മമ്മൂട്ടിയുടെ ഫ്രണ്ട്; ദുൽഖറിന്റെയും!

വിനോദ് നായർ

‘മമ്മൂട്ടി എന്റെ ഫ്രണ്ടാണ്. ദുൽഖർ സൽമാൻ എനിക്ക് ഫ്രണ്ടിന്റെ മകനല്ല. എന്റെ മക്കളുടെയും എന്റെയും ഫ്രണ്ടാണ്’ – ജോമോന്റെ സുവിശേഷങ്ങൾ എന്ന പുതിയ സിനിമയുടെ സെറ്റിൽ വച്ച് സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞു.
സത്യത്തിൽ ഇതാണ് സത്യം !
ഇന്നത്തെ ന്യൂജെൻ സംവിധായകർ വീടുകളിലെ പിള്ളേരുടെ സംവിധായകരാണ്. എന്നാൽ സത്യൻ ആ പിള്ളേരുടെയും അവരുടെ അച്ഛനമ്മമാരുടെയും അടുക്കളയിലെ സഹായിയായ ചേച്ചിയുടെയും വരെ പ്രിയസംവിധായകനാണ്. കുടുംബങ്ങളുടെ ക്ളോസ് ഫ്രണ്ട് !

ജോമോന്റെ കുടുംബത്തിൽ ആരൊക്കെയുണ്ട് ?
ജോമോൻ ഒരച്ഛന്റെ നാലു മക്കളിൽ ഇളയ ആളാണ്. അവനു പെങ്ങന്മാരും ചേട്ടന്മാരും അളിയനും അമ്മാവനും അമ്മായിയും ഒക്കെയുണ്ട്. ഒരു വ്യവസായ കുടുംബത്തിൽ കുറെ ബന്ധുക്കളുടെ ഇടയിൽ കഴിയുന്ന പയ്യനായി ദുൽഖർ സൽമാൻ അഭിനയിക്കുന്നു എന്നതാണ് ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമയുടെ പ്രത്യേകത.
ദുൽഖറിന്റെ ഫാദറും മോഹൻലാലും ജയറാമും ഒക്കെ അഭിനയിച്ചിട്ടുള്ള അവിസ്മരണീയമായ കഥാപാത്രങ്ങളുടെ കൂട്ടത്തിലുള്ള ഈ തലമുറയിലെ ഏറ്റവും പുതിയ കണ്ണിയാണ് ജോമോൻ എന്ന കഥാപാത്രം.
നല്ല പൈസയുള്ള തറവാട്ടിലാണ് ജോമോൻ ജനിച്ചത്. പഠിത്തം കംപ്ളീറ്റായിട്ടില്ല. വെറുതെ നിൽക്കുകയാണെന്നാണ് എല്ലാവരുടെയും വിചാരം. പക്ഷേ ഒരു നിമിഷം പോലും വെറുതെ നിൽക്കാൻ അവനു സമയം കിട്ടാറില്ല. ചേച്ചീടെ കുട്ടിയെ ഇൻജക്‌ഷൻ എടുക്കാൻ ആശുപത്രിയിൽകൊണ്ടു പോകണം, അനിയത്തിയുടെ കല്യാണത്തിന് ഓടണം... ഇങ്ങനെ എപ്പോഴും ഓട്ടമാണ്. പക്ഷേ ഇവന് പ്രത്യേകിച്ച് ഒരു പണിയുമില്ല എന്ന് എല്ലാവരും പറയുകയും ചെയ്യും. അങ്ങനെയുള്ള ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലെ ഹ്യൂമറും സെന്റിമെന്റ്സുമാണ് ഈ സിനിമയുടെ വിഷയം. അഗാധമായി സ്നേഹിക്കുന്ന അച്ഛനും മകനും. അവർക്കിടയിലെ സെന്റിമെന്റ്സും കോമഡിയും. ഇത് ദുൽഖർ സൽമാനെ സംബന്ധിച്ചിടത്തോളം പുതിയ റൂട്ടാണ്.
കുടുംബങ്ങളിലെ ഇളയ മകന്റെ ജീവിതം വലിയ പുലിവാലാണ്. എല്ലാവർക്കും ഉപദേശിക്കാനുള്ള ആയുധമാണ് അവൻ..!

സത്യൻ അന്തിക്കാടും വീട്ടിലെ ഇളയമകനായിരുന്നു. അതിന്റെ പുലിവാലുകൾ അനുഭവിച്ചിട്ടുണ്ടാവുമല്ലോ ?

ഞാനും വീട്ടിലെ ഇളയമകനായിരുന്നു. പഠിപ്പിലൊന്നും മിടുക്കനല്ലാത്ത ഇളയമകൻ. വരുന്നവർക്കും പോകുന്നവർക്കും ഉപദേശിക്കാനുള്ള ആളായിട്ട് മാറുന്ന അനുഭവമൊക്കെ എനിക്കും ഉണ്ടായിട്ടുണ്ട്. അതൊക്കെ ഈ സിനിമയിലും ഉപയോഗിച്ചിട്ടുണ്ട്.
ഞാനും ജോമോനും ആർഭാടത്തിന്റെ ആളുകളായിരുന്നു..
ജോമോൻ സമ്പന്നനാണ്. അപ്പനെ മണിയടിച്ച് ഒരു ബൈക്ക് വാങ്ങാനുള്ള സമ്മതം കിട്ടിയാൽ ജോമോൻ വാങ്ങിക്കുക 18 ലക്ഷം രൂപയുടെ ബൈക്കാണ് !
അതേ സമയം എന്റെ അച്ഛനെ ഞാൻ മണിയടിച്ചത് വിഷുവിനു പടക്കം വാങ്ങാനുള്ള പൈസയ്ക്കു വേണ്ടിയാണ്. അവസാനം കിട്ടുന്നത് അ‍ഞ്ചുരൂപയാണ്. അന്ന് ആ അഞ്ചുരൂപയ്ക്കു മുഴുവൻ പടക്കം വാങ്ങിച്ചതാണ് എന്റെ ആർഭാടം ! ഇതാണ് ഞങ്ങൾ തമ്മിലുള്ള സമാനത.
ഞാൻ 19–ാംവയസ്സിൽ വീടുവിട്ട് സിനിമയിലേക്ക് പോയി. അങ്ങനെയാണ് ഞാൻ ഇതിൽ നിന്നു രക്ഷപ്പെട്ടത്. ജോമോൻ രക്ഷപ്പെട്ടോ ഇല്ലയോ എന്നത് ഈ സിനിമയുടെ സസ്പെൻസ്. അതു ഞാൻ പറയില്ല.

ദുൽഖറെ നായകനാക്കി ആദ്യത്തെ സിനിമയാണല്ലോ ? എങ്ങനെയുണ്ട് ദുൽഖർ ?

