ഇനിയൊരു ജന്മമുണ്ടെങ്കിൽ ദൈവത്തെ കൂടുതൽ അറിയണം : മാർ ക്രിസോസ്റ്റം

അജിത് തോമസ്

100 എന്ന മൂന്നക്കത്തിനെ പ്രശസ്തമാക്കിയ ഒരു വ്യക്തി സച്ചിൻ ടെണ്ടുൽക്കറാണ്. ഇപ്പോൾ ക്രിസോസ്റ്റം തിരുമേനിയും ജീവിതത്തിന്റെ പിച്ചിൽ, ഫ്രണ്ട്ഫൂട്ടിൽ കളിച്ച്, സെഞ്ചുറി ക്ലബ്ബിലേക്ക് കടക്കുന്നു. ക്രിസോസ്റ്റം എന്ന വാക്കിനർഥം സ്വർണനാവുകാരൻ എന്നാണ്. ചിരിക്കുള്ളിൽ വലിയ ജീവിതസത്യങ്ങളും സന്ദേശങ്ങളും ഒളിപ്പിക്കുന്ന അപൂർവ വിദ്യ സ്വന്തമായ തിരുമേനിക്ക് ആ പേര് എന്തുകൊണ്ടും യോജ്യമാണ്. അദ്ദേഹത്തെക്കുറിച്ചെഴുതപ്പെട്ട ഒരു പുസ്തകത്തിന്റെ പേരുതന്നെ 'മാർ ക്രിസോസ്റ്റം ചിരിപ്പിക്കുന്നു, നാം ചിന്തിക്കുന്നു' എന്നാണ്. നൂറാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് മനോരമ ഓൺലൈനിന് തിരുമേനി അനുവദിച്ച അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ...


ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്ത

കേരളത്തിന്റെ ആത്മീയ മേഖലയിൽ ഏറ്റവും ആദരിക്കപ്പെടുന്ന വ്യക്തിത്വം. മതേതര കാഴ്ചപ്പാടുകളും പ്രവർത്തനശൈലിയും തിരുമേനിയെ ജനകീയനാക്കി മാറ്റി. നർമം വിടരുന്ന സംഭാഷണശൈലിക്ക് ഉടമ. ഇപ്പോൾ നൂറാം വയസ്സിന്റെ നിറവിലേക്കു പ്രവേശിക്കുന്നു..

1918 ഏപ്രിൽ 27 ന് കല്ലൂപ്പാറ കലമണ്ണിൽ കെ. ഇ. ഉമ്മൻ കശ്ശീശയുടെയും ശോശാമ്മയുടെയും മകനായി ജനിച്ചു. ആലുവ യുസി കോളജ്, ബാംഗ്ലൂർ യൂണിയൻ തിയോളജിക്കൽ കോളജ് എന്നിവിടങ്ങളിൽ പഠനത്തിനുശേഷം കർണാടകയിലെ അങ്കോലയിൽ മിഷൻ പ്രവർത്തനം. 1944-ൽ ശെമ്മാശ- കശ്ശീശ പട്ടങ്ങൾ ലഭിച്ചു. 1953-ൽ എപ്പിസ്കോപ്പയായി. തുടർന്ന് ഇംഗ്ലണ്ടിലെ കാന്റർബറി സെന്റ് അഗസ്റ്റിൻ കോളജിൽ ഉപരിപഠനം. കോട്ടയം മാർത്തോമ്മാ വൈദിക സെമിനാരി പ്രിൻസിപ്പൽ, സഭാ കൗൺസിലിന്റെ ദേശീയ പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചു.

1999 ൽ മെത്രാപ്പൊലീത്തയായി ഉയർത്തപ്പെട്ടു. 2007 ഒക്ടോബർ ഒന്നിന് സ്ഥാനമൊഴിഞ്ഞു. ക്രൈസ്തവ സഭകളിൽ ഏറ്റവും കൂടുതൽ കാലം മെത്രാൻപദവിയിൽ ഇരുന്ന വ്യക്തി എന്ന ബഹുമതിയും അദ്ദേഹത്തിനു സ്വന്തം. ഇപ്പോൾ വലിയ മെത്രാപ്പൊലീത്തയായി മാരാമണ്ണിൽ വിശ്രമജീവിതം.

