വിവാദങ്ങൾ പുകഞ്ഞ ഒരു വർഷം

നേട്ടങ്ങൾക്കൊപ്പം തന്നെ പലപ്പോഴും സർക്കാരിനു തിരിച്ചടിയായി വൻവിവാദങ്ങളും ഒപ്പം വന്നു. പല വിവാദങ്ങളുമുണ്ടാക്കിയ മുറിവ് ഇനിയും ഭേദമായിട്ടില്ല. ഒരു വർഷക്കാലത്തിനിടെ സർക്കാരിനു നേരിട്ട അത്തരം തിരിച്ചടികളിലൂടെ...

മുല്ലപ്പെരിയാർ
മുല്ലപ്പെരിയാർ അണക്കെട്ടിനു ബലക്ഷയമില്ലെന്ന വിദഗ്‌ധ സമിതി റിപ്പോർട്ട് പരിഗണിച്ച് കാര്യങ്ങളെ സമീപിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം വിവാദമായി. പുതിയ അണക്കെട്ട് വേണ്ടെന്നല്ല നിലപാടെന്നും അണക്കെട്ട് സുരക്ഷിതമെന്ന വിദഗ്‌ധ സമിതി റിപ്പോർട്ട് നിലവിലുണ്ടെന്ന വസ്‌തുത കണക്കിലെടുത്താണ് മുന്നോട്ടു പോകേണ്ടതെന്നും പിണറായി വിശദീകരിച്ചു. തമിഴ്‌നാടുമായി ചർച്ചയ്‌ക്കു മുൻകയ്യെടുക്കും. എന്നാൽ, ജലനിരപ്പ് ഉയർത്താൻ അനുവദിക്കില്ല.

ഉപദേഷ്ടാക്കളെ നിയമിക്കൽ
മുൻ അഡ്വക്കറ്റ് ജനറൽ എം.കെ. ദാമോദരനെ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി നിയമിച്ചത് 2016 ജൂൺ എട്ടിന്. വിവാദത്തെ തുടർന്ന് അദ്ദേഹം സ്ഥാനമേറ്റെടുത്തില്ല. പിന്നീട് സാമ്പത്തിക ഉപദേഷ്ടാവായി ഹാർവഡ് സർവകലാശാല സാമ്പത്തിക ശാസ്ത്രവിഭാഗം പ്രഫസറും വകുപ്പുമേധാവിയുമായ ഗീതാ ഗോപിനാഥിനെ നിയമിച്ചതും വിവാദമായി. ഏറ്റവുമൊടുവിൽ മുൻ ഡിജിപി രമൺ ശ്രീവാസ്തവയെ മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവായി നിയമിച്ചതും വിമർശനത്തിനിടയാക്കി.

മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാഗോപിനാഥ് ഒക്ടോബറിൽ തിരുവനന്തപുരത്ത് എത്തിയപ്പോൾ.

ദലിത് സഹോദരിമാർക്കു നേരെ ആക്രമണം
തലശേരി കൂട്ടിമാക്കൂലിൽ സിപിഎം ഓഫിസിൽ കയറി അക്രമം നടത്തിയെന്ന പരാതിയിൽ ദലിത് യുവതികളെ കൈക്കുഞ്ഞുമായി ജയിലിലടച്ചത് വിവാദമായി. തലശേരി സ്വദേശികളായ അഖില, അഞ്ജന എന്നിവർക്കെതിരെയാണ് കേസെടുത്തത്. പിതാവിനെ മർദിക്കുകയും ജാതിപ്പേരു വിളിച്ചു തുടർച്ചയായി അപമാനിക്കുകയും ചെയ്തതിനെത്തുടർന്ന് ഇക്കാര്യം ചോദിക്കാനാണ് സിപിഎം ഓഫിസിൽ കയറിയതെന്ന് ഇവർ പറയുന്നു. എന്നാൽ സിപിഎമ്മിന്റെ ബ്രാഞ്ച് കമ്മിറ്റി ഓഫിസിൽ കയറിച്ചെന്ന് അവിടെയുള്ളവരെ തല്ലിയതിനായിരുന്നു അറസ്റ്റെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് വൻപ്രതിഷേധത്തിനിടയാക്കി. കുടുംബത്തിനെതിരെ സിപിഎം നേതാക്കൾ സമൂഹമാധ്യമങ്ങളിലും ചാനലുകളിലും നടത്തുന്ന അധിക്ഷേപങ്ങളിൽ മനസ്സുമടുത്ത് അഞ്ജന ആത്മഹത്യക്കു ശ്രമിച്ചതും തിരിച്ചടിയായി.

