്ന നിലയ്ക്ക് ഞാന്‍ വിജലന്‍സ് അന്വേഷണത്തിന് കത്ത് നല്‍കി. തുടര്‍ന്ന് പിടിച്ച് നില്‍ക്കാനാവാതെ ജയരാജന് രാജി വയ്ക്കേണ്ടി വന്നു. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറി 144-ാം ദിവസമാണ് മന്ത്രിസഭയിലെ രണ്ടാമന് രാജി വയക്കേണ്ടി വന്നത്. മറ്റൊരു മന്ത്രിയായ മെഴ്സിക്കുട്ടിയമ്മയ്ക്കെതിരെ കശുവണ്ടി ഇറക്കുമതിയില്‍ അഴിമതി ആരോപണമുണ്ടായി. നിയമസഭയില്‍ രേഖാമൂലമാണ് വി.ഡി.സതീശന്‍ ആരോപണമുന്നയിച്ചത്. അതിന് യുക്തിസഹമായ മറുപടി നല്‍കാന്‍ ഇനിയും മെഴ്സിക്കുട്ടിയമ്മയ്ക്ക് കഴിഞ്ഞിട്ടില്ല.

അധികാരത്തിലറി ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ ജനവിരുദ്ധമാകാന്‍ കഴിഞ്ഞു എന്നതാണ് പിണറായി സര്‍ക്കാരിന്റെ പ്രത്യേകത. മന്ത്രിസഭാ യോഗങ്ങള്‍ വാര്‍ത്താലേഖകര്‍ക്ക് നേരിട്ട് വിശദീകരിച്ചു കൊടുക്കുന്ന കേരളത്തിലെ പതിവ് രീതി അവസാനിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുജനങ്ങളില്‍ നിന്നും തീര്‍ത്തും അകന്നു. മന്ത്രിസഭയ്ക്കാകട്ടെ കെട്ടുറപ്പോ കൂട്ടുത്തരവാദിത്തമോ ഇല്ല. അതിരപ്പള്ളി മുതല്‍ മാവോയിസ്റ്റ് വേട്ട വരെ സി.പി.എമ്മുമായി യോജിക്കാതെ സി.പി.ഐ നില്‍ക്കുന്നു.

കേരളത്തിലെ ജനങ്ങള്‍ക്ക് വിശ്വസിക്കാനാവാത്ത നിലപാടായിരുന്നു സ്വാശ്രയ പ്രവേശനത്തില്‍ ഇടതു സര്‍ക്കാര്‍ ഇത്തവണ കൈക്കൊണ്ടത്. അടിയുറച്ച ഇടതു പക്ഷക്കാരെപ്പോലും നിരാശരാക്കിയതായിരുന്നു സ്വാശ്രയ മുതലാളിമാരുമായി ചേര്‍ന്നുള്ള സര്‍ക്കാരിന്റെ നയം. സ്വാശ്രയ മാനേജ്മെന്റുകള്‍ക്ക് കുട്ടികളെ യഥേഷ്ടം കൊള്ളയടിക്കാനുള്ള അവസരമാണ്, പ്രതിപക്ഷത്തിരുന്നപ്പോള്‍ സ്വാശ്രയത്തിനെതിരേ രക്തരൂക്ഷിതമായ സമരം നടത്തിയ ഇടതുമുന്നണി തുറന്ന് കൊടുത്തത്. ചരിത്രത്തിലെങ്ങുമില്ലാത്ത വിധം ഫീസ് കുത്തനെ കൂട്ടി. തലവരി വാങ്ങുകയില്ലെന്നാണ് സര്‍ക്കാര്‍ പറഞ്ഞതെങ്കിലും തലവരിയുടെ ലേലം വിളിയാണ് നടന്നത്. ഈ കൊടിയ കൊള്ളക്കെതിരെ അതി രൂക്ഷമായ സമരമാണ് യു.ഡി.എഫ് നിയമസഭയ്ക്കുള്ളിലും പുറത്തും സംഘടിപ്പിച്ചത്. വന്‍ജനപിന്തുണയും അതിന് കിട്ടി. സമരത്തിന്റെ ചൂടില്‍ ഫീസ് കുറയ്ക്കാന്‍ മാനേജ്മെന്റുകള്‍ തയ്യാറായി. പക്ഷേ അതിന് അനുവദിക്കാതെ ഫീസ് കുറയ്ക്കാന്‍ വന്ന മാനേജ്മെന്റുകളെ വിരട്ടി ഓടിക്കുന്ന വിചിത്രമായ കാഴ്ചയാണ് പിന്നീട് കണ്ടത്. അത്രയും ജനവിരുദ്ധമാകാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞു.

കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ മടങ്ങി വന്നു. കണ്ണൂര്‍ വീണ്ടും ചോരക്കളമായി. പിണറായി സര്‍ക്കാരിന് കീഴില്‍ ആദ്യത്തെ നാലു മാസങ്ങള്‍ക്കുള്ളില്‍ ഏഴ് രാഷ്ട്രീയ കൊലപാതകങ്ങളാണ് കണ്ണൂരില്‍ നടന്നത്. കൊലപാതകികള്‍ക്ക് കൂട്ടു നില്‍ക്കുകയും സ്ഥിതി ആളിക്കത്തിക്കുകയും ചെയ്യുന്ന നിലപാടായിരുന്നു ഭരണകക്ഷിയും സര്‍ക്കാരും സ്വീകരിച്ചത്. യഥാര്‍ത്ഥ കൊലപാതകികളെ പിടിക്കുന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ രീതി അവസാനിപ്പിച്ച് പാര്‍ട്ടി ഓഫീസില്‍ നിന്നുള്ള ലിസ്റ്റ് പ്രകാരം പ്രതികളെ നിശ്ചയിക്കുന്ന രീതി മടങ്ങി എത്തിയതോടെ രാഷ്ട്രീയ സംഘട്ടനങ്ങളും കൊലപാതക പരമ്പരകളും നിര്‍ബാധം അരങ്ങേറാന്‍ തുടങ്ങി.

കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ മടങ്ങി വരുമ്പോള്‍ തന്നെ സംസ്ഥാനത്ത് അക്രമങ്ങളും സ്ത്രീപീഡനങ്ങളും സംഘട്ടനങ്ങളും വര്‍ദ്ധിച്ചു. ഒരു വശത്ത് പൊലീസ് നിഷ്‌ക്രിയരായെങ്കില്‍ മറുവശത്ത് സാധുക്കളുടെ മേല്‍ കുതിരസവാരിയും നടത്തി. സി.പി.എം പ്രാദേശിക നേതാക്കളുടെ ഗുണ്ടാ മാഫിയാ ബന്ധം ഞെട്ടലോടെയാണ് സംസ്ഥാനം കേട്ടത്. വ്യവസായിയെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയതിന് എറണാകുളത്ത് സി.പി.എം ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ അറസ്റ്റിലായി. മന്ത്രി മെഴ്സിക്കുട്ടിയമ്മയുടെ പേഴ്സണല്‍ സ്റ്റാഫംഗവും ഡി.വൈ.എഫ്.ഐ നേതാവുമായ മാക്സണെ കൊലപാതകക്കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്തു. കൊച്ചിയില്‍ മുഖ്യമന്ത്രിയുടെ പേരു പറഞ്ഞായിരുന്നു സി.പി.എം നേതാക്കളുടെ ഗുണ്ടാവിളയാട്ടം. വടക്കാഞ്ചേരി സ്ത്രീപീഡനക്കേസിലും ആരോപണവിധേയനായത് സി.പി.എം നേതാവാണ്. ഈ കേസുകളിലെല്ലാം പ്രതികളെ ന്യായീകരിക്കാനും സംരക്ഷിക്കാനുമാണ് സി.പി.എം ശ്രമിച്ചത്.

ഐ.എ.എസ് തലപ്പത്തും ഐ.പി.എസ് തലപ്പത്തും ഉദ്യോഗസ്ഥര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയപ്പോഴും സര്‍ക്കാര്‍ വെറും കാഴ്ചക്കാരനായിരുന്നു. കേരളത്തെ കരയിച്ച സൗമ്യവധക്കേസില്‍ പ്രതി ഗോവിന്ദച്ചാമി തൂക്കു കയറില്‍ നിന്ന് രക്ഷപ്പെട്ടത് സര്‍ക്കാരിന്റെ പിടിപ്പ് കേട് കൊണ്ട് മാത്രമാണ്. റേഷന്‍ വിതരണം ഏതാണ്ട് പൂര്‍ണ്ണമായി തന്നെ മുടങ്ങിയതും സര്‍ക്കാരിന്റെ പിടിപ്പ് കേടിന് മറ്റൊരു ഉദാഹരണമാണ്. ആര്‍ത്തലച്ച് പ്രസംഗിക്കാനല്ലാതെ കാര്യം നടത്താന്‍ ഭക്ഷ്യ മന്ത്രിക്കാവുന്നില്ല. ധനകാര്യമന്ത്രി തോമസ് ഐസക്കിന്റെ കഥയും വ്യത്യസ്തമല്ല. താത്വികമായി സംസാരിക്കുമെന്നല്ലാതെ ഭരണം കൊണ്ടു നടക്കാനാവുന്നില്ല. ഇടതു സര്‍ക്കാര്‍ അധികാരമേറ്റ തുടക്ക മാസങ്ങളില്‍ തന്നെ നികുതി വരുമാന വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞു. പദ്ധതി നിര്‍വഹണവും വെള്ളത്തിലായി. ഇപ്പോള്‍ കേന്ദ്രത്തിന്റെ വിനാശകരമായ നോട്ട് പരിഷ്‌ക്കരണത്തിന്റെ തിക്തഫലങ്ങളില്‍ നിന്ന് സംസ്ഥാനത്തിന് കഴിയാവുന്ന പരിരക്ഷ പോലും നല്‍കാന്‍ ധനകാര്യ മന്ത്രിക്ക് കഴിഞ്ഞില്ല. ട്രഷറികളില്‍ നിന്ന് ട്രഷറികളിലേക്കുള്ള റോഡ് ഷോയാണ് അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ടിരുന്നത്. അട്ടപ്പാടിയിലാകട്ടെ ശിശുമരണങ്ങള്‍ നിലയ്ക്കുന്നില്ല.

