വെള്ളത്തിൽ നിന്ന് വലിച്ചുകയറ്റിയ ദൈവം

	മണിമലയാർ കരകവിഞ്ഞൊഴുകിയ ഒരു വെള്ളപ്പൊക്ക കാലത്ത് (1882ൽ) കല്ലൂപ്പാറ 
	ഓടങ്കോട്ടു തുരുത്തിൽ താമസിച്ചിരുന്ന ഒരു കുടുംബത്തിന്റെ കൊച്ചു വീട്ടിൽ വെള്ളം 
	കയറാൻ തുടങ്ങി. കുറച്ചുമാറി വെള്ളംകയറാത്ത കുടുംബവീടുള്ളതിനാൽ രാത്രി തന്നെ 
	വള്ളത്തിൽ അങ്ങോട്ടു യാത്ര തിരിച്ചു. വെള്ളം നല്ല വരവായിരുന്നു. ആറു മാത്രമല്ല, 
	സമീപത്തെ പാടങ്ങളും പുരയിടങ്ങളുമെല്ലാം കരകവിഞ്ഞ് വെള്ളം ഒഴുകുകയാണ്. 
	പെട്ടെന്നാണ് ഒഴുക്കിനു ശക്തി കൂടി ഓളമടിച്ച് വള്ളത്തിൽ വെള്ളം കയറാൻ 
	തുടങ്ങിയത്. ആറുമാസം പ്രായമായ ഒരു കുട്ടിയെയും പിടിച്ചാണ് ഗൃഹനാഥൻ വള്ളം 
	തുഴഞ്ഞിരുന്നത്. അമരത്ത് മറ്റൊരു ബാലൻ തുഴയുന്നു. വള്ളം നിറയെ വീട്ടുസാധനങ്ങൾ. 
	വള്ളം മറിഞ്ഞ് വെള്ളത്തിൽ പോയെങ്കിലും കുഞ്ഞ് പിതാവിന്റെ കഴുത്തിൽ 
	ചുറ്റിപ്പിടിച്ചു കിടന്നു. അധികനേരം വെള്ളത്തിൽ പതച്ചുനിൽക്കാൻ പറ്റില്ലെന്നു 
	മനസ്സിലാക്കിയ ഗൃഹനാഥൻ ഉച്ചത്തിൽ നിലവിളിച്ചു. കലമണ്ണിൽ ഈപ്പച്ചന്റെ ശബ്ദം 
	രാത്രിയുടെ യാമത്തിലും നാട്ടുകാർ തിരിച്ചറിഞ്ഞു. വള്ളവുമായി എത്തി ആ കുടുംബത്തെ 
	സമീപവാസികൾ രക്ഷിച്ചു. അന്ന് വെള്ളപ്പൊക്കത്തിൽനിന്നു രക്ഷപ്പെട്ട ശിശുവാണ് 
	കലമണ്ണിൽ കെ. ഇ ഉമ്മനച്ചൻ; മാർ ക്രിസോസ്റ്റത്തിന്റ പിതാവ്. മാർത്തോമ്മാ 
	സഭയ്ക്ക് മറക്കാനാവാത്ത ആദ്യകാല വൈദികൻ.
പെരുവെള്ളത്തിൽ നിന്നു 
	രക്ഷിച്ചവന്റേതാണ് താനെന്ന് കലമണ്ണിലച്ചൻ വിശ്വസിച്ചു. പിതാവിന്റെ ഈ വിശ്വാസം 
	മാർ ക്രിസോസ്റ്റം ചെറുപ്പം മുതലേ പിന്തുടർന്നു. കോഴഞ്ചേരി കുറുന്തോട്ടിക്കൽ 
	ഉണ്ണിയായിരുന്നു ക്രിസോസ്റ്റത്തിന്റെ ജ്ഞാന പിതാവ്. ജന്മനാളുകളിൽ ഇദ്ദേഹം 
	സന്ദർശിച്ച് പ്രാർഥിക്കുമായിരുന്നു. വർഷത്തിലൊരിക്കലെങ്കിലും ഉമ്മനച്ചൻ 
	മക്കളെയെല്ലാം വിളിച്ചുചേർത്ത് പ്രാർഥിക്കുമായിരുന്നു. ഇത് കുടുംബത്തിലെ സഹോദര 
	ബന്ധം ദൃഢപ്പെടുന്നതിനു കാരണമായി. വിദ്യാഭ്യാസ കാലത്ത് പഠനത്തിനുള്ള പണം 
	കൊടുത്തിട്ട് പിതാവ് പറയുമായിരുന്നു: ഞാൻ മാസംതോറും വാങ്ങുന്നത് സുവിശേഷ വേല 
	ചെയ്യുന്നതിന്റെ പ്രതിഫലമാണ്. അതാണ് ഞാൻ നിനക്ക് ഫീസ് അടയ്ക്കാനായി തരുന്നത്. 