രാഷ്ട്രീയ കൊലപാതകങ്ങൾ
എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാനത്തു നടന്നത് 19 രാഷ്ട്രീയ കൊലപാതകങ്ങൾ. കണ്ണൂരിൽ രാഷ്ട്രീയ കൊലപാതകങ്ങൾ വർധിക്കുന്നതിനിടെ, കോടിയേരി ബാലകൃഷ്ണൻ നടത്തിയ പ്രസംഗം വിവാദമായി. വരമ്പത്താണ് കൂലിയെന്നും ആക്രമിക്കാൻ വരുന്നവരോടു കണക്കുതീർക്കുമെന്നുമായിരുന്നു കോടിയേരിയുടെ പ്രഖ്യാപനം.

മന്ത്രിമാരുടെ രാജി
അധികാരമേറ്റ് അഞ്ചുമാസത്തിനകം 2016 ഒക്ടോബർ 14ന് ബന്ധുനിയമന വിവാദത്തിൽ പിണറായി മന്ത്രിസഭയിലെ രണ്ടാമനും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി. ജയരാജൻ രാജിവച്ചു. ഫോൺ കെണിയിൽ കുരുങ്ങി മന്ത്രി എ.കെ. ശശീന്ദ്രൻ രാജിവച്ചത് 2017 മാർച്ച് 26ന്.

മന്ത്രി ഇ.പി.ജയരാജന്റെ രാജി സ്വീകരിച്ച കാര്യം മാധ്യമങ്ങളോട് പറഞ്ഞ ശേഷം സെക്രട്ടേറിയറ്റിൽ നിന്ന് മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.

സ്വാശ്രയ കോളജ് വിവാദങ്ങൾ
തൃശൂർ പാമ്പാടി നെഹ്റു കോളജിലെ ഒന്നാം വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥി ജിഷ്ണു പ്രണോയിയെ ഹോസ്റ്റലിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം കേരളത്തിലെ മറ്റു സ്വാശ്രയ കോളജുകളിലേക്കുകൂടി പടർന്നു. തിരുവനന്തപുരം ലോ അക്കാദമി കോളജിലെ 29 ദിവസം നീണ്ട വിദ്യാർഥി സമരം സർക്കാരിനെ കൂടുതൽ പ്രതിസന്ധിയിലാക്കി.

ടിപി വധക്കേസ് പ്രതികൾക്ക് ഇളവ്
ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ ഉൾപ്പെടെ 2262 തടവുകാരുടെ ശിക്ഷാ ഇളവിനുള്ള സർക്കാർ തീരുമാനം വിവാദത്തെ തുടർന്നു പ്രാബല്യത്തിലായില്ല.

മഹിജയുടെ സമരം
പാമ്പാടി നെഹ്റു കോളജിലെ വിദ്യാർഥി ജിഷ്ണു പ്രണോയ് മരിച്ച കേസിൽ നീതി തേടിയെത്തിയ അമ്മ മഹിജയെ തലസ്ഥാനത്തു ഡിജിപി ഓഫിസിനു മുന്നിലെ തെരുവിൽ പൊലീസ് വലിച്ചിഴച്ചത് സംസ്ഥാനത്തു വലിയ പ്രതിഷേധമുണ്ടാക്കി. ജിഷ്ണുവിന്റെ അച്ഛൻ അശോകൻ, അമ്മാവൻ ശ്രീജിത് എന്നിവരുൾപ്പെട്ട ബന്ധുക്കൾക്കു നേരെയും പൊലീസ് അതിക്രമം ഉണ്ടായി.

ജിഷ്ണു പ്രണോയിയുടെ കോലിക്കോട്ടെ വീട്ടിലെത്തിയ മുൻമുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനു മുന്നിൽ ജിഷ്ണുവിന്റെ അമ്മ മഹിജ പൊട്ടിക്കരയുന്നു.

ബജറ്റ് ചോർച്ച
ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിച്ചുകൊണ്ടിരിക്കെ, അതിലെ വിവരങ്ങൾ ചോർന്നതു നിയമസഭ സ്തംഭിപ്പിച്ചു. ധനമന്ത്രി പ്രഖ്യാപനങ്ങൾ നടത്തുമ്പോൾ അതിലേറെ വിവരങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നു പറഞ്ഞു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രേഖകൾ വായിച്ചതു സഭയിൽ മുമ്പൊരിക്കലും ഉണ്ടാകാത്ത സംഭവമായി.

മൂന്നാർ ഒഴിപ്പിക്കൽ
മൂന്നാർ ഒഴിപ്പിക്കലിനെച്ചൊല്ലി സിപിഎം–സിപിഐ തർക്കം. ഒഴിപ്പിക്കലിനു നേതൃത്വം കൊടുക്കുന്ന ഉദ്യോഗസ്ഥർക്കുനേരെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എം.എം. മണിയും പരസ്യശകാരം നടത്തി. ചിന്നക്കനാൽ വില്ലേജിൽ പാപ്പാത്തിച്ചോലയിൽ സ്‌പിരിറ്റ് ഇൻ ജീസസ് പ്രാർഥനാ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള താൽക്കാലിക ആരാധനാലയവും കുരിശും റവന്യു അധികൃതർ പൊളിച്ചുമാറ്റിയതു സിപിഎം–സിപിഐ തർക്കം രൂക്ഷമാക്കി.

