വിനയജയസൂര്യ

നിഖിൽ സ്കറിയ കോര

ജയസൂര്യയുടെ ഫാദറിനു സിനിമയുമായി ഒരു ബന്ധവുമില്ല. സിനിമയിലാവട്ടെ ജയസൂര്യയ്ക്ക് ഒരു ഗോഡ്ഫാദറുമില്ല. ജൂണിയർ ആർട്ടിസ്റ്റായി ആരംഭിച്ച കലാജീവിതം ഇന്നു ദേശീയ അവാർഡിന്റെ തിളക്കത്തിൽ വരെ എത്തി നിൽക്കുമ്പോൾ അതിന്റെ അഹങ്കാരമൊന്നും ജയസൂര്യയ്ക്കില്ല. നായകനായാലും വില്ലനായാലും കഥാപാത്രം മികച്ചതായിരിക്കണമെന്നു മാത്രമെ അദ്ദേഹത്തിനുള്ളൂ. മുന്നോട്ടുള്ള വർഷങ്ങളിൽ സിനിമകളുടെ എണ്ണം കുറച്ച് കഥാപാത്രങ്ങളുടെ മികവിൽ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങുന്ന ജയസൂര്യയ്ക്ക് പറയാനുള്ളത്.

എങ്ങനെ നടനായി എന്തിനു നടനായി ?

സിനിമയിൽ അഭിനയിക്കുകയെന്ന് വളരെ പണ്ടു തൊട്ടേയുള്ള ആഗ്രഹമായിരുന്നു. പിന്നീടത് ലക്ഷ്യമായി. എങ്ങനെ നടനാവണം എന്നതിനെക്കാൾ എന്തിനു നടനാവണം എന്ന് എനിക്കറിയാമായിരുന്നു. കലയാണ് എന്റെ വഴി എന്ന് ഞാൻ ഒരു ഘട്ടത്തിൽ മനസ്സിലാക്കി. കാരണം മറ്റൊന്നും ചെയ്തിട്ടും എനിക്ക് സന്തോഷം ലഭിച്ചില്ല. അഭിനയമാണ് എന്റെ ജീവിതം, അഭിനയിക്കുമ്പോഴാണ് എനിക്ക് സന്തോഷം കിട്ടുന്നത് എന്ന് തിരിച്ചറിഞ്ഞ അന്നു മുതൽ അതിനായി ശ്രമിച്ചു.

വിമർശനങ്ങളെ എങ്ങനെ നോക്കി കാണുന്നു ?

ട്രിവാൻഡ്രം ലോഡ്ജ് കണ്ടിട്ട് ചിലർ എന്നോടു പറഞ്ഞു ഗംഭീരമായി, കലക്കി എന്നൊക്കെ. മറ്റു ചിലർ പറഞ്ഞു നിങ്ങൾക്ക് വേറെ പണിയൊന്നുമില്ലേ ഇൗ വൃത്തികെട്ട സിനിമയിലൊക്കെ അഭിനയിക്കാൻ എന്നു ചോദിച്ചിട്ടുണ്ട്. ആ സിനിമയിൽ അഭിനയിച്ചപ്പോൾ ഞാൻ അങ്ങനെയൊന്നും ചിന്തിച്ചിരുന്നില്ല. കഥാപാത്രം എന്നെ എക്സൈറ്റ് ചെയ്യിപ്പിച്ചോ എന്നു മാത്രമാണ് ഞാൻ നോക്കിയത്. വിമർശനങ്ങളും അഭിനന്ദനങ്ങളും വരിക സ്വാഭാവികം.

സിനിമകൾ പരാജയപ്പെടുന്നതിനെക്കുറിച്ച് ?

