ശബരിമല തന്ത്രി കണ്ഠര് രാജീവര്

സഗുണോപാസകരായ ഭക്തര്‍ക്ക് ഈശ്വര ആരാധനക്കുള്ള ആലയമാണ് ക്ഷേത്രങ്ങള്‍. വിരാട് സ്വരൂപനാണ് ഈശ്വരന്‍. അഭയവരദായകനും ഭക്തവല്‍സലനുമാണ് അയ്യപ്പസ്വാമി. ഭഗവാന്‍റെ ബിംബത്തെ പുരുഷരൂപമായും പീഠത്തെ സ്ത്രീരൂപമായും സങ്കല്‍പ്പിച്ച് ഇരുചൈതന്യങ്ങളും ഒന്നായി കല്‍പ്പാന്തകാലത്തോളം ഭക്താനുഗ്രഹാര്‍ത്ഥം സ്ഥിതിചെയ്യണമെന്ന പ്രാര്‍ഥനയോടെയാണ് ദേവപ്രതിഷ്ഠ നടത്തുന്നത്.

പ്രാണപ്രതിഷ്ഠ നടത്തുന്നതോടെ സ്വരൂപനായ ദേവന്‍ ഭക്തര്‍ക്ക് അനുഗ്രഹങ്ങള്‍ ചൊരിയാന്‍ പ്രാപ്തനാകുന്നു. കാലവൈപരീത്യം മൂലം ചൈതന്യക്കുറവ് ഉണ്ടാകാറുണ്ട്. ഇതു പരിഹരിക്കുന്നതിനും അശുദ്ധി നീക്കുന്നതിനും അനുഗ്രഹകലകളുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നതിനും വിശേഷാല്‍ പൂജകളിലൂടെയും താന്ത്രിക കര്‍മങ്ങളിലൂടെയും സാധിക്കും. കലശങ്ങള്‍ പൂജിച്ച് അഭിഷേകം ചെയ്ത് വിശുദ്ധിയുടെ സാന്നിധ്യം പുഷ്ടിപ്പെടുത്താം. ശുദ്ധി, ശാന്തി, പുഷ്ടി എന്നീ വിഷയങ്ങളിലൂടെ ദേവകലകളെ പുഷ്ടിപ്പെടുത്താം.

ചതുശുദ്ധി,ധാര, പഞ്ചകം, പഞ്ചഗവ്യം എന്നിവ പൂജിച്ച് അഭിഷേകം ചെയ്യുന്നതിലൂടെയും ഹോമങ്ങള്‍ കൊണ്ടും അവഗാഹം എന്ന വിശേഷ ക്രിയകൊണ്ടും ദേവന്‍റെ ആന്തരിക ശുദ്ധി വര്‍ധിക്കുന്നു. ദ്രവ്യകലശാഭിഷേകങ്ങളാല്‍ സമൃദ്ധിയും ആര്‍ജിക്കുന്നു. വിവിധ ക്രിയകളാല്‍ സകലവിധമായ ന്യൂനതകളെയും നിര്‍മാര്‍ജനം ചെയ്ത് ദേവന്‍റെ അനുഗ്രഹകലകളെ പുഷ്ടിപ്പെടുത്തുന്നു. അത് ഭക്തരുടെയും നാടിന്‍റെയും ഐശ്വര്യത്തിനും അഭിവൃദ്ധിക്കും സഹായകമാകുന്നു. ശബരിമല ക്ഷേത്രത്തിനു തീപിടിച്ചപ്പോള്‍ നേരത്തെ ഉണ്ടായിരുന്ന വിഗ്രഹത്തിനു കേടുപാടുകള്‍ പറ്റി. ഒട്ടും മാറ്റമില്ലാതെ പുതിയ വിഗ്രഹം നിര്‍മിക്കണമെന്നായിരുന്നു എല്ലാവരുടെയും ആഗ്രഹം.ഓരോ വിഗ്രഹ മാതൃകകളും നോക്കി. പക്ഷേ ഒന്നും ശരിയായില്ല. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവാണ് തേവാരപ്പുരയില്‍ നിന്ന് അയ്യപ്പ വിഗ്രഹത്തിന്‍റെ മാതൃകയെടുത്തു കൊടുത്തത്. അതനിസരിച്ച് ചെങ്ങന്നൂര്‍ തട്ടാവിള ശില്‍പ്പികളാണ് ഇപ്പോഴത്തെ പഞ്ചലോഹ വിഗ്രഹം നിര്‍മിച്ചത്. ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിന്‍റെ ഊട്ടുപുരയില്‍ വെച്ചായിരുന്നു കഠിന വ്രതനിഷ്ഠയില്‍ അവര്‍ വിഗ്രഹം നിര്‍മിച്ചത്. നാല് ഭാഗം വെള്ളി, ഒരു ഭാഗം സ്വര്‍ണം, എട്ടുഭാഗം വീതം പിച്ചളയും ചെമ്പും. അല്‍പ്പം ഇരുമ്പ് എന്നിവ പ്രത്യേക അനുപാതത്തില്‍ ഉരുക്കിയെടുത്താണ് പഞ്ചലോഹകൂട്ട് തയാറാക്കിയത്. സ്വര്‍ണത്തിന്‍റെ അഴവ് കൂടുതലായതിനാല്‍ അയ്യപ്പ വിഗ്രഹത്തിനു പ്രഭയും ചെതന്യവും ഏറെയാണ്. താന്ത്രികകര്‍മങ്ങളിലൂടെ ശക്തിയും വര്‍ധിച്ചു. അഷ്ടബന്ധകലശത്തിലൂടെ ദേവന്‍റെ ചൈതന്യകല ഭക്തരിലേക്ക് നിറയുകയാണ്.