എസ്. കുമാറാണ് ജോമോന്റെ സുവിശേഷങ്ങളുടെ ക്യാമറാമാൻ. ക്യാമറയിലൂടെ ദുൽഖറെ കണ്ട കുമാർ പറഞ്ഞു... അച്ഛനും മകനും തമ്മിലുള്ള സീനുകൾ എന്തു രസമായിട്ടാണ് ദുൽഖർ ചെയ്യുന്നത്.
അതിനു രണ്ടു കാരണങ്ങളുണ്ടെന്ന് എനിക്കു തോന്നി. ഒന്ന് ഇതിന്റെ തിരക്കഥ എഴുതിയത് ഡോ. ഇക്ബാൽ കുറ്റിപ്പുറമാണ്.
ഇക്ബാലിന്റെ പിതാവ് ഡോ. മുഹമ്മദാലി അറിയപ്പെടുന്ന ഹോമിയോ ഡോക്ടറായിരുന്നു. ഇന്ത്യൻ പ്രണയകഥ എഴുതാൻ തുടങ്ങിയപ്പോൾ മുതൽ ഇക്ബാലും പിതാവും തമ്മിലുള്ള ബന്ധം എനിക്ക് അടുത്തറിയാം. ജോമോന്റെ തിരക്കഥ ഇക്ബാൽ എഴുതുന്നതിനിടയിലായിരുന്നു പിതാവിന്റെ മരണം. ആ ഒരു മാസം ഒന്നും എഴുതാൻ പറ്റാത്ത അവസ്ഥയിലായിരുന്നു ഇക്ബാൽ. ആ അച്ഛനും മകനും തമ്മിലുള്ള ആ ആത്മബന്ധം ഈ സിനിമയിൽ പ്രതിഫലിച്ചിട്ടുണ്ടാകും.
പിന്നെ, അച്ഛനെ ഏറ്റവും അധികം സ്നേഹിക്കുന്ന മകനാണ് ദുൽഖർ. വാപ്പച്ചി എന്ന വ്യക്തി അയാൾക്കു വലിയ വീക്നെസ് ആണ്. ഈ സിനിമയിൽ അപ്പനും മകനും തമ്മിലുള്ള ബന്ധം ഇത്ര മനോഹരമായി ചെയ്യാൻ സാധിച്ചത് മമ്മൂട്ടിയും ദുൽഖറും തമ്മിലുള്ള വ്യക്തിബന്ധത്തിന്റെ തീവ്രത കൊണ്ടായിരിക്കാം.
ഷൂട്ടിങ്ങിനിടെ ദുൽഖറിനോട് ഞാൻ മമ്മൂട്ടിയെപ്പറ്റി ചോദിക്കാറുണ്ടായിരുന്നു..
അപ്പോൾ ദുൽഖർ പറയും.. വാപ്പച്ചി നാട്ടിലുണ്ട്. അൽപം മുമ്പ് വിളിച്ചിരുന്നു...
ഷൂട്ടിങ് തീർന്നാലുടൻ ഞാൻ പോയിട്ട് അതിരാവിലെ വരാം എന്നു പറഞ്ഞ് വീട്ടിലേക്ക് ഓടുന്ന കുട്ടിയാണ് ദുൽഖർ. അതിനു കാരണം ഇതാണ്.. വാപ്പച്ചി വീട്ടിലുണ്ട്... !

വാപ്പച്ചിയാണോ മകനാണോ അഭിനയത്തിൽ മിടുക്കൻ ?

മമ്മൂട്ടിയെ നായകനാക്കി കളിക്കളം, ഗോളാന്തരവാർത്ത, ശ്രീധരന്റെ തിരുമുറിവ്, ഒരാൾ മാത്രം, അർഥം ഇങ്ങനെ കുറെ സിനിമകൾ ഞാൻ സംവിധാനം ചെയ്തിട്ടുണ്ട്. മമ്മൂട്ടിയെയും ദുൽഖറിനെയും താരതമ്യം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. രണ്ടുപേരും രണ്ട് അഭിനേതാക്കളാണ്. ഒരാളുടെ അഭിനയം നല്ലതെന്നോ മറ്റൊരാളുടെ മോശമെന്നോ പറയാൻ പറ്റില്ല.
കഥാപാത്രമായി മാറാൻ മമ്മൂട്ടിയും ദുൽഖറും എടുക്കുന്ന പരിശ്രമം ഒരുപോലെയാണെന്ന് തോന്നിയിട്ടുണ്ട്. ഇതുമാത്രമേയുള്ളൂ ഇവർ തമ്മിലുള്ള സാമ്യം.
മമ്മൂട്ടിയുടെയും ദുൽഖറുടെയും പെർഫോമൻസ് രണ്ടുതരത്തിലാണ്.
ഏറ്റവും സിംപിളായി, നമ്മൾ സാധാരണ പെരുമാറുന്ന തരത്തിൽ, അഭിനയിക്കുന്നു എന്ന തോന്നലുണ്ടാകാതെ ബിഹേവ് ചെയ്യുന്നതാണ് ദുൽഖറിന്റെ രീതി.
മമ്മൂട്ടി ഒരു സീൻ വളരെ ഗഹനമായി പഠിച്ചിട്ട് അത് വളരെ ഭംഗിയായി എങ്ങനെ പ്രസന്റ് ചെയ്യാം എന്ന് പ്ളാൻ ചെയ്തിട്ട് അവതരിപ്പിക്കുന്നയാളാണ്. അതിന്റെ ഗുണങ്ങളും ഒരുപാടുണ്ട്.

ഇക്കാര്യം കഥകൾ ചേർത്തു പറയാമോ?

ശബ്ദങ്ങളുടെ അധിപനാണ് മമ്മൂട്ടി. വടക്കൻ വീരഗാഥയിലെ സംഭാഷണങ്ങൾ കാൽ നൂറ്റാണ്ടിനു ശേഷവും ആളുകൾ ഏറ്റു പറയുന്നത് മമ്മൂട്ടിയുടെ അതവരണ ഭംഗികൊണ്ടാണ്. അതിന് മമ്മൂട്ടി എടുക്കുന്ന ഹോംവർക് ഞാൻ നേരിട്ടുകണ്ടിട്ടുണ്ട്.
ഞാനൊരിക്കൽ മമ്മൂട്ടിയുടെ ഒപ്പം കാറിൽ തൃശൂർക്കു പോകുകയാണ്. പഴയ കഥയാണ്. മമ്മൂട്ടി അന്ന് പി.ജി. വിശ്വംഭരന്റെ സിനിമയിൽ അഭിനയിക്കുന്നു. അതിന്റെ ഷൂട്ടിങ് തൃശൂരിലാണ്.
മമ്മൂട്ടിയാണ് ഡ്രൈവ് ചെയ്യുന്നത്. നല്ല സൗകര്യങ്ങളുള്ള വണ്ടി. ഞാൻ പറഞ്ഞു.. സ്പീഡ് കുറച്ചു മതി.. എനിക്കു പേടിയുണ്ട്.
യാത്രയ്ക്കിടെ മമ്മൂട്ടി ഒരു കസെറ്റ് എടുത്തു. അന്ന് സിഡിയൊന്നും ഇല്ല, കസെറ്റ് മാത്രം.
മമ്മൂട്ടി പറഞ്ഞു. ഞാൻ വടക്കൻ വീരഗാഥ എന്നൊരു സിനിമ ചെയ്യാൻ പോകുകയാണ്. ആചാര്യനാണ് അതിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.
ആചാര്യൻ എന്നുവച്ചാൽ സാക്ഷാൽ എംടി.
മമ്മൂട്ടി പറഞ്ഞു.. അതിലെ സംഭാഷണങ്ങൾ‌ സാധാരണ സിനിമയിലെപ്പോലെ അവതരിപ്പിച്ചാൽ പോരാ എന്നൊരു തോന്നൽ. അതുകൊണ്ട് എന്റെ ഡയലോഗുകൾ എംടിയെക്കൊണ്ട് വായിപ്പിച്ച് റെക്കോർഡ് ചെയ്തു.
കാറിനൊപ്പം കസെറ്റും ഓടാൻ തുടങ്ങി. സൗഭദ്രം പോലുള്ള വാൾ, പിന്നെ എന്തൊക്കെ പാണന്മാർ പാടുന്നുണ്ട് നിങ്ങളുടെ നാട്ടിൽ, എനിക്കു പിറക്കാതെ പോയ മകനാണല്ലോ, ഉണ്ണീ, നീ.. ഇങ്ങനെ എംടി എഴുതിയ ഡയലോഗുകൾ എംടിയുടെ ശബ്ദത്തിൽ കേൾക്കാൻ തുടങ്ങി.
കഥാപാത്രത്തിന്റെ ശബ്ദം എഴുത്തുകാരനിലൂടെ കേട്ട് മനസ്സിലേക്ക് ആവാഹിക്കുകയായിരുന്നു മമ്മൂട്ടി. ഇതാണ് സിനിമയോടുള്ള മമ്മൂട്ടിയുടെ കമിറ്റ്മെന്റ്.
ഇതുപോലെ തന്നെയാണ് ദുൽഖർ സൽമാനും.
ഷൂട്ടിങ് തുടങ്ങുന്നതിന്റെ തലേ ദിവസം ദുൽഖറിന് ജോമോന്റെ സുവിശേഷങ്ങളുടെ തിരക്കഥ വായിച്ചുകൊടുത്തിരുന്നു. ആ തിരക്കഥയിൽ നിന്ന് സ്വന്തം സീനുകൾ മുഴുവൻ ദുൽഖർ എഴുതി വാങ്ങിച്ചു. പിറ്റേന്ന് ചിത്രീകരിക്കാൻ പോകുന്ന സീനിന്റെ നമ്പർ പറഞ്ഞാൽ മതി. രാത്രിയിൽ ഇരുന്ന് ഡയലോഗുകൾ പഠിച്ചിട്ടാണ് രാവിലെ സെറ്റിൽ വരുന്നത്. ഒരു ടെൻഷനുമില്ല ദുൽഖറിന്. ഒടുവിൽ ഉണ്ണിക്കൃഷ്ണനെപ്പോലെയുള്ള വലിയ നടന്മാർ ഇങ്ങനെ ചെയ്യുന്നത് കണ്ടിട്ടുണ്ട്.
മമ്മൂട്ടിയും മകനും തമ്മിൽ അഭിനയത്തിന്റെ കാര്യത്തിൽ താരതമ്യം ചെയ്യാൻ പറ്റില്ല. പക്ഷേ കഥാപാത്രങ്ങളോടുള്ള ആത്മാർഥതയിൽ രണ്ടാളും ഒരുപോലെയാണ്. ഇതാണ് അവർ തമ്മിലുള്ള താരതമ്യം.
ഷൂട്ടിങ് തുടങ്ങി നാലാം ദിവസം ഞാൻ മമ്മൂട്ടിയെ വിളിച്ചു പറഞ്ഞു: ദുൽഖർ സിനിമാ നടനാവാൻ വേണ്ടി ജനിച്ചവനാണ് !

