വാസ്തുശാസ്ത്ര പ്രകാരം ശബരിമലയിലെ ധ്വജനിര്‍മാണ രീതി

ദേശത്തിന്‍റെ ആത്മീയവും ഭൗതകവുമായ ഉന്നതിക്ക് ഹേതുവായ ശക്തിയാണ് ക്ഷേത്രം. മനുഷ്യരാശിക്ക് ഉണ്ടാകുന്ന എല്ലാ നാശത്തില്‍ നിന്നു മോചനം നല്‍കാനുതകുന്ന ഈശ്വരശക്തിയുടെ വിളനിലമാണുത്. ക്ഷയത്തില്‍ നിന്നു രക്ഷിക്കുന്നതാണ് ക്ഷേത്രം. ക്ഷേത്രേശന്മാര്‍ക്ക് മാത്രമല്ല നാടിനു മുഴുവന്‍ ക്ഷേമവും ഐശ്വര്യവും പ്രദാനം ചെയ്യുന്ന പുണ്യ സങ്കേതമാണ് ക്ഷേത്രങ്ങള്‍.

ദേവന്‍റെ ശിരസാണ് ശ്രീകോവില്‍ അഥവാ ഗര്‍ഭഗൃഹം. ചുറ്റമ്പലം കരങ്ങളാണ്. ഗോപുരം പാദവും, അന്തരാളം മുഖവും നമസ്കാര മണ്ഡപം കഴുത്തും വലിയമ്പലം ഉദരവും കൊടിമരം നട്ടെല്ലും സുഷ്മനാ നാഡിയുമാണ്. കൊടി കുണ്ഡലിനി ശക്തിയാണ്. വാഹനം പ്രാണനെയാണ് പ്രതിനിധാനം ചെയ്യുന്നത്. അതീവ സൂഷ്മതയോടെ എല്ലാ ലക്ഷണത്തോടെയുമാണ് ക്ഷേത്രവും ധ്വജവും വിഗ്രഹവുമെല്ലാം നിര്‍മിക്കുന്നത്.

ആധാരശില, ധ്വജനാളം, എട്ട്പട്ടം, അധിഷ്ഠാനം,, വേദിക, അധോപത്മം, ഊര്‍ദ്ധ പത്മം, പറ, വെണ്ട, മാലാസ്ഥാനം,ലസുനം, കുംഭം, യഷ്ടി,കൊടിക്കൂറ, പത്മം, മണ്ഡിപ്പലക, വീരകാണ്ഡം, വാഹനം എന്നിവയാണ് ധ്വജത്തിനന്‍റെ പ്രധാന ഭാഗങ്ങള്‍. ഒരോന്നിനും കൃത്യമായ അളവുകള്‍ നിഷ്ക്കര്‍ശിച്ചിട്ടുണ്ട്. ശ്രീകോവിലുമായി ബന്ധപ്പെട്ടാണ് ഒരോ അളവുകളും വരുന്നത്. ഗര്‍ഭഗൃഹദ്വാരത്തിന്‍റെ ഉയരത്തെ നാലോ അഞ്ചോ ആറോ ആക്കി ഭാഗിച്ച് അതില്‍ ഒരംശം കടവിസ്താരവും അതില്‍ അല്‍പ്പം കുറഞ്ഞ് തലവണ്ണവുമായി എടുത്താണ് കൊടിമരം ഉണ്ടാക്കുന്നത്. പ്രാസാദത്തിങ്കല്‍ നിന്നു തുടങ്ങി മുമ്പോട്ട് ദ്വാരനീളമാകുന്ന ദണ്ഡുകൊണ്ട് 12 ദണ്ഡ് എത്തുന്നിടത്ത് സ്ഥാപിക്കണം. അതിന്‍റെ ഉയരം കണക്കാക്കുന്നത് ദ്വാരത്തിന്‍റെ പത്തിരട്ടിയോ പതിനഞ്ച് ഇരട്ടിയോ പതിനേഴ് ഇരട്ടിയോ ഇരുപത് ഇരട്ടിയോ ആകണം. അതിന്‍റെ അഗ്രത്തിങ്കല്‍ ദേവന്‍റെ വാഹനവും ദണ്ഡം ചുവട്ടില്‍ തറയും ഉണ്ടാകണമെന്നാണ് ശാസ്ത്രം.

പൊന്നമ്പലവാസനന്‍റെ ശ്രീകോവിലിന് ഏഴ്കോല്‍ 18 അംഗൂലം ദീര്‍ഘവും മൂന്നുകോല്‍ 18 അംഗൂലം വിസ്താരവും ഉണ്ട്. ജഗതിപ്പുറം എട്ട് കോല്‍ 10 അംഗൂലം ദീര്‍ഘവും നാലുകോല്‍ 10 അംഗൂലം വിസ്താരവുമാണ്. പാദുകപ്പുറം എട്ട് കോല്‍ പതിനൊന്നര അംഗൂലം വിസ്താരവുമാണ്. വലിയമ്പലത്തിന് 22 കോല്‍ 18 അംഗൂലം ദീര്‍ഘവും ആറ് കോല്‍ രണ്ട് അംഗൂലം വിസ്താരവുമുണ്ട്. വാസ്തുശാസ്ത്രപ്രകാരം ശബരിമലയില്‍ വരുത്തേണ്ട പുനക്രമീകരണങ്ങള്‍ നിര്‍ദ്ദേശിച്ചത് കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട് ആണെങ്കിലും പുതിയ ധ്വജനിര്‍മാണത്തിനുള്ള വാസ്തു നോക്കാന്‍ ഭാഗ്യം കിട്ടിയത് വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാടിനാണ്.

