അണലി കടിയേറ്റ കുഞ്ഞിന് കോവിഡ്, കരച്ചിൽ കേട്ടിട്ടും എല്ലാവരും മടിച്ചു, രക്ഷകനായി ജിനിൽ...
തയാറാക്കിയത്– നവീൻ മോഹൻ
പാമ്പിൻ വിഷത്തെ അതിജീവിച്ച് ആശുപത്രിയിൽ നിന്നു വട്ടക്കയത്തെ വീട്ടിൽ തിരിച്ചെത്തിയ ഒന്നര വയസ്സുകാരിയോടൊപ്പം ജിനിൽ, ജിനിൽ മാത്യു
‘ഓടി വായോ... കുഞ്ഞിനെ പാമ്പു കടിച്ചേ...’ജൂലൈ 21ന് ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു കാസർകോട് പാണത്തൂർ വട്ടക്കയത്ത് നിസ്സഹായതയുടെ ആ കരച്ചിൽ നിറഞ്ഞത്. കരച്ചിൽ എല്ലാവരെയും ഞെട്ടിച്ചെങ്കിലും അതിന്റെ ഉറവിടത്തിലേക്കു പോകാൻ പലരുമൊന്നു മടിച്ചു. ബിഹാറിൽനിന്ന് വട്ടക്കയത്തെ വീട്ടിലെത്തി ജൂലൈ 16 മുതൽ കോവിഡ് ക്വാറന്റീനിൽ കഴിയുന്ന അധ്യാപക ദമ്പതികളുടെ താമസസ്ഥലത്തുനിന്നായിരുന്നു നിലവിളി. തൊട്ടപ്പുറത്തായിരുന്നു കീച്ചിറ വീട്ടിൽ ജിനിൽ മാത്യു താമസിച്ചിരുന്നത്.
സിപിഎം വട്ടക്കയം ബ്രാഞ്ച് സെക്രട്ടറിയും ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയന്റെ പാണത്തൂർ യൂണിറ്റ് കൺവീനറുമായ ജിനിലായിരുന്നു ദമ്പതിമാര്‍ക്കും ഒന്നര വയസ്സുള്ള കുട്ടിക്കും താമസിക്കാനുള്ള വീടുൾപ്പെടെ ശരിയാക്കിക്കൊടുത്തത്. കരച്ചിൽ കേട്ട് ചിലരൊക്കെ പുറത്തേക്കിറങ്ങിയെങ്കിലും ആരും വീട്ടിലേക്കു കടക്കാൻ തയാറായില്ല. എന്നാൽ ഓടിയെത്തിയ ജിനിൽ വേലിക്കു സമീപം നിന്ന് എന്താണു കാര്യമെന്നു ചോദിച്ചു. കുഞ്ഞിനെ പാമ്പു കടിച്ചെന്നു കേട്ടതോടെ വേറൊന്നും ആലോചിച്ചില്ല, നേരെ വീട്ടിലേക്കു കയറി. മുറിയുടെ ജനലിൽ അപ്പോഴും ചുറ്റിക്കിടപ്പുണ്ടായിരുന്നു പാമ്പ്.
കാലിന്റെ പെരുവിരലോളം വലുപ്പമുള്ള തലയുമായി ചുറ്റിനിന്ന പാമ്പിനെ അപ്പോൾത്തന്നെ തല്ലിക്കൊന്നു. ജനലിനോടു ചേർന്നുവച്ചിരുന്ന വിറക് വഴിയായിരിക്കാം പാമ്പ് കയറിയതെന്നാണു കരുതുന്നത്. ചത്ത പാമ്പിനെ ഒരു കവറിലെടുത്തു, ആകെ പകച്ചുനിന്ന കുഞ്ഞിനെയും വാരിയെടുത്ത് ജിനിൽ പുറത്തേക്കിറങ്ങി. ആംബുലൻസ് ഡ്രൈവറായ സുഹൃത്ത് ബിനുവിനെ അതിനിടെ വിളിച്ചിരുന്നു കോവിഡ് പ്രവർത്തനങ്ങളുടെ ഭാഗമായി ടൗണിൽ തന്നെയുണ്ടായിരുന്ന ബിനു നിമിഷങ്ങൾക്കകം പാഞ്ഞെത്തി.
കുഞ്ഞുമായി പുറത്തേക്കിറങ്ങുമ്പോഴേക്കും ആംബുലൻസ് എത്തിയിരുന്നു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കു വട്ടക്കയത്തുനിന്ന് 44 കിലോമീറ്ററാണ് ദൂരം. ആംബുലൻസ് പാഞ്ഞു പോകുന്നതിനിടെ മെഡിക്കൽ ഓഫിസർ ആസിഫിനെയും പഞ്ചായത്ത് പ്രതിനിധിയെയും വിളിച്ചു കാര്യം പറഞ്ഞു. ഇടയ്ക്ക് കുഞ്ഞിന്റെ മാതാപിതാക്കളും വിളിക്കുന്നുണ്ടായിരുന്നു. കടിച്ചത് അണലിയാണെന്നറിഞ്ഞതോടെ എല്ലാവരും പേടിച്ചുവിറച്ചിരുന്നു.  പക്ഷേ ഈ ബഹളങ്ങൾക്കിടയിൽ യാതൊരു കുഴപ്പവുമില്ലാതെ ആ കുഞ്ഞ് ജിനിലിനോട് ചേർന്നിരുന്നു, ഒന്നു കരഞ്ഞതു പോലുമില്ല. അപ്പോഴേക്കും കുഞ്ഞിന്റെ കൈ നീരുവച്ചു വീർക്കാൻ തുടങ്ങിയിരുന്നു.
