മാനം മുട്ടുന്ന മാൻഹോൾ

സ്വന്തം ലേഖകൻ

കലയും പ്രതിഭയും ഏറ്റുമുട്ടുന്ന സിനിമയുടെ തെരുവിൽ വിജയിച്ച അപൂർവം സംവിധായികമാരിൽ ഒരാളാണ് വിധു വിൻസെന്റ്. അരികുവത്കരിക്കപ്പെട്ട ജീവിതങ്ങളുടെ കഥയാണ് മാൻഹോൾ എന്ന അവരുടെ സിനിമ പറയുന്നത്. മാൻഹോൾ വൃത്തിയാക്കുന്ന അയ്യാസ്വാമിയും നിയമം പഠിക്കുന്ന അയാളുടെ മകളും. അയ്യാസാമിയുടെ മരണവും തുടർന്നുള്ള ജാതി–മത രാഷ്ട്രീയവും ഭരണകൂടത്തിന്റെ നിഷ്ക്രിയത്തവുമൊക്കെ സിനിമയുടെ ഭാഗമാവുന്നു.

അന്താരാഷ്‌ട്ര ചലച്ചിത്രമേളയിൽ ചർച്ച ചെയ്യപ്പെടുകയും കയ്യടി നേടുകയും ചെയ്ത മാൻഹോൾ രണ്ട് പുരസ്‌കാരങ്ങളാണ് നേടിയത്. മികച്ച മലയാളം സിനിമയ്ക്കുള്ള ഫിപ്രസി പുരസ്കാരവും മികച്ച നവാഗത സംവിധായികയ്ക്കുള്ള രജതചകോരവും സിനിമ സ്വന്തമാക്കി. സ്ത്രീകൾക്ക് സിനിമ വാഴില്ലെന്നും വഴങ്ങില്ലെന്നും പറഞ്ഞ പുരുഷകേസരികൾ‌ക്കു മുന്നിൽ മാനം മുട്ടുന്ന അഭിമാനത്തോടെ മാൻഹോളുമായി വിധു നിൽക്കുകയാണ്. മാൻഹോൾ എന്ന സ്വപ്നത്തെക്കുറിച്ചു വിധു സംസാരിക്കുന്നു

മാൻഹോളിലേക്കുള്ള വഴി

വൃത്തിയുടെ ജാതി... ഈ പേരിലാണ് 2014 ൽ ഒരു ഡോക്യൂമെന്ററി ചെയ്യുന്നത്. അതിന്റെ ഒരു ഫോളോഅപ്പ് എന്ന നിലയിലാണ് ചിത്രത്തിലേക്ക് നീങ്ങുന്നതെന്ന് പറയാം. ചാനലിന് വേണ്ടിയാണ് അന്ന് ആ ഡോക്യൂമെന്ററിയ്ക്കു വേണ്ടി പ്രവർത്തിച്ചത്. ഈ സിനിമയ്ക്കുള്ള ആശയം എങ്ങും പറഞ്ഞും വായിച്ചും കിട്ടിയതല്ല, കാഴ്ചകളിൽ നിന്ന് തന്നെ അവ എന്നിലേയ്ക്ക് വന്നു ചേരുകയായിരുന്നു. കൊല്ലത്തെ എന്റെ വീടിനു വളരെയടുത്തുള്ള കോളനികളിൽ താമസിക്കുന്ന ഒരു കൂട്ടം ജനങ്ങളാണ് അതിലെ കഥാപാത്രങ്ങൾ. സത്യസന്ധമായ കഥകളുമായി അവർ വന്നു ചേരുകയായിരുന്നു. ആ സിനിമയിലെ കഥാപാത്രങ്ങളൊക്കെ തന്നെ അതുകൊണ്ട് എനിക്ക് തീരെ അപരിചിതരല്ല. ടോയിലറ്റ് വൃത്തിയാക്കലും മറ്റും ഇപ്പോഴും ചെയ്യുന്ന മനുഷ്യരെ ആലോചിക്കാൻ കഴിയുമോ! പക്ഷെ അവർ അത്തരത്തിലാണ്, ഇരുട്ടിൽ വന്ന് ഇരുട്ടിൽ ജോലി ചെയ്യുന്നവർ. കുട്ടിക്കാലത്ത് അവർ ഒരു തരം നിഗൂഡതയായിരുന്നു തന്നിരുന്നത്, പിന്നീട് വളർന്നപ്പോഴാണ് അവരുടെ അവസ്ഥകളിലേയ്ക്ക് ശ്രദ്ധ പൂർണമായി ചെന്നത്. അവിടെ ഉള്ള രവി കുമാർ എന്ന ഓട്ടോ ഡ്രൈവർ കൂടുതൽ കഥകൾ പറഞ്ഞു തരുകയുണ്ടായി.

