പാടി തീരാത്ത കഥകൾ ഇനിയുമുണ്ട്...

ലക്ഷ്മി വിജയൻ

വണ്ണാത്തിപ്പുഴയിലേക്കു മുഖം നോക്കാനെത്തിയ പൂർണചന്ദ്രനെയും നിലാവിനോടുള്ള കല്ലായി പുഴയുടെ പ്രണയത്തെയുമെല്ലാം വരികളാക്കി മലയാള സിനിമയ്ക്കു കാവ്യാത്മകത പകർന്ന എഴുത്തുകാരൻ- കൈതപ്രം ദാമോദരൻ നമ്പൂതിരി. കൈതപ്രംകാരനായ ദാമോദരൻ നമ്പൂതിരിയും സിനിമയും തമ്മിലുള്ള ബന്ധം തുടങ്ങിയിട്ട് മുപ്പതു വർഷമായി. ഇത്രയേ ആയിട്ടുള്ളോ എന്നു നമുക്കു ചിലപ്പോൾ സംശയം തോന്നും. കാരണം കാലങ്ങളായി കൂട്ടിവച്ച പാട്ടോർമകളിലേക്ക് ഇടയ്ക്കൊന്നു നോക്കുമ്പോഴേ ആദ്യമെത്തുന്ന പേരുകളിലൊന്നാണല്ലോ അത്.

'നമ്മള് പത്തു മുപ്പത്തിയഞ്ചു കൊല്ലം ജോലി ചെയ്തു. അല്ലാതെ പിന്നെന്താ.... സന്തോഷം അത്രയേയുള്ളൂ.' അതാണ് ഗാനരചനയുടെ മൂന്നാം ദശകത്തിൽ നമ്പൂതിരിക്കു പറയാനുള്ളത്. ഇക്കാലയളവിനിടയിൽ ആ പാട്ടുകൾ പോലെ മനോഹരമായ ഒരു നൂറു കഥകൾ തന്റെ ജീവിതത്തെയും സിനിമയെയും കുറിച്ച് അദ്ദേഹം പറഞ്ഞു തന്നിട്ടുണ്ട്. എത്ര പറഞ്ഞാലും തീരാത്ത കഥകളുണ്ട് ആ മനസ്സിനുള്ളിൽ ഇനിയും. അതുകൊണ്ട് അദ്ദേഹവുമായുള്ള വർത്തമാനത്തിനൊരിക്കലും കൗതുകം തീരുന്നുമില്ല. കൈതപ്രം ദാമോദരൻ നമ്പൂതിരിയ്ക്കൊപ്പം....

വഴിതെറ്റി വന്ന നിയോഗം

ഗാനരചയിതാവാകാനായിരുന്നില്ല കൈതപ്രത്തിന്റെ ആഗ്രഹം. എഴുത്തുകാരൻ എന്നത് ചിന്തയിലേയുണ്ടായിരുന്നില്ല, അതും സിനിമയിൽ. പാട്ടു പാടാനായിരുന്നു ഇഷ്ടം. പക്ഷേ നമ്പൂതിരിയുടെ വഴി പാട്ടെഴുത്താകണം എന്നായിരുന്നു നിയോഗം. ഗ്രാമം പകർന്ന നന്മ വരികളായി പുറത്തുവന്നു. പുഴയുടെ കാണാഭംഗിയിലേക്കും മഞ്ഞിന്റെ അദൃശ്യമായ സൗന്ദര്യത്തിലേക്കും എളുപ്പമാർക്കും മനസ്സിലാക്കാനാകാത്ത പ്രകൃതിയുടെ മറ്റനേകം നിഗൂഢഭംഗികളിലേക്കും നോക്കി പാട്ടെഴുതാൻ അദ്ദേഹത്തെ പരുവപ്പെടുത്തിയത് തന്റെ കുഞ്ഞു ഗ്രാമമാണ്. സിനിമയിൽ തിരക്കേറിയിരുന്ന കാലത്തും ഗ്രാമം വിട്ട് അദ്ദേഹം പോയിട്ടില്ല. ചെന്നൈയിലേക്ക് റെക്കോഡിങ്ങിനു പോയാൽ അതു തീർന്നാലുടനേ അടുത്ത തീവണ്ടിയോ വിമാനമോ പിടിച്ച് ഇങ്ങോട്ടേക്കു പറന്നെത്തും...

