നവാഗതരെ ഇതിലെ ഇതിലെ...

സി. ജെ സുധി

മലയാള സിനിമക്കു ഏറെ പ്രതീക്ഷ നല്‍കുന്ന ഒരുപ്പറ്റം ചെറുപ്പക്കാര്‍ സംവിധായകരായി അരങ്ങേറ്റം കുറിച്ച വര്‍ഷമാണ് കടന്നുപോകുന്നത്. അവതരണത്തിലും പ്രമേയത്തിലും കഥാപാത്രനിര്‍മിതിയിലും ഇവരുടെ സിനിമകളരൊന്നും വ്യത്യസ്ത പുലര്‍ത്തിയെന്ന പ്രത്യേകതയും ഉണ്ട്. 2016നൊപ്പം തങ്ങളുടെ കയ്യൊപ്പു ചാര്‍ത്തിയ നവാഗത സംവിധായകരെയും അവരുടെ സിനിമകളിലൂടെയും ഒരു പിന്‍നടത്തം. ബോക്‌സ്ഓഫിസ് ജയ-പരാജയങ്ങള്‍ക്കപ്പുറത്ത് സിനിമയുടെ കലാമൂല്യവും പരീക്ഷണ സ്വാഭവുമൊക്കെയാണ് ഇവിടെ വിശകലനം ചെയ്യാന്‍ ശ്രമിക്കുന്നത്. 

മധുരമുള്ള മണ്‍സൂണ്‍ മാങ്ങകള്‍

അക്കരകാഴ്ചകള്‍ എന്ന ജനപ്രിയ ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധേയനായ എബി വര്‍ഗീസിന്റെ സ്വതന്ത്ര ചലച്ചിത്ര സംവിധാന സംരഭമായിരുന്നു മണ്‍സൂണ്‍ മാംഗോസ്. ചലച്ചിത്ര സംവിധാന മോഹവുമായി നടക്കുന്ന ഡി.പി. പള്ളിക്കലിന്റെ കഥയാണിത്. മീശപിരിക്കലും മുണ്ടുമടക്കികുത്തുമില്ലാത്ത പരീക്ഷണ സ്വാഭവമുള്ള, കഥാപാത്രങ്ങളെ ജീവസുറ്റതാക്കി തീര്‍ക്കുന്ന ഫഹദ് ഫാസില്‍ തന്നെയാണ് ഡി.പി. പള്ളിക്കലിനെ അവിസ്മരണീയമാക്കുന്നത്. വീട്ടുവീഴ്ചകള്‍ക്കു തയ്യാറാകാതെ തനിക്കു സ്വീകാര്യമായ രീതിയില്‍ കഥ പറയാനുള്ള ആത്മാര്‍ഥമായ ശ്രമമാണ് ഇവിടെ സംവിധായകന്‍ എബി വര്‍ഗീസ് സ്വീകരിക്കുന്നത്. അതുകൊണ്ടു തന്നെ വാണിജ്യ സിനിമയുടെ വിജയ ഫോര്‍മുലകളിലേക്കു ചിത്രത്തെ പരിമിതപ്പെടുത്താന്‍ അദ്ദേഹം ശ്രമിക്കുന്നില്ല. ബോക്‌സ്ഓഫിസില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാനും ചിത്രത്തിനായില്ല. എന്നാല്‍ ആ ഒരൊറ്റ കാരണം കൊണ്ടു മണ്‍സൂണ്‍ മാംഗോയെ വിലയിരുത്തുന്നത് ഉചിതവുമല്ല. പ്രേമയത്തിലും അവതരണത്തിലും വ്യത്യസ്തയും കയ്യടക്കവും പുലര്‍ത്തുന്ന മനോഹരമായ ചിത്രമാണിത്. 

