എഴുത്തിന്റെ രസതന്ത്രം

സൂര്യ.വി

പുലിമുരുകൻ എന്ന കഥയും കഥാപാത്രവും


മലയാളസിനിമ 100 കോടി ക്ലബ് എന്ന ചരിത്രനേട്ടം കൈവരിച്ച വർഷമായിരുന്നു 2016. പുലിമുരുകന്റെ വിജയം മലയാളസിനിമാമേഖലയുടെ കൂടി
വിജയമായിരുന്നു. ഈ വിജയത്തിനു പിന്നിലെ തൂലിക ഉദയകൃഷ്ണയുടേതായിരുന്നു. നേട്ടങ്ങൾ തന്ന 2016 എന്ന വർഷത്തെക്കുറിച്ച് കടന്നുവന്ന
വഴികളെക്കുറിച്ച് തിരക്കഥാകൃത്ത് ഉദയകൃഷ്ണ സംസാരിക്കുന്നു.

നേട്ടങ്ങൾ നൽകിയ പുലിമുരുകനെക്കുറിച്ചും 2016 എന്ന വർഷത്തെക്കുറിച്ചും പറയാനുള്ളത്?

രണ്ടുവർഷത്തെ കാത്തിരിപ്പിനുശേഷമാണ് പുലിമുരുകൻ സിനിമ റിലീസ് ആയത്. ആ സിനിമയ്ക്കൊപ്പം നല്ലൊരു സംവിധായകനെയും നിർമാതാവിനേയും
കിട്ടിയ വർഷമാണ്. വലിയൊരു പരിശ്രമത്തിന്റെ വിജയമാണ് പുലിമുരുകൻ. ആ പരിശ്രമത്തിനു ഫലം കിട്ടിയതിലുള്ള സന്തോഷം തന്ന വർഷമാണ്
കഴിഞ്ഞുപോയത്.

2016 കരിയറിലെ ടേണിങ് പോയിന്റാണ്, ലൈഫിന്റെ തന്നെ ടേണിങ്ങാണ് സ്വതന്ത്രമായി തിരക്കഥ എഴുതി വിജയിച്ചതിന്റെ സന്തോഷവും രണ്ടായിരത്തി
പതിനാറ് തന്നു. അതോടൊപ്പം നൂറുകോടി ക്ലബ് എന്ന റെക്കോഡും നേടി തന്നു പോയ വർഷം. ഈ റെക്കോർഡ് കുറച്ചുകാലം നിൽക്കുമെന്നാണ് വിശ്വാസം.
തുടർന്ന് എഴുതുന്നതിന് ഒരു പ്രചോദനവും ആത്മവിശ്വാസവും തരുന്ന സിനിമയാണ് പുലിമുരുകൻ.

രണ്ടായിരത്തി പതിനേഴിൽ പുലിമുരുകൻ പോലെയൊരു വൻവിജയം മോഹൻലാലിനൊപ്പം പ്രതീക്ഷിക്കാമോ?

ട്വന്റി ട്വന്റിയിലും , ക്രിസ്ത്യൻ ബ്രദേഴ്സിലും ലാലേട്ടനായിരുന്നു നായകൻ. എനിക്ക് എന്നും കംഫർട്ടബിളായിട്ടുള്ള നടനാണ് ലാലേട്ടൻ. ഒരു തിരക്കഥ
പറഞ്ഞുകേൾപ്പിച്ച് അനുനയിപ്പിച്ച് സിനിമയിലേക്ക് എത്തിക്കാൻ വളരെ ബുദ്ധിമുട്ടുള്ള നടനാണ് അദ്ദേഹം. എന്നാൽ ഷൂട്ടിങ്ങിനെത്തിക്കഴിഞ്ഞാൽ ഏറ്റവും
കംഫർട്ടബിൾ ആണ്. ഒരു ഡയറക്ടർക്ക് ഏത് രീതിയിൽ വേണമെങ്കിലും ഉപയോഗിക്കാൻ മുന്നോട്ടുവരുന്ന , ‘നോ’ എന്നൊരു വാക്കില്ലാത്ത ഒരു നടൻ
അതാണ് ലാലേട്ടൻ. മൃഗവുമായിട്ടൊരു സിനിമ ചെയ്യുക വിചാരിക്കുന്നതു പോലെയല്ല. സീനിൽ എഴുതിയത് പ്രാവർത്തികമാക്കുന്നത് അതിസാഹസികമായ
കാര്യമാണ്. അതോടൊപ്പം ഷൂട്ടിങ്ങിന് അത്ര നല്ല സ്ഥലമല്ല കാട്. അപകടം എപ്പോൾ വേണമെങ്കിലും സംഭവിക്കാം. എന്നാൽ അത്തരം
പ്രതികൂലഘടകങ്ങളെയെല്ലാം ചിരിച്ചുകൊണ്ട് തരണം ചെയ്യാൻ ലാലേട്ടൻ ഒപ്പമുണ്ടായിരുന്നു.

