കുസൃതിയും തമാശയും ഇടകലർത്താം, പുതുമോടിയിൽ ഓണക്കോടി
ഓണക്കോടിയിൽ ഇത്തവണ അൽപം കുസൃതിയും തമാശയും ഇടകലർത്തിയാലോ ? പാരമ്പര്യത്തിനൊപ്പം സ്റ്റൈൽ എലമെന്റും ചേരുന്ന മിക്സ് ആൻഡ് മാച്ച് പുതുവസ്ത്രം! ഓണത്തിനൊരുങ്ങാൻ മുണ്ടും നേര്യതും മനസ്സിലുണ്ടെങ്കിൽ നിറവും കസവും കലർത്താൻ തയാറാണ് ഡിസൈനർ ശ്രീജിത്ത് ജീവനും റൗക്കയും. ആനയും പക്ഷിയും പോലെ വ്യത്യസ്തമായ മോട്ടിഫുകൾ അലങ്കാരത്തുന്നലായി വരുന്ന മുണ്ട്, ഇതിനൊപ്പം കസവും കരയും ഇടകലരുന്ന നേര്യതാകുമ്പോൾ ഓണക്കോടിക്ക് പുതുമോടി.
മുണ്ടിലും നേര്യതിലും പുതുമ കൊണ്ടുവരാൻ ഈ മിക്സ് ആൻഡ് മാച്ചിനേക്കാൾ ആകർഷമായി എന്തുണ്ട്! ഇഷ്ടമുള്ള നിറവും ഡിസൈനും ചേരുന്ന നേര്യതു മാത്രം കണ്ടെത്തി, നിങ്ങളുടെ കയ്യിലുള്ള സെറ്റുമുണ്ടിലെ കസവുമുണ്ട് ചേർത്തും സ്റ്റൈൽ ചെയ്യാം. ഓണത്തിനു വിഷുവിനും ക്ഷേത്രത്തിലേക്കും മാത്രം എന്ന പരിമിതിയില്ലാതെ ഈ നേര്യത് പിന്നീട് ദുപ്പട്ടയായും ഉപയോഗിക്കാം.
‘‘ഓണത്തിനാണ് പലരും സെറ്റു മുണ്ട് ധരിക്കുക. അതു മനസിൽ വച്ചാണ് ഓണത്തിന് സെറ്റു മുണ്ടായും അതു കഴിഞ്ഞാൽ ദുപ്പട്ടയായും ഉപയോഗിക്കാവുന്ന രീതിയിൽ മുണ്ടും നേര്യതും കലക്ഷൻ ഒരുക്കിയത്. മുണ്ടു മാത്രമായോ നേര്യതു മാത്രമായോ തിരഞ്ഞെടുക്കാം. കയ്യിലുള്ള കസവു മുണ്ടിനൊപ്പം ഇരുവശത്തും കരയും ഇടയിൽ സ്ട്രൈപ്സും ചേരുന്ന നേര്യത് ഉപയോഗിക്കാം. ഇതു പിന്നീട് ദുപ്പട്ടയാക്കുകയും ചെയ്യാം. മുണ്ടും നേര്യതും വെവ്വേറെയാണെന്നതിനാൽ ആവശ്യക്കാർക്ക് ഡബിൾ മുണ്ട് ആയും സിംഗിൾ മുണ്ട് ആയും തിരഞ്ഞെടുക്കാൻ സൗകര്യവുമുണ്ട്’’ ശ്രീജിത്ത് ജീവൻ പറഞ്ഞു.
ഒരു വസ്ത്രം എത്രകൂടുതൽ ഉപയോഗിക്കാം, എത്ര രീതിയിൽ ഉപയോഗിക്കാം എന്നതാണ് സുസ്ഥിര ഫാഷന്റെ അടിസ്ഥാന പ്രമാണങ്ങളിലൊന്ന്. മുണ്ടും നേര്യതും മിക്സ് ആൻഡ് മാച്ച് ആകുമ്പോൾ ഈ ഓണം സസ്റ്റെനബിൾ ഫാഷൻ അനുഭവം കൂടിയാകട്ടെ!