ആരാണിവർ ?

പണ്ട് ആന്ധ്രാപ്രദേശിൽ നിന്നും തമിഴ്‌നാട്ടിലേക്ക് കുടിയേറിയവരാണിവർ. ആദിദ്രാവിഡ ഭാഷ സംസാരിക്കുന്നവരാണ് ഈ മനുഷ്യർ, അതും ലിപി പോലുമില്ലാത്ത ഭാഷയും. ഓരോ നാട്ടിൽ ചെല്ലുമ്പോൾ ആ നാട്ടുഭാഷയുമായി ചേർന്ന ഭാഷയായി അത് പരിണമിയ്ക്കപ്പെടും. തമിഴ്‌നാട്ടിൽ ഒരുതരം അടിമത്ത ജീവിതമായിരുന്നു ഇവർ നയിച്ചിരുന്നത്. പിന്നീട് ഇവർ കേരളത്തിലേക്കുമെത്തി. തകഴിയുടെ തോട്ടിയുടെ മകൻ എന്ന നോവലിൽ ഇവരെ കുറിച്ചുള്ള വ്യക്തമായ ചിത്രമുണ്ട്. ടോയിലറ്റ് മാലിന്യങ്ങൾ വാരുക എന്ന ജോലിയാണ് തോട്ടികൾക്കുള്ളത്, എന്നാൽ നിയമം മൂലം ഇപ്പോൾ ഈ ജോലിപ്പേര് നിരോധിക്കപ്പെട്ടിരിക്കുകയാണ്.  എന്നാൽ ഈ ജോലി ഇല്ലാതാക്കപ്പെട്ടിട്ടുണ്ടോ? പണ്ട് ഇത്തരം അവസ്ഥയിൽ ജീവിച്ചിരുന്ന ആ മനുഷ്യരുടെ ഇപ്പോഴത്തെ അവസ്ഥയെന്താണ്? സാഹചര്യങ്ങളെ എങ്ങനെ അവർ അതിജീവിക്കുന്നു? കാലം അവർക്ക് എന്തൊക്കെ മാറ്റങ്ങൾ വരുത്തി? ഇതൊക്കെ അന്വേഷിച്ചുള്ള യാത്രയാണ് മാൻഹോൾ എന്ന സിനിമ. 

അന്തസ്സിന്റെ ദാരിദ്ര്യം...