അര മണിക്കൂറാകുമ്പോഴേക്കും ആശുപത്രിയിലെത്തി. വന്നിറങ്ങുമ്പോഴേക്കും ഡോക്ടറും നഴ്സുമാരുമുൾപ്പെടെ കാത്തു നിൽപ്പുണ്ടായിരുന്നു. ജനപ്രതിനിധികളും മെഡിക്കൽ ഓഫിസറും ഉൾപ്പെടെ ഉണർന്നു പ്രവർത്തിച്ചതിന്റെ ഫലം. പാമ്പിനെ കണ്ട ഡോക്ടർ പറഞ്ഞു–ഉഗ്ര വിഷമുള്ള ഇനമാണ്. ഐസിയുവിൽ പ്രവേശിപ്പിക്കണം. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ കൊറോണ ഐസിയു ഉണ്ടായിരുന്നില്ല. ഇനി രക്ഷ പരിയാരം മെഡിക്കൽ കോളജാണ്. ആംബുലൻസ് പാഞ്ഞു. അപ്പോഴും കുട്ടി നിഷ്കളങ്കമായി ജിനിലിന്റെ മടിയിലിരുന്ന് ചിരിച്ചു.
ആദ്യമായിട്ടാണ് കുട്ടി ജിനിലിനെ കാണുന്നതു പോലുമെന്നോർക്കണം! മുക്കാൽ മണിക്കൂർകൊണ്ട് ആംബുലൻസ് പരിയാരത്തെത്തി. വന്നിറങ്ങുമ്പോൾതന്നെ മെഡിക്കൽ സംഘം റെഡിയായിരുന്നു. ‘കാഞ്ഞങ്ങാട്ടുനിന്ന് പാമ്പു കടിച്ച കുട്ടിയുമായി എത്തിയതല്ലേ..?’ എന്ന ചോദ്യത്തിൽനിന്നു വ്യക്തമായി ആ യാത്രയ്ക്കിടയിലും കുഞ്ഞിനു വേണ്ടി എത്രയോ പേർ ഇടപെട്ടിട്ടുണ്ടെന്ന്. നഴ്സുമാരെല്ലാം ഓടിയെത്തി, കുട്ടി ഭക്ഷണം കഴിച്ചോയെന്ന് അന്വേഷിച്ചു. മരുന്നുകൊടുത്തു. ‘എനിക്കും ഉണ്ട് ഇതേ പ്രായത്തിലൊരു കുഞ്ഞ്. ഒരു ടെൻഷനും വേണ്ട...’ എന്ന ഒരു നഴ്സിന്റെ ആശ്വാസവാക്കുകളുടെ ബലത്തിൽ ജിനിലും സ്വസ്ഥമായിരുന്നു.
കുട്ടിക്ക് വിഷം ഇറങ്ങാനുള്ള മരുന്നു കൊടുത്തു, വൈകാതെതന്നെ അപകടനില തരണം ചെയ്തു. പിറ്റേന്ന് സാധാരണ അവസ്ഥയിലേക്ക് എത്തുകയും ചെയ്തു. മാതാപിതാക്കൾക്കും ജനപ്രതിനിധികൾക്കും മെഡിക്കൽ സംഘത്തിനുമെല്ലാം ആശ്വാസം. ‘ഒരു 10–15 മിനിറ്റ് കൂടി വൈകിയിരുന്നെങ്കിൽ കുഞ്ഞിന്റെ ജീവൻതന്നെ അപകടത്തിലാകുമായിരുന്നുവെന്നാണ് ഡോക്ടർമാർ അന്നു രാത്രി എന്നോടു പറഞ്ഞത്. അന്നനുഭവിച്ച ടെൻഷൻ ഓർക്കുമ്പോൾ കോവിഡൊക്കെ നിസ്സാരം...’ ജൂലൈ 31നാണ് കുട്ടി ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയത്. ചൊവ്വാഴ്ച ക്വാറന്റീൻ കഴിഞ്ഞ ഉടനെ ജിനിൽ മാത്യു കുട്ടിയെ കാണാൻ വീട്ടിലെത്തുകയും ചെയ്തു....
Nominate Your Hero
പോരാളികൾ, തേരാളികൾ...
അണലി കടിയേറ്റ കുഞ്ഞിന് കോവിഡ്, കരച്ചിൽ കേട്ടിട്ടും എല്ലാവരും മടിച്ചു, രക്ഷകനായി ജിനിൽ...Read Article...
ഏത് ജില്ലയിൽ വേണമെങ്കിലും കൊറോണ വാർഡിൽ ജോലി ചെയ്യാം, മുഖ്യമന്ത്രി പ്രശംസിച്ച നഴ്സ്–പാപ്പ ഹെൻട്രിRead Article...
കോവിഡ് തുടക്കം മുതൽ പത്തനംതിട്ടയ്ക്കൊപ്പം അവിരാമംRead Article...
ക്വാറന്റീന് ഇടമെവിടെ? വിഷമിക്കുന്നവർക്ക് ജിജിയുടെ സ്നേഹവീട്Read Article...
Contact Us
Email ID: goldensalutes@gmail.com
Mobile No: +91 99958 11111
© COPYRIGHT 2020 MANORAMA ONLINE.
ALL RIGHTS RESERVED.