മണികണ്ഠന് അണിയാന്‍ തിരുവാഭരണം

ടി.കെ.രാജപ്പൻ

പുലിപ്പാലുതേടി കാട്ടില്‍ പോയ മണികണ്ഠന്‍ പുലിക്കൂട്ടവുമായി തിരിച്ചെത്തി. ഇതുകണ്ട് പന്തള നിവാസിള്‍ അമ്പരന്നു, ഭയന്നു വിറച്ചു. അവര്‍‌ ഓടി ഒളിച്ചു. ഭയന്നു വിറച്ച രാജ്ഞി മുറിക്കുള്ളില്‍ ഒളിച്ചിരുന്ന വിവരം കൊട്ടാരത്തിലും എത്തി. മന്ത്രിയും രാജ്ഞിയും അമ്പരന്നു. പുലിക്കൂട്ടവുമായി കൊട്ടാര വാതില്‍ക്കല്‍ എത്തിയ മണികണ്ഠന്‍ രാജാവിനോട് അപേക്ഷിച്ചു.

പ്രഭോ... ആവശ്യമുള്ള പാല്‍ കറന്നെടുത്തോളു....

മകനേ.. നീ.. പുലിപ്പാലിനായി പോയി അധികം വൈകാതെ തന്നെ അമ്മയുടെ രോഗത്തിനു ശമം വന്നു. മരുന്നുകള്‍ ഇനി വേണ്ടെന്നാണ് കൊട്ടാര വൈദ്യന്മാര്‍ പറയുന്നത്. വേണ്ട കുട്ടീ... ഇവയെകണ്ട് എല്ലാവരും ഭയപ്പെടുന്നു. വേഗം പുലിക്കൂട്ടങ്ങളെ തിരിച്ചയക്കു കുമാരാ....രാജാവ് അപേക്ഷിച്ചു.

ഈ സമയം മണികണ്ഠന്‍ തന്‍റെ യഥാര്‍ഥ രൂപം രാജാവിനു കാട്ടി കൊടുത്തു. ഭഗവാനെ... മകനായി ഞാന്‍ വളര്‍ത്തിയത് അങ്ങയെയോ..? രാജാവ് തൊഴുകൈകളോടെ ചോദിച്ചു. അതേ.. എന്ന ഉത്തരവും കിട്ടി. മണികണ്ഠന്‍ ധര്‍മ ശാസ്താവിന്‍റെ അവതാരമാണെന്ന് തിരിച്ചറിഞ്ഞ രാജാവ് മാപ്പപേക്ഷിച്ചു. മകനേ കുമാരാ... പൊറുക്കാന്‍ പറ്റാത്ത തെറ്റുകളാണ് ചെയ്തത്. അമ്മയോടും മന്ത്രിയോടും ക്ഷമിക്കണം...തൊഴുകൈകളോടെ ആവശ്യപ്പെട്ടു

അത് താന്‍ എപ്പോഴേ മറന്നു. അവതാര ഉദ്ദേശം പൂര്‍ത്തിയായി. മടങ്ങാന്‍ നേരമായി. മണികണ്ഠന്‍റെ വാക്കുകേട്ട് രാജാവിന് സങ്കടം സഹിക്കവയ്യാതായി. മകനേ... നിന്‍റെ ഓര്‍മക്കായി ഒരു ക്ഷേത്രമെങ്കിലും വേണം. അതിനെങ്കിലും സമ്മതിക്കണം.രാജാവിന്‍റെ അപേക്ഷ മണികണ്ഠന്‍ സ്വീകരിച്ചു. അതിനുള്ള സ്ഥാനവും നിര്‍ണയിച്ചു നല്‍കി. മണികണ്ഠനെ രാജാവായി അഭിഷേകം ചെയ്യാനോ കഴിഞ്ഞില്ല. എ​ങ്കില്‍ രാജകീയ വേഷത്തില്ലെങ്കിലും ഒന്നു കാണം.