പണ്ട് പണത്തിന്റെ ബുദ്ധിമുട്ടും ഒക്കെ കൊണ്ട് ഭൗതിക ദാരിദ്ര്യവും അനുഭവിച്ചിരുന്നവർ ഇന്ന് ഏറ്റവുമധികം അനുഭവിക്കുന്നത് അന്തസ്സിന്റെ ദാരിദ്ര്യമാണ്. ഇപ്പോഴും സർക്കാർ ജോലി ഇവർക്കായി ലഭിക്കുന്നുണ്ടെങ്കിൽ പോലും തോട്ടിപ്പണി തന്നെയാണ് ഇവർക്കായി ലഭിക്കുന്നത് എന്നതാണ് സത്യം. നിയമം മൂലം ഇത് നിരോധിക്കപ്പെട്ടെങ്കിലും വൃത്തിയാക്കലും അതുപോലെയുള്ള ജോലികളും ഇപ്പോഴും ഇവർക്ക് ലഭിക്കുന്നു, ഒരുപക്ഷെ ഇവർക്ക് അതുമാത്രമേ ലഭിക്കുന്നുള്ളൂ. പുരുഷന്മാർ ശുചീകരണ പണികൾക്കായി പോകുമ്പോൾ വലിയ വീടുകളുടെ പിന്നാമ്പുറങ്ങൾ വൃത്തിയാക്കുന്നിടത്താണ് ഇവിടുത്തെ സ്ത്രീകൾ ജോലി ചെയ്യുന്നത്. സ്ത്രീകൾ ഒരുപക്ഷെ വീടിനുള്ളിൽ കയറുന്നത് ടോയിലറ്റുകൾ വൃത്തിയാക്കാൻ മാത്രമായിരിക്കും. രവിയേട്ടൻ ഒക്കെ ഇതിനായി പറയുന്ന വിശദീകരണം സർക്കാർ തലത്തിൽ പോലും ഇവർക്ക് മറ്റു ജോലികളൊന്നും ലഭിക്കുന്നില്ല എന്ന് തന്നെയാണ്. പൊതു സമൂഹം എന്നും ഇവരെ അകറ്റി നിർത്തുകയും ചെയ്യുന്നു. സർക്കാർ നിരോധനം ഉണ്ടെങ്കിൽ പോലും കഴിഞ്ഞതവണ സെൻസസ് എടുതതപ്പോൾ ഇതേ പണിയുടെ പേര് കണ്ടിട്ട് ആ പേര് എടുത്തു മാറ്റി കൂലിപ്പണി പോലെ മറ്റെന്തെങ്കിലും ആക്കി മാറ്റാൻ സർക്കാർ ഉത്തരവിട്ടെന്നു ഞാനറിഞ്ഞത് ഈ സിനിമ പുറത്തു വന്നതിനു ശേഷമാണ്.  ഇത്തരം അവഗണനകൾ ഇവർ എന്തുമാത്രം അനുഭവിക്കുന്നു. ഫയലിൽ ഇല്ലെങ്കിലും അതെ ജോലികൾ തന്നെ ഇപ്പോഴും ചെയ്യുന്നവർ തന്നെയാണിവിടെയുള്ളവർ. ഡോക്യൂമെന്ററിയിൽ പറഞ്ഞാൽ തീരില്ലെന്നു തോന്നി, കൂടുതൽ ഈ വിഷയം ചർച്ച ചെയ്യപ്പെടേണ്ടത് അത്യാവശ്യമായിരുന്നു, അതുകൊണ്ടു തന്നെയാണ് മാൻഹോൾ എന്ന സിനിമ ഈ വിഷയത്തിൽ പുറത്തിറങ്ങിയതും.

രാഷ്ട്രീയക്കാർ മാത്രമല്ല ഇടപെടേണ്ടത്...

പണ്ടും നമ്മുടെ നാട്ടിൽ നവോഥാന മുന്നേറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൽ രാഷ്ട്രീയക്കാർ മാത്രമല്ല, സമുദായങ്ങൾ വരെ ഉൾപ്പെടുന്ന സാമൂഹിക മുന്നേറ്റമാണ് ഉണ്ടായിരുന്നത്. ഒരു പ്രശ്നത്തിൽ രാഷ്ട്രീയക്കാർ മാത്രം വിചാരിച്ചാൽ ഒന്നും സംഭവിക്കില്ല. ഓരോ മനുഷ്യന്റെയും ഉള്ളിലുള്ള ജാതിബോധമാണ് മാറേണ്ടത്. അതുകൊണ്ടു തന്നെ ഈ വിഷയത്തിൽ രാഷ്ട്രീയക്കാർ മാത്രമല്ല ഇടപെടേണ്ടതെന്ന് ഞാൻ വിശ്വസിക്കുന്നു. 

