ക്രിസോസ്റ്റം ചിരിപ്പിക്കുന്നു, നാം ചിന്തിക്കുന്നു
ക്രിസ്തുവിൽ നിന്ന് ക്രിസോസ്റ്റത്തിലേക്ക് ഒരു ചിരിയുടെ അകലം മാത്രമേയുള്ളൂ.
ചിരിക്കാൻ മറന്നുപോയ ഒരു തലമുറയെ നർമത്തിന്റെ പൊന്നാട അണിയിച്ച വലിയ ഇടയൻ
എന്നാവും ചരിത്രം ഈ സുവർണനാവുകാരനെ അടയാളപ്പെടുത്തുക.
ഉപമകളിലൂടെയും
കഥകളിലൂടെയും വചനത്തെ ജനകീയമാക്കുകയായിരുന്നു ക്രിസ്തു. മനസുകളെ
ചേർത്തുനിർത്താൻ ക്രിസോസ്റ്റം കണ്ടെത്തിയതും ദൈവപുത്രന്റെ മാർഗംതന്നെ.
ഉപമകൾക്കു പകരം മേമ്പൊടിയായി ചേർത്തത് തമാശയായിരുന്നു എന്നു മാത്രം. ആത്മീയ
ലോകത്ത് നർമത്തിന്റെ സാധ്യത കണ്ടറിഞ്ഞു ഈ വലിയ ഇടയൻ. ക്രിസോസ്റ്റം തുറന്നുവിട്ട
ചിരികളുടെ അലകൾ സമൂഹത്തിലേക്കും പടർന്നുകയറി.
വന്നു, കണ്ടു, ചിരിപ്പിച്ചു
കീഴടക്കി എന്നതായി ക്രിസോസ്റ്റത്തിന്റെ രീതി. ‘രസകരമാകിയ കഥകൾ പറയണം, ആയതിനല്ലോ
മാനുഷജന്മം’ എന്ന് കവി അയ്യപ്പപ്പണിക്കർ പാടിയിട്ടുണ്ട്. ചിരികളിലൂടെ
ചിന്തയിലേക്കു കടക്കണം, ആയതിനല്ലോ ക്രിസോസ്റ്റത്തിന്റെ പ്രസംഗം എന്നു
വേണമെങ്കിൽ ഇതിനൊരു പാഠഭേദം നൽകാം.
വല്ലപ്പോഴും ഒരു മൂളിപ്പാട്ട്. അതും
പറ്റുമെങ്കിൽ സാധു കൊച്ചുകുഞ്ഞ് ഉപദേശിയുടെ വരികൾ. വായിക്കാൻ ഒരേ ഒരു പുസ്തകം
മാത്രം. വേദപുസ്തകം. ഇതായിരുന്നു നവീകരണത്തിലേക്കു വന്നിട്ടും 18, 19
നൂറ്റാണ്ടുകളിൽ സഭയിൽ നിലനിന്ന അന്തരീക്ഷം. സംഗീതം, സിനിമ, നോവൽ, കഥ, കവിത
തുടങ്ങിയവയൊക്കെ പടിക്കു പുറത്ത്.
ജീവിതഗന്ധിയായ പഴയ വരികൾ അതേപോലെ ഭക്ത
മനസ്സുകളിൽ നിലനിർത്തിക്കൊണ്ടുതന്നെ നിത്യ ജീവിതത്തിൽ നമുക്കുചുറ്റും കാണുന്ന
കൊച്ചു മനുഷ്യരെ അൾത്താരവഴി മുഖ്യധാരയിലേക്കു ക്രിസോസ്റ്റം കൈപിടിച്ചു.
തോമാച്ചനും ശങ്കുവും കുശിനിക്കാരനും കള്ളനും മോഷ്ടാവുമെല്ലാം
ക്രിസോസ്റ്റത്തോടൊപ്പം നർമ പറുദീസയുടെ ആഹ്ലാദം പങ്കിട്ടു. പള്ളിക്കുള്ളിൽ ഈ
‘നിഷേധികൾ’ ക്രിസോസ്റ്റത്തോടൊപ്പം ചുവടുവച്ചു. വലിയൊരു സാമൂഹിക വിപ്ലവത്തിനു
കൊടിപിടിക്കയായിരുന്നു സഭയിലെ ഈ സഞ്ജയൻ. പള്ളിക്കകത്ത് തമാശകേട്ട് ഒന്നു
ചിരിച്ചു എന്നുവച്ച് ഒന്നും സംഭവിക്കില്ലെന്നു ക്രിസോസ്റ്റം സ്വന്തം നാവുകൊണ്ടു
തെളിയിച്ചു. മാർത്തോമ്മാക്കാരെ മാത്രമല്ല എല്ലാ നല്ല മനുഷ്യരെയും ചിരിക്കാൻ
പഠിപ്പിച്ചു ക്രിസോസ്റ്റം.