നല്ല സിനിമകളും മോശം സിനിമകളും ഞാൻ ചെയ്തിട്ടുണ്ട്. നല്ല സിനിമയാണെന്നു വിചാരിച്ചിട്ടും മോശമായിപ്പോയ ഒരുപാട് സിനിമകളുണ്ട്. അല്ലാതെ മോശമാണെന്നു അറിഞ്ഞ് ഒരു സിനിമയിലും അഭിനയിച്ചിട്ടില്ല. ഉദാഹരണത്തിന് ലൂക്കാ ചുപ്പി. മികച്ച സിനിമയായിരുന്നിട്ടും വിജയിക്കാതെ പോയ ചിത്രമാണത്. ഞങ്ങൾ പലപ്പോഴും അതിന്റെ കാരണത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ട്. എനിക്ക് തോന്നിയ ഒരു കാരണം ആ പേരാണ് സിനിമയ്ക്ക് വിനയായതെന്നാണ്. ആളുകൾക്ക് മനസ്സിലാവുന്ന പേരല്ല അത്. ആ ചിത്രം കണ്ട് മമ്മൂക്ക എന്നെ വിളിച്ചിട്ടു പറഞ്ഞു. ‘‘ലൂക്കാ ചുപ്പി കണ്ടു ഗംഭീര സിനിമയും ഗംഭീര പെർഫോമൻസുമാണ്. പക്ഷേ വൃത്തികെട്ട ടൈറ്റിലും.’’ പൃഥ്വിരാജ് എന്നെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ച് പറഞ്ഞു ജയാ കലക്കി എന്ന്.

നടനായത് ഒരു ബാധ്യതയായി തോന്നിയിട്ടുണ്ടോ ?

അഭിനയം ഒരിക്കലും എനിക്ക് ഒരു ബാധ്യതയല്ല. ‌ആളുകൾ തിരിച്ചറിയുന്നതും കൂടെ നിന്ന് ഫോട്ടോ എടുക്കുന്നതും ഒക്കെ ഒരു ദൈവാനുഗ്രഹമായാണ് ഞാൻ കാണുന്നത്. വ്യക്തിയെന്ന നിലയിൽ ചെയ്യേണ്ട കാര്യങ്ങൾ ഞാൻ ചെയ്യുന്നുണ്ട്. ഞാൻ ജീവിതം ആസ്വദിക്കുന്നുമുണ്ട്.



ജയസൂര്യ എങ്ങനെയാണ് മക്കളോട് ഇടപെടുന്നത് ?
അച്ഛൻ മക്കൾ ബന്ധത്തിൽ എനിക്ക് തോന്നിയിട്ടുള്ളത് ഒരു സൗഹൃദമാണ് വേണ്ടതെന്നാണ്. മറ്റുള്ളവരെ ബഹുമാനിക്കാനാണ് നാം മക്കളെ പഠിപ്പിക്കേണ്ടത്. ‍വീട്ടിലേക്കു ആരെങ്കിലും വരുമ്പോൾ ടിവി ഒാഫ് ചെയ്യുക, മുന്നിൽ ഒരാൾ ഇരിക്കുമ്പോൾ മൊബൈലിൽ നോക്കാതെ മുഖത്തു നോക്കി സംസാരിക്കുക തുടങ്ങിയ നല്ല ശീലങ്ങളാണ് ഞാൻ അവരെ പഠിപ്പിക്കുന്നത്. വ്യക്തികളെക്കുറിച്ച് സംസാരിക്കാതിരിക്കുക. അതിന്റെ ആവശ്യം എന്താണ് ? ആശയങ്ങളെക്കുറിച്ച് സംസാരിക്കുന്നവരാണ് വളർന്നിട്ടുള്ളത്. അതാണ് മക്കളോട് പറയുന്നതും അവരെ പഠിപ്പിക്കുന്നതും.

അച്ഛന്റെ സിനിമകളെക്കുറിച്ച് മക്കളുടെ അഭിപ്രായം ?

