അങ്കോല പഠിപ്പിച്ച ജീവിത പാഠങ്ങൾ

കർണാടകത്തിലെ അങ്കോല, കാർവാർ എന്നീ തീരപ്രദേശങ്ങളിലാണ് മാർത്തോമ്മാ സഭ ആദ്യമായി മിഷൻ പ്രവർത്തനം ആരംഭിക്കുന്നത്. അങ്കോല ക്രിസ്തുമിഷൻ ആശ്രമം ഏബ്രഹാം മാർത്തോമ്മായുടെ സ്വപ്ന പദ്ധതിയായിരുന്നു. 1940 മുതൽ മൂന്നു വർഷത്തോളം ധർമിഷ്ഠൻ ഇവിടെ സേവനം അനുഷ്ഠിച്ചു. റവ. പി.ജെ. തോമസ്, റവ. പി. ജോൺ തോമസ്, കെ.കെ. കുരുവിള, പി.ഡി. ഫിലിപ്പ് തുടങ്ങിയവരായിരുന്നു ആദ്യകാല പ്രവർത്തകർ.
അങ്കോലയിലും സ്വാതന്ത്യ്രസമരം ശക്തിപ്പെട്ടിരുന്ന കാലമായിരുന്നു. ഖദർധാരികളായ മിഷനറിമാരെ കോൺഗ്രസ് പ്രവർത്തകരാണെന്നു തെറ്റിദ്ധരിച്ച് പൊലീസ് അറസ്റ്റ് ചെയ്തു. കമ്മേക്കർ എന്ന സ്വാതന്ത്യ്രസമര നേതാവിനെ തേടിയെത്തിയ ഡിഎസ്പിയാണ് തെറ്റിദ്ധാരണയുടെ പേരിൽ ധർമിഷ്ഠനെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ചത്.

ധർമിഷ്ഠനെ കണ്ടപ്പോഴേ സ്റ്റേഷൻ അസിസ്റ്റന്റ് വണങ്ങി. കാരണം അദ്ദേഹം ആശ്രമത്തിനടുത്ത‌ു താമസിക്കുന്ന ആളായിരുന്നു. ഇവരുടെ പ്രവർത്തനങ്ങളെക്കുറിച്ചു മതിപ്പുള്ളയാളും. വൈകാതെ ലോക്കപ്പിൽനിന്നു ധർമിഷ്ഠൻ മോചിതനായി. മൂന്നു ദിവസം കഴിഞ്ഞ് കോൺഗ്രസിനു പിരിവു കൊടുത്തവരുടെ രസീത് കണ്ടെടുത്തപ്പോൾ ആശ്രമത്തിന്റെ പേരും അതിൽ കണ്ടു. പിന്നീട് കണ്ടപ്പോൾ ഡിഎസ്പി ധർമിഷ്ഠനെ ഒന്നു നോക്കി: തന്നെ പിടിച്ച ദിവസം ആ രസീത് കിട്ടിയിരുന്നെങ്കിൽ ഇടിച്ചു നിവർത്തേനേം എന്ന അർഥത്തിൽ.

ആഗർ ജാതിക്കാരാണ് അങ്കോലയിൽ പ്രധാനമായും താമസിച്ചിരുന്നത്. ഇവരിൽ പലരും കാട്ടിൽ പോയി വിറകു ശേഖരിച്ചും കടലിൽ പോയി മീൻ പിടിച്ചുമാണ് ജീവിച്ചത്. ഇവരോടൊപ്പം കടലിലും കാട്ടിലും കയറിയിറങ്ങിയാണ് ധർമിഷ്ഠൻ ജീവിതം എന്താണെന്നു പഠിച്ചത്. ഒരിക്കൽ ഒരു വൃദ്ധയുടെ വിറകുകെട്ട് തലയിൽ കയറ്റി പിന്നെ കുഴഞ്ഞുപോയതും അവർ സാരമില്ലെന്നു പറഞ്ഞ് തിരികെ വാങ്ങിയതും ഉൾപ്പെടെ ഒട്ടേറെയുണ്ട് അനുഭവങ്ങൾ.

കടലിൽ പോകുമ്പോൾ പെരുത്ത മീൻകൂട്ടം കണ്ട ധർമിഷ്ഠൻ വള്ളം മീൻകൂട്ടത്തിനിടയിലേക്ക് ഓടിച്ചു കയറ്റാൻ പറഞ്ഞു. വള്ളക്കാർ അദ്ദേഹത്തെ തല്ലിയില്ലെന്നേയുള്ളൂ. മീൻ അവരെ സംബന്ധിച്ച് ഈശ്വരന്റെ സാന്നിധ്യമായിരുന്നു. പ്രകൃതിയെയും അതിലെ സൃഷ്ടികളെയും സ്നേഹിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി വലിയ ഇടയനെ ആദ്യം പഠിപ്പിച്ചത് നിരക്ഷരരായ ആഗർ സമുദായക്കാരായിരുന്നു. 1943 ൽ വൈദിക പഠനത്തിനായി അവിടെനിന്നു ബെംഗളൂരുവിലേക്കു പോയെങ്കിലും ഇന്നും അങ്കോല എന്നു കേട്ടാൽ ക്രിസോസ്റ്റത്തിന്റെ മനസ്സു നിറയും.
Read more on Most Rev. Dr. Philipose Mar Chrysostom Mar Thoma Valiya Metropolitan

© Copyright 2017 Manoramaonline. All rights reserved....
ക്രിസോസ്റ്റം തിരുമേനി: ഗുരു, സ്നേഹിതൻ, വരദാനം
ക്രിസോസ്റ്റം ചിരിപ്പിക്കുന്നു, നാം ചിന്തിക്കുന്നു
ക്രിസോസ്റ്റം തിരുമേനിയുടെ തമാശകൾ
വെള്ളത്തിൽ നിന്ന് വലിച്ചുകയറ്റിയ ദൈവം
അങ്കോല പഠിപ്പിച്ച ജീവിത പാഠങ്ങൾ
ഇനിയൊരു ജന്മമുണ്ടെങ്കിൽ ദൈവത്തെ കൂടുതൽ അറിയണം : മാർ ക്രിസോസ്റ്റം