അതുകേട്ടപ്പോൾ എന്തായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം ?

മമ്മൂട്ടി എന്തു പറഞ്ഞെന്ന് ഞാൻ പറയില്ല. പകരം ഇന്നസെന്റ് പറഞ്ഞത് പറയാം.
ഇന്നസെന്റ് ദുൽഖറിനെപ്പറ്റി എന്നോടു പറഞ്ഞത് ഇതാണ്.. ദുൽഖറിന് അവന്റെ അമ്മയുടെ എല്ലാ ക്വാളിറ്റീസും കിട്ടിയിട്ടുണ്ട്.
ഇത് ഇന്നസെന്റ് മമ്മൂട്ടിയോടും പറഞ്ഞിട്ടുണ്ട്.
അതായത് ഇത്രയും കാലം ഒന്നാം നമ്പറായി നിലനിന്നുകൊണ്ടിരിക്കുന്ന ഒരു സൂപ്പർ താരത്തിന്റെ ഭാര്യയായിട്ടും ഒരു വിവാദശബ്ദം പോലും മമ്മൂട്ടിയുടെ ഭാര്യ ഉണ്ടാക്കിയിട്ടില്ല. അവരുടെ മകനല്ലേ ദുൽഖർ! ഇന്നസെന്റിന്റെ കണ്ടുപിടിത്തം സത്യമാണെന്ന് എനിക്കു തോന്നി. മമ്മൂട്ടിയുടെയും ഭാര്യ സുലുവിന്റെയും എല്ലാ ക്വാളിറ്റീസും കിട്ടിയിട്ടുള്ള മകൻ തന്നെയാണ് ദുൽഖർ.

ഒരു വർഷം ഒരു സിനിമ. ബാക്കി കൂടുതൽ സമയവും അന്തിക്കാട്ടെ വീട്ടിൽത്തന്നെ.. വീടിനോട് എന്താണ് ഇത്ര അടുപ്പം ?

രണ്ടുമാസമായി ജോമോന്റെ സുവിശേഷങ്ങളുടെ ഷൂട്ടിങ്ങുമായി ഞാൻ ജോലിയിലായിരുന്നല്ലോ. ഇതു കഴിഞ്ഞ് ഒരു ദിവസം ഇടവേള കിട്ടിയപ്പോൾ അന്തിക്കാട്ടെ വീട്ടിലെത്തി.
ദുൽഖർ, ഐശ്വര്യാ രാജേഷ്, മുകേഷ്, ഇന്നസെന്റ് തുടങ്ങിയ വലിയ താരങ്ങളോടൊപ്പം ജോലി ചെയ്തതിന്റെ ഗമയുമായാണ് വീട്ടിലേക്കു കയറിച്ചെല്ലുന്നത്.
എന്നെ കണ്ടതോടെ ഭാര്യ നിമ്മി പറഞ്ഞു.. പറമ്പു നനയ്ക്കാനുണ്ട്, മഴ പെയ്തിട്ട് കുറെ ദിവസമായി.
രാവിലെ പുട്ടും കടലയും കഴിച്ചിട്ട് കൈലിയുമുടുത്ത് തൂമ്പയെടുത്ത് പറമ്പിലിറങ്ങി കിളയ്ക്കാനും നനയ്ക്കാനും തുടങ്ങിയപ്പോൾ എനിക്ക് തോന്നി, ഇന്നലെ വരെ താരങ്ങൾക്കു നടുവിൽ നിന്ന സംവിധായകൻ വേറെ, പറമ്പിൽ പണി ചെയ്യുന്ന ഈ ഞാൻ വേറെ.
വൈകിട്ട് മക്കൾ വിളിച്ചപ്പോൾ ഞാൻ പറഞ്ഞു.. രജനികാന്ത് ഒരു സിനിമ കഴിയുമ്പോൾ ആ പരിവേഷം എടുത്തുകളയാൻ ഹിമാലയത്തിൽ പോകുമെന്ന് കേട്ടിട്ടുണ്ട്. ചെരുപ്പിടാതെ, ആരാലും തിരിച്ചറിയപ്പെടാതെ രജനി ആൾക്കൂട്ടങ്ങളിലൂടെ നടക്കും. എപ്പോഴെങ്കിലും അഹങ്കാരം കൂടിയാൽ നമ്മൾക്ക് ഒരു ഹിമാലയത്തിലും പോകേണ്ട. അന്തിക്കാട്ട് നിങ്ങളുടെ അമ്മയുടെ അടുത്തേക്കു വന്നാൽ മതി !
നമ്മൾ ആരുമല്ലെന്ന് തിരിച്ചറിയിക്കുന്ന ഒരു അന്തരീക്ഷം അന്തിക്കാട്ടുണ്ട്.

സിനിമയുടെ ആർഭാടവും തിളക്കവും നിറങ്ങളും ഇല്ലാതെ സത്യനെ പച്ചപ്പിൽ പൊതിഞ്ഞു നിർത്തുന്നത് നിമ്മിയാണ്. സത്യന്റെ ജീവിതത്തിലെ അന്തിക്കാടാണോ ഭാര്യ നിമ്മി ?

നിമ്മി ഒരു സിനിമാ സംവിധായകനെയല്ല വിവാഹം കഴിച്ചത്. എന്റെ ജീവനോപാധിയായി മാത്രമായേ എന്റെ ഭാര്യ സിനിമയെ കണ്ടിട്ടുള്ളൂ. ഞാനൊരു കോളജിലോ ബാങ്കിലോ പഞ്ചായത്ത് ഓഫിസിലോ ജോലി ചെയ്തിരുന്നെങ്കിൽ‌ വരാവുന്നതിനപ്പുറമുള്ള സെലിബ്രിറ്റി ഇമേജിലേക്ക് എന്റെ ഭാര്യ പോയിട്ടേയില്ല. അപ്പോൾ നിമ്മിയുടെ അരികിലെത്തുമ്പോൾ ആ ചെറിയ ജീവിതവ‍ൃത്തത്തിലേക്ക് ഞാനും ചേരും.
എപ്പോഴെങ്കിലും ഞാൻ സ്വയം പുകഴ്ത്തുകയോ അബദ്ധങ്ങൾ പറയുകയോ ചെയ്താൽ ഉടനെ തിരുത്താറുണ്ട് നിമ്മി. അതു തന്നെയാണ് എന്റെ ജീവിതത്തിൽ അവളുടെ സ്വാധീനം. സിനിമ എന്ന ലോകത്തേക്ക് എന്നെ സ്വതന്ത്രനായി വിടുന്നു എന്നതാണ് ഭാര്യ എനിക്കു നൽകുന്ന സൗജന്യം. സിനിമയുടേത് എന്ന് പരക്കെ പറയപ്പെട്ടിട്ടുള്ള ദുശീലങ്ങളിലേക്ക് ഞാൻ കടന്നിട്ടില്ല എന്നതു ഞാൻ അവൾക്കു തിരിച്ചു കൊടുക്കുന്ന സമ്മാനവും..