സന്നിധാനത്തില്‍ താംബൂലരാശി നോക്കി ദേവഹിത പ്രകാരമാണ് വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാടിനെ കണ്ടെത്തിയത്. ഗര്‍ഭഗൃഹ മധ്യത്തിങ്കല്‍ നിന്ന് അഞ്ചോ ആറോ ഏഴോ ഉത്തരദണ്ഡു ചെന്നിടത്തു ധ്വജം സ്ഥാപിക്കാമെന്നാണ് കണക്ക് .ശബരിമലയിലെ ധ്വജത്തിനു ശ്രീകോവില്‍ ഗര്‍ഭഗൃഹദ്വാരത്തിന്‍റെ ഏഴ് ഇരട്ടിയായിട്ടുള്ള കണക്കാണ് സ്വീകരിച്ചിട്ടുള്ളത്. 14 കോൽ രണ്ട് വിരലാണ് കൊടിമരത്തിന്റെ ഉയരം. ഭൂമിക്കടിയിലേക്കു പോകുന്ന നാളത്തോടു കൂ‌ടിയ നീളം 16 കോൽ രണ്ട് വിരൽ ആണ്. ഗർഭദ്വാരത്തിൽ നിന്നുള്ള ഉയരത്തിന്റെ അഞ്ചിൽ ഒന്നാണ് കടവണ്ണം. അതിൽ എട്ടിൽ ഒന്ന് കുറച്ചാണ് തലവണ്ണം കണക്കാക്കിയിട്ടുള്ളത്. ഏറ്റവും താഴെയുള്ള ആധാരശില വിധിപ്രകാരമാണ് സ്ഥാപിക്കുന്നത്. വാസ്തുപരമായി പ്രതിയോനി ചുറ്റളവിലാണ് നിശ്ചയിച്ചത്.

ക്ഷേത്രം കിഴക്കോട്ട് ദർശനമായതിനാൽ വൃഷഭയോനിയായിട്ടാണ് കണക്ക് വരുന്നത്. അതേസമയം ആധാരശിലക്ക് പ്രതിയോനി കണക്കും. ധ്വജത്തിന്റെ നാളം ആധാരശിലയിലാണ് സ്ഥാപിക്കുന്നത്. നിലവിതാനത്തിൽ നിന്ന് ഭൂമിക്കടയിലേക്ക് ഒരുദണ്ഡ നീളം താഴ്ത്തിയാണ് ആധാരശിലയും ധ്വജനാളവും സ്ഥാപിക്കുന്നത്.ധ്വജനാളം ചതുരത്തിലാണ് നിർമിച്ചിട്ടുളളത്. ധ്വജത്തിന്റെ ഉയരം കണക്കാക്കുമ്പോൾ ധ്വജനാളം അതിൽ ഉൾപ്പെടുത്തില്ല. ബ്രഹ്മാവ്, വിഷണു, മഹേശ്വരൻ എന്ന സങ്കൽപ്പത്തിൽ കൊടിമരത്തെ മൂന്നായി തിരിച്ചാണ് നിർമാണം നടത്തുന്നതും.

14 കോൽ രണ്ട് വിരൽ ഉയരമുള്ളതിനാൽ ധ്വജത്തിന് 15 പറയുണ്ടാകും. പറകളും വെണ്ടകളും കഴിഞ്ഞാൽ രണ്ട് ദണ്ഡ് ഉയരത്തിലാണ് മാലാസ്ഥാനം. ഇത് അലങ്കാരത്തിനുള്ളതാണ്. അതിനു മേൽ ഒരുദണ്ഡ് ഉയരത്തിലാണ് ലശുനം. അതിനു മേൽ ഒരുദണ്ഡ് ഉയരത്തിൽ രണ്ട് ദണ്ഡ് വിസ്താരത്തിലാണ് കുംഭത്തിന്റെ സ്ഥാനം. കുംഭത്തിനുമേൽ ഒരുദണ്ഡ് ഉയരത്തിൽ പത്മവും അതിനു മീതേ കാൽദണ്ഡ് കനത്തിലും രണ്ടരയോ മൂന്നോ ദണ്ഡ് ചതുരത്തിലുണ് മണ്ഡിപ്പലക. ധ്വജാഗ്രത്തിലുള്ള വ്യാസത്തിന്റെ കർണത്തോളം സമമായ ചതുരത്തിലാണ് വീരകാണ്ഡം. വീരകാണ്ഡത്തിന്റെ വ്യാസത്തെയാണ് എല്ലാ അളവിനും ദണ്ഡായി എടുക്കുന്നത്. ദ്വജാഗ്രത്തിലാണ് ദേവന്റെ വാഹനം പ്രതിഷ്ഠിക്കുന്നത്.