പ്രണയിനിയെ അവൾക്കിഷ്ടമുള്ളതെല്ലാം നൽകി ചേർത്ത് നിർത്തുമ്പോൾ അവനും ആഗ്രഹിക്കുന്നുണ്ട് ചെറിയ ചില സമ്മാനങ്ങൾ, മനസ്സറിഞ്ഞുള്ള അഭിനന്ദങ്ങൾ, എന്നും കൂടെയുണ്ടാകുമെന്ന് ഉറപ്പു നൽകുന്ന വാക്കുകൾ, മനസ്സ് നിറഞ്ഞുള്ള പിന്തുണ..... അങ്ങനെയങ്ങനെ പരസ്പരം അറിഞ്ഞും പറഞ്ഞും ഒരുമിച്ചു ചേരുമ്പോഴാണ് പ്രണയത്തിൽ വർണങ്ങൾ നിറയുന്നത്. അമ്മയുടെ വാത്സല്യവും സഹോദരിയുടെ കരുതലും സുഹൃത്തിന്റെ പിന്തുണയുമെല്ലാം അവൾ നൽകുമ്പോഴാണ് അവന്റെ ഉള്ളുനിറയുന്നത്. പ്രിയപ്പെട്ടവന്റെ ഹൃദയത്തോടു ചേർന്നു നിൽക്കാൻ, ഒരുമിച്ചുള്ള കാലം മുഴുക്കെ പ്രണയം നിറയ്ക്കാൻ ഈ കാര്യങ്ങൾ കൂടി അറിയൂ.
അഭിനന്ദനങ്ങൾ ലഭിക്കുകയെന്നത് ആഹ്‌ളാദമേകുന്ന കാര്യമാണ്. അത് തങ്ങൾക്കേറ്റവും പ്രിയപ്പെട്ടവരിൽ നിന്നാകുമ്പോൾ ആ സന്തോഷത്തിനു മധുരമല്പം കൂടുതലായിരിക്കും. സ്ത്രീകളെ പോലെ തന്നെ പുരുഷന്മാരും പങ്കാളിയിൽ നിന്നുള്ള അഭിനന്ദനങ്ങളിൽ അതിയായി സന്തോഷിക്കുന്നവരാണ്. അതുകൊണ്ടു തന്നെ യാതൊരു മടിയും കൂടാതെ അവൻ ചെയ്ത, നല്ലതെന്നു തോന്നിയ കാര്യത്തെ മനസറിഞ്ഞു പ്രശംസിക്കൂ. ആ ദിനത്തെ അയാൾക്കേറ്റവും പ്രിയപ്പെട്ടതാക്കാൻ നിങ്ങളുടെ വാക്കുകൾക്കു കഴിയുമെന്നതു തീർച്ചയാണ്.
അംഗീകരിക്കപ്പെടുന്നു എന്നത് ഇഷ്ടമില്ലാത്ത പുരുഷന്മാർ കുറവായിരിക്കും. അവളെടുക്കുന്ന ഏതൊരു തീരുമാനത്തിലും തന്റെ കൂടി അഭിപ്രായം ആരായുന്നത് അവനെ അത്രമേൽ സന്തോഷിപ്പിക്കും. നിസാരമെന്നു തോന്നുമെങ്കിലും വാങ്ങുന്ന വസ്ത്രത്തിന്റെ കാര്യമായിക്കൊള്ളട്ടെ, കരിയറിലെ സുപ്രധാന തീരുമാനമാകട്ടെ അവനോടൊന്നു ചോദിക്കൂ, ആ ഉപദേശം സ്വീകരിക്കൂ. പ്രിയപ്പെട്ടവനെ സന്തോഷിപ്പിക്കാൻ ഇതിലും മികച്ച മാർഗം വേറെന്താണുള്ളത്?
സംസാരം ബന്ധങ്ങളെ ദൃഢമാക്കുമെന്നതിൽ എതിരഭിപ്രായം ഉണ്ടാകാനിടയില്ല. ഒരു ദിവസത്തിലെ മുഴുവൻ വിശേഷങ്ങളും അവനോടു പങ്കുവെക്കുമ്പോൾ ഓർക്കുക, ചിലതെല്ലാം അവനും നിങ്ങളോട് പറയാനുണ്ടെന്ന്. ഉള്ളു തുറന്ന് പറയുമ്പോൾ ചെവി കൊടുത്തു കേൾക്കുക. നല്ലൊരു കേൾവിക്കാരിയാകുന്നതും അഭിപ്രായങ്ങൾ പറയുന്നതും അവനിൽ അടുപ്പം വളർത്തും, ആനന്ദം നിറയ്ക്കും.
