പൈനാപ്പിൾ പുളിശ്ശേരി, സദ്യ രുചിസമൃദ്ധമാക്കാം

ഓണസദ്യയ്ക്ക് നല്ല മധുരമുള്ള പൈനാപ്പിൾ കൊണ്ടൊരു പുളിശ്ശേരി തയാറാക്കാം.

ചേരുവകൾ :

പൈനാപ്പിൾ (അരിഞ്ഞത്) - 1 കപ്പ്
പച്ചമുളക് - 3 എണ്ണം
കറിവേപ്പില
മഞ്ഞൾപ്പൊടി -1 ടീസ്‌പൂൺ
മുളകുപൊടി - 1/4 ടീസ്‌പൂൺ
പഞ്ചസാര (ആവശ്യമെങ്കിൽ) - 1 ടേബിൾ സ്‌പൂൺ
തേങ്ങ ചിരകിയത് - 1 കപ്പ്
ജീരകം - 1/2 ടീസ്‌പൂൺ
വെളുത്തുള്ളി - 1 അല്ലി
തൈര് - 1 കപ്പ്
വെളിച്ചെണ്ണ - 3 ടേബിൾ സ്‌പൂൺ
കടുക് -ആവശ്യത്തിന്
ചെറിയ ഉള്ളി - 1 എണ്ണം
വറ്റൽ മുളക് - 2 എണ്ണം
ഉപ്പ് - ആവശ്യത്തിന്
വെള്ളം -ആവശ്യത്തിന്

തയാറാക്കുന്ന വിധം

ആദ്യമായി ഒരു മൺചട്ടി എടുത്ത് അതിലേക്ക് അരിഞ്ഞെടുത്ത പൈനാപ്പിൾ കഷണങ്ങളും ആവശ്യത്തിന് ഉപ്പ്, ഒരു നുള്ള് മുളക് പൊടി, കാൽ ടീസ്‌പൂൺ മഞ്ഞൾ പൊടി, രണ്ട് പച്ചമുളക് നീളത്തിൽ മുറിച്ചത്, കറിവേപ്പില, ആവശ്യത്തിന് വെള്ളം എന്നിവയും കൂടി ചേർത്ത് നന്നായി ഇളക്കി നന്നായി മൂടി വച്ച് വേവിക്കുക (കുക്കറിലും ഇത് വേവിക്കാം രണ്ടു വിസിൽ മതിയാകും). തീ കുറച്ചു വച്ച് വേണം ഇവയെല്ലാം ചേർക്കാൻ.

അതിനു ശേഷം ഒരു കപ്പ് തേങ്ങ ചിരകിയത് രണ്ട് കറിവേപ്പില, ഒരു ചെറിയ കഷണം പച്ചമുളക് , വെളുത്തുള്ളി, കുറച്ച് ജീരകവും കാൽ ടീസ്‌പൂൺ മഞ്ഞൾ പൊടിയും ആവശ്യത്തിന് വെള്ളവും ചേർത്ത് ഒരു മിക്‌സിയുടെ ജാറിൽ നന്നായി അരച്ചെടുക്കുക. പൈനാപ്പിൾ കഷണങ്ങൾ നന്നായി വെന്തതിനു ശേഷം അതിൽ നിന്ന് കുറച്ചു വെന്ത കഷണങ്ങൾ എടുത്ത് മിക്‌സിയുടെ ജാറിൽ ഒന്ന് അരച്ചെടുക്കുക. ഇങ്ങനെ ചെയ്‌താൽ പുളിശ്ശേരിക്ക് നല്ല ഒരു ഫ്ലേവർ കിട്ടും. ഇനി തീ ഓഫ് ചെയ്‌തതിനു ശേഷം അടിച്ചെടുത്ത പൈനാപ്പിളും അരച്ചെടുത്ത അരപ്പും മിക്‌സിയിൽ അടിച്ചെടുത്ത തൈരും കൂടി വെന്ത പൈനാപ്പിൾ കഷണങ്ങളിലേക്ക് ചേർത്തിളക്കുക.

ഇനി ഇത് താളിക്കാനായി ഒരു പാനിൽ രണ്ടോ മൂന്നോ ടേബിൾ സ്‌പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടായ ശേഷം അതിലേക്ക് അൽപം കടുക് ഇടുക. കടുക് പൊട്ടിയതിനു ശേഷം തീ ഓഫ് ചെയ്യുക അതിനു ശേഷം കറിവേപ്പിലയും വറ്റൽമുളകും ചെറിയ ഉള്ളി അരിഞ്ഞതും വേണമെങ്കിൽ അല്പം മുളക് പൊടിയും ചേർത്ത് മുളകു പൊടി കരിയുന്നതിനു മുൻപായി കറിയിലേക്ക് താളിച്ച് ചേർക്കുക. ആവശ്യമെങ്കിൽ (പൈനാപ്പിളിന് മധുരം കുറവാണെങ്കിൽ ) ഒരു ടേബിൾ സ്‌പൂൺ പഞ്ചസാര ചേർക്കാം. പൈനാപ്പിൾ പുളിശ്ശേരി റെഡി.