എന്റെ മകൻ ഒരു സിഡി (പടത്തിന്റെ പേരു പറയുന്നില്ല ) എടുത്തിട്ട് എന്നോടു പറഞ്ഞു അച്ഛാ ഞാനിത് ചവിട്ടിപ്പൊട്ടിച്ചു കളയാൻ പോവാണ് എന്ന്. ഞാൻ ചോദിച്ചു എന്താടാ എന്താടാ പ്രശ്നം എന്ന്. വൃത്തികെട്ട സിനിമയാണച്ഛാ. അച്ഛൻ ഇൗ വക സിനിമയിലൊന്നും അഭിനയിക്കാൻ പാടില്ല എന്നു അവൻ പറഞ്ഞു.

ചിലതൊക്കെ നമ്മൾ പെട്ടു പോകുന്നതാണ്. ഡയറക്ടർക്ക് എവിടെ ആക്ഷൻ പറയണം എവിടെ കട്ട് പറയണമെന്ന് അറിയാൻ വയ്യാത്ത അവസ്ഥ. ഇയാൾ വാചകമടിച്ചു വീഴ്ത്താനൊക്കെ ബെസ്റ്റായിരിക്കും. പക്ഷേ സെറ്റിലെത്തുമ്പോഴായിരിക്കും സത്യം നമുക്ക് മനസ്സിലാവുക. ഒടുവിൽ നമുക്കവിടെ നിന്ന് ഉൗരിപ്പോരാൻ വയ്യാത്ത അവസ്ഥയാകും. സിനിമയെങ്ങാനും ഒഴിവാക്കാൻ ശ്രമിച്ചാൽ ജയസൂര്യ കാരണം ചിത്രം മുടങ്ങിയെന്നൊക്കെ വാർത്തയാകും.

പാടാനിഷ്ടമുള്ളതു കൊണ്ടാണോ സിനിമയിൽ പാടുന്നത് ?

അങ്ങനെ ചോദിച്ചാൽ, ഗായകനാവണമെന്ന് എനിക്ക് പണ്ടു മുതലെ ആഗ്രഹമുണ്ടായിരുന്നു. രാത്രി കിടക്കുമ്പോഴൊക്കെ ഗാനമേള ട്രൂപ്പിൽ പാടുന്നതൊക്കെ സ്വപ്നം കണ്ടിട്ടുണ്ട്. ആദ്യമായി പാടുന്നത് അമ്മയുടെ ഒരു ഷോയിലാണ്. അതു കണ്ടിട്ടാണ് രഞ്ജിത് പുണ്യാളനിൽ പാടാൻ പറഞ്ഞത്. അതു ഹിറ്റായതോടെ പിന്നാലെ മറ്റു ചില സിനിമകളിൽ പാടി. ഞാൻ പാടുമ്പോൾ ഒരു ന്യൂസ് വാല്യുവാണ് വരുന്നത്. അല്ലാതെ എന്റെ പാട്ട് അത്ര ഗംഭീരമൊന്നുമല്ല.

ദൈവവിശ്വാസിയാണോ ?

ഞാൻ ദൈവവിശ്വാസിയാണ്. പക്ഷേ അന്ധവിശ്വാസിയല്ല. ചരടോ എലസ്സോ അല്ല എന്നെ നിയന്ത്രിക്കേണ്ടത് എന്ന തിരിച്ചറിവ് എനിക്കുണ്ട്. നമ്മളോടു തന്നെയുള്ള സംസാരമാണ് എറ്റവു വലിയ പ്രാർഥന എന്നാണ് ഞാൻ വിശ്വസിക്കുന്നത്. നല്ല പ്രവർത്തികളാണ് ഏറ്റവും നല്ല പ്രർഥന. ഒന്നു കണ്ണടച്ച് അവനവനിലേക്ക് നോക്കി തെറ്റുകൾ മനസ്സിലായക്കിയാൽ മാത്രം മതി നമുക്ക് ജീവിതത്തിൽ വിജയിക്കാൻ.