ഇനിയും അദ്ദേഹവുമായി പടം ചെയ്യണമെന്നുണ്ട്. ഇപ്പോൾ മുളകുപാടത്തിന്റെ ബാനറിൽ ജോഷിയേട്ടൻ സംവിധാനം ചെയ്യുന്ന പടത്തിന്റെ സ്ക്രിപ്റ്റ്
എഴുതുന്നുണ്ട്. അടുത്ത വർഷം നടക്കുമെന്നാണ് വിശ്വാസം. ഇതിലും മോഹൻലാലാണ് നായകൻ. ഇതൊരു ബിഗ്ബജറ്റ് ചിത്രമായിരിക്കും. പുലിമുരുകൻ
പോലെ തന്നെ സർപ്രൈസ് ഉണ്ടാക്കുന്ന സിനിമ ആയിരിക്കും.

പുലിമുരുകൻ എന്ന കഥാപാത്രവും കഥയും എങ്ങനെയാണ് രൂപപ്പെടുന്നത്?

ഭൂമിശാസ്ത്രപരമായി കാടുമായി അടുത്തുകിടക്കുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിലെ ഏത് ജില്ലയിൽ നിന്നും അറുപത് എഴുപത് കിലോമീറ്റർ
സഞ്ചരിച്ചാൽ വനപ്രദേശമോ അതിന് സമാനമായോ ആയ ഭൂപ്രകൃതിയിലാണ് എത്തിച്ചേരുന്നത്. ഞാൻ ജനിച്ചതും ജീവിച്ചതും കോതമംഗലത്താണ്.
വനാതിർത്തി പങ്കിടുന്ന സ്ഥലമാണ് കോതമംഗലം. വരയൻ പുലിയും പുള്ളിപ്പുലിയും കാട്ടാനയുമൊക്കെ ഇറങ്ങുന്ന വാർത്തകൾ കേട്ടും കണ്ടുമാണ്
വളർന്നത്. എന്റെ ചെറുപ്പകാലത്തെ ഭാവനയെ സമ്പുഷ്ടമാക്കിയിരുന്ന കഥകളിൽ പ്രധാനമാണ് നായാട്ടുകാരുടേത്. വേട്ടയ്ക്ക് പോകുന്ന രാജാക്കന്മാരുടെയും
വീരനായകന്മാരുടെയുമൊക്കെ കഥകളുടെ സ്വാധീനമുണ്ട്. പിന്നെ പുലിമുരുകനെപ്പോലെയുള്ള ഒരുപാട് പേരെ പലയിടത്തുവെച്ചും പരിചയപ്പെട്ടിട്ടുണ്ട്.
അങ്ങനെയാണ് ഈ ഒരു കഥയിലേക്ക് എത്തുന്നത്.

നൂറു കോടി ക്ലബിലേക്ക് സിനിമയെ എത്തിച്ച വിജയ ഫോർമുല എന്തായിരുന്നു?