‘പ്രതീക്ഷിക്കാതെ കിട്ടിയ ഈ വേഷം, പാട്ടെഴുത്തുകാരന്റേത്, മനോഹരമായി ആടാനുള്ള ഊർജ്ജമെല്ലാം ഗ്രാമം പകർന്നതാണ്. എന്റെ അച്ഛൻ, അമ്മ, ഗുരുക്കൻമാര്, ഒക്കെത്തന്നു ആ ഊർജ്ജം. ഗ്രാമത്തിലേക്ക് എപ്പഴും രണ്ടു വഴിയുണ്ടെന്നാണ്. ഭൗതികമായ വഴിയും ആത്മാവിന്റെ വഴിയും. കണ്ണീരിന്റെയും സ്നേഹത്തിന്റെയും വഴി. ആ വഴിയിലൂടെയാണ് എന്റെ അന്വേഷണം, അതുകൊണ്ടു പുതുമ തീരാറില്ല. എന്റെ അമ്മ, കൂട്ടുകാര്, നാട്ടുകാര്, സ്കൂൾകാലം ഇതൊക്കെ എപ്പഴും ഓർമ വരും, പലേടത്തും താമസിച്ചിട്ടുണ്ടെങ്കിലും ആ ഗ്രാമം മറക്കാനാകില്ല. ആ ഗ്രാമമാണ് പാട്ടെഴുതാനുള്ള നന്മ തന്നത്’- അദ്ദേഹം പറയുന്നു...

സിനിമ കാത്തുനിന്ന കാലം

കമലിന്റെയും സത്യൻ അന്തിക്കാടിന്റെയും പത്മരാജന്റെയും ഭരതന്റെയും സിനിമകളിൽ പലതിനും ഗാനങ്ങൾ രചിക്കാനുള്ള അവസരം കൈതപ്രത്തിനായിരുന്നു. സിനിമ ഈ പാട്ടെഴുത്തുകാരനു വേണ്ടി കാത്തു നിന്നൊരു കാലമുണ്ടായിരുന്നു എന്നുതന്നെ പറയാം. കൈതപ്രത്തിന്റെ വരികളിൽ അധികമെണ്ണത്തിനും ഈണമിട്ടവർ, രവീന്ദ്രൻ മാസ്റ്ററും ജോൺസൺ മാസ്റ്ററും കടന്നുപോയി. പുതിയ സിനിമയുടെ ഇടങ്ങളിൽ നിന്ന് കൈതപ്രം എന്ന പേര് ചെറുതായൊന്നു മായുകയും ചെയ്തു. പക്ഷേ അതിൽ പരാതിയോ പരിഭവമോ നമ്പൂതിരിക്കില്ല...