എന്താണ് ജയസൂര്യയുടെ സ്വഭാവത്തിന്റെ ഗുണവു ദോഷവും ?

ജീവിതത്തിൽ എല്ലാവർക്കും വീഴ്ചകളുണ്ടാവും. സ്വാഭാവികമാണ് അത്. പക്ഷേ ആ വീഴ്ചയിൽ നിന്ന് എപ്പൊ എണീക്കും എന്നുള്ളതാണ് നോക്കേണ്ടത്. ചിലർ വർഷങ്ങൾ എടുക്കും. മറ്റു ചിലർക്ക് മാസങ്ങൾ മതി. ഞാൻ എന്നു വീണാൽ അപ്പൊ എണീക്കും. വീണ്ടും പൊരുതും. അതു തന്നെയാണ് എന്റെ ഏറ്റവം വലിയ ഗുണമെന്ന് ഞാൻ കരുതുന്നത്.

പണ്ട് എന്റടുത്ത് ആളുകൾ ചോദിച്ചിട്ടുണ്ട്. നീ ഭയങ്കര ഒാവർ എളിമയാണല്ലോ , ഭയങ്കര സുഖിപ്പിക്കലാണല്ലോ എന്നൊക്കെ. നസീറിക്ക (കോട്ടയം നസീർ) ഒക്കെ ചോദിച്ചിട്ടുണ്ട് നീ അവസാനം എനിക്കിട്ട് പണി തരുവോടാ എന്നു. പക്ഷേ ഞാൻ അതൊക്കെ എന്റെ ഉള്ളിൽ നിന്ന് ചെയ്തതാണ്. അല്ലാതെ ആരെയും സുഖിപ്പിക്കാനായി ചെയ്തതായിരുന്നില്ല. പക്ഷേ പിന്നീട് എനിക്ക് മറ്റൊന്നു മനസ്സിലായി. വിനയം വേറെ വിധേയത്വം വേറെ. വിനയത്തിൽ ഭയം ഉണ്ടാകില്ല. നാം മുന്നിൽ നിൽക്കുന്നയാളെ ബഹുമാനിച്ചാൽ മതി.

മലയാള സിനിമയും മറ്റു താരങ്ങളും ?

പര്സപരം ഇൗഗോയില്ലാത്തതാണ് മലയാള സിനിമയുടെ ഏറ്റവും വലിയ ഗുണം. അമ്മയുടെ മീറ്റിങ്ങിനൊക്കെ വന്നിരിക്കണം. കോളജ് ക്യാംപസ് പോലെ തന്നെ. മമ്മൂക്ക നമ്മളെ കൊല്ലും നമ്മൾ തിരിച്ച് മമ്മൂക്കയെ കൊല്ലും. എല്ലാവരുടെയും യഥാർഥ സ്വഭാവം അറിയണമെങ്കിൽ അവിടെ വരണം. അത്ര സൗഹൃദപരമാണ് മലയാളം ഇൻഡസ്ട്രി. എല്ലാത്തിനെയും പോസിറ്റീവായാണ് എല്ലാവരും കാണുന്നത്. മറ്റൊരിടത്തും ഇങ്ങനെയുണ്ടെന്ന് എനിക്കു തോന്നുന്നില്ല.

നായകനാവുന്നതാണോ വില്ലനാവുന്നതാണോ കൂടുതൽ കംഫർട്ടബിൾ ?

കംഫർട്ടിബിൾ ആകാൻ എനിക്കിഷ്ടമല്ല എന്നതാണ് സത്യം. കംഫർട്ടബിൾ ആയാൽ പിന്നെ എല്ലാം എളുപ്പമല്ലേ. കുറച്ച് ചിന്തിച്ച് മിനക്കെട്ട് ചെയ്യാൻ പറ്റുന്ന വേഷം.അതിപ്പൊ നായകനായാലും സഹനടനായാലും വില്ലനായാലു ശരി. കഥാപാത്രത്തിന്റെ വലുപ്പത്തിലല്ല അതിന്റെ മേന്മയിലാണ് ഞാൻ ശ്രദ്ധിക്കുന്നത്.

