അരവണ പ്രിയനേ...

ടി.കെ.രാജപ്പൻ

സച്ചിദാനന്ദ സ്വരൂപന്റെ ദർശനം നേടി മലയിറങ്ങും മുമ്പ് സ്വാമി ഭക്തർ ആദ്യം പോകുന്നത് അരവണ കൗണ്ടറിലേക്ക്. മലയിറങ്ങുമ്പോൾ കൈകളിൽ നിധിപോലെ സൂക്ഷിക്കാൻ അരവണക്കായി. താൻ നേടിയ ശബരീശദർശനത്തിന്റ‌ പുണ്യം മധുരമായി വീട്ടിൽ കണ്ണുനട്ടിരിക്കുന്നവർക്കു പകർന്നുനൽകാൻ .

ഒരിക്കൽ രുചിച്ചാൽ പിന്നൊരിക്കലും മറക്കാൻ കഴിയില്ല അരവണപ്പായസത്തിന്റെ കടുംമധുരം . അരവണപ്പായസം ശബരീശനു നിവേദ്യമായിമാറിയതിന് കഥയുണ്ട്. പ്രണയമധുരം തുളുമ്പുന്ന ഒരു കഥ. മണികണ്ഠൻ പന്തളത്തു വളരുന്ന കാലം. കൗമാരകാലത്ത് ആയോധനവിദ്യ അഭ്യസിപ്പിക്കാൻ പന്തളരാജൻ മണികണ്ഠനെ ചീരപ്പൻചിറ ഗുരുക്കളുടെ അടുത്തേക്ക് അയച്ചു. ചേർത്തലയ്‌ക്കടുത്തു മുഹമ്മയിലെ ചീരപ്പൻചിറ തറവാട്ടിൽ താമസിച്ച് ഏറെക്കാലം മണികണ്ഠൻ ആയോധനകല അഭ്യസിച്ചു. മണികണ്ഠൻ ഉപയോഗിച്ചതെന്നു കരുതപ്പെടുന്ന വാളും മറ്റ് ആയുധങ്ങളും ചീരപ്പൻചിറ തറവാട്ടിൽ ഭക്‌തിയോടെ സൂക്ഷിച്ചിട്ടുണ്ട്. തറവാടിനു മുന്നിലെ കളരിയിൽ ഇപ്പോഴും ആയോധനകല പരിശീലിപ്പിക്കുന്നുണ്ട്. തറവാട്ടിലെ കാരണവർക്കു പ്രായാധിക്യത്താൽ ശബരിമല ദർശനത്തിനു കഴിയാതായപ്പോൾ ശാസ്‌താവ് സ്വപ്‌നദർശനം നടത്തി ഉപദേശിച്ചപ്രകാരം നിർമിച്ച മുക്കാൽവെട്ടം അയ്യപ്പക്ഷേത്രം തറവാടിനു സമീപമാണ്. ചീരപ്പൻചിറ മൂപ്പന്റെ മകൾ ലളിതയ്‌ക്ക് മണികണ്ഠനോട് ഇഷ്‌ടം തോന്നി. മണികണ്ഠനെയല്ലാതെ മറ്റാരെയും വിവാഹം കഴിക്കില്ല എന്ന വാശിയിലായിരുന്നു ലളിത. പെൺകുട്ടികൾ പ്രായപൂർത്തിയായാൽ ഭക്ഷണം പാചകം ചെയ്യാനാണ് ആദ്യം പഠിപ്പിക്കുക. ലളിത തന്റെ ജീവിതത്തിൽ ആദ്യമായി ഉണ്ടാക്കിയത് മണികണ്ഠനു നൽകാൻ പായസമായിരുന്നു. ഉണക്കലരിയും ശർക്കരയും നെയ്യും ചേർത്തു കടുംമധുരമുള്ള പായസത്തിൽ തന്റെ പ്രണയത്തിന്റെ തീവ്രതയുമുണ്ടെന്ന് ലളിത വിശ്വസിച്ചിരുന്നു.

നിത്യബ്രഹ്‌മചാരിയായ താൻ ഗുരുനാഥന്റെ മകളായ ലളിതയെ സഹോദരിയായാണു കണ്ടത്. മണികണ്ഠൻ നിത്യബ്രഹ്‌മചാരിയാണെന്നറിഞ്ഞ ലളിത തനിക്ക് എന്നും ആപാദത്തിൽ പൂജ ചെയ്യുവാനുള്ള അനുവാദം നൽകണമെന്ന് അപേക്ഷിച്ചു. (ലളിതയുണ്ടാക്കിയ കടുംമധുരമുള്ള പായസമാണ് അരവണായി നിവേദിക്കുന്നതെന്നാണ് കഥ)