കോവിഡ് തുടക്കം മുതൽ പത്തനംതിട്ടയ്ക്കൊപ്പം അവിരാമം
1- കലക്ടർ പി.ബി.നൂഹ് പത്തനംതിട്ട കലക്ടറേറ്റിലെ തന്റെ ഓഫിസിലേക്കെത്തുന്നു. 2- പി.ബി.നൂഹ് കലക്ടറേറ്റിലെ ഡേറ്റാ കൺട്രോൾ റൂമിൽ. ചിത്രം: നിഖിൽരാജ്∙ മനോരമ
കഴിഞ്ഞ മാർച്ച് ഏഴിന് സംസ്ഥാനത്തെ മികച്ച കലക്ടർക്കുള്ള അവാർഡും വാങ്ങി തിരുവനന്തപുരത്ത് നിന്നു നേരെ മൂവാറ്റുപുഴയിലെ വീട്ടിലേക്കു തിരിച്ചതാണ് പി.ബി.നൂഹ്. പിറ്റേന്നു ഞായറായതു കൊണ്ട് വീട്ടുകാർക്കൊപ്പം കുറച്ചു സമയം കിട്ടുമെന്ന പ്രതീക്ഷയായിരുന്നു മനസ്സിൽ. മാത്രമല്ല, വീട്ടിൽ എത്തിയിട്ട് മാസം ഒന്നായതിന്റെ പരിഭവം മാതാപിതാക്കൾക്കുള്ളത് തീർക്കുകയും വേണം. കുറച്ചു ഡ്രസ് കൂടി എടുത്തിട്ടു പോകാൻ തോന്നിയതു കൊണ്ടു വണ്ടി പത്തനംതിട്ട വഴി വിട്ടു. അടൂരെത്തിയപ്പോൾ ആ വിളി ഫോണിൽ മുഴങ്ങി. റാന്നിയിൽ 5 പേർക്ക് കോവിഡ്! മൂവാറ്റുപുഴ യാത്ര ക്യാൻസൽഡ്.
അന്നു രാത്രി 11.30ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജയുമായി വിഡിയോ കോൺഫറൻസ്. തീർന്നത് 12.30ന്. തുടർന്ന് ഉദ്യോഗസ്ഥ യോഗം കലക്ടറേറ്റിൽ. തീർന്നത് പുലർച്ചെ 3 ന്. മാർച്ച് 8ന് (ഞായർ) രാവിലെ ആരോഗ്യ മന്ത്രി തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ചു പത്രസമ്മേളനം നടത്തുമ്പോൾ, പത്തനംതിട്ടയിൽ എല്ലാ കർമപദ്ധതികൾക്കും രൂപമായിക്കഴിഞ്ഞിരുന്നു. റാന്നി ഐത്തലയിലെ വീടുകളിലുള്ളവർ പുറത്തിറങ്ങരുതെന്ന നിർദേശം ലഭിച്ചു. രോഗികളുമായി ബന്ധപ്പെട്ട 1500 പേരെ കണ്ടെത്തി, ക്വാറന്റീൻ ചെയ്തു. അന്നു തുടങ്ങിയ ഓട്ടം രാവും പകലുമില്ലാതെ ഇന്നും തുടരുന്നു.
കോവിഡ് തുടങ്ങിയ ശേഷം കലക്ടറുടെ ഒരു ദിവസം എപ്പോൾ തുടങ്ങുന്നു എവിടെ അവസാനിക്കുന്നെന്നു ചോദിച്ചാൽ, ഉത്തരം കൃത്യമായി പറയാനാവില്ല. പലപ്പോഴും ദിവസം തുടങ്ങാറുമില്ല, അവസാനിക്കാറുമില്ലെന്നതാണ് സത്യം. ഒന്നുറങ്ങി എഴുന്നേൽക്കുമ്പോഴാണല്ലോ ദിവസങ്ങൾക്കിടയിലെ അതിർ വരമ്പ് മനസ്സിൽ ഉറപ്പിക്കുന്നത്. പലപ്പോഴും അങ്ങനെ സംഭവിക്കാതിരിക്കുമ്പോൾ ദിവസം ഏതാണെന്നോ തീയതി എന്താണെന്നോ നിശ്ചയമുണ്ടാവില്ല. കലക്ടർ മുതൽ താഴേത്തട്ടിൽ കോവിഡ് പ്രതിരോധ ജോലി ചെയ്യുന്ന ആളുകളുടെ വരെ ദിനചര്യ കോവിഡ്കാലം മാറ്റി വരച്ചത് അങ്ങനെയാണ്.
നിലയ്ക്കാത്ത കോളുകൾ
ഫോൺ ശബ്ദമാണ് മിക്കരാത്രികളിലും ഉറക്കം നഷ്ടപ്പെടുത്തുന്നത്. അത്യാവശ്യ വിളി ആയതിനാൽ എടുക്കാതിരിക്കാനും കഴിയില്ല. സംസ്ഥാനത്തേക്കു കയറാനുള്ള പാസ് എടുക്കാതെ വരുന്നവരാണ് രാത്രിയിൽ വിളിക്കുന്നതിൽ അധികവും. സംസ്ഥാന അതിർത്തിയിൽ എവിടെയെങ്കിലും പൊലീസ് തടയും. അവിടെ നിന്നു കലക്ടറെ വിളിക്കാൻ തുടങ്ങും. മരണം പോലെ അടിയന്തര സ്വഭാവമുള്ള ആവശ്യമായതിനാൽ ശാന്തമായി മാത്രമേ കൈകാര്യം ചെയ്യാൻ കഴിയൂ. രാത്രി തന്നെ പല പ്രശ്നങ്ങൾക്കും പരിഹാരം കാണേണ്ടി വരും.
