സേമിയാപ്പായസം

പായസത്തിന്റെ ജനനം ഭാരതത്തിലാണെന്നാണ് ചരിത്രകാരൻമാർ പറയുന്നത്. റോമാ സാമ്രാജ്യത്തിൽ ബിസി പത്താം നൂറ്റാണ്ടിൽ പാലിൽ തിളപ്പിച്ചെടുത്ത അരി കഴിച്ചിരുന്നതായി വിശ്വാസമുണ്ടെങ്കിലും രേഖകളൊന്നുമില്ല. ബിസി 400ൽ രചിക്കപ്പെട്ട ബുദ്ധമത ഗ്രന്ഥങ്ങളിലും ജൈനഗ്രന്ഥങ്ങളിലുമാണു പായസത്തെക്കുറിച്ച് ആദ്യമായി പരാമർശിക്കുന്നത്. 2000 വർഷങ്ങൾക്കു മുൻപ് ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിൽ പായസം ഉണ്ടാക്കിയിരുന്നതായി തെളിവുകളുമുണ്ട്. എഡി 1222 ൽ കന്നഡ ഭാഷയിലെഴുതിയ താളിയോലകളിൽ വെർമിസില്ലി ഉപയോഗിച്ചു പാകം ചെയ്ത സർവലിഗീയ പായസം കഴിച്ചതായി പരാമർശമുണ്ട്. എഡി 1235ൽ എഴുതിയ ചില പുസ്തകങ്ങളിൽ സാബൂനരിയുടെ പായസമുണ്ടാക്കിയതായും പരാമർശമുണ്ട്. എഡി 12–ാം നൂറ്റാണ്ടിലെഴുതിയ മാനസോല്ലാസത്തിൽ പായസം സദ്യയുടെ ആദ്യം വിളമ്പണോ അവസാനം വിളമ്പണോ എന്ന തർക്കവും പരാമർശിക്കുന്നുണ്ട്. എന്തായാലും നമ്മുടെ നാട്ടിൽ ഏറ്റവും പ്രചാരത്തിലുള്ളൊരു പായസമാണ് വെർമിസെല്ലികൊണ്ടുള്ളത്. രുചികരമായ പായസക്കൂട്ടെങ്ങനെയെന്ന് നോക്കാം.
സേമിയ – | 125 ഗ്രാം |
തിളച്ച വെള്ളം – | 4 കപ്പ് |
ചവ്വരി – | 1 ഡിസേർട്ട് സ്പൂൺ |
വെള്ളം ചേർക്കാത്ത പാൽ – | 6 കപ്പ് |
പഞ്ചസാര – | ആവശ്യത്തിന് |
കശുവണ്ടിപ്പരിപ്പ് നെയ്യിൽ മൂപ്പിച്ചത് – | 2 ഡിസേർട്ട് സ്പൂൺ |
കിസ്മിസ് നെയ്യിൽ മൂപ്പിച്ചത് – | 1 ഡിസേർട്ട് സ്പൂൺ |
ഏലയ്്ക്കാപ്പൊടി – | 1/4 റ്റീസ്പൂൺ |
പാകം ചെയ്യുന്ന വിധം
∙നെയ്മയം പുരട്ടിയ ചീനിച്ചട്ടിയിൽ സേമിയ ഇളം ചുവപ്പിൽ വറുക്കുക. ഇതിലേക്ക് നാലുകപ്പ് തിളച്ചവെള്ളം ചേർക്കാം. തിളച്ചു വരുമ്പോൾ ചവ്വരി ചേർത്ത് നന്നായി ഇളക്കണം.
∙സേമിയയും ചൗവ്വരിയും നന്നായി വെന്തു തുടങ്ങുമ്പോൾ പാൽ ഒഴിച്ചു തുടരെ ഇളക്കണം. ശരിക്കും ചൂടാകുമ്പോൾ പഞ്ചസാരയിട്ട് ഇളക്കാം. ചേരുവകൾ തിളച്ച് പാൽ കുറേ വറ്റുമ്പോൾ തീ ഓഫ് ചെയ്യാം.
∙ നെയ്യിൽ വറുത്ത കശുവണ്ടിപ്പരിപ്പും കിസ്മിസും പായസത്തിലേക്ക് ചേർത്ത് എലയ്ക്കാ പൊടിച്ചതും അൽപം കണ്ടൻസ്ഡ് മിൽക്കും ചേർത്താൽ പായസത്തിന്റെ സ്വാദ് മെച്ചപ്പെടും.