അരങ്ങിൽ റോബിൻ. അടുക്കളയിൽ അബ്ദുൽ റഹ്മാൻ. രണ്ടിടത്തും മാജിക്. റോബിൻ കറൻസി നോട്ടുകൊണ്ടും തൂവാലകൊണ്ടും. റഹ്മാൻ രുചിയുടെ വൈരുധ്യവും വൈവിധ്യവുംകൊണ്ട്. അടുക്കള മാജിക്കിലും രഹസ്യങ്ങളുണ്ട്. ആ രഹസ്യത്തിന് ആലുവയിലെ ‘ലുക്കാമോ’ കൂട്ടുകാർ പേരിട്ടു: ‘സീക്രട്ട് സ്പൈസി ചിക്കൻ’.
കുപ്പി പിളർന്നു വിടർത്തിവച്ചതുപോലെ നീണ്ടൊരു പാത്രത്തിൽ 6 കഷണം ചിക്കൻ ബ്രെസ്റ്റ്. ചുമുചുമാന്നിരിക്കും. ചുട്ട പരുവം. പുളിയുണ്ട്. എരിവുണ്ട്. ചിക്കൻ മൃദുവാണ്. എന്നാൽ സ്പോഞ്ച് പരുവമല്ല. സീക്രട്ട് സ്വാദുള്ള ചിക്കൻ രുചിക്കുന്നവരോട്: ആർത്തിമൂത്തു വലിച്ചുവാരി തിന്നരുത്. ചിക്കൻ രുചിച്ച് ഏതാനും സെക്കൻഡ് വെയിറ്റ് ചെയ്യണം. മോണയുടെ മുകൾത്തട്ടിൽ എരിവിന്റെ ചെറിയ ഘോഷമായി പൊട്ടിവിരിയും. പെട്ടെന്ന് ഒരിടി വെട്ടിയതുപോലെയും തോന്നാം. എരിവ്, ചില നേരത്ത് ഒളിച്ചുകളിക്കും. വരും, പോകും, വീണ്ടുംവരും. ചിക്കൻ കഷണങ്ങൾ പ്ലേറ്റിൽ വിശ്രമിക്കുന്നതു മയോണൈസിന്റെ ഭംഗിയുള്ള പാടയിലാണ്. പക്ഷേ, മയോണൈസ് അധികം ഉപയോഗിക്കരുത്. സീക്രട്ട് ചിക്കന്റെ തനതു രുചി കിട്ടില്ല. പക്ഷേ, ചിക്കൻ തൊടാതെ മയോണൈസ് തൊട്ടുനക്കാം. കെച്ചപ്പും തായ് സ്വീറ്റ് ചില്ലിയും സമവായപ്പെട്ടുകിടക്കുന്നതിന്റെ സുഖമറിയാം.
എന്താണ് ഈ ചിക്കന്റെ രഹസ്യം? ‘ലുക്കാമോ’ ഉടമകളായ മുഹമ്മദ് യൂസഫും ജിൻഷാദും പറയും: ‘‘പെറി–പെറി പൊടി...’’ അതുമാത്രം? പിന്നെയുമുണ്ട്. തൈം, റോസ്മേരി തുടങ്ങിയവ ഉണക്കിപ്പൊടിച്ചു ചേർത്തിട്ടുണ്ട്. പാപ്രിക പൊടിയുമുണ്ട്. അത്രയുംമാത്രം? പിന്നെയുമുണ്ട്. തവ ഗ്രിൽ ചെയ്തെടുക്കുന്ന ഈ ചിക്കൻ കഴിക്കുന്നവർ ആസ്വദിക്കട്ടെ, ഊഹിക്കട്ടെ.
പെരിയാറിനോടു ചേർന്ന് ആലുവ തുരുത്തിലാണു ലുക്കാമോ. തൂമ്പക്കടവ്, മഹിളാലയം പാലങ്ങൾക്കിടയിൽ. ഉച്ചയ്ക്കു 12 മുതൽ രാത്രി 12 വരെയുണ്ട്. കോണ്ടിനെന്റൽ, ഇറ്റാലിയൻ (പീത്‌സ ഇല്ല), അറബിക്, ലബനീസ് വിഭവങ്ങളാണ്. ഉച്ചയ്ക്കു ലബനീസാണു മുഖ്യം. റോബിന്റെ മാജിക് കണ്ട്, റഹ്മാന്റെ മാജിക് രുചിച്ച് ലുക്കാമോയിൽ ഇരിക്കാം. ലൈവ് മ്യൂസിക്കും ഉണ്ടാകും.
മുളകുപൊടിതന്നെ. വിദേശി. ‘ബേഡ്സ് ഐ ചില്ലി’ എന്നും പേരുണ്ട്. മുളകു ചെറുതാണ്. ആകൃതി കൂടി കണക്കിലെടുത്താണു പക്ഷിയുടെ കണ്ണിനോട് ഉപമിക്കാൻ തുടങ്ങിയത്. കിളികൾ കൊത്തിക്കൊണ്ടുപോയി നാടുനീളെ പരത്തിയത്രെ. മെക്സിക്കോ, തെക്ക്–വടക്ക് അമേരിക്കാ ഭൂഖണ്ഡങ്ങളിലുണ്ട്. പോർചുഗീസ്, സ്പാനിഷ് കോളനികളിൽനിന്നാണു ലോകത്തിന്റെ പലഭാഗങ്ങളിൽ എത്തിയത്. ആഫ്രിക്കയുടെ തെക്കൻ മേഖലയിൽനിന്നാണു പോർചുഗീസുകാർ ഇതു കണ്ടെത്തിയതെന്നും ഒരുപക്ഷമുണ്ട്. ഇറച്ചി വിഭവങ്ങളുടെ മാരിനേഷനിൽ ഉഗ്രനാണ്.