മുന്നൂറു വർഷങ്ങൾക്കു മുൻപ് ഗുജറാത്തിലെ പോർബന്തറിൽ നിന്ന് ആലപ്പുഴയിലെത്തിയതാണ് ഹലായി കുടുംബം. അവർ കൈവശമുണ്ടായിരുന്ന ഒരു കെട്ട് തോർത്ത് കച്ചവടം ചെയ്തു. പിന്നീട് അരിയും തടിയും തുണിക്കച്ചവടവും കയർവ്യാപാരവും തുടങ്ങി. ഇന്ന് ആ കുടുംബത്തിലെ നാലാം തലമുറ മലയാളികൾക്കു പ്രിയങ്കരമായ ഹലായീസ് ബിരിയാണി വിളമ്പുന്നു. അവിചാരിതമായാണ് 40 വർഷം മുൻപ് ഹോട്ടൽ തുടങ്ങിയതെന്ന് സേട്ട് എന്നറിയപ്പെടുന്ന ഹോട്ടലുടമ മുഹമ്മദ് ഹനീഫ് പറയും.
വർഷം 1992. ഇന്ന് ഹോട്ടലിന്റെ സ്ഥാനത്ത് കയർ വ്യാപാരമായിരുന്നു. അതിനോട് ചേർന്നതായിരുന്നു ആലപ്പി ചിക്കൻ കോർണർ എന്ന ഹോട്ടൽ. സ്ഥലപരിമിതി കാരണം ഹോട്ടൽ അടുത്ത ജംക്ഷനിലേക്ക് മാറ്റി. അവിടുത്തെ സ്പെഷലായിരുന്ന അരിപ്പത്തിരിയും ചിക്കൻ ഫ്രൈയും അന്വേഷിച്ച് പഴയ സ്ഥലത്തെത്തിയവർ നിരാശരായി മടങ്ങി. ഇതു കണ്ടാണു സേട്ടിനും ഭാര്യയ്ക്കും കുറച്ച് പത്തിരിയും ചിക്കൻ ഫ്രൈയും ഉണ്ടാക്കി വിറ്റാലോ എന്ന് തോന്നിയത്. ഇളയ മകനെ വിട്ട് 5 കോഴി വാങ്ങി. പത്തിരിയും ചിക്കന്‍ ഫ്രൈയും ഗ്രേവിയും തയാർ. വെറുതെ കിടന്ന വീപ്പ പെയിന്റടിപ്പിച്ച് ‘ഹലായീസ് ഫ്രൈ ചിക്കൻ, േടക്ക് എവേ’ എന്നെഴുതിച്ചതിനു മുടക്കിയ 100 രൂപയാണ് ആദ്യ മുതൽമുടക്ക്. അടുത്ത കടകളിലുള്ളവർ ആദ്യ ഇടപാടുകാർ. ആദ്യ ദിനം 500 രൂപ സമ്പാദിച്ചു. പിറ്റേന്ന് 10 കോഴി വാങ്ങി.
വീട്ടിൽ മാംസം കഴിക്കാൻ പറ്റാത്ത ഒരു സുഹൃത്ത് സേട്ടിനോടു പറഞ്ഞു: കടയിൽ ഇരുന്ന ഭക്ഷണം കഴിക്കാൻ സൗകര്യമൊരുക്കണം. സുഹൃത്തിന്റെ ആവശ്യം സേട്ട് അംഗീകരിച്ചു. ചെറിയ ഇരിപ്പിടം ഒരുക്കി. ആൾക്കാർ കൂടിയതോടെ കയർ ഗോഡൗണിൽ കൂടുതൽ സൗകര്യമൊരുക്കി. ഇന്നിവിടെ നൂറ്റൻപതോളം പേർക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാം.
മാറ്റങ്ങൾ മെനുവിലുമുണ്ട്. പത്തിരിയും കോഴിയും മാറി ചിക്കൻ ബിരിയാണിയായി പ്രധാന വിഭവം. ഗുജറാത്തി സ്റ്റൈൽ ബിരിയാണിയാണെങ്കിലും എരിവ് കുറച്ചിട്ടുണ്ട്. മട്ടൺ, ഫിഷ്, ചെമ്മീൻ മുതലായ പല ബിരിയാണികൾക്കൊപ്പം കുഴിമന്തിയും ഷവർമയുമൊക്കെ ഇന്ന് തയാറാണ്. മുഹമ്മദ് ഹനീഫിന്റെ മകൻ ഹംദുല്ലയാണ് ഇന്ന് ഹോട്ടൽ നോക്കി നടത്തുന്നത്.
ബൗണ്‍സർ കൊണ്ടത് പ്രിയദർശന്റെ കണ്ണിൽ
കേരള സർവകലാശാല ക്രിക്കറ്റ് ടീമിന്റെ ഓപ്പണിങ് ബോളറായിരുന്നു മുഹമ്മദ് ഹനീഫ്. ഇടയ്ക്ക് ക്ലബ്ബുകളിൽ കളിക്കാൻ പോയിരുന്നു. ഒരു ക്ലബ് മത്സരത്തിൽ സേട്ട് എറിഞ്ഞ ബൗൺസർ ബാറ്ററുടെ കണ്ണിലിടിച്ചു. സംവിധായകൻ പ്രിയദർശനായിരുന്നു ആ ബാറ്റർ. കണ്ണിനു പരുക്കേറ്റ് പ്രിയദർശൻ പിന്നീട് സിനിമയിലേക്ക് തിരിഞ്ഞു. ക്രിക്കറ്റ് മതിയാക്കി സേട്ട് ഹോട്ടലിലേക്കും. വർഷങ്ങൾക്കു ശേഷം ഇരുവരും കൂടിച്ചേർന്നപ്പോൾ സാക്ഷിയായതും ഹോട്ടൽ ഹലായീസ് തന്നെ.