ആഴമായ ജീവിത രഹസ്യങ്ങളും വിശ്വാസസത്യങ്ങളും
സാധാരണക്കാരിലേക്കു സന്നിവേശിപ്പിക്കാൻ ക്രിസോസ്റ്റം തൊടുത്തുവിടുന്ന
ചക്രായുധമായിരുന്നു ചിരി. അത് അവരുടെ തലയ്ക്കു ചുറ്റും കറങ്ങി. ചിരിച്ച്
ചിരിച്ച് തലയ്ക്കു ഭാരം ഇറക്കിവച്ച അവരിൽ പലർക്കും ക്രിസോസ്റ്റത്തിന്റെ
വാക്കുകൾ ജീവിതത്തിൽ അലിഞ്ഞു ചേർന്ന മധുരമിഠായിയായി മാറി. ഉറുമ്പുകളെപ്പോലെ
അവർ ആ മധുരനാവുകാരനെ പിന്തുടർന്നു.
സഭയുടെ മേലധ്യക്ഷസ്ഥാനത്തു നിന്ന് ഒഴിഞ്ഞ
2007 മുതൽ വലിയ മെത്രാപ്പോലീത്തയായി മാറിയ ക്രിസോസ്റ്റം വിശാലസമൂഹത്തിന്റെ
ഭാഗമായി ലയിച്ചു ചേരുന്ന കാഴ്ചയാണ് പിന്നീട് കാണുന്നത്.
മലയാള മനോരമയിൽ
വെള്ളിത്താലം എന്ന പംക്തി കൈകാര്യം ചെയ്യാനാരംഭിച്ചതോടെ ക്രിസോസ്റ്റം എന്ന
ഉപഗ്രഹം സഭയുടെ ഭ്രമണപഥത്തിനുമപ്പുറത്തേക്ക് കുതിച്ചുയർന്നു; മാർ ക്രിസോസ്റ്റം
മാർത്തോമ്മാ സഭയുടെ മാത്രം ബിഷപ്പാണെന്ന് അവർക്കും പറയാനാവാത്തത്ര
ഉയരത്തിലേക്ക്.
‘സർവജനത്തിനും’ എന്ന പ്രയോഗത്തിലൂടെ വലിയ മെത്രാപ്പൊലീത്ത
എല്ലാ ജാതിമതസ്ഥരുടെയും നേതാവായി. നമ്മുടെ ഗമയ്ക്കും ജാഡയ്ക്കും ഇട്ടു
കിട്ടുന്ന കൊട്ടുകളാണ് പല ക്രിസോസ്റ്റം തമാശകളും. എന്നാലും അതു കേട്ട് നാം
കൂടുതൽ സൗമ്യരായി; വലിയ ഇടയന്റെ കുടക്കീഴിൽ ചിരിയുടെ ചെറുതുരുത്തുകളായി.
നമ്മൾ കേൾക്കാത്ത ശബ്ദങ്ങൾ ശ്രദ്ധിക്കാനും കാണാത്ത കാര്യങ്ങൾ നിരീക്ഷിക്കാനും
അദ്ദേഹത്തിനു കഴിവുണ്ട്. വിശുദ്ധ വേദപുസ്തകം സ്വന്തം ശൈലിയിൽ വർത്തമാനകാല
സംഭവങ്ങളുമായി കോർത്തിണക്കി അവതരിപ്പിക്കാനുള്ള കഴിവും ക്രിസോസ്റ്റത്തിന്റെ
രചനകളെ ജനപ്രിയമാക്കി.
ചിരിപ്പിക്കുന്നവനെ ആർക്കും വെറുക്കാനാവില്ല;
മലയാളികൾക്കു പ്രത്യേകിച്ചും. എപ്പോഴും ജനമധ്യത്തിലുള്ളതുപോലെയാണ്
ക്രിസോസ്റ്റം. വലിയ ഇടയനാണെങ്കിലും ചെറിയവർക്കിടയിലാണ് അദ്ദേഹത്തെ എപ്പോഴും
കാണാനാവുക.
ബാങ്കായാലും പള്ളിയായാലും കടയായാലും കൂദാശ ചെയ്തു പ്രാർഥിച്ച്
അനുഗ്രഹിക്കാൻ കഴിയണമെങ്കിൽ മനസ്സിൽ താഴ്മ മാത്രം പോരാ, അൽപ്പം നർമവും വേണം.