ഇളയമകനാകുമ്പോൾ അമ്മയെപ്പറ്റി പറയാൻ ഒരുപാടു കഥകളുണ്ടാവില്ലേ.. ?

അമ്മ പോലും അറിയാതെ ഞാൻ ഒബ്സർവ് ചെയ്തിട്ടുള്ള കുറെ കാര്യങ്ങളാണ് എന്റെ ജീവിതത്തിൽ അമ്മയുടെ സ്വാധീനം.
തൃശൂർ ടൗണിലാണ് അമ്മ ജനിച്ചത്. അമ്മയുടെ വീട്ടുപേരും അന്തിക്കാട് എന്നായിരുന്നു ! അന്തിക്കാട് വീട്ടിൽ ജനിച്ച കല്യാണിയെ അന്തിക്കാട്ടേക്ക് കല്യാണം കഴിച്ചു കൊണ്ടുവന്നു എന്നു പറയാം. നാട്ടിൻപുറത്തുകാരിയായി കൃഷിയും ഒക്കെയായി ജീവിക്കുമ്പോഴും നഗരത്തിന്റെ ഒരു വിശാല സംസ്കാരം അമ്മയ്ക്കുണ്ടായിരുന്നു.
എന്നെ സ്വാധീനിച്ചിട്ടുള്ളത് അമ്മയുടെ ധൈര്യമാണ്.

അതൊരു കഥയാണ്. കർക്കിടകമാസത്തിലെ ഒരു രാത്രി. കോരിച്ചൊരിയുന്ന മഴ. സത്യന്റെ അമ്മയും ചെറിയ കുട്ടികളും മാത്രമേ വീട്ടിലുള്ളൂ. അച്ഛൻ‌ വന്നിട്ടില്ല. കഥയുടെ ബാക്കി സത്യൻ പറയും...

അന്തിക്കാട്ടെ ഒരു ചെറിയ ഓലപ്പുരയിലാണ് അന്ന് താമസം.
ചേട്ടനും ചേച്ചിമാരുമൊക്കെ കൊച്ചുകുട്ടികളാണ്. അവർ ഉറക്കത്തിലായിരുന്നതുകൊണ്ട് ഈ സംഭവം കണ്ടിട്ടില്ല. ഞാൻ അന്നു ജനിച്ചിട്ടില്ല. അതുകൊണ്ട് ഞാനും ഈ സംഭവം കണ്ടിട്ടില്ല.
അമ്മ പറഞ്ഞുള്ള ഓർമയാണ്.
നല്ല മഴയുള്ള ഒരു രാത്രിയിൽ അടുക്കള വാതിലിൽ ആരോ തട്ടുന്ന ശബ്ദം കേട്ടു.
അച്ഛൻ ബസ് കണ്ടക്ടറാണ്. രാത്രി പത്തുമണി കഴിയും വരാൻ. വാതിലിൽ ആരോ ശക്തിയായി മുട്ടുകയാണ്.
അന്നത്തെ അന്തിക്കാട് ഇന്നത്തെക്കാൾ വിശാലമാണ്. അടുത്തൊന്നും വീടുകളില്ല. കറന്റും ഫോണും ഒന്നും വന്നിട്ടില്ല.
ഒരു സാധാരണ സ്ത്രീ വല്ലാതെ പേടിക്കുന്ന അവസരമാണത്.
അടുക്കളുടെ വാതിലിന് വലിയ അടച്ചുറപ്പില്ല. നല്ലവണ്ണം തള്ളിയാൽ തുറന്നുപോകും. അതും അമ്മയ്ക്കറിയാം. അകത്തു നിന്ന് വാതിൽ അമർത്തിപ്പിടിക്കാമെന്നു വച്ചാൽ അകത്ത് ആളുള്ള കാര്യം പുറത്തറിയും.
പേടിച്ചിരുന്നിട്ടു കാര്യമില്ല. നേരിടാതെ വേറെ വഴിയില്ല. അമ്മ ഒരു വെട്ടുകത്തിയുമായി പിന്നാമ്പുറത്തെ വാതിൽ തുറന്ന് പുറത്തിറങ്ങി. മഴയത്ത് വാഴകളുടെ മറവു പറ്റി പതുങ്ങിച്ചെന്ന് നോക്കി. നനഞ്ഞൊലിച്ച ഒരു നായ വന്ന് അടുക്കളയുടെ വാതിലിൽ ഇടിക്കുകയാണ്.
അമ്മ പിന്നീട് പറയാറുണ്ട്, അന്ന് ഞാൻ പേടിച്ച് മുറിക്കുള്ളിൽ ഇരുന്നെങ്കിൽ ആരോ വന്ന് വാതിലിൽ തട്ടിയതാണെന്ന് ജീവിതകാലം മുഴുവൻ ഞാൻ തെറ്റിദ്ധരിച്ചേനെ. പേടിയൊക്കെ ഒരു പരിധി വരെയേ ആകാവൂ..

ഈ അമ്മയുടെ മകനായ സത്യൻ വലിയ ധൈര്യശാലിയായോ ? ഇല്ലല്ലോ. ഇരുട്ടിനെ ഇപ്പോഴും പേടിയാണല്ലോ സത്യൻ അന്തിക്കാടിന്..