തനി തങ്കത്തില്‍ തന്നെയാകട്ടെ രാജകീയ വേഷങ്ങള്‍. തിരുമുഖം, പ്രഭ, തങ്കവാള്, രണ്ട് ചുരിക, നവരത്നമാല, മോതിരം, തങ്കക്കുടം, ശംഖ്, ആന, പുലി, പൂര്‍ണ, പുഷ്ക്കല എന്നീ വിഗ്രഹങ്ങള്‍ എന്നിവ ഉണ്ടാക്കി.അവയാണ് തിരുവാഭരണങ്ങള്‍. ഇതിനു പുറമേ കളഭക്കുടം, എഴുന്നെള്ളിപ്പിനുള്ള കോടികള്‍, നെറ്റിപ്പട്ടം, കോലം എന്നിവയും ഉണ്ട്.

ധനു 28. ഉച്ചക്ക് പന്ത്രണ്ടര കഴിഞ്ഞു. കത്തിനില്‍ക്കുന്ന സൂര്യ കിരണങ്ങളെയും ഭക്തിയുടെ കുളിരാക്കി ഉച്ചത്തില്‍ മുഴങ്ങുന്ന ശരണംവിളികള്‍. വലിയതമ്പുരാനും ഘോഷയാത്രയെ അനുധാവനം ചെയ്യുന്ന രാജപ്രതിനിധിയും പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളി. തിരുവാഭരണ പേടകം ചുമക്കുന്ന ഗുരുസ്വാമിയും സംഘവും എത്തി ഭഗവാനെ തൊഴുതു. കാരുണ്യമൂര്‍ത്തേ.... തടസങ്ങള്‍ ഒന്നും ഉണ്ടാകാതെ സഹായിക്കണേ.... പ്രാര്‍ഥിച്ചു. അപ്പോള്‍ എല്ലാവരുടെയും മിഴികള്‍ നീലാകാശത്തേക്ക്.

 ഒരാള്‍ പറഞ്ഞു. അതാ... കൃഷ്ണപ്പരുന്ത് വട്ടമിട്ടു പറക്കുന്നു. പിന്നെ ശരണം വിളിയായിരുന്നു. സ്വാമിയേ .... അയ്യപ്പോ... എന്ന്. അത് അന്തരീക്ഷമാകെ അലയടിച്ചു അപ്പോള്‍ കൂട്ട മണിനാദം മുഴങ്ങി. വലിയകോയിക്കല്‍ ക്ഷേത്രത്തിന്‍റെ നടകള്‍ ഒന്നൊന്നായി തുറന്നു.എല്ലാവരും മണികണ്ഠനെ പ്രാര്‍ഥിച്ചു. പൂജിച്ചു പീഠത്തില്‍വെച്ചിരുന്ന ഉടവാള്‍ മേല്‍ശാന്തി ഭവ്യതയോടെ വലിയതമ്പുരാനെ ഏല്‍പ്പിച്ചു. തമ്പുരാന്‍ രാജപ്രതിനിധിക്ക് ഉള്‍വാള്‍ കൈമാറി. അനുഗമിച്ചോളു തമ്പുരാന്‍ പറഞ്ഞു തീര്‍ന്നപ്പോഴേക്കും കൊട്ടാര അംഗങ്ങള്‍ ചേര്‍ന്ന് തിരുവാഭരണ പെട്ടിയുമായി ക്ഷേത്രത്തിന്‍റെ കവാടത്തില്‍ എത്തി. വാതില്‍ തുറന്നു. ഗുരുസ്വാമി ശരണംവിളിച്ച് തിരുവാഭരണ പേടകം ശിരസിലേറ്റി. പ്രദക്ഷിണമായി മേടക്കല്ലുവഴി നീങ്ങി. ഒപ്പം ശരണംവിളിച്ച് അയ്യപ്പന്മാരും. പല്ലക്കിലേറി തമ്പുരാനും. നേരെ കൈപ്പുഴ വടക്കേമുറി കൊട്ടാരത്തിലേക്ക്. അവിടെ വിധി പ്രകാരമുള്ള കര്‍മാനുഷ്ഠാനങ്ങള്‍. കൊട്ടാരത്തിലെ പതിനെട്ടാംപടിയിറങ്ങി പല്ലക്കിലേറി നേരെ ശബരിമലക്ക്. അഭയവരദന്‍റെ സന്നിധിയിലേക്ക്. മകരസംക്രമസന്ധ്യയുടെ പുണ്യത്തിലേക്ക്...