പുതിയ വസ്ത്രം ധരിക്കുമ്പോൾ, തലമുടിയിൽ പുതിയ ഹെയർ കട്ടുകൾ പരീക്ഷിക്കുമ്പോൾ, നെയിൽ പോളിഷ് മാറ്റുമ്പോൾ പ്രിയപ്പെട്ടവൻ അതൊന്നു ശ്രദ്ധിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിക്കാത്ത സ്ത്രീകൾ വിരളമാണ്. നന്നായിരിക്കുന്നു എന്നവൻ അഭിപ്രായപ്പെടുക കൂടി ചെയ്താൽ അതിരില്ലാത്ത ആനന്ദത്തിലാകും അവൾ. താൻ ചെയ്യുന്നതെല്ലാം അവൻ ശ്രദ്ധിക്കണമെന്ന് അവൾ ആഗ്രഹിക്കുന്നതു പോലെ തന്റെ താൽപര്യങ്ങളെ അറിഞ്ഞ് അവളുമൊന്നു സംസാരിച്ചിരുന്നുവെങ്കിലെന്ന് അവന്റെ മനസിലുമുണ്ട്. അവനിഷ്ടപ്പെടുന്ന വിഷയത്തെ കുറിച്ച്, അതിപ്പോൾ ഇഷ്ട ഗെയിമിനെക്കുറിച്ചായാലും വാഹനങ്ങളെക്കുറിച്ചായാലും പിന്തുണക്കുന്ന രാഷ്ട്രീയത്തെക്കുറിച്ചായാലും അവനതു സന്തോഷകരമായിരിക്കും.
വിശേഷാവസരങ്ങളിൽ അവൻ നൽകുന്ന സർപ്രൈസ് സമ്മാനത്തിൽ സന്തോഷിക്കാത്ത സ്ത്രീകളുണ്ടോ? ഇത്തരം സർപ്രൈസുകൾ സ്ത്രീകളെ മാത്രമല്ല, പുരുഷന്മാരെയും സന്തോഷിപ്പിക്കും. ജന്മദിനങ്ങൾക്കോ വിവാഹവാര്‍ഷികത്തിനോ അതുമല്ലെങ്കിൽ ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കുമ്പോഴോ സർപ്രൈസ് സമ്മാനങ്ങള്‍ നല്‍കാം. അയാൾക്കും അതേറെ ഹൃദ്യമായ അനുഭവമായിരിക്കും
കണ്ണാടിയുടെ മുമ്പിൽ കൂടുതൽ സമയം ചെലവഴിക്കുന്ന സ്ത്രീകൾ ഒന്നറിയുക, പുരുഷന്മാരെ ഇത്രയധികം അലോസരപ്പെടുത്തുന്ന മറ്റൊരു കാര്യമില്ല. കാത്തിരുന്നു മടുത്തതിന്റെ മുഷിച്ചിലുമായിട്ടുള്ള യാത്രകളോ പാർട്ടിയോ ഒട്ടും സുഖകരമായിരിക്കുകയില്ല. അതുകൊണ്ട് അഞ്ചുമിനിട്ടിനുള്ളിൽ ഒരുങ്ങിയിറങ്ങാമെന്നു വാക്കു കൊടുക്കുന്ന പക്ഷം അതു പാലിക്കാൻ കഴിവതും ശ്രമിക്കൂ.
ചില സമയങ്ങളിൽ തനിച്ചിരിക്കാൻ ആഗ്രഹിക്കുന്ന പുരുഷന്മാരുണ്ട്. എത്ര ഊഷ്‌മളമായ ബന്ധമാണെങ്കിലും തനിച്ചിരിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയെ അതിനനുവദിക്കുന്നതാണ് ഉത്തമം. തന്റെ ഭാഗത്തു നിന്നും എന്തെങ്കിലും തെറ്റ് സംഭവിച്ചത് കൊണ്ടാണോ മിണ്ടാതിരിക്കുന്നതെന്നു ചോദിച്ചു ചോദിച്ചു ശുണ്ഠിപിടിപ്പിക്കാതെ കുറച്ചു സമയം അവനു മാത്രമായി നൽകൂ. അല്പസമയത്തിനു ശേഷം പഴയതിലും ഉണർവോടെ അയാൾ നിങ്ങൾക്കരികിലേക്കെത്തും.