സിനിമയാണ് ഡി.പി. പള്ളിക്കലിന്റെ സ്വപ്‌നം. സിനിമമോഹം തലയ്ക്കു പിടിച്ചു നിര്‍മ്മിച്ച പല ഹ്രസ്വചിത്രങ്ങളും പരാജയമാകുന്നു. ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയവും സിനിമ നിര്‍മാണത്തിലേക്കു ഇറങ്ങിപുറപ്പെടുന്ന പള്ളിക്കല്‍ വീട്ടുകാര്‍ക്ക് ഒരു ബാധ്യതയാകുന്നു. മണ്‍സൂണ്‍ മാംഗോസ് എന്ന പേരില്‍ ഫീച്ചര്‍ സിനിമയെടുക്കാന്‍ അയാള്‍ തീരുമാനിക്കുന്നു. 2-3 ബോളിവുഡ് ചിത്രങ്ങളില്‍ വേഷമിടുകയും ഇപ്പോള്‍ നിത്യവ്യത്തിക്കു കഷ്ടപ്പെടുകയും ചെയ്യുന്ന പ്രേംകുമാറിനെ നായകനാക്കി ആ സിനിമ സാക്ഷാത്കരിക്കന്‍ പള്ളിക്കല്‍ നടത്തുന്ന ശ്രമങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. സാമ്പത്തികവും സാങ്കേതികവുമായ ഒട്ടേറെ പ്രതിസന്ധികളിലൂടെയാണ് പള്ളിക്കലിന്റെ ചലച്ചിത്ര യാത്ര പുരോഗമിക്കുന്നത്. പ്രേംകുമാറിന്റെ അപ്രതീക്ഷിത മരണത്തിനിടയിലും അയാള്‍ സിനിമ പൂര്‍ത്തിയാക്കുന്നു. സിനിമാ നിര്‍മാണത്തിനിടെ അയാള്‍ കണ്ടെത്തുന്ന ജീവിതദര്‍ശനങ്ങളുടെ കൂടി കഥയാണിത്. പ്രേംകുമാറിനെ അവതരിപ്പിച്ച വിജയ് റാസ്, പള്ളിക്കലിന്റെ അച്ഛന്റെ വേഷത്തിലെത്തുന്ന നന്ദു, പള്ളിക്കലിന്റെ സംവിധാന സഹായിയായി എത്തുന്ന വിനയ് ഫോര്‍ട്ട്, തിയറ്റര്‍ ഉടമ ബോംബൈ പത്രോസായി വേഷമിടുന്ന അലന്‍സിയര്‍ എന്നിവര്‍ ഫഹദിന്റെ കഥാപാത്രത്തിനു മികച്ച പിന്തുണ നല്‍കുന്നു.