സിനിമയെന്നാൽ ഒരു തൊഴിൽ മേഖല മാത്രം

സിനിമയെന്നാൽ ഒരു തൊഴിൽ മേഖല മാത്രമാണിപ്പോൾ. ആരോഗ്യമുള്ള സാധ്യതയുള്ള ആൾക്കാെര അവർ മാടി വിളിക്കും. ഇതുവരെ എന്തു ചെയ്തു എന്നൊന്നും നോക്കാറില്ല. എന്നെ ആവശ്യമുള്ളപ്പോൾ സിനിമ തേടി വരും എന്നു വിശ്വസിക്കുന്നു. തത്ക്കാല വിജയം മാത്രമാണ് ലക്ഷ്യം. അതു നേടിയെടുക്കാൻ ആവശ്യമായവരെ വിളിക്കും. അല്ലാതെ ഒരു ധർമ്മവും അവിടെയില്ല. എന്റെ നൂറു കണക്കിനു പടങ്ങൾ വിജയിച്ചിട്ടുണ്ടെന്നു പറഞ്ഞിട്ടു കാര്യമില്ല. ഞാൻ സിനിമയിൽ വരുമ്പോൾ എനിക്കു മുൻപിൽ പാട്ടെഴുത്തുകാരായി അനേകം പേരുണ്ടായിരുന്നു. അവർക്കിടയിലൂടെയാണ് ഞാൻ മുൻ‌പിലെത്തിയത്. ഇപ്പോഴും ഞാൻ അങ്ങനെയാണു വിശ്വസിക്കുന്നത്. എന്റെ സമയമാകുമ്പോൾ സിനിമ വിളിക്കും. ദുരഭിമാനമോ നഷ്ടബോധമോ ഒന്നുമില്ല.

ഏതോ വാർമുകിലിൻ...

മമ്മൂട്ടിയുടെ ‘അമരം’ സിനിമ നടക്കുന്ന കാലമാണ്. അതിനു പാട്ട് എഴുതിയിട്ടു വേണം ‘പൂക്കാലം വരവായി’ എന്ന ചിത്രത്തിനു വേണ്ടി പാട്ടെഴുതാൻ. എനിക്കു പക്ഷേ സമയം കിട്ടിയില്ല. പാവമണി ആയിരുന്നു ആ ചിത്രത്തിന്റെ വിതരണക്കാരൻ. അദ്ദേഹത്തിനു നിർബന്ധമായിരുന്നു ഞാൻ ഒരു പാട്ട് ആ സിനിമയ്ക്കായി എഴുതണമെന്ന്. കാത്തിരുന്നു അദ്ദേഹം എനിക്കായി. ആ നിര്‍ബന്ധത്തിന് എഴുതിയതാണ് ‘ഏതോ വാർമുകിലിൻ കിനാവിലെ മുത്തായി നീ വന്നു’ എന്ന പാട്ട്..

ഭരതേട്ടന്റെ വരവ്

അമരത്തിനു മുൻപ് ‘ഞാൻ ഗന്ധർവ്വൻ’ എന്ന ചിത്രത്തിനായിരുന്നു എഴുതിയിരുന്നത്. രവിയേട്ടൻ അമരത്തിനായി ട്യൂൺ ഒക്കെ ഇട്ട് എന്നെ കാത്തിരിക്കയായിരുന്നു. രണ്ടു മൂന്നു ദിവസം അങ്ങനെയായിരുന്നു. അന്നൊക്കെ ഭരതേട്ടൻ ഞാൻ താമസിക്കുന്ന ഹോട്ടലിൽ വരും, എന്റെ തിരക്കു കഴിഞ്ഞോന്ന് അറിയാൻ. ഇനിയുള്ള കാലത്തുള്ളവർക്ക് അങ്ങനെയൊരു അനുഭവം ഉണ്ടാകുമോ എന്നറിയില്ല. എന്നെ സംബന്ധിച്ച് അതൊക്കെ ഭാഗ്യങ്ങളാണ്. മഹാഭാഗ്യങ്ങൾ....
പത്തോളം ചിത്രങ്ങൾ കൈതപ്രത്തിന്റെ ഗാനങ്ങൾക്കായി കാത്തിരുന്നിട്ടുണ്ടെന്നു പറഞ്ഞാൽ, ഒരുപക്ഷേ മത്സരങ്ങളുടെ ഇക്കാലത്ത് സിനിമയ്ക്കൊപ്പം പോകുന്നവർക്കു വിശ്വസിക്കാനായി എന്നു വരില്ല.