സാധാരണ സിനിമകൾ ഇറങ്ങുമ്പോൾ കേൾക്കാറില്ലേ, മലബാറിൽ കളക്ഷൻ കുറഞ്ഞു, ആലപ്പുഴയിൽ ശരിയായില്ല, ബി ക്ലാസിൽ ആളില്ല എന്നൊക്കെ.
പുലിമുരുകനെ സംബന്ധിച്ച് കാസർകോട് മുതൽ കന്യാകുമാരി വരെയുള്ള പ്രേക്ഷകർക്ക് ഇഷ്ടമാകുന്ന ഘടകങ്ങൾ ഉണ്ടായിരുന്നു. ലോകത്താകമാനം
സിനിമ തയ്യാറാക്കുന്നത് ഏഴ് ഘടകങ്ങളനുസരിച്ചാണ്. പ്രണയം, സാഹസികം, അതിമാനുഷികത, ശോകം, കോമഡി തുടങ്ങിയ ഘടകങ്ങളിൽ നിന്നാണ് എല്ലാ
സിനിമകളും ഉരുത്തിരിയുന്നത്. ഈ ചട്ടക്കൂടിൽ നിന്ന് പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ സിനിമ തയ്യാറായപ്പോൾ അത് വിജയഫോർമുലയായി എന്നു
മാത്രം. പിന്നെ ഹിറ്റുകൾ ഉണ്ടാക്കാൻ സാധിക്കില്ല തനിയെ ഉണ്ടാവുന്നതാണ്. പ്രേക്ഷകനാണ് വിധികർത്താവ്. എല്ലാത്തരം പ്രേക്ഷകന്റെയും അഭിരുചിയെ
തൃപ്തിപ്പെടുത്താൻ പുലിമുരുകൻ സാധിച്ചു. ഇനിയും അടുത്ത സിനിമ ചെയ്യുമ്പോഴുള്ള വെല്ലുവിളി ഈ വിഭിന്ന അഭിരുചികളെ തൃപ്തിപ്പെടുത്താനാകുമോ
എന്നുള്ളതാണ്.

ആദ്യമായി സ്വതന്ത്ര തിരക്കഥാകൃത്തായപ്പോൾ നേരിട്ട വെല്ലുവിളികൾ എന്തായിരുന്നു?

എഴുത്തും എന്നും എപ്പോഴും ഒരാൾക്കെ സാധിക്കൂ. ഞാനും സിബിയും ഒന്നിച്ചായിരുന്നപ്പോഴും പേനപിടിക്കുന്നത് ഒരാളായിരുന്നു. രണ്ടുപേർക്കും കൂടി ഒരുമിച്ച്
എഴുതാൻ പറ്റില്ലല്ലോ? ഞാൻ എഴുതി കഴിഞ്ഞ് സിബിയുമായി ചർച്ച നടത്തും, സിബി എഴുതി കഴിഞ്ഞ് ഞാനുമായി ചർച്ച നടത്തും. തനിച്ച് എഴുതാൻ
ഇരുന്നപ്പോൾ ഈ ചർച്ച എന്നു പറയുന്ന ഘടകം ഇല്ലാതെയായി എന്നുള്ളത് ഒഴിച്ചാൽ വേറെ വെല്ലുവിളികൾ ഒന്നും നേരിട്ടില്ല.

ഉദയകൃഷ്ണ-സിബി.കെ.തോമസ് ഹിറ്റ് കൂട്ടുകെട്ട് പിറന്നതെങ്ങനെയാണ്?

അവിചാരിതമായി പിറന്ന കൂട്ടുകെട്ടാണ് ഞങ്ങളുടേത്. സിനിമയിലേക്ക് എത്തിയത് തിരക്കഥാകൃത്തുക്കളാകാൻ വേണ്ടിയായിരുന്നില്ല. സംവിധായകരാകുക
എന്നുള്ളതായിരുന്നു ലക്ഷ്യം. ഞങ്ങൾ രണ്ടു പേരും രണ്ടു സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു. അപ്പോൾ മനോജ്.കെ.ജയനാണ് പറഞ്ഞത് നിങ്ങൾ
ഒരുമിച്ചു ചെയ്യുകയാണെങ്കിൽ ഞാൻ ഡെയ്റ്റ് തരാമെന്ന്. അങ്ങനെ സംവിധാനസംരംഭത്തിലേക്കാണ് ഞങ്ങൾ ആദ്യം എത്തുന്നത്. എന്നാൽ ആ പ്രോജക്ട്
നടന്നില്ല. സന്ധ്യാമോഹന്റെ ചിത്രത്തിലൂടെയാണ് തിരക്കഥാകൃത്തുകളാകുന്നത്.