ഈ സിനിമ പാലക്കാട് പ്രദർശിപ്പിച്ചപ്പോൾ കണ്ടുകൊണ്ടിരുന്ന ഒരുവ്യക്തി എഴുന്നേറ്റു നിന്ന് , ഞാൻ സവർണ ജാതിയാണ്, പക്ഷെ എന്റെയുള്ളിലെ മാലിന്യത്തെ തൊടാൻ ഈ സിനിമ എന്നെ സഹായിച്ചു എന്നയാൾ ഉറക്കെ പറഞ്ഞു, അതും കരഞ്ഞുകൊണ്ടാണ് സംസാരിക്കുന്നത്. ഇത്തരം അനുഭവങ്ങൾ നിരവധിയുണ്ട്. മനുഷ്യർ പല രീതിയിലാണ് പ്രതികരിക്കുന്നത്. സെൻസസ് എടുക്കുമ്പോഴൊക്കെ തോട്ടിപ്പണി എന്ന പേര് പോലും വരാതെയിരിക്കാൻ സർക്കാർ പോലും ശ്രദ്ധിക്കുന്നു. ഇത്തരക്കാർ ഇവിടെയില്ല എന്ന് സർക്കാർ പോലും പറയുന്നു, പക്ഷെ സത്യം എന്താണ്?

ഈ വിഷയം പൊതു സമൂഹത്തിൽ ചർച്ച ചെയ്യപ്പെടണം. ഈ ചിത്രത്തിൽ അഭിനയിച്ചവരിൽ പലരും അതെ കമ്മ്യൂണിറ്റിയിൽ ഉള്ളവരാണ്, ഒരുപക്ഷെ അവരുടെ പ്രശ്നം അവരെക്കാൾ നന്നായി ആർക്കാണ് പറയാനാവുക. പക്ഷെ ഈ സിനിമ പുറത്തിറങ്ങിയ ശേഷം ഇതിൽ അഭിനയിച്ച രവിയേട്ടനുൾപ്പെടെയുള്ളവർക്ക് പുറത്ത് വേദികൾ ലഭിക്കുന്നുണ്ട്. അവരുടെ പ്രശ്നങ്ങളും അവസ്ഥകളും അവർക്കിപ്പോൾ പറയാം.സാമൂഹിക പ്രവർത്തകർ അവരെ ശ്രദ്ധിക്കുന്നുണ്ട്, ഈ സിനിമ കൊണ്ട് ഇത്രയും ഒക്കെ ഉണ്ടായതിൽ ഏറെ സന്തോഷമുണ്ട്. മാറ്റങ്ങൾ പെട്ടെന്ന് ഉണ്ടാകുന്നതല്ല, പക്ഷെ ഉണ്ടാകും.. പ്രശ്നങ്ങൾ അംഗീകരിക്കപ്പെട്ടു എന്നത് തന്നെ ആശ്വാസം. സിനിമ കണ്ടിട്ട് ചില എം എൽ എ മാർ അനുകൂലമായാണ് പ്രതികരിച്ചത്. നിയമസഭയിൽ സിനിമ പ്രദർശിപ്പിക്കണം എന്നൊക്കെ പറഞ്ഞിട്ടുണ്ട്.

പ്രതികരണങ്ങൾ നിരവധി..