തിരുമേനി സംസാരിക്കുന്നു.

സെഞ്ചുറി അടിച്ചതിൽ സംതൃപ്തൻ...
എന്റെ അപ്പൻ 103 വയസ്സ് വരെ ജീവിച്ചിരുന്ന ആളാണ്. ഇപ്പോൾ ഞാനും നൂറാമത്തെ വയസ്സിലേക്കു പ്രവേശിക്കുന്നു. എന്നാൽ ലോകത്തിനു വലിയ സംഭാവനകളൊന്നും നൽകിയെന്നു ഞാൻ വിശ്വസിക്കുന്നില്ല. ഞാനൊരു സാധാരണ ഗ്രാമത്തിൽ ജനിച്ച ഒരു വ്യക്തിയാണ്. ആഗ്രഹങ്ങളൊക്കെ കുറവായിരുന്നു. വലിയ സാധ്യതകൾ ഞാൻ ആഗ്രഹിച്ചില്ല, അതിനു ശ്രമിച്ചുമില്ല. എങ്കിലും നിസ്സാരനായ എന്നെക്കൊണ്ട് ഇത്രയൊക്കെ ദൈവം സാധിപ്പിച്ചതിൽ ഞാൻ സന്തുഷ്ടനാണ്.

യാദൃച്ഛികമായി പട്ടത്വത്തിലേക്ക്...
രണ്ടാം ലോകമഹായുദ്ധകാലത്താണ് ഞാൻ ബിഎ പാസാകുന്നത്. അക്കാലത്ത് രാജ്യാന്തര മിഷൻ സംഘടനയുമായി ചേർന്ന് സഭ ഒരു മിഷൻ പ്രവർത്തനം ആരംഭിച്ചു- ജർമൻ മിഷൻ. അങ്ങനെ കർണാടകയിലെ കാർവാറിൽ ഞാൻ മിഷൻ പ്രവർത്തകനായി പോയി. അതിനുശേഷം ദൈവശാസ്ത്രം പഠിക്കാൻ ബെംഗളൂരുവിൽ പോയി. അന്ന് അവിടെയുള്ള പള്ളികളിൽ ശുശ്രൂഷയ്ക്കു വൈദികനില്ലായിരുന്നു. അങ്ങനെ അവിടെയുള്ളവർ എനിക്കു പട്ടം നൽകണമെന്ന് അന്നത്തെ മെത്രപ്പോലീത്തയോട് ആവശ്യപ്പെട്ടു. അങ്ങനെയാണ് ഞാൻ പട്ടത്വ ശുശ്രൂഷയിലേക്കു കടന്നുവരുന്നത്.

സ്വർണനാവും നർമബോധവും...
എന്റെ നാവു സ്വർണമൊന്നുമല്ല. എന്നാൽ എനിക്ക് ആളുകളോടു സംസാരിക്കാൻ ഇഷ്ടമാണ്. ഞാൻ പഠിക്കുന്ന കാലത്ത് പ്രസംഗകനൊന്നും അല്ലായിരുന്നു, എന്നാൽ ധാരാളം സംസാരിക്കുന്ന ആളായിരുന്നു. അത്തരം സംസർഗങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും മനസ്സിലാക്കിയ കാര്യങ്ങൾ പറയുന്നു എന്നേയുള്ളൂ. വ്യക്തികളുമായും സമൂഹവുമായുമൊക്കെ ഇടപെടുന്നത് ഇന്നും ഇഷ്ടമാണ്.

തലമുറകൾ നീളുന്ന സൗഹൃദങ്ങൾ, മതേതര കാഴ്ചപ്പാടുകൾ...
ദൈവത്തെ ആരും ഇന്നുവരെ പരിപൂർണമായി മനസ്സിലാക്കിയിട്ടില്ല. ഒരപ്പനു രണ്ടു മക്കളുണ്ടെങ്കിൽ ആ രണ്ടു മക്കൾക്കും അപ്പനെക്കുറിച്ചുള്ള അഭിപ്രായം വ്യത്യസ്തമായിരിക്കും. അതുപോലെ സ്രഷ്ടാവായ ദൈവത്തെക്കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടുകൾ ആളുകൾക്കുണ്ട്. എന്നാൽ ദൈവം ഒന്നേയുള്ളൂ. ചുരുക്കത്തിൽ അയാളുടെ കാഴ്ചപ്പാടും എന്റെ കാഴ്ചപ്പാടും ഒരാളെക്കുറിച്ചുതന്നെയാണ്.