ഇടതു മുന്നണി സര്‍ക്കാര്‍ എല്ലാ രംഗത്തും പരാജയപ്പെട്ടപ്പോള്‍ സംസ്ഥാനത്ത് പുതിയ ഒരു മുന്നേറ്റത്തിന് ശ്രമിച്ച ബി.ജെ.പി മുന്നണിയ്ക്കും തിരിച്ചടി നേരിടുന്നതാണ് കണ്ടത്. വലിയ ആരവത്തോടെ കേരളത്തില്‍ രംഗത്തിറങ്ങിയ ബി.ഡി.ജെ.എസിനെ ഇപ്പോള്‍ കാണാനില്ല. ബി.ജെ.പി വാക്കു പാലിക്കുന്നില്ലെന്നും തങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നില്ലെന്നുമുള്ള പരിദേവനങ്ങളില്‍ മാത്രമാണ് ഇടയ്ക്ക് ഉയര്‍ന്ന് കേള്‍ക്കുന്നത്. വര്‍ഗ്ഗീയത വളര്‍ത്താനുള്ള ബി.ജെ.പിയുടെ ശ്രമങ്ങളും കേരളീയര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. ബി.ജെ.പിക്ക് ആദ്യമായി നിയമസഭയില്‍ അക്കൗണ്ട് തുറക്കാനായെങ്കിലും സഭയില്‍ ബി.ജെ.പി അംഗത്തിന് സാന്നിദ്ധ്യമറിയിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. വരുന്നു, ഇരിക്കുന്നു, പോവുന്നു അത്രയേ ഉള്ളൂ. പലപ്പോഴും ഇടതു പക്ഷ സര്‍ക്കാരിന് അനുകൂല നിലപാടാണ് ബി.ജെ.പി അംഗം സ്വീകരിക്കുന്നത്. നരേന്ദ്ര മോദിയുടെ നോട്ട് പരിഷ്‌ക്കരണം കൂടിയായതോടെ ബി.ജെ.പിയുടെ തകര്‍ച്ച പൂര്‍ണ്ണമാവുകയാണ്.

ജനങ്ങള്‍ക്ക് പ്രതീക്ഷ അര്‍പ്പിക്കാവുന്ന പ്രസ്ഥാനം യു.ഡി.എഫ് ആണെന്ന് തെളിയുന്ന സാഹചര്യത്തിലാണ് പുതിയ വര്‍ഷം പിറക്കുന്നത്. തിരഞ്ഞെടുപ്പിലെ തിരിച്ചടിയോടെ യു.ഡി.എഫിന്റെ കാലം കഴിഞ്ഞെന്ന് പറഞ്ഞവരുടെ വായടപ്പിച്ചു കൊണ്ട് ഉശിരേറിയ പോരാട്ടങ്ങളുമായാണ് യു.ഡി.എഫ് ഉയര്‍ത്തെഴുന്നേല്‍പ് നടത്തിയത്. കെട്ടുറപ്പോടെയാണ് മുന്നണി ഇപ്പോള്‍ മുന്നേറുന്നത്. വരുന്ന വര്‍ഷം യു.ഡി.എഫിന്റേതായിരിക്കും.

© Copyright 2017 Manoramaonline. All rights reserved....
കറുത്ത മഷിയാൽ അടയാളപ്പെടുത്തിയ സമ്പദ് രംഗം; പ്രതീക്ഷാ നാളങ്ങളും
രാഷ്ട്രീയ സംഭവങ്ങളാൽ ശ്രദ്ധേയമായൊരു വർഷം
മുന്നണികള്‍ക്ക് വരമ്പുകള്‍ ഇല്ലാതായി; കേന്ദ്രത്തെ ശത്രുവാക്കാന്‍ ശ്രമം