പ്രദർശിപ്പിച്ച സ്ഥലങ്ങളിൽ നിന്നെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചത്. എന്തുകൊണ്ട് ഈ വിഷയം ആരും ശ്രദ്ധിക്കപ്പെടാതെ പോയി, എവിടെ ഇവിടുത്തെ രാഷ്ട്രീയക്കാരും സാമൂഹിക പ്രവർത്തകരും എന്ന് തുടങ്ങി നിരവധി ചോദ്യങ്ങൾ ഞങ്ങൾ കേട്ടു. ഏറ്റവും ബഡ്ജറ്റ് കുറച്ച് ചെയ്തൊരു ചിത്രമാണിത്. പിന്നെ സിനിമ ചെയ്യുന്നതിന് മുൻപ് തന്നെ ഇതിലെ രംഗങ്ങൾ മനോഹരമാക്കേണ്ടതില്ലെന്നു ഞങ്ങൾ തീരുമാനിച്ചിരുന്നു. കാരണം ഇതിലെ കഥ ഒട്ടും മനോഹരമാണ് അതുകൊണ്ട് ഫ്രയിമുകളും മനോഹരമാക്കേണ്ടതില്ല. ബ്യൂട്ടി ഇല്ലാത്തതാണ് സിനിമയിലെ ബ്യൂട്ടി എന്ന് പലരും അഭിപ്രായം പറഞ്ഞിരുന്നു. ഒരുതരം "റസ്റ്റിക്ക് ബ്യൂട്ടിയാണ് സിനിമയ്ക്കുള്ളത്. കല മനുഷ്യന് വേണ്ടിയാണെങ്കിൽ അതെ കല അവന്റെ ബുദ്ധിമുട്ടുകളെയും അവന്റെ സത്യസന്ധമായ ജീവിതത്തെയും കുറിച്ച് പറയുന്നതാകണം. അതിനു തന്നെയാണ് ഞങ്ങൾ ശ്രമിച്ചതും.

പണം ഒരു വിഷയം...

സ്ത്രീയാണ്, ആദ്യമായി സിനിമ സംവിധാനം ചെയ്യുകയാണ്, വിഷയം ഇതാണ്, അതുകൊണ്ടൊക്കെ തന്നെ മൂലധനം കണ്ടെത്താൻ ബുദ്ധിമുട്ടിയിരുന്നു. ഒടുവിൽ എന്റെ അച്ഛനാണ് അദ്ദേഹത്തിന്റെ വാർദ്ധക്യകാല സമ്പാദ്യം സിനിമയ്ക്ക് വേണ്ടി എനിക്ക് നൽകിയത്. അച്ചൻ ഒരു പുരോഗമനവാദിയൊന്നുമല്ല, പക്ഷെ ഞാൻ എന്തോ നല്ലത് ചെയ്യാൻ പോകുന്നു എന്നദ്ദേഹത്തിനു മനസ്സിലായി, ആ വിശ്വാസത്തോട് കൂടിയാണ് പണം തന്നത്. അദ്ദേഹത്തിന്റെ ആ വിശ്വാസം എനിക്ക് തെറ്റിയ്ക്കാകാം ആകുമായിരുന്നുമില്ല. ഒരുപക്ഷെ ഓരോ മാതാപിതാക്കളും പെണ്മക്കൾക്കായി പണം മാറ്റി വയ്ക്കുന്നത് അവർക്ക് സ്ത്രീധനം നൽകാൻ വേണ്ടിയാണ്. ആണ്കുട്ടികളാണെങ്കിൽ പിന്നെയും ഇത്തരം കാര്യങ്ങൾക്കൊക്കെ നൽകിയെന്ന് വരും. അക്കാര്യത്തിൽ എനിക്ക് അച്ഛനോട് കടപ്പാടുണ്ട്. സിനിമയ്ക്ക് പുരസ്കാരം കിട്ടിയതോടെ അച്ഛനും സന്തോഷമായി . പണം തിരികെ കൊടുക്കാനും കഴിഞ്ഞു.

പുരസ്കാരം വിഷയത്തിനുള്ള അംഗീകാരമാണ്..