ഗപ്പിയെന്ന സുവര്‍ണ മത്സ്യം

ബോക്‌സ് ഓഫിസില്‍ തിരസ്‌കരിക്കപ്പെട്ടുപോയ സ്വര്‍ണമത്സ്യമാണ് ഗപ്പി. 
യൂട്യൂബിലും മൊബൈല്‍ ഫോണിലും ഗപ്പി കണ്ട പ്രേക്ഷകര്‍ ചിത്രത്തെ വാനോളം പുകഴ്ത്തി. എന്നാല്‍ ബോക്‌സ്ഓഫിസില്‍ അര്‍ഹതപ്പെട്ട വിജയം നിരസിക്കുകയും ചെയ്തു. ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിയുടെ സിനിമകളോട് മേക്കിങില്‍ സമാനതകളുള്ള ചിത്രം മറ്റ് ഏതൊരു ലോകസിനിമയോടും കിടപിടിക്കാന്‍ നിലവാരമുള്ള ചിത്രമായിരുന്നു. രാജ്യന്തര ചലച്ചിത്രമേളയില്‍ തീര്‍ച്ചയായും പ്രദര്‍ശിപ്പിക്കേണ്ടിയിരുന്ന ചിത്രമായിരുന്നു ഇത്. തുടക്കകാരന്റെ പതര്‍ച്ചകളൊന്നും ഇല്ലാതെ കയ്യടക്കത്തോടെയാണ് ജോണ്‍പോള്‍ ജോര്‍ജ് ഗപ്പി ഒരുക്കിയിരിക്കുന്നത്. അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ സംവിധാന സഹായായി അരങ്ങേറ്റം കുറിച്ച ജോണ്‍പോള്‍ ജോര്‍ജിനു ഗുരുവിനു നല്‍കാവുന്നതില്‍ ഏറ്റവും മികച്ച ദക്ഷിണയാണ് ഈ സിനിമ. മാസ്റ്റര്‍ ചേതന്‍, ശ്രീനിവാസന്‍, ടൊവീനോ തോമസ്, സുധീര്‍ കരമന എന്നിവര്‍ മത്സരിച്ചു അഭിനയിച്ചിരിക്കുന്നു ഗപ്പിയില്‍. സിനിമയില്‍ ഗോഡ്ഫാദര്‍മാരില്ലാത്ത ടൊവീനോ തോമസ് നായക-പ്രതിനായക-മിസ്റ്റിക്ക് സ്വാഭവമുള്ള എന്‍ജിനീയര്‍ തേജസ് വര്‍ക്കിയുടെ വേഷത്തെ അവീസ്മരണീയമാക്കുന്നു. അഞ്ചു സുന്ദരികളിലെ സേതുലക്ഷമി ഉള്‍പ്പടെ ഒട്ടേറെ സിനിമകളില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെച്ചിട്ടുള്ള മാസ്റ്റര്‍ ചേതന്റെ കരിയറിലെ ഏറ്റവും മികച്ച വേഷമാണ് ഗപ്പിയിലേത്. ചേതന്റെ അമ്മയായി വേഷമിടുന്ന രോഹിണി, ആക്ഷന്‍ ഹീറോ ബിജുവിലെ മികച്ച പ്രകടനത്തിന്റെ തുടര്‍ച്ച കണ്ടെത്തുന്നു ഗപ്പിയില്‍. ചെറുകള്‍ക്കു വേണ്ടി സ്വന്തം ജീവിതം മാറ്റിവെച്ച റെയില്‍വേ ഗേറ്റ്കീപ്പറായി ശ്രീനിവാസനും ഗംഭീര പ്രകടനം നടത്തുന്നു. അദ്ദേഹത്തിന്റെ സമീപകാലത്തെ ഏറ്റവും മികച്ച കഥാപാത്രവും ഇത് തന്നെ. 

മഹേഷിന്റെ മധുര പ്രതികാരം

ദീര്‍ഘകാലമായി ആഷിക്ക് അബുവിന്റെ സംവിധാന സഹായായി പ്രവര്‍ത്തിച്ചു വരുന്ന ദീലിഷ് പോത്തന്റെ പ്രഥമ ചലച്ചിത്ര സംവിധാന സംരഭമായിരുന്നു മഹേഷിന്റെ പ്രതികാരം. പ്രകാശിലെ ഭാവന സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫര്‍ മഹേഷിന്റെയും അയാള്‍ക്കും ചുറ്റുമുള്ള മനുഷ്യരുടെയും കഥയാണിത്. 

ഇടുക്കിയെന്ന സുന്ദരിക്കൊപ്പം റിയലസ്റ്റിക്കായ കഥാപാത്രങ്ങളിലൂടെയും കഥാസന്ദര്‍ഭങ്ങളിലൂടെയും കഥ പറഞ്ഞ് ദിലീഷ് പ്രേക്ഷകരുടെ മനസ്സ് നിറക്കുന്നു. അലന്‍സിയര്‍(ആര്‍ട്ടിസ്റ്റ് ബേബി), സൗബിന്‍(ക്രിസ്പിന്‍), കെ.എല്‍. ആന്റണി(ചാച്ചന്‍), സുജിത് ശങ്കര്‍(ജിംസണ്‍), അപര്‍ണ ബാലമുരളി(ജിംസി), അനുശ്രീ(സൗമ്യ), ലിജോമോള്‍(സോണിയ) തുടങ്ങി ചെറുതും വലുതുമായ എല്ലാ കഥാപാത്രങ്ങള്‍ക്കും കൃത്യമായ സ്‌ക്രീന്‍ സ്‌പേസ് നല്‍കാനും ദിലീഷ് പോത്തന് കഴിഞ്ഞിട്ടുണ്ട്. ഇവര്‍ ഓരോരുത്തരും മത്സരിച്ചു അഭിനയിച്ചു എന്നു തന്നെ പറയാം. 2015-ല്‍ നിറമങ്ങി പോയ ഫഹദ് ഫാസിലിന്റെ ഗംഭീര തിരിച്ചുവരവായി മഹേഷ് മാറി. പലര്‍ക്കൊപ്പവും തിരക്കഥ പങ്കാളിയായിരുന്ന ശ്യാം പുഷ്‌കര്‍ സ്വതന്ത്ര തിരക്കഥാകൃത്തായി എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. ഷൈജു ഖാലിദിന്റെ ക്യാമറകാഴ്ചകളും ബിജിബാലിന്റെ പാട്ടുകളും പശ്ചാത്തല സംഗീതവും സൈജു ശ്രീധരന്റെ എഡിറ്റിങും ചിത്രത്തെ സമ്പന്നമാക്കിയിരിക്കുന്നു.  