ഇപ്പോൾ, ഞാൻ പാടുന്നതു കേട്ടാൽ യേശുദാസ് ഉറങ്ങും. എന്നുകരുതി എനിക്ക് പാടാൻ കഴിവില്ല എന്നർഥമില്ല. യേശുദാസിനെപ്പോലെയൊരാൾ അംഗീകരിക്കുന്ന രീതിയിൽ എനിക്കു പാടാൻ കഴിയില്ല എന്നേയുള്ളൂ. വ്യത്യസ്ത പ്രതികരണങ്ങളെയും വ്യത്യസ്ത അഭിപ്രായങ്ങളെയും സഹിഷ്ണുതയോടെ കാണാൻ നമുക്കു കഴിയണം. അതുപോലെ വ്യത്യസ്ത തുറകളിലുള്ളവരുമായി സൗഹൃദം പങ്കിടുമ്പോൾ നാം ദൈവവുമായി കൂടുതൽ അടുക്കുകയാണ്.

ശബരിമലയും ധന്യമായ ഓർമകളും...
രോഗിയായ അമ്മയോട് വൈദ്യൻ പറയുന്നു, നിങ്ങളുടെ രോഗം മാറണമെങ്കിൽ ഈ ഗുളിക പുലിപ്പാലിൽ ചേർത്തു കഴിക്കണമെന്ന്... അതുകേട്ട് മറ്റൊന്നുമാലോചിക്കാതെ പുലിപ്പാല് തേടി പോകുന്ന മകൻ. അമ്മയ്ക്ക് വേണ്ടി മകൻ മരിക്കാൻപോലും തയാറാകുന്നു. ഈ സ്നേഹമാണ് ശബരിമലയുടെ അടിസ്ഥാനം. ഇത് വളരെ പ്രധാനമാണ്. കാരണം ഇന്നത്തെക്കാലത്ത് ലോകം നന്നാകണമെങ്കിൽ കുടുംബം നന്നാകണം.

ചെറുപ്പകാലത്ത് ഞങ്ങളുടെ വീടിനടുത്തുള്ള സ്വാമിമാരുടെ മലയ്ക്കുപോക്ക് ഞങ്ങൾ ആഘോഷമാക്കിയിരുന്നു. അവർ പോയിവരുമ്പോൾ രുചികരമായ അപ്പവും അരവണയും ഞങ്ങൾക്കു തരും. അതിലൂടെ ആ വലിയ സ്‌നേഹത്തിന്റെ പങ്കുവയ്ക്കലാണ് ഞങ്ങളിലേക്ക് അവർ പകർന്നിരുന്നത്. കുടുംബജീവിതത്തിന്റെ മൂല്യങ്ങൾ തലമുറകളിലേക്ക് ഇത്തരം മാതൃകകളിലൂടെ പകരാൻ കഴിയണം. അതുകൊണ്ട് കുടുംബജീവിതത്തിന്റെ മാഹാത്മ്യം ലോകത്തോടു പ്രഖ്യാപിക്കുന്ന ഒരു പ്രസ്ഥാനമാണ് ശബരിമല എന്നാണ് എന്റെ അഭിപ്രായം.