പുരസ്കാരം കിട്ടുന്നു എന്നതിന്റെ ഏറ്റവും വലിയ ഗുണം വിഷയം സ്വീകരിക്കപ്പെടുന്ന എന്നത് തന്നെയാണ്. സിനിമയ്ക്ക് ശേഷം പല സംഘടനകളും കോളേജുകളും ഒക്കെ പരിപാടികൾക്ക് ചെല്ലുമ്പോൾ ഈ വിഷയം സംസാരിക്കാനും അവരെ ബോധ്യപ്പെടുത്താനും കഴിയുണ്ട. വേദികൾ ലഭിക്കു്നത് വിഷയം കൂടുതൽ ആൾക്കാരിലേക്കെത്താൻ സഹായകമാണ്. പിന്നെ ഒരു സ്ത്രീ എന്ന നിലയിൽ, സ്ത്രീ രാഷ്ട്രീയവും സിനിമയും ഒക്കെ പറയുമ്പോൾ നമ്മൾ ചെല്ലുന്ന വേദികളിൽ പെൺകുട്ടികളും സ്ത്രീകളുമൊക്കെയുണ്ടെങ്കിൽ അവർക്ക് അത് നൽകുന്ന ഊർജ്ജം വളരെ വലുതാണ്. അത് നേരിട്ട് കാണാൻ കഴിഞ്ഞിട്ടുണ്ട്. എപ്പോഴും വിജയികളായ പുരുഷന്മാരുടെ നരേഷനാണ് അവർ കേൾക്കുക, എന്നാൽ ഒരു സ്ത്രീയുടെ സംസാരത്തിൽ വിജയ അനുഭവത്തിൽ അവർക്ക് പൊതു സമൂഹത്തിലേക്ക് ഇറങ്ങാനുള്ള പ്രചോദനം ലഭിക്കും. ആൾക്കാർ അവരുടെ കൂട്ടത്തിൽ ഒരാളായി തന്നെ കണ്ട സംസാരിക്കുകയും സിനിമയെ കുറിച്ചുമൊക്കെ അന്വേഷിക്കുകയും ചെയ്യുമ്പോൾ സന്തോഷമുണ്ട്. ഒരുപക്ഷെ പത്രപ്രവർത്തനം പഠിച്ചതിനെയും റിപ്പോർട്ടുകൾ ചെയ്തതിന്റെയും അനുഭവം ഗുണം ചെയ്തിട്ടുണ്ടാകണം. നമ്മൾ നമ്മളെ മറ്റൊരു രീതിയിൽ വായിക്കുന്നു... സന്തോഷമുണ്ട്.

പുതിയ സിനിമ..

പുതിയ ഒരു സ്ക്രിപ്റ്റ് ചെയ്യുന്നുണ്ട്. നിർമ്മാതാവും തയ്യാറാണ്. സ്ത്രീ പ്രാധാന്യമായുള്ള വിഷയമാണ്, മാർച്ചിൽ ഷൂട്ടിങ് തുടങ്ങണമെന്ന് ആഗ്രഹിക്കുന്നു. സിനിമയുടെ പിന്നണിയിലും കൂടുതൽ സ്ത്രീകൾ തന്നെയാകും. നിർമ്മാതാവും സ്ത്രീ തന്നെയാണ്. തൽക്കാലം പത്രപ്രവർത്തനത്തിനു ഇടവേള നൽകിയിരിക്കുകയാണ്. സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹം. മാൻഹോളിൽ കൂടെ നിന്നവർ ഒരുപാടുണ്ട്. കുറഞ്ഞ ബഡ്ജറ്റ് ആയതിനാൽ തിരക്കഥയ്ക്കൊന്നും പണം പോലും നൽകാനായിരുന്നില്ല. പക്ഷെ അതൊരു പാഠമാണ്, പരമാവധി ചെലവ് ചുരുക്കി ചെയ്തതിനാൽ എങ്ങനെ ഒരു സിനിമയെ ഒരുപാട് പണം ചിലവഴിക്കാതെ ചെയ്യാം എന്ന് മനസ്സിലാക്കാനായി. നിർമ്മാതാവിനെ കുത്തുപാളയെടുപ്പിക്കാതെ സിനിമ ചെയ്യാനും കഴിയും എന്ന് മനസ്സിലായി.

© Copyright 2017 Manoramaonline. All rights reserved....
പാടി തീരാത്ത കഥകൾ ഇനിയുമുണ്ട്...
മമ്മൂട്ടിയുടെ ഫ്രണ്ട്; ദുൽഖറിന്റെയും!
എഴുത്തിന്റെ രസതന്ത്രം
നവാഗതരെ ഇതിലെ ഇതിലെ...