നല്ല പേടിയുള്ള ആളാണ് ഞാൻ. രാത്രിയിൽ വീട്ടിലെ ഗേറ്റ് അടയ്ക്കാൻ പോകുമ്പോൾ പലപ്പോഴും നിമ്മി കൂടെ വരാറുണ്ട്, എനിക്ക് ധൈര്യത്തിന്.
പണ്ട് ഞാനും ശ്രീനിവാസനും ചേർന്ന് മോഹൻലാലിനെ നായകനാക്കി തുടർച്ചയായി ചിത്രങ്ങൾ എടുത്തിരുന്ന കാലം. ലാൽ സൂപ്പർ സ്റ്റാറായി. വലിയ തിരക്കായി. അന്ന് ലാലിന്റെ ഡേറ്റിനു വേണ്ടി എനിക്കു വേണമെങ്കിൽ പിന്നാലെ നടക്കാം. കിട്ടുന്നതു വരെ കാത്തിരിക്കാം.
പക്ഷേ ഞാൻ ആലോചിച്ചത് ഇതിനെ എങ്ങനെ നേരിടാം എന്നാണ്. മോഹൻലാലിനു വേണ്ടിയുള്ള കഥകളാണ് ഞാനും ശ്രീനിയും അതുവരെ ആലോചിച്ചിരുന്നത്. ലാലിനു വേണ്ടിയുള്ള കഥകൾ മറ്റൊരു നടനെ വച്ച് ചെയ്യിക്കാൻ പറ്റില്ല. അതോടെ മോഹൻലാൽ ചെയ്യേണ്ടാത്ത കഥകൾ തേടിപ്പോകാൻ തുടങ്ങി. അങ്ങനെ പൊന്മുട്ടയിടുന്ന താറാവും സന്ദേശവും തലയണമന്ത്രവുമുണ്ടായി. ഈ സിനിമകളിലൊന്നും ലാലിനു റോളില്ല. അല്ലെങ്കിൽ അവയൊന്നും ലാൽ ചെയ്യേണ്ട റോളുകളല്ല.
പ്രതിസന്ധി വരുമ്പോൾ ഒളിച്ചോടാതെ മഴയത്തിറങ്ങുക എന്ന പോസിറ്റീവ് ചിന്ത തന്നത് അമ്മയായിരിക്കും.
മഴയത്ത് ഇറങ്ങരുതെന്ന ചിന്തയും അമ്മ തന്നിട്ടുണ്ട് !
ഞങ്ങൾക്ക് കോൾ പാടങ്ങളിൽ കൃഷിയുണ്ട്. നെല്ല് കതിരിട്ടു നിൽക്കുന്ന സമയത്ത് രാത്രിയിൽ പെട്ടെന്ന് പെരുമഴ പെയ്യും. അതോടെ എല്ലാവരും ബേജാറായി തിണ്ണയിൽ വന്നു നിൽക്കും. രാത്രിയിൽത്തന്നെ പാടത്തു പോകണം. മടകെട്ടണം എന്നൊക്കെ പറയും.
അമ്മ കൂളായി പറയും. മഴ പെയ്യട്ടെ, നാളെ രാവിലെ സൂര്യനുദിക്കുമ്പോൾ‌ പോയി നോക്കാം. വല്ലതും ബാക്കിയുണ്ടെങ്കിൽ നമ്മൾക്ക് കൊയ്തെടുക്കാം. പ്രകൃതിയെ പിടിച്ചു നിർത്താൻ പറ്റില്ലല്ലോ !
അതായിരുന്നു അമ്മ.
ഇളയ മകനായിരുന്നല്ലോ ഞാൻ. ഒന്നാം ക്ളാസിൽ ചേർന്നിട്ടും മുല കുടി നിർത്തിയിരുന്നില്ല. സ്കൂളിൽ നിന്നു തിരിച്ചു വന്നാലുടനെ ഞാൻ ഓടിപ്പോയി മുല കുടിക്കുമായിരുന്നു. അന്ന് അതിന് കുറെ അടി കൊണ്ടിട്ടുള്ളതാണ്.
ഊണു കഴിക്കുമ്പോൾ അമ്മയുടെ ഉരുളയ്ക്കു വേണ്ടി അടുത്തു ചെന്നിരിക്കും. ഉരുള ഉരുട്ടി മീൻപൊരിച്ചതിന്റെ ഒരു കഷണം അതിന്റെ ഉള്ളിൽ വച്ച് തരും. അമ്മയുടെ വാൽസല്യം ഒരുപാട് അനുഭവിച്ചിട്ടുണ്ട്.
ഒടുവിൽ പ്രായമായി അമ്മയ്ക്കു സുഖമില്ലാതായപ്പോൾ ഞാനും എന്റെ ഭാര്യയും എത്രയോ കാലം കിടന്നിരുന്നത് വീട്ടിലെ ഡ്രോയിങ് റൂമിലാണ്. അമ്മയുടെ മുറിയുടെ തൊട്ടുപുറത്താണ് ഡ്രോയിങ് റൂം. അമ്മ ഒന്നു വിളിച്ചാൽ കേൾക്കാം.

ഡൽഹിയിലെ ഒരു ഹോട്ടലിൽ സത്യൻ ടവ്വൽ അലക്കാൻ കൊടുത്ത കഥയുണ്ട്. സ്റ്റാർ‌ ഹോട്ടലാണ്. ഒരു ടവ്വലിന് ഹോട്ടലിലെ വാഷിങ് ചാർജ് 25 രൂപ. സത്യന്റെ കൈയിലുള്ള തൂവാലകളെല്ലാം ഭാര്യ നിമ്മി തൃശൂരിലെ നെയ്ത്തുശാലയിൽ നിന്നു ലാഭത്തിൽ വാങ്ങുന്നതാണ്. ഒരെണ്ണത്തിന് വില അഞ്ചു രൂപ. ഹോട്ടലിൽ നിന്ന് സത്യൻ നിമ്മിയെ വിളിച്ചു പറഞ്ഞു... ഓരോ ദിവസവും ഓരോ പുതിയ ടവ്വൽ ഉപയോഗിക്കുന്നതാണ് നിമ്മീ ലാഭം. അന്തിക്കാട്ട് വന്നിട്ട് എല്ലാം കൂടി അലക്കാം.
ഇത്തരം ഒരു സാധാരണത്തമുണ്ട് സത്യൻ അന്തിക്കാടിന്റെ ജീവിതത്തിൽ..

ശരിയാണ്. എന്റെ ജ്യേഷ്ഠനോ അയൽവക്കത്തുള്ള ഒരാളോ ജീവിക്കുന്നതിൽ നിന്ന് വലിയ വ്യത്യാസത്തിൽ ഞാൻ ജീവിക്കുന്നില്ല. കുറച്ച് സൗകര്യങ്ങൾ അധികമുണ്ടാകും എന്നല്ലാതെ എനിക്ക് വലിയ മാറ്റങ്ങൾ വന്നിട്ടില്ല. രാത്രി കുറച്ചു കഞ്ഞിയും ചമ്മന്തിയും കിട്ടുന്നതാണ് എന്റെ ഹാപ്പിനെസ്. അത് എന്റെ സിംപ്ളിസിറ്റിയല്ല. എന്റെ ജീവിതത്തിലെ ഇഷ്ടങ്ങളാണ്. ലാളിത്യമെന്നത് ഞാൻ ബോധപൂർവം ഉണ്ടാക്കുന്നതല്ല.
അമിതാഭ് ബച്ചൻ ജീവിക്കുന്ന അതേ സന്തോഷത്തോടെ തന്നെയാണ് ഞാനും ജീവിക്കുന്നത്.

നാട്ടിലെ കിണറുകളിൽ ഏതു വേനൽ വന്നാലും കോരിയെടുക്കാൻ കുറച്ചു വെള്ളം ബാക്കിയുണ്ടാവാറുണ്ട്. സത്യന്റെ സിനിമകളും ഇതുപോലെയാണ്. എല്ലാം കുടുംബത്തിൽ നിന്നുള്ള കഥകൾ. തറവാട്ടുമുറ്റത്തെ കിണറ്റിൽ ഇനിയും കഥകൾ ബാക്കിയുണ്ടോ ?

ഈ സംശയം ഓരോ കുടുംബ സിനിമയെടുക്കുമ്പോഴും എനിക്കും ശ്രീനിവാസനും തോന്നാറുണ്ടായിരുന്നു. ഞാനും ശ്രീനിയും കൂടി 18 സിനിമകൾ ചെയ്തിട്ടുണ്ട്. എല്ലാം കുടുംബത്തിലെ കഥകൾ തന്നെ. പൊളിറ്റിക്കൽ സറ്റയർ എന്നു പറയുന്ന സന്ദേശം പോലും ഫാമിലി മൂവിയാണ്. ഒരു വീട്ടിൽ രണ്ടു രാഷ്ട്രീയ പാർട്ടിയിലുള്ള മക്കളുണ്ടായാലുള്ള കഥയാണ് അത്.
ഓരോ സിനിമയ്ക്കു വേണ്ടിയും നമ്മളുടെ ഓർമയിലുള്ള എല്ലാ കുടുംബകഥകളും ചേർക്കും. കണ്ടിട്ടുള്ള എല്ലാ ചേച്ചിമാരുടെയും അളിയന്മാരുടെയും സ്വഭാവവിശേഷങ്ങൾ ഉൾപ്പെടുത്തും. അങ്ങനെ ഓരോ സിനിമയും ചെയ്തുതീരുമ്പോൾ ഞങ്ങൾക്കു തോന്നും, അറിയാവുന്ന എല്ലാം കുടുംബകാര്യങ്ങളും ഈ സിനിമയിൽ ചേർത്തു കഴിഞ്ഞു. കുടുംബത്തിൽ ഇനി കഥയില്ലാണ്ടായി.
അടുത്ത സിനിമയ്ക്കു വേണ്ടി ആലോചിക്കുമ്പോൾ എവിടെ നിന്നോ വേറൊരു വിഷയം മനസ്സിൽ കേറി വരും. മിശ്രവിവാഹിതരായ ദമ്പതികളുടെ പ്രശ്നങ്ങൾ. ഒരു ക്രിസ്ത്യാനി പയ്യൻ ബ്രാഹ്മണ പെൺകുട്ടിയെ വിവാഹം കഴിച്ച് വീട്ടിൽ കൊണ്ടു വരുമ്പോൾ ഉള്ള പുകിലുകളെപ്പറ്റി ആലോചിച്ചു തുടങ്ങുമ്പോൾ അതിൽ ഒരു പുതിയ കുടുംബം വരികയാണ്.
കുടുംബബന്ധങ്ങളുടെ കഥകൾ അവസാനിക്കാത്തത് നമ്മൾ കുടുംബങ്ങളിൽത്തന്നെ ജീവിക്കുന്നതുകൊണ്ടാണ്. കാലഘട്ടത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾ ഓരോ തവണയും വരുമെന്നു മാത്രം.
ഇപ്പോൾ ജോമോന്റെ സുവിശേഷങ്ങളിൽ പറയുന്നത് തൃശൂരിലെ ഒരു വ്യാപാരി കുടുംബത്തിന്റെ കഥയാണ്.