രവിയേട്ടനും ജോൺസണും

രവീന്ദ്രനും ജോൺസണും. ഇവർ രണ്ടാളുമാണ് ഏറ്റവുമധികം കൈതപ്രം വരികൾക്കു രാഗഭംഗി നൽകിയ സംഗീത സംവിധായകർ. അവരുണ്ടായിരുന്ന കാലമായിരുന്നു കൈതപ്രം പാട്ടുകളുടെ സുവർണ ഘട്ടവും. എത്രയെത്ര പാട്ടുകൾ ആ കൂട്ടുകെട്ടിൽനിന്നു മലയാളി കേട്ടിരിക്കുന്നു. രവീന്ദ്രന്റെയും ജോൺസന്റെയും പാട്ടുകളെപ്പറ്റി എഴുതിയും പാടിയും കവർ വേർഷനുകൾ ചെയ്തും ഇന്നും ആഘോഷിക്കുകയാണ് ആസ്വാദകരും പാട്ടുകാരുമെല്ലാം.

‘രവിയേട്ടനെ ഇന്നു പൊക്കിപ്പറയുന്നവരാരും അദ്ദേഹത്തിന്റെ അവസാന കാലത്ത് അദ്ദേഹത്തെ വിളിച്ചിട്ടില്ല. അഞ്ചാറ് കൊല്ലത്തോളം പടങ്ങളേ ഇല്ലായിരുന്നു. ജോൺസണെ എല്ലാരും അവഗണിച്ചു’. അവരെക്കുറിച്ചു പറയുമ്പോൾ കൈതപ്രത്തിന്റെ ശബ്ദത്തിന് കുറേക്കൂടി ദൃഢത വന്നപോലെ...

രവിയേട്ടനാണ് ഏറ്റവും പ്രഗത്ഭൻ. അദ്ദേഹത്തിനുണ്ടായിരുന്ന ഒരു പഞ്ച് മറ്റൊരു സംഗീത സംവിധായകനും ഉണ്ടായിരുന്നില്ല. ആ പാട്ടുകൾ‌ക്ക് ലാളിത്യവും പ്രൗഢിയും ഒത്തിണങ്ങിയിരുന്നു. അവരൊക്കെ ജീവിച്ചിരുന്നപ്പോൾ ആർക്കും ഒന്നും തോന്നിയിരുന്നില്ല. തിരിച്ചറിഞ്ഞിരുന്നുമില്ല. പെട്ടെന്നവർ പോയപ്പോഴാണ് ആ വില മനസിലായത്. സങ്കടം വന്നത്. എനിക്കൊരിക്കലും മറക്കാൻ പറ്റില്ല. ഒത്തിരി അടുപ്പമായിരുന്നു. വളരെ നല്ല ബന്ധം. പരസ്പര ബഹുമാനത്തോടെയായിരുന്നു ഞങ്ങൾ സഹകരിച്ചത്. ജോൺസണ് റെക്കോർഡ് ചെയ്യുമ്പോൾ ഞാൻ ഒപ്പം വേണം. ടെമ്പോ ഞാൻ നിശ്ചയിക്കണം. താളം ഏതു വേണം എന്നു ഞാൻ പറയണമായിരുന്നു. അതൊരു വലിയ അംഗീകാരമായിട്ടാണ് എനിക്കു തോന്നിയിട്ടുള്ളത്. പണ്ടത്തെ പ്രതിഭകളെ ഇന്നത്തെ സിനിമാക്കാർക്കാണു വേണ്ടാത്തത്. പ്രേക്ഷകർക്കല്ല എന്നെനിക്കറിയാം....

സിനിമ ഫീൽ ചെയ്യുന്നില്ല...

മൂന്നു നാലു വർഷമായേയുള്ളൂ ഞാൻ സിനിമയിൽ അത്രയ്ക്കു സജീവമല്ലാതായിട്ട്. പക്ഷേ എനിക്കതൊന്നും അനുഭപ്പെടുന്നില്ല. സിനിമ ഫീൽ ചെയ്യുന്നില്ല. പാട്ടെഴുത്തും സംഗീത സംവിധാനവും മാത്രമല്ല, കച്ചേരികളും എനിക്കൊപ്പമുണ്ട്. ഞാൻ ആ ലോകത്താണ്. ഞാൻ‌ സജീവമല്ല, ഒന്നും ചെയ്യാതിരിക്കുകയാണ് എന്നൊരു തോന്നൽ എനിക്കില്ല.