കാൻസർ രോഗത്തെ അതിജീവിച്ചു; കാൻസർ രോഗികളോട് പറയാനുള്ളത്...
ഞാൻ കാൻസർ രോഗിയായി വെല്ലൂരിൽ ചികിത്സയിൽ കഴിയുമ്പോൾ ഒരാൾ എനിക്കൊരു പുസ്തകം തന്നു- 'The Joy of Cancer. അതിലെ ദൂത് 'കാൻസർ നമ്മെ കീഴടക്കരുത്, നാം കാൻസറിനെ കീഴടക്കണം' എന്നതായിരുന്നു. അതെന്നെ വളരെയധികം സ്വാധീനിച്ചു. എന്റെ കാൻസർ വളരെ നേരത്തെ കണ്ടുപിടിച്ചു, ചികിത്സിച്ചു, പൂർണവിമുക്തിയും നേടി. കാൻസറാണെന്നറിയുമ്പോഴേക്കും മരിച്ചു പോകുമെന്ന ഭീതി നമ്മെ കീഴടക്കും. അതു പാടില്ല. നമ്മുടെ മനസ്സിന്റെ ധൈര്യം രോഗവിമുക്തിക്ക് വളരെ പ്രധാനമാണ്.

കേരളത്തിലെ ആത്മീയ മേഖല...സംഭവങ്ങൾ...പ്രതികരണം
പണ്ട് രണ്ടു കാമുകീകാമുകന്മാർ വിവാഹം കഴിക്കാനാകാതെ മരിച്ച് സ്വർഗത്തിലെത്തി. ഇനിയെങ്കിലും തങ്ങളുടെ വിവാഹം നടത്തിത്തരണമെന്ന് അവർ ദൈവത്തോട് അപേക്ഷിച്ചു. അപ്പോൾ ദൈവം കൈമലർത്തിക്കൊണ്ടു പറഞ്ഞു: 'നിങ്ങളുടെ വിവാഹം നടത്തണമെങ്കിൽ ഒരു വൈദികൻ തന്നെ വേണം, നാളിതുവരെയായിട്ടും അങ്ങനെയൊരാൾ ഈ പരിസരത്തെങ്ങും വന്നിട്ടില്ല'...

അച്ചനായതു കൊണ്ടോ തിരുമേനിയായതുകൊണ്ടോ സ്വർഗത്തിൽ പോകത്തില്ല. മനുഷ്യൻ മനുഷ്യനായി ജീവിച്ചാലേ സ്വർഗത്തിൽ പോവുകയുള്ളൂ. ശ്രീബുദ്ധനായാലും ശ്രീരാമനായാലും യേശുക്രിസ്തുവായാലും ഭൂമിയിൽ മനുഷ്യനായി ജീവിച്ചിട്ടാണ് സ്വർഗത്തിൽ പോയത്. അതുകൊണ്ട് ഭൂലോകത്തിൽ നന്മ ചെയ്ത് മനുഷ്യനായി ജീവിക്കാത്ത ആർക്കും സ്വർഗത്തിൽ പോകാൻ കഴിയില്ല.

കച്ചവടമാകുന്ന ആത്മീയത...
രോഗികളെ സൗഖ്യമാക്കുന്നത് നല്ലതാണ്, പക്ഷേ സൗഖ്യമാക്കുന്നതിനു പകരം അവരെ നിർധനരാക്കുന്ന ശുശ്രൂഷയ്ക്ക് രോഗശാന്തി ശുശ്രൂഷ എന്നല്ല പറയേണ്ടത്. അതിനോട് എനിക്കു യോജിപ്പില്ല. ഉദാഹരണത്തിന് ഞാൻ എന്റെ വീട്ടിലെ കോഴിയെ കൊന്ന് ഇറച്ചി കഴിച്ചാൽ അത് തെറ്റല്ല, എന്നാൽ അയൽവാസിയുടെ കോഴിയെ അവനറിയാതെ കൊന്നുതിന്നാൽ അതു തെറ്റാണ്. ചെയ്യുന്നതു രണ്ടും ഒരേ പ്രവൃത്തിയാണ്. പക്ഷേ ഒന്നു ശരിയും മറ്റേത് തെറ്റുമാണ്. അതുപോലെയാണ് ആത്മീയ രംഗത്തെ രോഗശാന്തി ശുശ്രൂഷകളുടെയും ഉണർവ് യോഗങ്ങളുടെയും കാര്യവും. എങ്ങനെയും പണമുണ്ടാക്കണം എന്ന ആഗ്രഹവും വച്ച് ആത്മീയതയെ ചൂഷണം ചെയ്യുന്നത് നല്ല പ്രവണതയല്ല.