സൗഹൃദങ്ങൾക്കു വളരെയേറെ വില കല്പിക്കുന്നവരാണ് പുരുഷന്മാർ. ഇടയ്ക്കൊന്നു സുഹൃത്തുക്കൾക്കൊപ്പം കൂടുന്നത് അവരിൽ ഉത്സാഹം നിറയ്ക്കും. വിലക്കുകളില്ലാതെ, ഇത്തരം കൂടിച്ചേരലുകൾക്കു അവസരങ്ങൾ ഒരുക്കൂ, നിങ്ങളോടുള്ള സ്നേഹവും ബഹുമാനവും അവനിൽ വർധിക്കുമെന്ന കാര്യത്തിൽ സംശയമേ വേണ്ട.
സഹയാത്രിക എന്ന വാക്കിനെ അർത്ഥപൂർണമാക്കുന്ന പ്രവൃത്തി തന്നെയാണ് അയാൾ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നത്. അതുകൊണ്ടു തന്നെ എല്ലാ കാര്യങ്ങളിലും അവനൊപ്പം പങ്കാളിയാവുക. ചെറിയ കാര്യങ്ങളിലും പിന്തുണയുമായി കൂടെയുണ്ടാകുക. അയാളുടെ മനസുനിറയുക തന്നെ ചെയ്യും.
പ്രിയപ്പെട്ടവനിൽ നീരസമുണ്ടാകുമെന്നു കരുതി താല്പര്യമില്ലാത്ത കാര്യങ്ങൾക്കു സമ്മതമറിയിക്കുന്നതു ഗുണകരമല്ല. വിസമ്മതമുണ്ടെങ്കിൽ തുറന്നു പറയുന്നത് തന്നെയാണ് ഉത്തമം. അല്ലാത്ത പക്ഷം നിങ്ങളിലുണ്ടാകുന്ന താൽപര്യമില്ലായ്മകൾ ബന്ധങ്ങളിൽ വിള്ളലുകൾ വീഴ്ത്താനേ ഉപകരിക്കൂ.
അമ്മായിയമ്മയുമായി പ്രശ്നങ്ങളുണ്ടെങ്കിൽ പങ്കാളിയെ അതിലേക്ക് വലിച്ചിഴക്കാതിരിക്കുക. കുടുംബത്തിലെ സമാധാനാന്തരീക്ഷം നിലനിർത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ പ്രശ്നങ്ങൾ രമ്യമായി പറഞ്ഞു പരിഹരിക്കുക. ആർക്കൊപ്പം നിലകൊള്ളുമെന്ന ആശയക്കുഴപ്പത്തിലേക്ക് പങ്കാളിയെ തള്ളിവിട്ടാൽ കുടുംബത്തിലെ സ്വസ്ഥതയെയും സന്തോഷത്തെയും ഇല്ലാതാക്കുന്ന അവസ്ഥയാണ് ഉണ്ടാവുക.
വിവാഹ വാർഷികങ്ങൾ, ജന്മദിനങ്ങൾ എന്നിവയെല്ലാം ഓർത്തു വെയ്ക്കുന്നതിൽ സ്ത്രീകൾ തന്നെയാണ് എപ്പോഴും മുൻപിൽ. ഇത്തരം കാര്യങ്ങളിൽ ഭൂരിപക്ഷം പുരുഷന്മാരും സ്ത്രീകളെ അപേക്ഷിച്ചു ഓർമക്കുറവുള്ളവരാണ്. ആയതിനാൽ ജീവിതത്തിലെ സുപ്രധാനമെന്നു നിങ്ങൾ കരുതുന്ന ഒരു ദിനം മറന്നുപോയെന്ന കാരണം പറഞ്ഞു കൊണ്ട് അയാളെ കുറ്റപ്പെടുത്താതിരിക്കുക.
പങ്കാളിയുടെ നല്ല സമയത്തു മാത്രമല്ല, മോശം സമയത്തും അവനൊപ്പം നിൽക്കുക. അയാളിൽ വിശ്വസിച്ചുകൊണ്ട് നിങ്ങൾ സമ്മാനിക്കുന്ന ഒരു നോട്ടം മതിയാകും അയാളിൽ ആത്മവിശ്വാസം നിറയ്ക്കാനും പ്രതിസന്ധികളിൽ പതറാതെ മുന്നോട്ടു പോകാനും. ഒരിക്കലെങ്കിലും പ്രിയപ്പെട്ടവനോട് പറഞ്ഞു നോക്കൂ... തനിക്ക് ഈ ജീവിതത്തിൽ ലഭിച്ച മഹാഭാഗ്യവും ഏറ്റവും വലിയ അനുഗ്രഹവുമാണ് അവനെന്ന്. അയാളിലെ ആത്മവിശ്വാസം ആകാശത്തോളം ഉയരുന്നതും സന്തോഷത്തിനു അതിരുകളില്ലാതാകുന്നതും അനുഭവിച്ചറിയാൻ നിങ്ങൾക്കു കഴിയും.