സംഗീത സംവിധായകർക്കു പിന്നാലെ പായുന്ന പാട്ടെഴുത്തുകാർ...

കൈതപ്രത്തിന്റെ പാട്ട്, ഗിരീഷ് പുത്തഞ്ചേരിയുടെ പാട്ട്, കേച്ചേരിയുടെ പാട്ട് എന്നൊക്കെ നമ്മൾ പറഞ്ഞിരുന്ന കാലമുണ്ടായിരുന്നു. ഇന്നത് സംഗീത സംവിധായകന്റെയും പാട്ടു പാടുന്നവരുടേയും ഗാനങ്ങൾ എന്ന ക്രെഡിറ്റിലേക്കു ചുരുങ്ങിപ്പോയി എന്നതൊരു വാസ്തവമാണ്. റഫീഖ് അഹമ്മദിനെ പോലുള്ള ഗാനരചയിതാക്കൾ അതു പലവട്ടം പറഞ്ഞിട്ടുമുണ്ട്.

സ്വയം തിരിച്ചറിയാത്തതു കൊണ്ടും സംഗീത സംവിധായകർക്കു പിന്നാലെ പായുന്നതു കൊണ്ടുമാണ് ഈ ഗതി വന്നതെന്നാണ് കൈതപ്രത്തിന്റെ അഭിപ്രായം. ഓരോ പാട്ടെഴുത്തുകാരന്റെ എഴുത്തിലും അവരുടെ വ്യക്തിത്വം ഉണ്ടാകണം. ഒരു പാട്ടു കേട്ടാൽ ആരാണ് എഴുതിയതെന്ന് പ്രേക്ഷകനെ കൊണ്ടു പറയിപ്പിക്കാൻ പാകത്തിലുള്ള വൈവിധ്യവും ഭംഗിയും ആ ഗാനത്തിൽ ഉണ്ടാകണം. നമ്മുടെ പാട്ടുകൾക്ക് ജനങ്ങളോടു സംവദിക്കുവാനാകണം. തടാകത്തിൽ താമരയില പോലെ മുകളിൽ നിൽക്കണം. മുങ്ങിക്കിടന്നാൽ നമ്മൾ ചീഞ്ഞു പോകും എന്നു പറയുന്ന പോലെയാണ് കാര്യങ്ങൾ.

പാട്ടെഴുത്തുകാരുടെ പവർ അവർ തന്നെയാണു കളഞ്ഞു കുളിച്ചത്. എന്നെ വിളിച്ച് പാട്ടെഴുതിപ്പിച്ചിട്ട് ക്രെഡിറ്റ് തരാതിരുന്നാൽ‌ ഞാൻ ശക്തമായി പ്രതികരിക്കും. അതിനുള്ള തന്റേടം അന്നും ഇന്നുമുണ്ട്.

ഇന്ന് പാട്ടെഴുത്തുകാർ ഒരു ചിത്രത്തിനു വേണ്ടി പാട്ടെഴുതിക്കഴിയുന്നതോടെ ബന്ധം തീരും. ഞങ്ങളുടെ കാലത്ത് പാട്ടെഴുതി റെക്കോഡിങ്ങും കഴിഞ്ഞേ മടങ്ങാറുള്ളൂ. പാട്ടിന്റെ ഫൈനൽ കോപ്പി എത്രയോ പ്രാവശ്യം ഞാൻ തന്നെ സംവിധായകരുടെ കയ്യിൽ കൊണ്ടു കൊടുത്തിരിക്കുന്നു. സാഹിത്യവും സംഗീതവും അറിഞ്ഞ് ഓരോ പാട്ടിലും വ്യത്യസ്തത വേണമെന്നു ചിന്തിച്ച് സ്വന്തം ഇടം സിനിമയിലെ മറ്റുള്ളവർക്ക് വിട്ടുകൊടുക്കാതെ പാട്ടെഴുത്തുകാർ നിന്നിരുന്ന കാലം ഇന്നു ചിന്തിക്കാൻ കൂടിയാവില്ല. പണ്ടത്തെ പാട്ടുകൾക്കു പുതുമ നഷ്ടപ്പെടാത്തതും കാതോരത്തു നിന്ന് അതു പോകാത്തതും ഇക്കാരണങ്ങൾ കൊണ്ടാണ്.