വീട്ടിലെ ചേച്ചിമാരുടെയും അളിയന്മാരുടെയും അമ്മാവന്മാരുടെയും ജീവിതം കോപ്പിയടിച്ച് സിനിമയുണ്ടാക്കലാണോ സത്യനും ശ്രീനിവാസനും ചെയ്തിരുന്നത് ?

എന്നെയും ശ്രീനിവാസനെയും കാണുമ്പോൾ‌ ചില ആളുകൾ തമാശ പറയാൻ തുടങ്ങും. എന്നിട്ടു പറയും.. ഇത് അടുത്ത പടത്തിൽ കേറ്റിക്കളയരുത്.
ശ്രിനിവാസനെ കണ്ടാലുടൻ കോമഡി പറയുന്ന ഒരു കക്ഷിയുണ്ടായിരുന്നു. എന്നിട്ട് എല്ലാവരും കേൾക്കെ പറയും.. അയ്യോ, ഈ ഇരിക്കുന്നത് ശ്രീനിവാസനാണ്. എന്തു തമാശ കിട്ടിയാലും അടുത്ത സിനിമേല് കേറ്റിക്കളയും.
കുറെത്തവണ ഇത് ആവർത്തിച്ചപ്പോൾ സഹികെട്ട് ശ്രീനി പറഞ്ഞു... നിങ്ങൾ പറയുന്ന ഈ പീറത്തമാശകൾ കുത്തിനിറയ്ക്കാനുള്ള കീറച്ചാക്കല്ല സിനിമ !
കണ്ടതും കേട്ടതുമെല്ലാം അതേപടി പകർത്താനോ കോപ്പിയടിക്കാനോ പറ്റില്ല.
ഒരിക്കൽ ഞാനും ശ്രീനിയും സംസാരിച്ചിരിക്കുമ്പോൾ ഞാൻ പറഞ്ഞു... കാശ് ഇന്നു വരും നാളെപ്പോകും.
അത് സാധാരണ പറയാറുള്ള ഒരു ചൊല്ലാണ്.
ശ്രീനി പെട്ടെന്നു പറഞ്ഞു.. കാശ് ഇന്നു വരും, നാളെപ്പോകും. നാളെപ്പോകാൻ പക്ഷേ, ഇന്നു വരണ്ടേ.. അത് വരുന്നില്ലല്ലോ.
അതോടെ അതൊരു ഡയലോഗായി.
അന്തിക്കാട്ടു പണ്ടുണ്ടായ ഒരു സംഭവം കൂടി പറയാം. വീടിന്റെ അയൽവക്കത്തുള്ള ഒരു പെൺകുട്ടി വിവാഹിതനായ ഒരാളുമായി പ്രണയത്തിലായി. ഇയാൾ രാത്രിയിൽ ആ പെൺകുട്ടിയെ കാണാൻ ചെല്ലുന്ന പതിവുണ്ടായിരുന്നു.
അന്നൊക്കെ അന്തിക്കാട്ട് രാത്രിയിൽ കള്ളു ചെത്തുന്ന ചെത്തുകാരുണ്ട്. ഈ കാമുകന്റെ സൈക്കിൾ രാത്രിയിൽ കൈതക്കാട്ടിൽ ഇരിക്കുന്നത് ഒരു ചെത്തുകാരൻ കണ്ടു. അയാൾ നാട്ടുകാരെയെല്ലാം കൂട്ടി ഈ കാമുകനെയും പെൺകുട്ടിയെയും പിടിച്ച് രാത്രിയിൽത്തന്നെ കല്യാണം കഴിപ്പിച്ചു.
രാത്രിയിൽ ഭാര്യയും കുട്ടികളും കിടന്നുറങ്ങുന്ന വീട്ടിലേക്ക് ഗൃഹനാഥൻ കല്യാണമാലയൊക്കെയിട്ട് മറ്റൊരു പെൺകുട്ടിയുമായി കയറി വരികയാണ്. നാട്ടിൽ അതൊരു വലിയ സംഭവമായി.
ആ പെൺകുട്ടി ഗർഭിണിയായി. പ്രസവിച്ചത് ആൺകുട്ടി. ആ സംഭവം ആ വീട്ടിലെ മുത്തശ്ശി എന്റെ അമ്മയോടു പറയുന്ന ഒരു വാചകം എന്റെ മനസ്സിൽ ഇപ്പോഴുമുണ്ട്... കട്ടിലിൽ നിന്നുവീണാലും കിടക്കയിലേക്ക് ആയി കല്യാണീ..
‍അതായിരുന്നു ആ ഡയലോഗ്. ട്രൗസറിട്ടു നടന്ന കാലത്ത് ഞാൻ കേട്ടതാണ് ആ വാചകം. ആദ്യം എനിക്ക് അർഥം പിടികിട്ടിയില്ല.
കട്ടിലിൽ നിന്നുവീണാലും കിടക്കയിലേക്ക് ആയി കല്യാണീ..
‍ജനിച്ചത് ആൺകുട്ടിയായത് നന്നായി എന്നാണ് ആ സ്ത്രീ പറഞ്ഞതിന്റെ അർഥം. പെൺകുട്ടിയായിരുന്നെങ്കിൽ കല്യാണമൊക്കെ വരുമ്പോൾ പുലിവാലായേനെ. പെൺകുട്ടിയുടെ അമ്മ ചെറുപ്പത്തിൽ ഒളിച്ചോടിപ്പോയതാണെന്നൊക്കെ നാട്ടുകാരു പറയില്ലേ.. ഇതിപ്പോൾ ആൺകുട്ടിയായതുകൊണ്ട് വലിയ ആപത്തില്ല എന്നാണ് ആ സംഭാഷണത്തിന്റെ അർഥം.
ഇത്തരം ഒരുപാടു കാര്യങ്ങളുണ്ട് നമ്മുടെ ചുറ്റും.. 

സിനിമയിൽ എല്ലാവരുടെയും സുഹൃത്താണ് സത്യൻ അന്തിക്കാട്. സത്യന്റെ സിനിമകളിൽ പതിവായി കാണുന്ന കുറെ മുഖങ്ങളുണ്ട്. പഴയ ചില സുഹൃത്തുക്കളെ ഇപ്പോൾ കൂടെ കൂട്ടാറില്ലല്ലോ.