	ഭാവിയിൽ നീ അത് സുവിശേഷ ഘോഷണത്തിനായി തിരികെ നൽകണം. മാർ ക്രിസോസ്റ്റത്തിന്റെ 
	കയ്യിൽ പണം നിൽക്കാത്തതിന്റ കാരണവും മറ്റൊന്നല്ല.
കാലം ചെയ്ത ഏബ്രഹാം 
	മാർത്തോമ്മാ, റവ. പി.ഐ. മത്തായി പ്ലാവുങ്കൽ, റവ. പി.ജെ. തോമസ്, എന്നിവർ 
	ബാല്യകാലത്ത് ക്രിസോസ്റ്റത്തിന് ആത്മീയ തണലേകിയവരാണ്. ആലുവ കോളജ് 
	പ്രിൻസിപ്പലായിരുന്ന എ.എം. വർക്കി, അധ്യാപകരായ എം. ഇട്ടിയേര, സി.പി. മാത്യു 
	എന്നിവരും യുവാവായ ക്രിസോസ്റ്റത്തിന്റെ വ്യക്തി ജീവിതത്തിൽ സ്വാധീനം ചെലുത്തി. 
	ഇന്ദിരാഗാന്ധിയുടെ സെക്രട്ടറിയായിരുന്ന പി.സി. അലക്സാണ്ടർ, സി.എം. സ്റ്റീഫൻ, 
	കെ.ഐ. തോമസ്, പ്രഫ. എം.പി. മന്മഥൻ എന്നിവർ കോളജിൽ ക്രിസോസ്റ്റത്തിന്റെ 
	സമകാലീകരായിരുന്നു. വിദ്യാർഥിജീവിതകാലത്ത് ഗാന്ധിജിയുടെ ആദർശങ്ങളിൽ ആകൃഷ്ടനായത് 
	ക്രിസോസ്റ്റത്തിന്റെ മനസ്സിൽ ദേശീയ വീക്ഷണം വേരുപിടിക്കുന്നതിൽ സഹായിച്ചു. 
	ഇന്ത്യൻ സ്വാതന്ത്ര്യസമരം നാട്ടിലെ ചെറുപ്പക്കാരെ ഇളക്കിമറിച്ചു. ഗാന്ധിജി 
	മാത്രമല്ല, നെഹ്റുവും ബാലഗംഗാധര തിലകനുമൊക്കെ വലിയ മെത്രാപ്പൊലീത്തയിൽ ഇന്നു 
	കാണുന്ന പല വിശാല കാഴ്ചപ്പാടുകളും രൂപപ്പെടുത്തുന്നതിൽ നിശബ്ദമായ പങ്കു 
	വഹിച്ചു. 
വൈദിക പാരമ്പര്യമുള്ള കുടുംബമാണ് കല്ലൂപ്പാറ അടങ്ങപ്പുറത്ത്. 
	മാർ ക്രിസോസ്റ്റത്തിന്റെ പിതാവ് കെ.ഇ. ഉമ്മനച്ചന്റെ സഹോദരൻ കലമണ്ണിൽ യാക്കോബ് 
	കശീശയ്ക്കു മുമ്പേ അടങ്ങപ്പുറത്ത് കെ.ഇ. ജേക്കബ് കശീശയും ഉണ്ടായിരുന്നു. 
	യാക്കോബ് കശീശ മാത്യൂസ് മാർ അത്താനാസിയോസിൽ നിന്നു പട്ടമേറ്റ് നവീകരണ പക്ഷത്ത് 
	ഉറച്ചു നിന്നയാളാണ്.
ധർമിഷ്ഠൻ എന്നറിയപ്പെട്ടിരുന്ന മാർ 
	ക്രിസോസ്റ്റത്തിനു രണ്ടു സഹോദരന്മാരും രണ്ടു സഹോദരിമാരുമാണുള്ളത്. ജ്യേഷ്ഠ 
	സഹോദരൻ ഇ.എസ്. ഉമ്മൻ ആഫ്രിക്കയിൽ അധ്യാപകനായിരുന്നു. പിന്നീട് ബെംഗളൂരുവിൽ 
	തോട്ടം ഉടമയായി. കുവൈത്തിൽ ഡോക്ടറായി ജോലി ചെയ്ത് പിൽക്കാലത്ത് കുമ്പനാട് 
	ഫെലോഷിപ്പ് ആശുപത്രിക്ക് നേതൃത്വം നൽകിയ ഡോ. ജേക്കബ് ഉമ്മനാണ് മറ്റൊരു സഹോദരൻ. 
	മറിയ, സൂസി എന്നിവരായിരുന്നു സഹോദരിമാർ.
Read more on 
	Most Rev. Dr. Philipose Mar Chrysostom Mar Thoma Valiya Metropolitan