പ്രൊമോഷൻ കാലം

ഒരു പാട്ടിനെ അതിനു പിന്നിൽ പ്രവർത്തിച്ചവരാണ് ആദ്യം സ്വീകരിക്കേണ്ടത്. നമുക്ക് ഇഷ്ടപ്പെടണം ആദ്യം. പിന്നീടുളള പ്രൊമോഷന് പ്രസക്തിയില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അത് ജനങ്ങൾ സ്വീകരിച്ചുകൊള്ളും. ഇന്നത്തെ പാട്ടുകാർ അവരുടെ പാട്ടുകൾ ഇറങ്ങുന്നതുതന്നെ അറിയുന്നുണ്ടോ എന്നെനിക്കറിയില്ല.

അനുഭവം... അനുഭൂതി...

മനസ്സിലാണ് സംഗീതം ജനിക്കുന്നത്. അതിന് മനുഷ്യനു പകരാൻ കഴിയുന്ന ആശ്വാസവും വളരെ വലുതാണ്. മ്യൂസിക് തെറാപ്പിക്കൊപ്പം ഞാൻ പോകുന്നതും അതുകൊണ്ടാണ്. ശരീരത്തിന്റെ താളം തെറ്റുമ്പോൾ മനസ്സിന്റെ താളവും തെറ്റുന്നു. രോഗം വിടാതെ പിടികൂടുന്നത് അപ്പോഴാണ്. മനസ്സിനാണു ചികിത്സ വേണ്ടത്. അപ്പോൾ ശരീരത്തിന്റെ രോഗത്തിനും ശമനമുണ്ടാകും. ഞാൻ എന്നിലൂടെ അറിഞ്ഞതാണ് ഇതെല്ലാം...

ഒരിക്കൽ തൃക്കുന്നപ്പുഴയിലുള്ള ഒരു കുട്ടിയും ഡോക്ടറും എന്നെ കാണാൻ വന്നു. കളിക്കുന്നതിനിടെ കഴുത്തിൽ കയർ മുറുകി കോട്ടയം മെഡിക്കൽ‌ കോളജിലുണ്ടായിരുന്ന ഈ ഡോക്ടർക്കരികിൽ ചികിത്സയ്ക്കു ചെന്നതാണ് കുട്ടി. ശ്വാസം മാത്രമേ അന്നുണ്ടായിരുന്നുള്ളൂ കുട്ടിക്ക്. സംഗീതത്തിന്റെ ശക്തിയെ കുറിച്ച് ഞാൻ എവിടെയോ പറഞ്ഞതു കേട്ട് ആ ഡോക്ടര്‍ കുട്ടിയെ പാട്ടു കേൾപ്പിക്കാൻ തുടങ്ങി. അതിന്റെ പ്രിയപ്പെട്ട ‘അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ’ എന്ന പാട്ടായിരുന്നു കേൾപ്പിച്ചത്. ഒരു ദിവസം മുഴുവൻ ആ ഗാനം കേൾപ്പിച്ചപ്പോൾ കുട്ടി കണ്ണു തുറന്നു. അതൊരു വലിയ മാറ്റമായിരുന്നു. കുട്ടിക്കു പിന്നെ ബാക്കി ചികിത്സ നല്‍കി രോഗം ഭേദമാക്കി. അങ്ങനെയാണ് ഡോക്ടറും കുട്ടിയും എന്നെ കാണാനെത്തിയത്. ഞാൻ അവരുടെ വീട്ടിലും പോയിരുന്നു.