സൗഹൃദങ്ങളെപ്പറ്റി സംഗീത സംവിധായകൻ ജോൺസൺ എന്നോടു പറഞ്ഞ ഒരു വാചകം പലപ്പോഴും ഓർക്കാറുണ്ട്... സിനിമയുള്ളതുകൊണ്ടാണ് നമ്മൾ സുഹൃത്തുക്കളായത്. ആ സൗഹൃദം നിലനിൽക്കാൻ സിനിമ വേണമെന്നില്ല. അങ്ങനെയാണെങ്കിൽ അതിന്റെ പേര് സൗഹൃദം എന്നല്ല.
എന്റെ ഒരുപാടു സിനിമകൾക്ക് സംഗീതസംവിധാനം ചെയ്തത് ജോൺസൺ ആണ്. കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന സിനിമ ഇളയരാജയെക്കൊണ്ട് മ്യൂസിക് ചെയ്യിക്കട്ടെയെന്ന് ഞാൻ ജോൺസണോടു തന്നെ ചോദിച്ചു.
ഇളയരാജ ആയാൽ എന്റെ സിനിമ കുറച്ചൂകൂടെ നന്നാകും എന്ന തോന്നലാണ് ആ ചിന്തയ്ക്കു പിന്നിൽ. അല്ലാതെ ജോൺസൺ ചെയ്താൽ മോശമാകും എന്നതുകൊണ്ടല്ല.
ജോൺസന് അന്ന് അത്രയധികം പടങ്ങളില്ലാത്ത സമയവുമാണ്.
ജോൺസൺ എന്നോടു പറഞ്ഞു.. ഇളയരാജയെ വിളിച്ചോളൂ, സിനിമയുള്ളതുകൊണ്ടാണ് നമ്മൾ സുഹൃത്തുക്കളായത്. പക്ഷേ നമ്മുടെ സൗഹൃദം നിലനിൽക്കാൻ സിനിമ വേണമെന്നില്ല. എങ്കിൽ അതിന്റെ പേര് സൗഹൃദം എന്നല്ല, ബിസിനസ് എന്നാണ്.
ഇതായിരുന്നു ജോൺ‌സന്റെ മറുപടി.
എന്നെ ശ്രീനിവാസനും വിപിൻ മോഹനും ജോൺസണുമായൊക്കെയായി അടുപ്പിച്ചത് സിനിമ എന്ന ഘടകമാണ്. ചില ഘട്ടങ്ങളിൽ ഞാൻ ഇവരിൽ നിന്നു മാറി സഞ്ചരിക്കേണ്ടി വരുന്നത് ഒന്നുകിൽ അവർക്കു തിരക്കുള്ളപ്പോഴോ അല്ലെങ്കിൽ എന്റെ മനസ്സിലെ സിനിമയുടെ വളർച്ചയ്ക്ക് വേറൊരാളുടെ ഇടപെടൽ ഗുണം ചെയ്യുമെന്ന് എനിക്ക് തോന്നുമ്പോഴോ ആയിരിക്കും.
സിനിമയെ സംബന്ധിച്ചിടത്തോളം ഞാൻ സ്വാർഥനാണ്. എന്റെ സിനിമയ്ക്ക് ഗുണം ചെയ്യുന്ന അവസരങ്ങളൊന്നും ഞാൻ ഉപേക്ഷിക്കില്ല.
ഏതെങ്കിലും സൗഹൃദം മുറിഞ്ഞുപോയിട്ടുണ്ടെങ്കിൽ അതൊരിക്കലും ഞാനായിട്ട് മുറിച്ചിട്ടുള്ളതല്ല. സൗഹൃദം നിലനിൽക്കുന്നുവെങ്കിൽ അത് എന്റെ സുഹൃത്തുക്കളുടെ ക്വാളിറ്റിയുമാണ്.

എഴുത്ത് ഇഷ്ടമുള്ള ആളാണ് സത്യൻ. ആറോ ഏഴോ തിരക്കഥകൾ എഴുതിയിട്ടുണ്ട്. വിനോദയാത്രയുടെ തിരക്കഥയ്ക്ക് സംസ്ഥാന ചലച്ചിത്ര അവാർ‍ഡും കിട്ടിയിട്ടുണ്ട്. ലേഖന സമാഹാരങ്ങൾ പുസ്തകങ്ങളായി. എന്നിട്ടും സ്വന്തം സിനിമയ്ക്ക് തിരക്കഥയെഴുതാൻ മടിക്കുന്നതുപോലെ.. ?

എന്റെ സിനിമകൾ ശ്രദ്ധിച്ചാൽ മനസ്സിലാകും ഞാൻ സ്വയം എഴുതാതിരുന്നതിന്റെ ഗുണം.
ഞാൻ തന്നെ എഴുതിയിരുന്നെങ്കിൽ പൊന്മുട്ടയിടുന്ന താറാവ് എന്ന സിനിമയുണ്ടാകില്ല. അത് രഘുനാഥ് പലേരിയെന്ന ബ്രില്യന്റായ എഴുത്തുകാരന്റെ മനസ്സിലെ ചിന്തയാണ്. വീണ്ടും ചില വീട്ടുകാര്യങ്ങൾ ലോഹിതദാസിന്റെ മനസ്സിൽ നിന്നു വരുന്നതാണ്. തലയിണമന്ത്രവും സന്മനസ്സുള്ളവർക്കു സമാധാനാവും ടിപി ബാലഗോപാലനും ശ്രീനിവാസന്റെ തൂലികയിൽ‌ വിരിഞ്ഞതാണ്. ഇന്ത്യൻ പ്രണയകഥ ഇക്ബാൽ കുറ്റിപ്പുറത്തിന്റെ സംഭാവനയാണ്.
ഒരു എഴുത്തുകാരന്റെ അത്തരം ചിന്തകൾ എന്തിന് എന്റെ സിനിമയ്ക്ക് ഞാൻ നിഷേധിക്കണം !
സിനിമയുടെ രചനാ ജോലികൾ തുടങ്ങി ഒരു ഘട്ടം കഴിഞ്ഞാൽ ഞാനാണോ മറ്റൊരാളാണോ എഴുത്തുകാരൻ എന്നു ഞാൻ ചിന്തിക്കാറില്ല. കാരണം ഒരു കഥയുടെ തുടക്കം മുതൽ അതിന്റെ ഒപ്പം സഞ്ചരിക്കുന്ന ആളാണ് ‍ഞാൻ. മറ്റൊരാൾ എഴുതിത്തന്ന റെഡ്മെയ്ഡ് സ്ക്രിപ്റ്റ് വച്ച് ഞാൻ ഇന്നു വരെ സിനിമ ചെയ്തിട്ടില്ല. എല്ലാ നടന്മാരോടും കഥ പറഞ്ഞുകൊടുത്തിട്ടുള്ളത് ഞാൻ തന്നെയാണ്. കാരണം എന്റെ സിനിമയുടെ കഥ എനിക്ക് കാണാപ്പാഠമാണ്.
എനിക്ക് മനസ്സിലാകാത്ത, എനിക്ക് ദഹിക്കാത്ത ഒരു വാചകവും എന്റെ സിനിമയിൽ ഉണ്ടാകാറില്ല. കാരണം എഴുത്തുകാരനും ഞാനും തമ്മിലുള്ള സംസർഗത്തിലൂടെ ഒന്നുകിൽ അയാൾക്ക് എന്റെ രീതി കിട്ടിയിട്ടുണ്ടാകും. അല്ലെങ്കിൽ ഞാൻ അയാളുടെ രീതിയിലേക്കു മാറും. ‌പല എഴുത്തുകാർ എഴുതുമ്പോഴും എന്റെ സിനിമകൾക്ക് ഒരു ഏക സ്വഭാവം കൈവരുന്നതും ഇതുകൊണ്ടാണ്.
മലയാള സിനിമയിലെ ഒട്ടുമിക്ക സംവിധായകരുടെയും മോഹമാണ് എംടി വാസുദേവൻ നായരുടെ തിരക്കഥ. എംടിയുടെ തിരക്കഥ എനിക്കും ഇഷ്ടമാണ്. എംടിയും ഞാനുംകൂടി ഒരു സിനിമയ്ക്കുവേണ്ടി കുറെ നാളുകൾ ഒരുമിച്ച് ഇരുന്നിട്ടുമുണ്ട്. അന്ന് എംടി പറഞ്ഞ കഥകളെല്ലാം നല്ലതു തന്നെയായിരുന്നു. പക്ഷേ അവയൊന്നും ഞാൻ സംവിധാനം ചെയ്യേണ്ട കഥകളല്ല എന്ന് എനിക്കു തോന്നിയപ്പോൾ ഞാൻ അദ്ദേഹത്തോട് അക്കാര്യം തുറന്നു പറഞ്ഞു. അദ്ദേഹം അത് മറ്റ് സംവിധായകരെക്കൊണ്ട് ചെയ്യിപ്പിച്ചു. അവയൊക്കെ നല്ല സിനിമകളുമായി.
എഴുതിക്കിട്ടിയാൽ മതി, ഞാൻ ചെയ്തോളാം എന്നു പറയുന്നത് എന്റെ രീതിയല്ല. അതേസമയം ഒരു എഴുത്തുകാരന്റെ കൂടെ നിൽക്കാൻ ആഗ്രഹിക്കുന്ന സംവിധായകനാണ് ഞാൻ.
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം സത്യൻ അന്തിക്കാട് എന്നു വയ്ക്കേണ്ടി വന്നിട്ടുണ്ടെങ്കിൽ അത് നേരത്തെ അമ്മ കാണിച്ച ധൈര്യമാണ്. ഒരു നല്ല കഥ മനസ്സിൽ രൂപപ്പെട്ടാൽ, എഴുതാൻ മറ്റ് എഴുത്തുകാരെ കിട്ടിയില്ലെങ്കിൽ ഞാനെഴുതും. അത്രയേ പറയാൻ പറ്റൂ..