മതവിശ്വാസം പുതിയ കാലഘട്ടത്തിൽ...
വിശ്വാസം എന്നാൽ ഒരാൾക്ക് എന്താണ് എന്നതിനെ ആശ്രയിച്ചിരിക്കും മതവിശ്വാസം. ഒരിക്കൽ അച്ചന്മാരെ തിരഞ്ഞെടുക്കാനുള്ള അഭിമുഖത്തിനു വന്ന ഒരാളെക്കുറിച്ചു മറ്റുള്ളവർ ഒരു ആക്ഷേപമുന്നയിച്ചു. അവൻ അപ്പനെ തല്ലിയവനാണ്‌ എന്ന്‌. ഞാൻ അയാളോട് ‘എന്തിനാണ് അപ്പനെ അടിച്ചത്?’ എന്നു ചോദിച്ചു. അവൻ പറഞ്ഞു, എന്റെ അമ്മയെ തല്ലിയതിനാണെന്ന്‌. അപ്പൻ സ്ഥിരം മദ്യപിച്ചു വന്ന് അമ്മയെ തല്ലും. ഒരുദിവസം സഹികെട്ട് 'ഇനി അമ്മയെ തല്ലരുത്' എന്ന്‌ അവൻ അപ്പനെ താക്കീത് ചെയ്തു. ‘തല്ലിയാൽ എന്തുചെയ്യും’ എന്ന്‌ അപ്പൻ ചോദിച്ചു. എന്നാൽ 'ഞാൻ അപ്പനെ തല്ലും' എന്ന്‌ അവൻ പറഞ്ഞു. എന്നാൽ അതൊന്നു കാണട്ടെ എന്ന്‌ പറഞ്ഞു അപ്പൻ അമ്മയെ തല്ലി. അങ്ങനെയാണ് അവൻ അപ്പനെ തല്ലിയായത്. ഞാൻ പറയും ആ വിളി അവനൊരു യോഗ്യതയാണെന്ന്. തിന്മയ്‌ക്കെതിരെയുള്ള പോരാട്ടത്തിൽ മുന്നിൽ നിൽക്കുന്നത് അപ്പനായാലും, ദോഷത്തെ സമൂഹത്തിൽ നിന്നും നീക്കാൻ നേതൃത്വം നൽകുന്നവൻ യോഗ്യനാണ്.

മദ്യപാനം എന്ന സാമൂഹിക വിപത്ത്...
ഞാൻ മദ്യപാനികളോട് ‘നീയിനി കുടിക്കരുത്’ എന്നുപറയുമ്പോൾ അവർ ചോദിക്കും, ‘തിരുമേനി, പണ്ട് കർത്താവ് വെള്ളം വീഞ്ഞാക്കിയില്ലേ, പിന്നെന്താണ് ഞങ്ങൾക്ക് കുടിച്ചാല്’ എന്ന്‌... യേശുക്രിസ്തു തന്റെ പരസ്യശുശ്രൂഷയുടെ ആരംഭത്തിൽ വെള്ളം വീഞ്ഞാക്കി. അത് വീഞ്ഞായിരുന്നു, മദ്യമല്ല. മദ്യം കഴിക്കുന്നതല്ല തെറ്റ്, മദ്യത്തിന്റെ പ്രേരണയിൽ മനുഷ്യത്വം നഷ്ടപ്പെടുന്നതാണ്. അവന്റെ മദ്യപാനം കൊണ്ട് ഒരു കുടുംബം പട്ടിണിയിലാകും. അവൻ സ്വബോധം നഷ്ടപ്പെട്ട് മറ്റുള്ളവരെ ഉപദ്രവിക്കും. അവൻ അശ്ലീല വാക്കുകൾ കൊണ്ട് സമൂഹത്തെ മുറിവേൽപ്പിക്കും. അങ്ങനെയാണ് മദ്യം ഒരു സാമൂഹികവിപത്താകുന്നത്. മനുഷ്യത്വം നഷ്ടപ്പെടുത്തുന്ന എന്തുപയോഗിച്ചാലും അത് തെറ്റാണ്.

