ഹൃദയം മിടിക്കുകയാണ്; പ്രണയസരോദിന്റെ തന്ത്രികൾ പോലെ. വീണ്ടുമൊരു പ്രണയ ദിനം. ഫെബ്രുവരി ഏഴിന് ‘പ്രപ്പോസൽ ഡേ’യിൽ തുടങ്ങി 14ന് വാലന്റൈൻസ് ഡേയിൽ തീരുന്ന പ്രണയവാരത്തിലൂടെ നാം കടന്നുപോവുകയാണ്. നോവും വേവുമായി. നേരിൽ കാണുമ്പോൾ ഇനിയൊരിക്കൽ പറയാമെന്നു കരുതിയ പ്രണയം. പല തവണ പറയാനോങ്ങിയിട്ടും പറയാതെ ഉള്ളിൽ സൂക്ഷിച്ച പ്രണയം. ‘‘ഒരു വാക്കിനക്കരെയിക്കരെ കടവുതോണി കിട്ടാതെ നിൽക്കു’’കയാണവർ. അരികിലുണ്ടെങ്കിലും നിശബ്ദമായി ഏറ്റുപറയാതെ മൂളിനടക്കുന്ന പ്രണയം.‘പറയാതെ ഓർത്തിടും അനുരാഗ ഗാനം പോലെ ഒരു താഴംപൂ മണം’ ഒഴുകിയെത്തുന്നില്ലേ? ആ പ്രണയം ഏറ്റുപറയാൻ ഇതാ വാലന്റൈൻസ് ഡേ വന്നുകഴിഞ്ഞു. ഇനിയും പറഞ്ഞുപെയ്യാതെ ഉള്ളിൽ വിങ്ങി നിൽക്കുന്നതെന്തിനാണ്?
ഇന്ന്
ഇന്ന് ഫെബ്രുവരി 11. പ്രണയവാരത്തിലെ നാലാംദിവസം. പ്രോമിസ് ഡേ അഥവാ വാദ്ഗാനങ്ങളുടെ ദിവസമാണിന്ന്. എന്നുമൊരു നിഴൽ പോലെ ഒപ്പമുണ്ടാകുമെന്ന വാഗ്ദാനം നൽകേണ്ടതിന്നാണ്. നാളെ ഹഗ് ഡേയാണെങ്കിൽ 13ന് കിസ് ഡേയാണ്. സ്നേഹ ചുംബനങ്ങളുടെ മനോഹര ദിനം. അതിനുമപ്പുറം പ്രണയ മധുരം നിറഞ്ഞ വാലന്റൈൻസ് ഡേ വന്നെത്തുകയായി.
പരീക്ഷച്ചൂട്
‘വാലന്റൈൻസ് ഡേയോ? ഹമ്...ഞങ്ങളിത്തവണ പരീക്ഷാ ഹാളിലാണ്...’
ക്യാംപസുകളിൽ ഉയരുന്ന ശബ്ദത്തിൽ ഒരിത്തിരി നിരാശ കലർന്നിരിക്കുന്നു. സെമസ്റ്റർ പരീക്ഷയുടെ തിരക്കിലാണ് പല കാംപസുകളും. ഗുരുവായൂരപ്പൻ കോളജ് അടക്കമുള്ള പല കാംപസുകളിലും മാനേജ്മെന്റ് ഫെസ്റ്റ് അടക്കമുള്ള വിവിധ പരിപാടികളുമുണ്ട്. ഇതിനിടയ്ക്ക് പ്രണയദിനം ആഘോഷിക്കാൻ പറ്റുമോ എന്നത് സംശയകരമാണ്.
പരീക്ഷാച്ചൂടിലെന്ത് വാലന്റൈൻസ് ഡേ എന്നാണ് പലരുടെയും ചിന്തയെങ്കിലും വെള്ളിയാഴ്ച പരീക്ഷ കഴിഞ്ഞ ശേഷം വാലന്റൈൻസ് ഡേ ആഘോഷിച്ചാലെന്താണെന്ന് ചിലർ ചോദിക്കുന്നുമുണ്ട്. സെമസ്റ്റർ പരീക്ഷാത്തിരക്കിലാണെങ്കിലും ചില ചില്ലറ പരിപാടികളൊക്കെ പ്ലാൻ ചെയ്യുന്നുണ്ടെന്ന്. തന്റെ പ്രണയിതാവിന്റെ പേരെഴുതി ഇടാനുള്ള ഒരു പെട്ടി ക്യാംപസിലെവിടെയെങ്കിലും വയ്ക്കും. അവർക്കു കൈമാറാനുള്ള സമ്മാനങ്ങളുമിടാം. ക്യാംപസിന്റെ ഏതെങ്കിലും ഒരു കോർണറിൽ ‘കപ്പിൾ ഫോട്ടോഗ്രഫി’ എടുക്കാൻ ഒരു സ്ഥലം അലങ്കരിച്ച് ഒരുക്കും. മികച്ച ഫോട്ടോയ്ക്ക് സമ്മാനവും നല്കും. ഫ്യൂഷൻ സംഗീതമടക്കം വൻ പരിപാടികളാണ് പല കാംപസുകളിലും ഒരുങ്ങുന്നത്.
ഇന്നല്ലെങ്കിൽ ഒരിക്കലുമില്ല
ഉള്ളിലെ പ്രണയം ഏറ്റുപറയാതെ ഉള്ളിൽത്തന്നെ കാത്തുസൂക്ഷിക്കുന്നവരാണ് പലരും. നിഷേധിക്കപ്പെട്ടാലോ എന്ന ആശങ്ക. തിരിച്ചുകിട്ടുമോ ആ സ്നേഹമെന്ന ആശങ്ക. ഇനിയും പറയാതിരുന്നാൽ ജീവിതത്തിൽ പിന്നെയെപ്പോഴെങ്കിലും അതോർത്ത് ദുഃഖിക്കും. എന്തിനാണ് ഇനിയും കാത്തിരിക്കുന്നത്?
സൗഹൃദമൊക്കെ വെറും പറച്ചിൽ
കുറച്ചുനാൾ കഴിഞ്ഞപ്പോൾ മനസിലായി ഞങ്ങൾക്കിടയിൽ കട്ട പ്രണയം ആണെന്ന്. എന്നാൽ വീട്ടിൽ അറിയാതെ കൊണ്ടു പോകാൻ നന്നായി പാടുപെട്ടു. പ്ലസ്ടു കഴിഞ്ഞശേഷം ശ്രീകാന്ത് ബികോം ചെയ്തു. ഞാൻ ബിഎ ലിറ്ററേച്ചറും. അതിനുശേഷം രണ്ടു പേരും എംബിഎ ചെയ്‌തു. ആ സമയത്തൊന്നും കാര്യമായി പരസ്പരം കണ്ടിരുന്നില്ല. ഇതിനിടയ്ക്ക് പ്രണയം വീട്ടിൽ അറിയുകയും അടി, ഇടി തുടങ്ങിയ കലാപരിപാടികൾക്ക് ശേഷം ബ്രേക്കപ്പ് പ്രഖ്യാപിക്കുകയും ചെയ്തു.