സത്യൻ അന്തിക്കാടിന്റെ സിനിമ അങ്ങനെയൊരു ബ്രാൻഡ് ഉണ്ട് മലയാളത്തിൽ. അതിനായി കാത്തിരിക്കുന്ന ഒരുപാടു പ്രേക്ഷകരുമുണ്ട്....

സിനിമ ഒരാളുടെ മാത്രമല്ല. ഒരുപാട് കലാകാരന്മാർ ഒന്നിച്ചു ജോലി ചെയ്യുന്ന കലയാണ് സിനിമ. ആ സത്യം പൂർണമായും ‍ഞാൻ അംഗീകരിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇന്നു വരെ ഒരു സിനിമയുടെ പിന്നിലും എ ഫിലിം ബൈ സത്യൻ അന്തിക്കാട് എന്നെഴുതാൻ ധൈര്യപ്പെടാത്തത്. ഫിലിംഡ് ബൈ പ്രിയദർശൻ എന്നേ പ്രിയനും വയ്ക്കാറുള്ളൂ. അത്രയ്ക്ക് അവകാശവാദത്തിനേ അവസരമുള്ളൂ.
എന്റെ നാട്ടിൽ 25 വർഷമായി കുട്ടികളെ നന്നായി പഠിപ്പിക്കുന്ന അധ്യാപകരുണ്ട്. ഒരു അപകടം പോലും വരുത്താതെ കാൽനൂറ്റാണ്ടായി ബസ് ഓടിക്കുന്ന ഡ്രൈവർമാരുണ്ട്. നന്നായി കള്ളു ചെത്തിയെടുക്കുന്ന ചെത്തുകാരുണ്ട്. അവരൊന്നും ചെയ്തതിനെക്കാൾ വലിയൊരു മഹത്തായ കാര്യം സിനിമ സംവിധാനം ചെയ്തതിലൂടെ നേടി എന്ന് എനിക്കു തോന്നാറില്ല.
അതുകൊണ്ട് അവർക്കൊന്നും ഇല്ലാത്ത സ്വീകരണവും ആദരവും എനിക്ക് ആവശ്യമില്ല.
സിനിമ എന്റെ പാഷനാണ്, എന്റെ ജോലിയാണ്. എന്റെ സിനിമ ജനങ്ങൾ കാണുകയും വിജയിപ്പിക്കുകയും ചെയ്യുന്നതോടെ എന്റെ കർത്തവ്യം പൂർത്തിയായി. പിന്നെ അടുത്ത സിനിമയിലേക്കായി എന്റെ ശ്രദ്ധ.

സിനിമ എപ്പോഴെങ്കിലും സങ്കടപ്പെടുത്തിയിട്ടുണ്ടോ ?

ഒരുപാടു പേരുടെ പ്രയത്നത്തിനൊടുവിൽ ഒരു സിനിമ റിലീസ് ചെയ്യുന്ന സമയത്ത് വരുന്ന സമരങ്ങളും നിയന്ത്രണങ്ങളും ഒക്കെ എന്നെ വേദനിപ്പിക്കാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ ഒരു അരക്ഷിതാവസ്ഥ തോന്നാറുണ്ട്. സമരം ചെയ്യുന്ന സംഘടനകളുടെ ആവശ്യങ്ങൾ ന്യായമായിരിക്കാം. പക്ഷേ സിനിമ പുറത്തിറക്കാൻ പെടുന്നപാട്, അത് വളരെ വലുതാണ്.

ഒരു ഡ്രീം പ്രോജക്ട് ഉണ്ടോ ?

ബാലചന്ദ്രൻ ചുള്ളിക്കാട് ഒരിക്കൽ പറഞ്ഞിട്ടുണ്ട്, പരാജയങ്ങളെ നേരിടാൻ ബുദ്ധിമുട്ടില്ല. വിജയങ്ങളെ നേരിടാനാണ് ബുദ്ധിമുട്ട്.
അത് ശരിയാണെന്ന് എനിക്കു തോന്നാറുണ്ട്.
ഒരു സിനിമ പരാജയപ്പെട്ടാൽ അടുത്ത തവണ പരാജയം ഉണ്ടാവാതിരിക്കാനായി ചിന്തിച്ച്, പരിശ്രമിച്ച്, പൊരുതി മുന്നോട്ടു കയറാം. പക്ഷേ തുടർച്ചയായി വിജയങ്ങൾ വരുമ്പോൾ അത് നിലനിർത്തുക വലിയ ശ്രമം വേണ്ട കാര്യമാണ്.
ഞാനിത് രണ്ടും കാര്യമാക്കാറില്ല. ചിലയാളുകൾ ചോദിക്കാറുണ്ട്, എന്താണ് എന്റെ ഡ്രീം പ്രോജക്ട് എന്ന്..
എന്റെ ഡ്രീം പ്രോജക്ട് ഞാൻ ആ സമയത്ത് ചെയ്യുന്ന സിനിമയാണ്. എനിക്ക് ഒരു ഡ്രീം ഉണ്ടെങ്കിൽ അത് പ്രാവർത്തികമാക്കാൻ ഏറ്റവും പറ്റിയ സമയം ഇതാണ്. എനിക്കു വേണ്ടി പണം മുടക്കാൻ നിർമാതാക്കളുണ്ട്, അഭിനേതാക്കളുണ്ട്, പ്രദർശിപ്പിക്കാൻ തീയറ്ററുകളുണ്ട്. അങ്ങനെ നോക്കിയാൽ ഇപ്പോഴത്തെ എന്റെ ഡ്രീം ജോമോന്റെ സുവിശേഷങ്ങളാണ്. അതിനുശേഷം അടുത്ത ഡ്രീം പ്രോജക്ട്.
ഇനിയൊരു രാഷ്ട്രീയ ഹാസ്യ സിനിമയെപ്പറ്റിയൊക്കെ ഞാനും ശ്രീനിവാസനും ഇടയ്ക്ക് ആലോചിക്കാറുണ്ട്. സന്ദേശത്തിനു കിട്ടുന്ന വലിയ അംഗീകാരം കാണുമ്പോൾ തോന്നാറുമുണ്ട്; ഒരു പൊളറ്റിക്കൽ സറ്റയറിനുള്ള സാധ്യതയുണ്ടെന്ന്.
നല്ല കഥ കിട്ടിയാൽ ഞങ്ങൾ അതു ചെയ്യും. അങ്ങനെയായാൽ അത് എന്റെ ഡ്രീം പ്രോജക്ടാണ്.
കഥ ആകാത്തിടത്തോളം കാലം വെറും ഡ്രീം മാത്രമാണ്.

സത്യൻ പച്ചമണ്ണിൽ കാൽവച്ചു നിന്ന് മലയാളികളെ സ്വപ്നം കാണിച്ചുകൊണ്ടേയിരിക്കുന്നു.

© Copyright 2017 Manoramaonline. All rights reserved....
വിനയജയസൂര്യ
പാടി തീരാത്ത കഥകൾ ഇനിയുമുണ്ട്...
എഴുത്തിന്റെ രസതന്ത്രം
നവാഗതരെ ഇതിലെ ഇതിലെ...