മനസ്സിന്റെ കോണിൽ എപ്പോഴും സൂക്ഷിക്കുന്ന ആ ചിരിയാണ് അദ്ദേഹത്തെ സമൂഹത്തിന്റെ
സ്വന്തം ‘തിരുമേനി’യാക്കുന്നത്.
ബൃഹത്തായ ജീവിതാനുഭവത്തിന്റെയും സുദീർഘമായ
ധ്യാനത്തിന്റെയും തപസിന്റെയും വിരൽപ്പാടുകളുള്ള അദ്ദേഹത്തിന്റെ വലിയ ചിന്തകളെ
ചിലപ്പോഴെങ്കിലും കേവലം ചിരിയിൽ ഒതുക്കിക്കളയുന്നു നമ്മൾ. മാറുന്ന ലോകത്തിൽ
മാറ്റമില്ലാത്ത ദൈവം എന്നാണ് എല്ലാവരും പഠിച്ചുവച്ചിരിക്കുന്നത്. എന്നാൽ ‘A
changing God in an unchanging World’ എന്നു കാര്യകാരണസഹിതം പഠിപ്പിക്കുമ്പോൾ
ക്രിസോസ്റ്റത്തിൽ നാം കാണുന്നത് പുതിയ ഉൾക്കാഴ്ച പകരുന്ന ആത്മീയ ഗുരുവിനെ. സഭാ
ഐക്യത്തിന്റെ എക്കാലത്തെയും പ്രവാചകൻ കൂടിയാണ് ക്രിസോസ്റ്റം.
അമ്മ
വിളമ്പുന്ന അത്താഴം, പരിശുദ്ധാത്മ സാന്നിധ്യമുള്ള കൗദാശിക ഭോജനമാണ്, ആകണം എന്നു
പറയാൻ നമുക്ക് ഒരാൾ മാത്രം. ജീവിതത്തിന്റെ ഏതു കർമവും കൂദാശയാക്കി മാറ്റുകയും
അതിനെ സമൂഹവുമായുള്ള ബന്ധത്തിൽ വളരാനുള്ള ഉപാധിയായി കാണാനും ഒരു വലിയ
മെത്രാപ്പൊലീത്ത മാത്രം.
ഭൂമിക്കുവേണ്ടിയുള്ള മുഴക്കം കൂടിയാണ് പലപ്പോഴും
വലിയ മെത്രാപ്പൊലീത്തയുടെ വാക്കുകൾ. ഒരു ഉദാഹരണം: ‘ഭൂമിയിലെ വിഭവങ്ങളുടെ
അപരിഹാര്യമായ ചൂഷണത്തിലേക്കും ഭൂമിയെ മലീമസമാക്കുന്നതിലേക്കും ‘വികസനം’ നമ്മെ
നയിക്കുന്നു.
ഭാവിതലമുറയുടെ ജീവിതം അപകടപ്പെടുത്തുംവിധം ഭൂമിയിലെ പ്രകൃതി
വിഭവങ്ങൾ കൊള്ളയടിക്കപ്പെടുന്നു. സമ്പത്ത് ഇന്നൊരു ചെറിയ കൂട്ടത്തിന്റെ
കുത്തകയാണ്. അതിന്റെ യഥാർഥ ഉടമസ്ഥരായവർ സ്വന്തം നാട്ടിൽ
അഭയാർഥികളാക്കപ്പെട്ടു. ആദിവാസികൾ അവരുടെ സ്വാഭാവിക വാസസ്ഥലങ്ങളിൽ നിന്നു
പുറന്തള്ളപ്പെട്ടുകൊണ്ടിരിക്കുന്നു. സമ്പന്നർക്ക് ഉന്നത ജീവിതനിലവാരം
ഉറപ്പാക്കാൻ ശബ്ദരഹിതരായ ജനപഥങ്ങൾക്ക് എല്ലാം ബലി കഴിക്കേണ്ടി വരുന്നു.
ഒരിക്കൽ ക്രിസോസ്റ്റം എഴുതി: സഭയുടെ പരമാധ്യക്ഷൻ എന്ന് മെത്രാപ്പൊലീത്തമാരെ
ചിലരെങ്കിലും അഭിസംബോധന ചെയ്യും. എന്നാൽ സഭയുടെ പരമാധ്യക്ഷൻ ക്രിസ്തുവാണ്. സഭാ
പ്രതിനിധി മണ്ഡലത്തിനും ആ സ്ഥാനമില്ല. അധികം പേർക്ക് അവകാശപ്പെടാനാവാത്ത
ലാളിത്യമാണിത്.
Read more on Most Rev. Dr. Philipose
Mar Chrysostom Mar Thoma Valiya Metropolitan