മണിയുടെ പ്രസംഗം
മൂന്നാറിലെ തോട്ടം തൊഴിലാളികളായ സ്ത്രീകളുടെ കൂട്ടായ്മയ്ക്കെതിരെ മന്ത്രി എം.എം. മണി പൊതുയോഗത്തിൽ നടത്തിയ പരാമർശങ്ങൾ സംസ്ഥാനമൊട്ടാകെ പ്രതിഷേധത്തിനു കാരണമായി. സിപിഎം നേതാക്കളും മണിക്കെതിരെ പ്രതികരിച്ചു.

ടി.പി. സെൻകുമാർ കേസ്
ടി.പി. സെൻകുമാറിനെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്നു നീക്കം ചെയ്ത സർക്കാർ തീരുമാനം റദ്ദാക്കി സുപ്രീം കോടതി വിധി. സെൻകുമാറിന്റെ നിയമനം സംബന്ധിച്ച കേസിൽ വിധി നടപ്പാക്കാതെ, വിധിയിൽ വ്യക്‌തത വരുത്തണമെന്ന അപേക്ഷയുമായി കോടതിയെ സമീപിച്ചതിന് കോടതിച്ചെലവായി സർക്കാർ 25,000 രൂപ നൽകാൻ സർക്കാരിനോട് ഉത്തരവിട്ടതും തിരിച്ചടിയായി.

നിലമ്പൂർ ഏറ്റുമുട്ടൽ
2016 നവംബർ 24നു നിലമ്പൂർ വനത്തിൽ വിവാദ ഏറ്റുമുട്ടലിലൂടെ രണ്ടു മാവോയിസ്റ്റുകളെ വധിച്ചതു വലിയ കോളിളക്കമുണ്ടാക്കി. എൽഡിഎഫ് ഘടകകക്ഷിയായ സിപിഐ പോലും ഇതിനെതിരെ രംഗത്തുവന്നു. മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റിയംഗം കുപ്പുസ്വാമി (ദേവരാജ്– 60), കാവേരി(അജിത) എന്നിവരെയാണ് വധിച്ചത്.

നിലമ്പൂർ കരുളായി വനത്തിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ ഉൾവനത്തിൽ നിന്നു പൂളക്കപ്പാറ വനം ഔട്ട്പോസ്റ്റിലേക്കു തണ്ടർബോൾട്ട് സേനാംഗങ്ങള്‍ കൊണ്ടുവരുന്നു.

നടിയെ തട്ടിക്കൊണ്ടുപോകൽ
പ്രമുഖ മലയാള നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച സംഭവത്തിൽ പൊലീസ് അന്വേഷണത്തിലെ പോരായ്മകൾ വിമർശനങ്ങൾ ഉയർത്തി. സംഭവത്തിൽ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയും വിവാദമായി.

മറൈൻ ഡ്രൈവ് അക്രമം
രാജ്യാന്തര വനിതാദിനത്തിൽ കൊച്ചി മറൈൻ ഡ്രൈവ് നടപ്പാതയിൽ, എസ്ഐ ഉൾപ്പെടെയുള്ള പൊലീസുകാർ നോക്കിനിൽക്കെ ശിവസേന പ്രവർത്തകരുടെ സദാചാര ഗുണ്ടായിസം.

മിഷേലിന്റെ മരണം
സിഎ വിദ്യാർഥിനിയായ മിഷേൽ ഷാജിയുടെ ദുരൂഹ മരണം. മിഷേലിനെ കാണാതായ ദിവസം പൊലീസ് സ്റ്റേഷനിലെത്തിയ മാതാപിതാക്കളുടെ പരാതി യഥാസമയം കൈകാര്യം ചെയ്യാതിരുന്നതും പൊലീസ് അന്വേഷണരീതിയും വിവാദമായി.

സഹോദരിമാരുടെ മരണം
വാളയാർ അട്ടപ്പള്ളത്ത് സ്കൂൾ വിദ്യാർഥിനികളായ ദലിത് സഹോദരിമാർ രണ്ടര മാസത്തെ ഇടവേളയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം. പ്രാഥമിക അന്വേഷണത്തിൽ പൊലീസിനു ഗുരുതര വീഴ്ച.

മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂർ റേ‍ഞ്ചിലെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിനെത്തിയപ്പോൾ. മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവ, ഉത്തരമേഖല ഡിജിപി രാജേഷ് ദിവാൻ, ഡിജിപി ലോക്നാഥ് ബെഹ്റ എന്നിവർ സമീപം.

© Copyright 2017 Manoramaonline. All rights reserved