ക്വാറന്റീന് ഇടമെവിടെ? വിഷമിക്കുന്നവർക്ക് ജിജിയുടെ സ്നേഹവീട്
പള്ളിക്കത്തോട് പഞ്ചായത്തംഗം ജിജി അഞ്ചാനിയും കുടുംബാംഗങ്ങളും ക്വാറന്റീനു നൽകിയിരിക്കുന്ന വീടിനു മുന്നിൽ.
പള്ളിക്കത്തോട് ∙ പണി പൂർത്തിയാക്കി വിൽപനയ്ക്കു വച്ചിരുന്ന ആ വീടിന്റെ സ്നേഹത്താക്കോൽ തുറന്ന് അകത്തു കയറി താമസിച്ചത് നിരവധിപ്പേർ. 65 ലക്ഷം രൂപ ചെലവിൽ നിർമിച്ച വീട് ഇതരസംസ്ഥാനങ്ങളിൽ നിന്നു വരുന്ന നാട്ടുകാർക്കു ക്വാറന്റീൻ സൗകര്യത്തിനായി സൗജന്യമായി വിട്ടു നൽകിയത് പഞ്ചായത്തംഗം ജിജി അഞ്ചാനിയാണ്. ഏറെ ബുദ്ധിമുട്ടി ഇതര നാട്ടിൽ നിന്നെത്തുന്നവർ ഈ സ്നേഹവായ്പിനു നന്ദി അറിയിക്കുകയാണ്.
ജിജി അഞ്ചാനിക്കും കുടുംബത്തിനും സ്നേഹാഭിവാദ്യം നൽകിയാണ് ആർമിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഇന്നലെ ഇവിടെ നിന്നു ക്വാറന്റീൻ പൂർത്തിയാക്കി മടങ്ങിയത്. 2 മാസം മുൻപ് 58 കോളനി നിവാസിയായ ഒരു യുവാവാണ് ആദ്യം ജിജിയോടു താമസ സൗകര്യത്തിനു മാർഗം ചോദിച്ചത്. ഇതോടെ വീടിന്റെ താക്കോൽ യുവാവിനു നൽകി.
യുവാവ് വിവരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചപ്പോൾ സമാന സാഹചര്യത്തിലുള്ള പലരും ബന്ധപ്പെട്ടു. ഇപ്പോൾ ആളൊഴിയുന്ന മുറയ്ക്കു പലരും വിളിക്കുന്നു. നാട്ടുകാരെ ഇങ്ങനെ ചേർത്തു പിടിക്കാൻ കഴിയുന്നതിൽ നിറഞ്ഞ സന്തോഷമുണ്ടെന്നു ജിജിയും ഭാര്യ മഞ്ജുവും പറയുന്നു.