പരിപ്പു പായസം
മനുഷ്യരെ മാത്രമല്ല, ഈശ്വരൻമാരെയും ഏറെകൊതിപ്പിച്ചിട്ടുണ്ട് പായസം. വിഭവസമൃദ്ധമായ സദ്യ അതിന്റെ പൂർണതയിലെത്തുന്നത് അൽപം പായസം കൂടി കുടിച്ചുകഴിയുമ്പോഴാണല്ലോ. പയസിൽ (പാൽ) നിന്ന് ഉണ്ടാകുന്നതാണ് പായസം. പശുവിൻപാലോ, തേങ്ങാ പാലോ ആകാം. പഞ്ചസാര ചേർത്ത് ആദ്യത്തേത് പാൽപായസവും, ശർക്കരചേർത്ത് അടുത്തത് ശർക്കര പായസവുമാകും. പായസത്തിൽ പ്രഥമനാണ് പരിപ്പ്. ചെറുപയർ വറുത്ത് കുത്തിയെടുത്തു പൊടിയും തോലുമെല്ലാം കളഞ്ഞുകിട്ടുന്ന പരിപ്പ്. പായസത്തിനെടുക്കുന്നത് ആ പരിപ്പാണ്. ഉപ്പില്ലാത്ത നല്ല വെളുത്ത ശർക്കര, തേങ്ങാപ്പാൽ ഇവയൊക്കെ ചേർത്തുണ്ടാക്കുന്ന പായസത്തിന്റെ രുചി അമൃതിനെ വെല്ലുന്നതാണത്രേ. നെയ്യിൽ വറുത്ത് ചുമപ്പിച്ചെടുക്കുന്ന പരിപ്പ് നന്നായി വേവിക്കണം. ശർക്കര ഉരുക്കിയെടുക്കുന്ന പാനീയും ചേർത്തു വരട്ടിയെടുക്കും. തേങ്ങാപ്പാലും നെയ്യും ഏലയ്‌ക്കയും, കശുവണ്ടിപരിപ്പും കിസ്‌മിസുമെല്ലാം പായസത്തെ രുചികരവും സുന്ദരവുമാക്കും. ഇലയിൽ ഒഴിച്ചാൽ ഒഴുകുന്നതാകണം പായസം. പോഷകങ്ങളെക്കുറിച്ചു പറഞ്ഞാൽ പ്രോട്ടീൻ സമൃദ്ധമാണു പരിപ്പുപായസം. ചീത്ത കൊളസ്ട്രോൾ ഒട്ടുമില്ല. ശർക്കരയിൽ ഇരുമ്പും ധാരാളമായുണ്ട്. സിങ്ക്, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങളും വേണ്ടുവോളം. തോങ്ങാപ്പാലും നെയ്യും അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയുംകൂടി ചേരുമ്പോൾ എല്ലാമായി.
പരിപ്പ് – | 2 കപ്പ് |
ചവ്വരി – | 1/4 കപ്പ് |
ശർക്കര ഉരുക്കിയത് – | 400 ഗ്രാം (8 കപ്പ്) |
2 കപ്പ് തേങ്ങാപ്പാൽ – | 12 തേങ്ങചിരകിയതിൽ നിന്ന് |
രണ്ടാം പാൽ – | 6 കപ്പ് |
മൂന്നാം പാൽ – | 9 കപ്പ് |
നെയ്യ് – | 1/4 കപ്പ് |
തേങ്ങ കൊത്ത് – | 1/4 കപ്പ് |
ഏലയ്്ക്കാപ്പൊടി – | 1/4 റ്റീസ്പൂൺ |
പാകം ചെയ്യുന്ന വിധം
∙പയർ പരിപ്പ് ചുവട് കട്ടിയുള്ള ചൂടായ ചീനച്ചട്ടിയിലിട്ട് വാസന വരുന്നതുവരെ മൂപ്പിക്കുക. പിന്നീട് കഴുകി അരിക്കുക.
∙ഒരു പാത്രത്തിൽ മൂന്നാംപാൽ ഒഴിച്ച് അടുപ്പിൽവച്ച് വെട്ടിത്തിളയ്ക്കുമ്പോൾ കഴുകി വച്ചിരിക്കുന്ന പരിപ്പിട്ട് വേവിക്കുക. പരിപ്പിലെ വെള്ളം വറ്റി കുറുകുമ്പോൾ ശർക്കര ഉരുക്കി അരിച്ച് കുറുക്കിയ പാനിയാക്കിയതും ചേർത്തിളക്കി ഒന്നുകൂടി നല്ലതുപോലെ കുറുകുമ്പോൾ നെയ്യും രണ്ടാം പാലും ചവ്വരി കഴുകിയതും ചേർക്കുക. ചവ്വരി വെന്ത് പായസം പകുതി വറ്റുമ്പോൾ, തലപ്പാലിൽ ജീരകവും ചുക്കും പൊടിച്ചുകലക്കിയത് ചേർത്തിളക്കി ഒന്നു ചൂടാകുമ്പോൾ മൂപ്പിച്ച തേങ്ങയും ചേർത്ത് വാങ്ങിവയ്ക്കുക. കുറച്ചു നേരം കൂടി പായസം ഇളക്കണം.
∙ സൂചന - മൂപ്പിച്ച തേങ്ങാ ചേർക്കാതെയും പായസം തയാറാക്കാവുന്നതാണ്.