സിനിമയിലെത്താൻ ആഗ്രഹിക്കുന്നവരോട് ?

സിനിമയിലെത്താൻ ആഗ്രഹിക്കുന്നവരെ ഉപദേശിക്കാൻ ഞാൻ ആളല്ല. ഒരിക്കൽ അഭിനയമോഹവുമായി ഒരാൾ എന്നെ കാണാൻ വന്നു. കക്ഷിയോട് എന്തു കൊണ്ടാണ് അഭിനേതാവാൻ ആഗ്രഹിക്കുന്നതെന്നു ഞാൻ ചോദിച്ചു ? എന്താ ചേട്ടാ ഇങ്ങനെ ചോദിക്കുന്നത്. നല്ല രീതിയിൽ ജീവിക്കാൻ ആരാ ചേട്ടാ ആഗ്രഹിക്കാത്തത്. വീട്ടിലെ കടം ഒക്കെ വീട്ടി ഒരു കാർ ഒക്കെ വാങ്ങി നല്ല രീതിയിൽ ജീവിക്കാൻ ആരാണ് ചേട്ടാ ആഗ്രഹിക്കാത്തത് എന്നു കക്ഷി പറഞ്ഞു. അപ്പൊ ഞാൻ പറഞ്ഞു മോൻ ലൈഫിൽ രക്ഷപെടാൻ പോണില്ല കേട്ടോ എന്നു. കാരണം വേറെ ഉത്തരം പറയാനില്ല. അവൻ വരുന്നത് കാറു വാങ്ങാനും കടം വീട്ടാനുമാണ്. അതാണ് അവന്റെ ഫോക്കസ്.

ജയസൂര്യ ആരുടെയും സപ്പോർട്ട് ഇല്ലാതെ സിനിമയിലെത്തിയ ആളാണ് എന്നൊക്കെ പലരും പുകഴ്ത്താറുണ്ട്. അതു നിസാര കാര്യമല്ല. പക്ഷേ ഒന്നു മനസ്സിലാക്കണം ദുൽക്കറിനും രാജുവിനുമൊക്കെ സിനിമയിൽ വരാൻ എളുപ്പമായിരുന്നിരിക്കാം. പക്ഷേ നിലനിൽക്കാൻ അവർക്ക് നന്നേ കഷ്ടപ്പെടേണ്ടി വന്നു. എനിക്കൊക്കെ വേണമെങ്കിൽ പറയം നമുക്ക് സിനിമ ബാക്ക്ഗ്രൗണ്ട് ഒന്നുമില്ലേ എന്നു. പക്ഷേ അവർക്കതു പറ്റില്ല. അച്ഛന്റെ നല്ല പേരു ചീത്തയാക്കാതിരിക്കാൻ അവർ നന്നായി ശ്രമിക്കേണ്ടി വരും.

പുതിയ തീരുമാനങ്ങൾ ?

സിനിമകളുടെ എണ്ണം കുറച്ച് കഥാപാത്രങ്ങളുടെ മികവിൽ കൂടുതൽ ശ്രദ്ധിക്കാനാണ് തീരുമാനം. വർഷത്തിൽ ഒരു സിനിമയിൽ അഭിനയിച്ചാലും അതു മികച്ചതാക്കാൻ ശ്രമിക്കും. പ്രേക്ഷകരെ നിരാശപ്പെടുത്തില്ല.

© Copyright 2017 Manoramaonline. All rights reserved....
പാടി തീരാത്ത കഥകൾ ഇനിയുമുണ്ട്...
മമ്മൂട്ടിയുടെ ഫ്രണ്ട്; ദുൽഖറിന്റെയും!
എഴുത്തിന്റെ രസതന്ത്രം
നവാഗതരെ ഇതിലെ ഇതിലെ...