മുഖത്തിന്റെയും ശരീരത്തിന്റെയും ആകൃതിയിൽ ആവശ്യാനുസരണം മാറ്റം വരുത്താന്‍ ശസ്ത്രക്രിയ വഴി സാധിക്കും. സാങ്കേതിക വിദ്യയുടെ വളർച്ചയോടെ ശസ്ത്രക്രിയകൾ സാധാരണമായി. മെച്ചപ്പെട്ട ഉപകരണങ്ങൾ, അതിവിദഗ്ദരായ ഡെർമറ്റോളജിസ്റ്റുകൾ, ലളിതമായ പരിചരണ രീതികൾ എന്നിവ കോസ്മറ്റിക് ശസ്ത്രക്രിയകളെ പ്രശസ്തമാക്കി.
മൂക്കിന്റെ നീളം കൂട്ടുക, ചുണ്ട് കൂടുതൽ സുന്ദരമാക്കുക, കൺപോളകളുടെ ഭംഗികൂട്ടുക, കവിളും താടിയും മെലിയിപ്പിക്കുക, ആകൃതി നൽകുക തുടങ്ങി നിരവധി സാധ്യതകൾ ശസ്ത്രക്രിയ മുന്നോട്ടു വയ്ക്കുന്നു. ഇന്ന് സ്ത്രീകളും പുരുഷന്മാരും ഇത്തരം ശസ്ത്രക്രിയകൾ നടത്തുണ്ട്. സർജറി ചെയ്യുന്നുണ്ടെങ്കിൽ മുഖത്ത് ചെറിയ മുറിവുകൾ ഉണ്ടാകും. ഇത് വൃത്തിയായി സൂക്ഷിക്കണം. പത്തു ദിവസത്തോളം മുഖത്ത് നീര് ഉണ്ടാകാം. മസാജിങ്ങിലൂടെ ഇത് വേഗം ഇല്ലാതാക്കാനാവും.
ശസ്ത്രക്രിയകൾ മാത്രമല്ല, നോൺസർജിക്കൽ സാധ്യതകളും സൗന്ദര്യ സംരക്ഷണ രംഗത്ത് ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നുണ്ട്. മുഖത്തിന്റെ ഓവൽ ഷെയ്പ് നിലനിർത്താൻ താടിയുടെ മസിലുകളിൽ ബോട്ടോക്സ് ഇൻജെക്‌ഷൻ കൊടുക്കുകയാണ് സാധാരണ ചെയ്യുന്നത്. ഇരട്ടത്താടിയിലെ കൊഴുപ്പും എടുത്തു കളയാം ത്രെഡ് ലിഫറ്റ്, ബോട്ടോക്സ് എന്നിവ നോൺസർജിക്കൽ ആയി മുഖത്തിന്റെ ആകൃതി മാറ്റാൻ സഹായിക്കുന്നു. ചുണ്ടുകളുടെ ആകൃതി, തുടിപ്പ് എന്നിവയും മാറ്റാം. ഫുള്ളർ ലിപ്സ് ചെയ്യുക എന്നാണിതിന് പറയുക.
മുഖത്ത് വരുത്തുന്ന മാറ്റം സ്ഥിരമായി നിലനിൽക്കും എന്നതാണ് ശസ്ത്രക്രിയകളുടെ ഗുണം. എന്നാൽ നോൺ സർജിക്കൽ രീതികൾ വീണ്ടും ആവർത്തിക്കേണ്ടി വരും. സാഹചര്യങ്ങളും ആവശ്യങ്ങളും മനസ്സിലാക്കി നിങ്ങൾക്കു വേണ്ട രീതി ഒരു ഡെർമറ്റോളജിസ്റ്റിന് നിർദേശിക്കാനാവും.