ന്യൂജനറേഷൻ- ഒരു ഓൾഡ് ജനറേഷൻ അഭിപ്രായം...
അവർ ന്യൂജനറേഷനായി ജീവിക്കണം. ഇപ്പോൾ എന്നോട് കഴിഞ്ഞ വർഷം ഉണ്ടാക്കിയ ടാറ്റായുടെ കാർ വേണോ, അല്പം പഴയ ബെൻസ് കാർ വേണോ എന്നുചോദിച്ചാൽ ഞാൻ പറയും എനിക്കു പഴയ ബെൻസ് കാർ മതിയെന്ന്. പഴയത് എന്നാൽ മോശം എന്നല്ല അർഥം. പഴയൊരു ചൊല്ലുണ്ട്, പാമ്പും പഴയതാണ് നല്ലതെന്ന്.

പ്രണയം, സ്നേഹം, വിശ്വാസം...
ഞാൻ ജനിച്ച കാലം മുതൽ ഇപ്പോൾ വരെയുള്ള സംഭവങ്ങളെല്ലാം കാണിക്കുന്ന ഒരു സിനിമ വരുന്നു എന്നു വിചാരിക്കുക. ആ സിനിമ കാണാൻ ഞാൻ പോകില്ല. എന്നാൽ, നിങ്ങളുടെ ജീവിതം കാണിക്കുന്ന ഒരു സിനിമ വന്നാൽ, അന്നത്തെ എന്റെ മറ്റു പരിപാടികൾ കാൻസൽ ചെയ്താണെങ്കിലും ഞാൻ പടം കാണാൻ പോയിരിക്കും. സ്വന്തം ജീവിതം അക്സപ്റ്റ് ചെയ്യുക എന്നത് പ്രധാനമാണ്. എന്റെ പാപങ്ങളെല്ലാം ദൈവം അറിയുന്നതുകൊണ്ട് പിന്നീട് വേവലാതിപ്പെടേണ്ട കാര്യമുണ്ടായിട്ടില്ല.


ഇനിയൊരു ജന്മമുണ്ടെങ്കിൽ...
ദൈവം എന്നോട് ‘നിനക്കു ഭൂമിയിലേക്കു പോകാൻ ഒരവസരം കൂടി തരാം, ആരായിട്ടാണ് പോകേണ്ടത്’ എന്നു ചോദിച്ചാൽ ഞാൻ പറയും, എനിക്ക് കഴിഞ്ഞ ജന്മം ആരായിരുന്നോ അതുതന്നെ ആകാനാണ് ഇഷ്ടമെന്ന്. കാരണം ഈ നാട്ടിൽ എന്റെ അമ്മയുടെയും അപ്പന്റെയും നാട്ടുകാരുടെയും വീട്ടുകാരുടെയും എനിക്കറിയാത്ത അനേകരുടെയും സ്നേഹവാത്സല്യങ്ങൾ അനുഭവിച്ചാണ് ഞാൻ ജീവിച്ചത്. എന്റെ അമ്മ എന്നെ അടിക്കുമായിരുന്നു. പക്ഷേ ആ അടി എനിക്ക് ഇഷ്ടമായിരുന്നു. എന്റെ ഗ്രാമം, ഞാൻ പഠിച്ച കോളജ്, സുഹൃത്തുക്കൾ... അതൊക്കെ ഒന്നുകൂടി അനുഭവിക്കാനാണ് എനിക്കിഷ്ടം എന്നു ഞാൻ ദൈവത്തോടുപറയും.

ദൈവത്തോട് ഒരു വരം ചോദിച്ചാൽ...
ദൈവത്തെ കൂടുതൽ അറിയുവാനും ദൈവത്തിന്റെ കൂടെ അദ്ദേഹത്തിന്റെ സൃഷ്ടിയായ ലോകത്തെയും മനുഷ്യനെയും കൂടുതൽ മനസ്സിലാക്കാനുമുള്ള വരം ഞാൻ ചോദിക്കും.