അനുരാഗ കരിക്കിൻ വെള്ളം

ലളിതസുന്ദരമായ ഒരു കൊച്ചുസിനിമയുമായാണ് നവാഗതനായ ഖാലിദ് റഹ്മാൻ കടന്നുവന്നത്. കലർപ്പില്ലാത്ത ആശയവും ശുദ്ധ നർമ്മവും ഒപ്പം പ്രണയവും ചേരുന്ന അനുരാഗ കരിക്കിൻ വെള്ളം പ്രേക്ഷകന് മികച്ച അനുഭവമായിരുന്നു. നാലു വർഷം അസിസ്റ്റന്റ് ഡയറക്ടറായിരുന്നു ഖാലിദ്. അൻവർ റഷീദ്, രാജീവ് രവി, അനിൽ രാധാകൃഷ്ണ മേനോൻ, മാർട്ടിൻ പ്രക്കാട്ട്, സിദ്ദാർഥ് ഭരതൻ, ഷൈജു ഖാലിദ് എന്നിവർക്കൊപ്പം അസോഷ്യേറ്റായി ജോലി ചെയ്തു.

നവീൻ ഭാസ്ക്കറിന്റെ തിരക്കഥയായിരുന്നു സിനിമയുടെ മറ്റൊരു മുതൽക്കൂട്ട്. ഉള്ളിൽതട്ടുന്ന രംഗങ്ങളും സംഭാഷണങ്ങളും സിനിമയെ കൂടുതൽ പ്രിയപ്പെട്ടതാക്കി. ആസിഫ് അലി, ബിജു മേനോൻ, രജീഷ, ആശ ശരത്, സൗബിൻ എന്നിവരായിരുന്നു താരങ്ങൾ.

ആനന്ദം പരമാനന്ദം ഗണേശോത്സവം

വിനീത് ശ്രീനിവാസന്‍ സ്‌കൂള്‍ ഓഫ് ഫിലിം മേക്കിങിലെ അനുഭവ സമ്പത്തുമായി ചലച്ചിത്ര സംവിധാനത്തില്‍ ഹരിശ്രീ കുറിച്ച ഗണേശ് രാജ് എന്ന യുവസംവിധായകന്‍ അക്ഷരാര്‍ത്ഥത്തില്‍ സ്‌ക്രീനിനു അകത്തും പുറത്തും ആനന്ദം പടര്‍ത്തി. കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ആറ് പേരടക്കം ഒരു ഡസനിലേറെ പുതുമുഖങ്ങളെ പരീക്ഷു വിജയിച്ചു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നാലു ദിവസത്തെ യാത്രയിലൂടെ പ്രണയത്തിന്റെ സൗഹൃദത്തിന്റെയും കഥ പറയുന്ന ചിത്രം പേരു പോലെ ഒരു പോസ്റ്റീവ് മ്യൂവിയാണ്. അണിയറയില്‍ സച്ചിന്‍ വാരിയര്‍(സംഗീതം), ആനന്ദ് സി. ചന്ദ്രന്‍(ക്യാമറ), അഭിനവ് സുന്ദര്‍ നായക്(എഡിറ്റിങ്) എന്നിവര്‍ അടങ്ങിയ യൂത്ത് ബ്രിഗേഡും ചിത്രത്തിനു കൂടുതല്‍ മിഴിവേകി. അരുണ്‍, റോഷന്‍, വിശാഖ്, തോമസ്, അന്നു, അനാര്‍ക്കലി, സിദ്ധി എന്നിവര്‍ക്കൊപ്പം ഡോക്ടര്‍ റോണിയുടെ ചാക്കോ മാഷും സ്‌ക്രീനില്‍ തകര്‍ത്ത് അഭിനയിച്ചു. നിവിന്‍ പോളിയുടെ അതിഥി വേഷമായിരുന്നു ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്.

