മനോരമ –ഐബിഎസ് യുവ മാസ്റ്റർമൈൻഡ് സീസൺ 08ൽ സ്കൂൾ, കോളജ് തലങ്ങളിലായി അയച്ചുകിട്ടിയത് രണ്ടായിരത്തോളം പ്രോജക്ടുകൾ. അവയിൽനിന്ന് അടുത്തഘട്ടത്തിലേക്കു വിദഗ്ധസമിതി തിരഞ്ഞെടുത്തത് 52 എണ്ണം.
ചന്തമുള്ള ചിന്തകളിൽ ശാസ്ത്രച്ചിറകുകൾ തുന്നി വിദ്യാർഥികൾ എത്തുകയാണ്. ആശയങ്ങളുടെ കനമുണ്ട് ഇവയ്ക്ക്...നാളെയുടെ വഴികൾ മാറ്റിവരയ്ക്കാനുള്ള കരുത്തും...
ഇതാ ചില പ്രോജക്ടുകൾ:
ദേ..പിള്ളേർ ഇവിടുണ്ടേ....
സ്കൂളിലേക്കു പോയ മക്കൾ തിരിച്ചെത്താൻ കുറച്ചു വൈകിയാൽ മാതാപിതാക്കളുടെ ചങ്കിടിപ്പു കൂടും. ഫോണിൽ വിളിച്ചിട്ടു കിട്ടിയില്ലേൽ പിന്നെ പറയുകേം വേണ്ട. ഈ ടെൻഷൻ കുറയ്ക്കാനുള്ള അടിപൊളി വിദ്യ കണ്ടുപിടിച്ചതു വിദ്യാർഥികൾ തന്നെ! മക്കളുടെ കയ്യിലെ ഫോണിലേക്കൊരു മിസ്ഡ് കോൾ കൊടുത്താൽ മതി. അവർ എവിടുണ്ടെന്ന വിവരം മെസേജ് ആയി നിങ്ങളുടെ ഫോണിലെത്തും.
ഇതു മുത്തശ്ശിക്ക്
വരാന്തയിൽ അൽപം പൊടി കണ്ടാൽ മുത്തശ്ശിയുടെ മുഖംവാടും. എഴുന്നേറ്റു ചെന്ന് തൂത്തുവാരാൻ ആരോഗ്യം സമ്മതിക്കാത്തതിനാൽ ആരുടെയെങ്കിലും സഹായം തേടിയേ പറ്റൂ. എന്നാൽ, വീട്ടിൽ മറ്റാരും ഇല്ലെങ്കിലോ...? ഇനി പേടിക്കണ്ട. ഇരിക്കുന്നിടത്തുനിന്ന് അനങ്ങാതെ, ഈസിയായി നിലംവൃത്തിയാക്കാൻ മുത്തശ്ശിയെ സഹായിക്കുന്നൊരു സൂത്രം കുട്ടികൾ കണ്ടെത്തിക്കഴിഞ്ഞു.
പണികിട്ടി പ്ലാസ്റ്റിക്കേ...
പ്ലാസ്റ്റിക് പരിസ്ഥിതിക്കു കേടാണെന്നൊക്കെ നമുക്കറിയാം. പക്ഷേ, ഒഴിവാക്കാൻ വയ്യല്ലോ. പ്ലാസ്റ്റിക്കിന്റെ ദോഷമൊന്നുമില്ലാത്ത, എന്നാൽ ഗുണങ്ങളെല്ലാമുള്ള ഒരു പ്രോഡക്ട് കിട്ടിയാലോ..അങ്ങനൊരെണ്ണം ഒരുങ്ങുന്നുണ്ട്, നമ്മുടെ വാഴയിൽനിന്ന്. കരുതിയിരുന്നോ പ്ലാസ്റ്റിക്കേ...
പുഴകൾക്കു തുണയായി
മാലിന്യം നിറഞ്ഞൊഴുകുന്ന പുഴകൾ കണ്ണീർക്കാഴ്ചയാണ്. വൃത്തിയാക്കിയെടുക്കണമെങ്കിൽ ചില്ലറ അധ്വാനമൊന്നും പോര. പക്ഷേ, ഒരു റിമോട്ട് കൺട്രോൾ സിസ്റ്റം വഴി വളരെ എളുപ്പത്തിൽ പുഴയിലെ മാലിന്യം നീക്കാനുള്ള വഴിയുമുണ്ട് കണ്ടുപിടിത്തങ്ങളൂടെ കൂട്ടത്തിൽ.
