തന്ത്രി കണ്ഠര് മഹേഷ് മോഹനര്

ഇത്തവണ പൂജക്കായി സന്നിധാനത്തില്‍ എത്താമെന്ന പ്രതീക്ഷ തന്ത്രി മഹേഷ് മോഹനര്ക്ക് ഇല്ലായിരുന്നു. കാരണം തന്ത്രിയായി രാജീവ് അഫ്ഫന്‍റെ ഊഴമാണ്. ഭഗവാന്‍റെ നിയോഗം പോലെയാണ് അഷ്ടബന്ധകലശത്തിനു കാര്‍മികത്വംവഹിക്കാന്‍ അവസരം കിട്ടിയത്.

അയ്യപ്പ സ്വാമിക്കും മാളികപ്പുറത്തമ്മക്കും ഒരേ മുഹൂര്‍ത്തത്തിലാണ് അഷ്ടബന്ധകലശം. സന്നിധാനത്തില്‍ പ്രാസശുദ്ധിയും ബിംബശുദ്ധിയും വസ്തുഹോമവും വാസ്തുബലിയും ജദ്രോണിപൂജയും കംഭേശകര്‍ക്കരി പൂജയുമെല്ലാം നടക്കുന്ന അതേസമയത്തുതന്നെ മാളിപ്പുറത്തമ്മക്കും ഇവ നടക്കണം. അതിനുള്ള അവസരം തന്നെ തേടിയെത്തിയത് അയ്യപ്പ സ്വാമിയുടെ കടാക്ഷമായി മഹേഷ് മോഹനര് കാണുന്നു. പിഴവുകള്‍ ഒന്നുമില്ലാതെ കഴിഞ്ഞ ഒരുവര്‍ഷം താന്ത്രിക കര്‍മങ്ങളിലൂടെ ശബരീശനെ സേവിച്ചതിന്‍റെ പുണ്യം. കഴിഞ്ഞ വര്‍ഷം പതിനെട്ടാംപടി പഞ്ചലോഹം വാര്‍ത്തു കെട്ടി പ്രതിഷ്ഠ നടത്താന്‍ ഭാഗ്യം കിട്ടി.

30 വര്‍ഷത്തിനു ശേഷമാണ് പതിനെട്ടാംപടിയിലെ പഞ്ചലോഹ കവചം ഇളക്കി പുതിയത് വാര്‍ത്തു കെട്ടി പ്രതിഷ്ഠ നടത്തിയത്. ഇതേപോലെ അപ്രതീക്ഷിതമായിട്ടാണ് ദേവപ്രശ്നത്തിനു രാശിപൂജ നടത്താന്‍ അവസരം കിട്ടിയത്. ചെന്നൈ ശ്രീരാമകൃഷ്ണ –വിവേകാന്ദ കോളജില്‍ ബികോമിന് പഠിച്ചു കൊണ്ടിരിക്കെയാണ് മുത്തച്ഛന്‍ തന്ത്രി കണ്ഠര് മഹേശ്വരരെ പൂജകളില്‍ സാഹായിക്കാന്‍ വിളിച്ചു വരുത്തിയത്.

 രണ്ട്മാസം സഹായിയായി നിന്നു. സഹസ്രകലശാഭിഷേകവും കളഭാഭിഷേകലും ഉദയാസ്തമനപൂജയും പടിപൂജയും പുഷ്പാഭിഷേകവുമെല്ലാം നടത്തി. ഒരുതെറ്റുകളും വരുത്താതെ. ഇതിന് ഭഗവാന്‍റെ കാരുണ്യമായി ഇരുപത്തിയൊന്നാം വയസില്‍ പൂര്‍ണ ചുമതലയുള്ള തന്ത്രിയായി. ഒരു വര്‍ഷം സന്നിധാനത്തിലെ പൂജകളെല്ലാം ഭംഗിയായി പൂര്‍ത്തിയാക്കി. ഇപ്പോഴിതാ മാളികപ്പുറത്തമ്മയുടെ അഷ്ടബന്ധകലശത്തിനും കാര്‍മികത്വംവഹിക്കാന്‍ അവസരം ലഭിച്ചു. മറ്റാര്‍ക്കും കിട്ടാത്ത ഭാഗ്യമായി. എംഎ സംസ്കൃതം വിദ്യാര്‍ഥി കൂടിയാണ്. പഠനത്തിനിടെയാണ് ഒരുവര്‍ഷം പൂജകള്‍ക്കായി സന്നിധാനത്തില്‍ ചെലവളിച്ചത്. പക്ഷേ ആ സമയത്തും പഠനം ഒഴിവാക്കിയില്ല. വിശ്രമവേളകളിലെല്ലാം പുസ്തകങ്ങളെല്ലാം വായിച്ചു പഠിച്ചു. ഗുരുനാഥനും ആലുവ തന്ത്രവിദ്യാപീഠം വര്‍ക്കിങ് പ്രസിഡന്‍റു കൂടിയായ മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി ഒരുവര്‍ഷം ഒപ്പം ഉണ്ടായിരുന്നതിനാല്‍ സംശയമുളളതെല്ലാം പറഞ്ഞു നല്‍കി. അങ്ങനെ മുഴുവന്‍ ക്ലാസുകളിലും പോയില്ലെങ്കിലും പരീക്ഷ ​എഴുതാന്‍ കഴിഞ്ഞു. ഭഗവാന്‍റെ കാരുണ്യം കൊണ്ട് നല്ലമാര്‍ക്കും കിട്ടി. പഠനം തുടരുകയാണ്.

ശബരിമല മേല്‍ശാന്തിയായി ചുമതലയേല്‍ക്കുന്നതിനു മുന്നോടിയായി താഴമണ്‍ മഠത്തില്‍ എത്തിയ ചെര്‍പ്പുളശേരി കാറല്‍മണ്ണ തെക്കുംപറമ്പത്ത് മനയില്‍ നിന്ന് ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിക്ക് രാജീവ് തന്ത്രിയോടൊപ്പം പൂജകളും അവയുടെ ചിട്ടകളും പഠിപ്പിച്ചു നല്‍കാനും അവസരം കിട്ടി. താഴമണ്‍മഠത്തിലെ മറ്റ് തന്ത്രിമാരില്‍ നിന്നു വ്യത്യസ്തനാണ് മഹേഷ്. അധികമൊന്നും സംസാരിക്കില്ല. കൂടുതല്‍ സമയവും ജപവും പ്രാര്‍ഥനയും. അതുകഴിഞ്ഞാല്‍ വായന. വല്ലപ്പോഴും തമാശകള്‍ പറയും. അത് അത്ര അടുപ്പക്കാരോടു മാത്രം.
(തയാറാക്കിയത് ടി.കെ.രാജപ്പന്‍)