കസബ

കന്നിയങ്കത്തില്‍ ചുവട് പിഴക്കാതെ നിതിന്‍ രണ്‍ജി പണിക്കര്‍ അണിയിച്ചൊരുക്കിയ മമ്മൂട്ടി മാസ് ചിത്രമായിരുന്നു കസബ. ആരാധകരെ പൂർണമായും തൃപ്തിപ്പെടുത്തിയ ചിത്രത്തിന്റെ തിരക്കഥയും നിതിൻ തന്നെയായിരുന്നു.

രാജൻ സക്കറിയ എന്ന പൊലീസ് ഉദ്യോഗസ്ഥനായി എത്തിയ മമ്മൂട്ടി വേറിട്ട അഭിനയശൈലിയിലൂടെ ആരാധകരെ കൈയിലെടുത്തു. സിദ്ദിഖ്, വരലക്ഷ്മി, സമ്പത്ത് എന്നിവരായിരുന്നു മറ്റുതാരങ്ങൾ.

മുദ്ദുഗൗ

സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷിനെ നായകനാക്കി വിപിൻ ദാസ് ഒരുക്കിയ കോമഡി ചിത്രമായിരുന്നു മുദ്ദുഗൗ. ഗോകുലിന്റെ അഭിനയപ്രകടനം മികച്ചു നിന്ന ചിത്രത്തില്‍ വിജയ് ബാബുവിന്റെ റാംബോ എന്ന വില്ലൻ േവഷവും ശ്രദ്ധനേടി.

കിസ്മത്ത് 

പൊതുസമൂഹത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത ഒരു സംഭവകഥക്കു ചലച്ചിത്രഭാഷ്യം ചമച്ചിരിക്കുകയാണ് ഷാനാവാസ് കെ. ബാവക്കുട്ടി. അദ്ദേഹം ഒരു ചലച്ചിത്ര പ്രവരത്തകന്‍ എന്നതില്‍ ഉപരിയായി കൃത്യമായ രാഷ്ട്രീയമുള്ള ഒരു പൊതു പ്രവര്‍ത്തകനാണ്. അതുകൊണ്ട് തന്നെ സിനിമയില്‍ കൃത്യമായ രാഷ്ട്രീയവും നിലപാടും അദ്ദേഹം പങ്കുവെക്കുന്നു. ഒരു പ്രണയചിത്രമായി കിസ്മത്തിനെ ചുരുക്കുന്നത് ഉചിതമല്ല മറിച്ച് ഭരണകൂട ഭീകരതക്കെതിരെയുള്ള ഒരു പ്രതിരോധമായി ആ സിനിമയെ വായിക്കുന്നതാകും നീതി. തനേക്കാള്‍ പ്രായത്തില്‍ മൂത്ത ദളിത് പെണ്‍കുട്ടിയെ പ്രണയിക്കുന്ന മുസ്ലീം യുവാവ് ഇതാണ് കിസ്മത്തിന്റെ കഥാ പശ്ചാത്തലം. ഇതര-സമുദായ പ്രണയം, ദളിതയും പ്രായത്തില്‍ മൂത്തതുമായ കാമുകി ഇവയൊക്കെ ഇപ്പോഴും നമ്മുടെ പൊതുബോധത്തില്‍ ഒട്ടേറെ സംശയങ്ങളും ചോദ്യങ്ങളും ഉയര്‍ത്താറുണ്ട്. ആ പൊതുബോധത്തെയാണ് സംവിധായകന്‍ പ്രശ്‌നവത്ക്കരിക്കുന്നത്. പി. ബാലചന്ദ്രന്റെ കഥാപാത്രം തന്നെ പോലീസ് വിട്ടയക്കുമ്പോള്‍ മകനോട് പറയുന്നത് നീ വന്നതു കൊണ്ടല്ല നായരായതു കൊണ്ടാണ് എന്ന് വിട്ടയച്ചതെന്നാണ്. 80 ശതമാനം രംഗങ്ങളും പോലീസ് സ്‌റ്റേഷനില്‍ തള്ളക്കപ്പെട്ടു പോയതൊരു ന്യൂനതായി പരിഗണിക്കാമെങ്കിലും കിസ്മത്ത് പങ്കുവെക്കുന്ന രാഷ്ട്രീയത്തിനു സമീപകാല കേരള സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഏറെ പ്രസക്തിയുണ്ട്. ഷൈന്‍ നിഗം, ശ്രുതി മേനോന്‍, വിനയ് ഫോര്‍ട്ട്, അലന്‍സിയര്‍ എന്നിവര്‍ ശ്രദ്ധേയമായ സാന്നിധ്യം അറിയിക്കുന്നു. നായകന്റെ ജാതിയും തൊലിയുടെ നിറവും നോക്കി നായികയാകാന്‍ ബുദ്ധിമുട്ടുണ്ടെന്നു പറഞ്ഞ നടികളെക്കുറിച്ചു കേട്ടിട്ടുണ്ട്. ദളിത് നായികയുടെ വേഷം ധീരമായി ഏറ്റെടുക്കുകയും മികവാര്‍ന്ന പ്രകടനം പുറത്ത് എടുക്കുകയും ചെയ്ത ശ്രുതി പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു.  റഫീക്ക് അഹമ്മദും അന്‍വര്‍ അലിയും ചേര്‍ന്നു എഴുതിയിരിക്കുന്ന ഗാനങ്ങളും ഏറെ ഹൃദ്യം. 