ലഹരിയേതായാലും പിടിവീഴും
മദ്യപിച്ച് വണ്ടിയോടിക്കുന്നവരെ പിടിക്കാം; മറ്റു ലഹരിവസ്തുക്കൾ വല്ലതുമാണെങ്കിൽ നമ്മുടെ പൊലീസ് കുഴങ്ങും. കണ്ടെത്താൻ ഒരൽപം പ്രയാസമാണ്. എന്നാൽ, ഏതു ലഹരി ഉപയോഗിച്ചാലും വളരെ എളുപ്പത്തിൽ കണ്ടുപിടിക്കാൻ സഹായിക്കുന്നൊരു ഉപകരണത്തിന്റെ പണിപ്പുരയിലാണ് വിദ്യാർഥികൾ.
കൊതുകേ, ഇനി രക്‌ഷയില്ല
കേരളത്തെ പനിക്കിടക്കയിലിട്ടു വട്ടംകറക്കുന്ന കൊതുകിനോട് യുവാക്കൾ യുദ്ധം പ്രഖ്യാപിച്ചു കഴിഞ്ഞു കൊതുകുകളെ തുരത്താനും ഇല്ലാതാക്കാനും സിംപിളായ ഒട്ടേറെ വിദ്യകളാണ് വിദ്യാർഥികൾ കണ്ടെത്തിയിട്ടുള്ളത്.കാത്തിരിക്കൂ...
അപകടങ്ങളിൽ കൈത്താങ്ങ്
റോഡപകടങ്ങളും സൈബർ ഇടങ്ങളിലെ അപകടങ്ങളും ഒഴിവാക്കാനും പരുക്കേൽക്കാതെ നോക്കാനും സഹായിക്കുന്ന ഫലപ്രദമായ കണ്ടുപിടിത്തങ്ങളും നാളെയുടെ ശാസ്ത്രജ്ഞർ നടത്തിക്കഴിഞ്ഞു.
ഡെസ്റ്റർ സ്റ്റാറാ...
ചോക്കിനെ പൂർണമായും ക്ലാസിനു പുറത്താക്കാൻ വയ്യല്ലോ. എന്നാൽ, ചോക്കുപൊടിയെ ഗെറ്റൗട്ട് അടിക്കുകയും വേണം.ക്ലാസിന്റെ ഏതു മൂലയ്ക്കു ചോക്കുപൊടിയുണ്ടെങ്കിലും വലിച്ചെടുക്കുന്ന സൂപ്പർ ഡെസ്റ്റർ സ്റ്റാറാകുമെന്നു തീർച്ച.
ജൂറി പറഞ്ഞത്
‘‘സ്കൂൾതലത്തിലെ പ്രോജക്ടുകൾ തരുന്ന സന്തോഷം ചെറുതല്ല. അവയിലെല്ലാം ഒട്ടേറെ നന്മയും നിഷ്കളങ്കതയുമുണ്ട്. വീട്ടിൽ ഒറ്റയ്ക്കായി പോകുന്ന മുത്തശ്ശിയോടുള്ള കരുതൽ, മാതാപിതാക്കളെ വിഷമിപ്പിക്കരുതെന്ന വിചാരം, കണ്ടുപിടിത്തങ്ങൾ പരിസ്ഥിതിക്കുകൂടി ഗുണമുള്ളതാകണമെന്ന ബോധ്യം...ഇവയെല്ലാമുണ്ട്. കോളജ് തലത്തിലെ പ്രോജക്ടുകളുടെ സാമൂഹിക പ്രതിബദ്ധത അഭിനന്ദനീയം. നല്ല മാറ്റത്തിനായി ചെറുപ്പക്കാർ ശാസ്ത്രത്തെ ഉപയോഗിക്കുന്നത് പ്രതീക്ഷ നൽകുന്നു.’’
ജൂറി അംഗങ്ങൾ
1. ഡോ. അച്യുത്ശങ്കർ എസ്.നായർ (കേരള സർവകലാശാല ബയോ ഇൻഫർമാറ്റിക്സ് വിഭാഗം മേധാവി)
2.ഡോ.ജിപ്പു ജേക്കബ് (സീനിയർ പ്രഫസർ, അമൽജ്യോതി കോളജ് ഓഫ് എൻജിനീയറിങ്, കാഞ്ഞിരപ്പള്ളി)
3. ഡോ. ജേക്കബ് ഫിലിപ് (പ്രഫസർ,അമൽജ്യോതി കോളജ് ഓഫ് എൻജിനീയറിങ്, കാഞ്ഞിരപ്പള്ളി.
സാബു ടി. ജോൺ