ഹിറ്റ് കൂട്ടുകെട്ട് പിരിയാനുള്ള കാരണം എന്തായിരുന്നു?

ഞങ്ങൾ ഒരുമിച്ച് തിരക്കഥ എഴുതാൻ തുടങ്ങിയ കാലം മുതൽ തന്നെ സ്വതന്ത്രരാകണം എന്ന ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടാണ് ആദ്യം മുതലെ
ഉദയകൃഷ്ണ-സിബി കെ തോമസ് എന്നുള്ള മുഴുവൻ പേരുംവച്ചിരുന്നത്. ഒരേ ജോലിയിലേക്ക് രണ്ടു തലകൾ വരുമ്പോൾ ചിന്തകൾ
ഒരുമിച്ചുകൊണ്ടുപോകാനുള്ള ബുദ്ധിമുട്ട് ഉണ്ടായിരുന്നു. വഴക്കുകളും പ്രശ്നങ്ങളും ഉണ്ടാകാതെയിരിക്കാൻ ഇരുവരും പരമാവധി ശ്രമിച്ചിട്ടുമുണ്ട്. ഈ
സമയത്തൊക്കെ സ്വതന്ത്രമായി സിനിമ ചെയ്യാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി ഇരുവരും കൊതിച്ചിരുന്നു. അങ്ങനെയാണ് കൂട്ടുകെട്ട് പിരിയുന്നത്. എങ്കിലും
ഞങ്ങൾ ഇന്നും നല്ല സുഹൃത്തുക്കളാണ്. വിളിക്കാറുണ്ട് കാണാറുണ്ട് വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. സിബി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നതിന്റെ
തിരക്കിലാണ്. തിരക്കഥാരചനയിൽ നിന്നും മാറിയെങ്കിലും ഞങ്ങളുടെ സൗഹൃദം ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

സിനിമാകഥ പോലെ തന്നെയായിരുന്നല്ലോ ജീവിതത്തിലെ വഴിത്തിരിവുകളും?

ആദ്യ സിനിമ ഹിറ്റ്ലർ ബ്രദേഴ്സ് വിജയമായിരുന്നു, മാട്ടുപ്പെട്ടി മച്ചാൻ എന്ന വിജയ സിനിമയ്ക്ക് ശേഷം ഏതാനും പരാജയങ്ങൾ സംഭവിച്ചു.
അതിനുശേഷമാണ് ഉദയപുരം സുൽത്താൻ എന്ന ദിലീപ് ചിത്രം വരുന്നത്. ആ സിനിമയിലൂടെയാണ് ദിലീപ് എന്ന സുഹൃത്തിനെ ലഭിക്കുന്നത്. ദിലീപ്
നിർമിച്ച സിഐഡി മൂസ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായി. അതിനുശേഷം ദിലീപിനോടൊപ്പം ഇരുപതോളം ചിത്രങ്ങൾ ചെയ്തു.
അങ്ങനെയിരിക്കുമ്പോഴാണ് ട്വന്റി ട്വന്റി എന്ന വലിയ വഴിത്തിരിവുണ്ടാകുന്നത്. ട്വന്റി ട്വന്റിയുടെ വിജയത്തിനു ശേഷം മമ്മൂട്ടിയോടൊപ്പം പോകിരിരാജ
പോലെയുള്ള ഹിറ്റുകളുണ്ടായി. അങ്ങനെ നിരവധി വിജയങ്ങളും പരാജയങ്ങളും വഴിത്തിരിവുകളും നിറഞ്ഞതാണ് ഞങ്ങളുടെ ജീവിതം.

© Copyright 2017 Manoramaonline. All rights reserved....
വിനയജയസൂര്യ
പാടി തീരാത്ത കഥകൾ ഇനിയുമുണ്ട്...
മമ്മൂട്ടിയുടെ ഫ്രണ്ട്; ദുൽഖറിന്റെയും!
നവാഗതരെ ഇതിലെ ഇതിലെ...!