Sections

ബിഗ് ക്യു ക്വിസ്: മുഹമ്മദ് ബാസിം പാലക്കാട് ഒന്നാമത്

മലയാള മനോരമ – സെന്റ്ഗിറ്റ്സ് ബിഗ് ക്യു ചാലഞ്ച് ക്വിസ് ജില്ലാതല മത്സരത്തിൽ അലനല്ലൂർ ജിഎച്ച്എസ്എസിലെ മുഹമ്മദ് ബാസിം ഒന്നാം സ്ഥാനം നേടി. പട്ടാമ്പി എംഇഎസ് ഇന്റർനാഷനൽ സ്കൂളിലെ വി.പി. ആകാശ് രണ്ടും ഒലവക്കോട് എംഇഎസ് ഇഎംഎച്ച്എസ്എസിലെ അബിൻ അനിയൻകുഞ്ഞ് മൂന്നും സ്ഥാനം നേടി.

ആദ്യ മൂന്നു സ്ഥാനക്കാർക്ക് യഥാക്രമം 7,000, 5,000, 3,000 രൂപ വീതം സമ്മാനം നൽകി. ആദ്യ രണ്ടു സ്ഥാനക്കാർ സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കും.
വിജയികൾക്കു മുഖ്യാതിഥി റെയിൽവേ ഡിവിഷനൽ പഴ്സനേൽ ഓഫിസർ ലിപിൻരാജ്, സെന്റ്ഗിറ്റ്സ് ജനറൽ മാനേജർ ആന്റണി ജോസഫ്, ചക്കാന്തറ സെന്റ് റാഫേൽസ് കത്തീഡ്രൽ സ്കൂൾ മാനേജർ ഫാ. ജീജോ ചാലയ്ക്കൽ, മലയാള മനോരമ പാലക്കാട് കോഓർഡിനേറ്റിങ് എഡിറ്റർ സുരേഷ് ഹരിഹരൻ എന്നിവർ സമ്മാനവും സർട്ടിഫിക്കറ്റും മെഡലുകളും നൽകി.

ഋഷികേശ് വർമ ക്വിസ് മാസ്റ്ററായി. ജില്ലയിലെ 92 സ്കൂളുകളിൽ നിന്നുള്ള ആദ്യഘട്ട വിജയികൾ ക്വിസ് മത്സരത്തിൽ പങ്കെടുത്തു. മൂന്നു ലക്ഷം രൂപയും മാതാപിതാക്കളോടൊപ്പം വിദേശയാത്രയുമാണു സംസ്ഥാനതല വിജയിയെ കാത്തിരിക്കുന്നത്. രണ്ടാം സമ്മാനം രണ്ടു ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സംസ്ഥാന മത്സരം 11 എപ്പിസോഡുകളിലായി മനോരമ ന്യൂസ് ചാനലിൽ സംപ്രേഷണം ചെയ്യും.

Related Stories