പകൽ വരുന്ന ഫോൺ വിളികളുടെ ശരാശരി കണക്കെടുത്തപ്പോൾ ഒരു മണിക്കൂറിൽ ഒരു ഫോണിൽ 70 കോളുകൾ ലഭിക്കുന്നുണ്ട്. 2 ഫോണിലും കൂടി ഏകദേശം 150 കോളുകൾ. വാട്സാപ്പിലും ഫെയ്സ്ബുക്കിലും വരുന്ന മെസേജുകൾ വേറെ. ഇതിൽ സർക്കാരിന്റെ ഔദ്യോഗിക മെസേജ് മുതൽ സപ്ലൈകോ കിറ്റിനു പോയപ്പോൾ ക്യൂവാണെന്നുള്ള പരാതി വരെയുണ്ട്. പോരാത്തതിനു ഫോൺ എടുത്തില്ല, മെസേജിനു മറുപടി തന്നില്ല തുടങ്ങിയ പരാതികൾ വേറെയും. രാവിലെ 9.30ന് ഓഫിസിലെ ജോലികൾ തുടങ്ങും.
ഉദ്യോഗസ്ഥർ മുതൽ സാധാരണക്കാർ വരെ സന്ദർശകരുടെ നീണ്ട നിരയുണ്ട് വിസിറ്റേഴ്സ് റൂമിൽ. വിദേശത്തു നിന്നും സംസ്ഥാനത്തിനു പുറത്തു നിന്നും എത്തുന്നവരെ സ്വീകരിക്കാനുള്ള കർമപദ്ധതി തയാറാക്കുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത്. അതിഥി തൊഴിലാളികളെ തിരികെ അയയ്ക്കുന്നതിന്റെ ക്രമീകരണങ്ങളും നടക്കുന്നു. ഇതിനൊപ്പം പ്രളയ കാലത്തു സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച പദ്ധതിയും തയാറാക്കി തുടങ്ങി. സീറ്റിലിരിക്കുന്ന നിമിഷം മുതൽ ആളുകളുടെ ഒഴുക്കാണ്. ഈ സമയം ഫോണിലേക്കു നോക്കാൻ പോലും സമയമില്ല.
സന്നദ്ധ സേവകരേ സലാം
1000 സന്നദ്ധ സേവകർ കലക്ടറേറ്റുമായി ബന്ധപ്പെട്ടു ജോലി ചെയ്യുന്നുണ്ട്. കോൾ സെന്റർ, േഡറ്റാ ക്രോഡീകരണം, അതിഥി തൊഴിലാളികളുടെ മടങ്ങിപ്പോക്ക്, പ്രവാസികളുടെ മടങ്ങി വരവ്, സപ്ലൈകോ കിറ്റ് വിതരണം, ചെക് പോസ്റ്റുകൾ, ക്വാറന്റീൻ രോഗികളുടെ വിവര ശേഖരണം തുടങ്ങിയ ജോലികൾ ഈ സന്നദ്ധ സേവകരുടെ കരങ്ങളിലൂടെയാണ് നടന്നു പോകുന്നത്. തഹസിൽദാർമാർ, വില്ലേജ് ഓഫിസർമാർ തുടങ്ങിയവരുടെ മേൽനോട്ടത്തിൽ കോളജ് വിദ്യാർഥികളും വിവിധ സ്വകാര്യ സ്ഥാപന ജോലിക്കാരും പ്രഫഷനലുകളും അടക്കം വൻനിരയാണ് കലക്ടറുടെ വൊളന്റിയർ സംഘത്തിലുള്ളത്.
സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരും സേവനത്തിനുണ്ട്. 2018ലെ പ്രളയ കാലത്താണ് ഇവരെ കലക്ടർക്കു കിട്ടിയത്. പിന്നീട്, എന്ത് അടിയന്തര ഘട്ടം വന്നാലും ഈ വൊളന്റിയർമാർ ഓടിയെത്തും. ഇവരുടെ ജോലിക്ക് ഒരു കൂലിയുമില്ല. ആകെ ലഭിക്കുന്നത് ഭക്ഷണം മാത്രം. സോഫ്റ്റ്‌വെയർ തയാറാക്കുന്നതു മുതൽ മാസ്ക് നിർമാണം വരെ ഇവർ ചെയ്യുന്നു. ഇതുവരെ ജില്ലയിൽ കോവിഡുമായി ബന്ധപ്പെട്ടു ചെയ്തത് എന്തൊക്കെയെന്നു ചോദിച്ചാൽ ലാപ്ടോപ്പിലെ ഒരു ക്ലിക്കിൽ ഇവർ ഉത്തരം പറയും.