മനസ്സില്‍ മഷിയായ് ഉതിരും നിറമേ...

പ്രശസ്ത ഛായാഗ്രാഹകന്‍ സുജിത് വാസുദേവന്റെ ചലച്ചിത്ര പരീക്ഷണമായിരുന്നു ജെയിംസ് ആന്‍ഡ് ആലീസ്. പ്രണയിച്ചു വിവാഹിതരായ രണ്ടുപേര്‍ ഒന്നിച്ചു ജീവിച്ചു തുടങ്ങുമ്പോള്‍ അവര്‍ക്കിടയില്‍ ഉണ്ടാകുന്ന പ്രശ്‌നകളും ഈഗോയുമൊക്കെയാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നൂല്‍പാലത്തിലൂടെയുള്ള സഞ്ചാരമാണ് രണ്ടാം പകുതി പങ്കുവെക്കുന്നത്. പൃഥ്വിരാജിനും വേദികക്കും തുല്യമായ സ്‌ക്രീന്‍ സ്‌പേസ് നല്‍കുന്ന ചിത്രത്തില്‍ സായ്കുമാര്‍, സിജോയ് വര്‍ഗീസ്, പാര്‍വ്വതി നായര്‍, മഞ്ജു പിള്ള എന്നിവരും അവരവരുടെ വേഷങ്ങള്‍ ഭംഗിയാക്കുന്നു. ചിത്രത്തിന്റെ ക്യാമറ കാഴ്ചകള്‍ ഏറെ ഹൃദ്യമാണ്. ജെയിംസ് എന്ന നായക കഥാപാത്രം ചിത്രകാരനാണ്. ഒരു ചിത്രകാരന്റെ മനസോടെയാണ് ഛായാഗ്രഹാകന്‍ കൂടിയായ സംവിധായകന്‍ ഓരോ ഫ്രെയിമുകളും ധന്യമാക്കുന്നത്. ഗോപി സുന്ദറിന്റെ പാട്ടുകളും പശ്ചാത്തല സംഗീതവും ചിത്രത്തിനു തികവേകുന്നു.

© Copyright 2017 Manoramaonline. All rights reserved....
പാടി തീരാത്ത കഥകൾ ഇനിയുമുണ്ട്...
മമ്മൂട്ടിയുടെ ഫ്രണ്ട്; ദുൽഖറിന്റെയും!
എഴുത്തിന്റെ രസതന്ത്രം
വിനയജയസൂര്യ