ബൈബിൾ പഠിക്കണം, മനോരമ വായിക്കണം...
ഞാൻ ഒരിക്കൽ പ്രസംഗത്തിൽ പറഞ്ഞു, നിങ്ങൾ ബൈബിൾ വായിക്കരുത്, മനോരമ വായിക്കണം. ആളുകൾ ഞെട്ടിപ്പോയി, അവർ വിചാരിച്ചു തിരുമേനി മനോരമയുടെ ബ്രാൻഡ് അംബാസഡറായോ എന്ന്. മനോരമ സമൂഹത്തിനും രാഷ്ട്രത്തിനും സംസ്കാരത്തിനും നൽകിയിട്ടുള്ള നേതൃത്വം മറ്റെല്ലാ പത്രങ്ങളെക്കാളും വലുതാണ്. ഉദാഹരണത്തിന് ബാലജനസഖ്യം- യുവജനങ്ങൾ വഴിതെറ്റാതെ അവരുടെ ക്രിയാത്മക ഊർജം സമൂഹത്തിനു വേണ്ടി ചെലവഴിക്കാൻ അതിലൂടെ സാധിക്കുന്നു. ഞങ്ങളുടെ മൂന്നോ നാലോ തിരുമേനിമാർ ബാലജനസഖ്യത്തിൽ നിന്നുയർന്നു വന്നവരാണ്.
ഞാൻ എപ്പിസ്കോപ്പയായി എം ടി സെമിനാരിയിൽ താമസിക്കുന്ന കാലം മുതൽ ശ്രീ. കെ.എം. മാത്യുവുമായും മനോരമയുമായും അടുത്ത ഹൃദയബന്ധം സൂക്ഷിക്കാൻ എനിക്കു സാധിച്ചു.

മനുഷ്യന്റെ കഴിവുകൾ വളർത്താനുള്ള സാഹചര്യവും സൗകര്യവും ഒരുക്കിക്കൊടുത്തു മനോരമ, അതിന്റെ ഫലമായി അവർ അനുഗ്രഹിക്കപ്പെട്ടു. സമൂഹത്തിൽ ഗുണപരമായ വ്യതിയാനങ്ങൾക്കു നേതൃത്വം നൽകിയതാണ് മനോരമയുടെ മഹത്വം. അതുകൊണ്ടാണ് എല്ലാ പത്രങ്ങളെക്കാളും ഉയരെ മനോരമ നിൽക്കുന്നത്. അപ്പോൾ ഞാൻ പറഞ്ഞതിന്റെ സാരാംശം, വേദപുസ്തകം വായിക്കാനുള്ളതല്ല, പഠിക്കാനുള്ളതാണ്. അതുകൊണ്ട് എല്ലാവരും മനോരമ വായിക്കണം, ബൈബിൾ പഠിക്കുകയും വേണം.

എന്റെ നൂറാം ജന്മദിനത്തോടനുബന്ധിച്ച് ഇത്രയും സ്നേഹം എന്നോടു കാണിച്ച എല്ലാവരോടുമുള്ള ഈ എളിയവന്റെ നന്ദിയും സ്നേഹവും ഞാൻ ഈയവസരത്തിൽ അറിയിക്കുന്നു. വരുംകാലത്ത് സഭയും സമൂഹവും മനുഷ്യരും നവീകരിക്കപ്പെടട്ടെയെന്ന് നമുക്ക് ദൈവത്തോടു പ്രാർത്ഥിക്കാം.
Read more on Most Rev. Dr. Philipose Mar Chrysostom Mar Thoma Valiya Metropolitan

 

© Copyright 2017 Manoramaonline. All rights reserved....
ക്രിസോസ്റ്റം തിരുമേനി: ഗുരു, സ്നേഹിതൻ, വരദാനം
ക്രിസോസ്റ്റം ചിരിപ്പിക്കുന്നു, നാം ചിന്തിക്കുന്നു
ക്രിസോസ്റ്റം തിരുമേനിയുടെ തമാശകൾ
വെള്ളത്തിൽ നിന്ന് വലിച്ചുകയറ്റിയ ദൈവം
അങ്കോല പഠിപ്പിച്ച ജീവിത പാഠങ്ങൾ
ഇനിയൊരു ജന്മമുണ്ടെങ്കിൽ ദൈവത്തെ കൂടുതൽ അറിയണം : മാർ ക്രിസോസ്റ്റം