എന്റെ ഭാര്യ രണ്ടാമത്തെ മകൻ ദീപാങ്കുരനെ ഗർഭം ധരിച്ചിരുന്നപ്പോൾ ഞാനെപ്പോഴും അവരെ സംഗീതം കേൾപ്പിച്ചിരുന്നു. മകൻ അസലൊരു പാട്ടുകാരനായി. നന്നായി ശ്രുതി ചേർത്തു പാടും. അവന്റെ സ്വരത്തിനും എന്തോ പ്രത്യേകതയുണ്ട്..

എന്റെ പാദമുദ്ര മ്യൂസിക് തെറാപ്പി...

കൈതപ്രത്തെ കാലം അടയാളപ്പെടുത്തുന്നത് പാട്ടെഴുത്തിനും പാട്ടിനും അപ്പുറം സംഗീതത്തോടൊപ്പം സഞ്ചരിച്ചൊരാൾ എന്നായിരിക്കണം എന്ന് എനിക്കു നിർബന്ധമുണ്ട്. കലാകേന്ദ്ര എന്ന സ്ഥാപനം ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ചത് ആ ലക്ഷ്യത്തോടെയാണ്. ആർക്കും എപ്പോൾ വേണമെങ്കിലും അവിടെ വരാം. നിങ്ങൾക്ക് അനുഭവിക്കാം സംഗീതത്തിന്റെ മാന്ത്രികത. സംഗീതം മനുഷ്യനു വേണ്ടിയാണ്. സിനിമ വേണമെങ്കിൽ വിളിച്ചാൽ മതിയെന്നു ഞാൻ ചിന്തിക്കുന്നത് അതുകൊണ്ടാണ്. ലോകത്തിനു മുഴുവൻ ആവശ്യമുള്ളതാണ് മ്യൂസിക് തെറാപ്പി.

കൈതപ്രം നമ്പൂതിരിയുടെ പരിഭവങ്ങൾ എല്ലാം പ്രശസ്തമാണ്. പൊതുവേദികളിൽ അതു തുറന്നു പറഞ്ഞിട്ടുമുണ്ട് അദ്ദേഹം. ഫോൺ വഴി സംസാരിച്ചു കഴിഞ്ഞപ്പോൾ അവസാന ചോദ്യം അതിനെക്കുറിച്ചായി. എഴുതി ഫലിപ്പിക്കപ്പെട്ടിട്ടുള്ള പോലെയൊന്നുമില്ല അദ്ദേഹത്തിന്റെ പിണക്കം എന്ന് അപ്പോൾ അറിയാനായി. നമ്പൂതിരിയുടെ മറുപടി ഇങ്ങനെയായിരുന്നു: ‘ആർക്കാണ് പരിഭവമില്ലാത്തത്. മനുഷ്യരല്ലേ. ഞാനത് തുറന്നു പറയും അത്രയേയുള്ളൂ. ഒരു വട്ടം സംസാരിച്ചാൽ തീരാവുന്ന പരിഭവമേ എനിക്ക് എല്ലാരുമായിട്ടുള്ളൂ. ആരോടും വൈരാഗ്യമോ പ്രതികാരമോ ഒന്നുമില്ല. എനിക്ക് ശത്രുക്കളുമില്ല. ഞാൻ എന്റെ രീതിയിലാണ് നടക്കുന്നത്. മനസ്സിലുള്ളത് നേരിട്ടു മുഖത്തു നോക്കി പറയും അത്രേയുള്ളൂ.

© Copyright 2017 Manoramaonline. All rights reserved....
വിനയജയസൂര്യ
മമ്മൂട്ടിയുടെ ഫ്രണ്ട്; ദുൽഖറിന്റെയും!
എഴുത്തിന്റെ രസതന്ത്രം
നവാഗതരെ ഇതിലെ ഇതിലെ...