പ്രഷർകുക്കർ റൈസ് പായസം
മധുരമാണ് പായസത്തിന്റെ ജീവാത്മാവ്. മധുരരസം ആരെയാണ് മോഹിപ്പിക്കാത്തത്. സ്വപ്‌നങ്ങളും നൊമ്പരങ്ങൾപോലും ചിലപ്പോൾ മധുരമാകാറുണ്ട്. കടുരസങ്ങളെ ഇഷ്‌ടപ്പെട്ടിരുന്ന അസുരൻമാരെ ദേവൻമാർ മധുരംകൊണ്ടു കീഴ്‌പ്പെടുത്തിയിട്ടുണ്ട്. അഭക്ഷ്യങ്ങൾ ഭക്ഷിച്ചിരുന്ന ശിവഭൂതഗണമായ ഘണ്ടാകർണനെ അതിൽ നിന്നു പിൻതിരിപ്പിച്ചത് മഹാവിഷ്‌ണുവാണെന്നു പുരാണങ്ങൾ പറയുന്നു. മധുരം കിനിയുന്ന രുചികരമായ ‘ദണ്ഡ്’ ഗരുഡൻ വശം കൊടുത്തുവിട്ട വിഷ്‌ണു ഘണ്ടാകർണനെ തന്റെ ഭക്‌തനാക്കിമാറ്റി. അതാണ് മധുരത്തിന്റെ മാന്ത്രികത. ഒറ്റ വേവിലെടുക്കുന്നതാണു പ്രഥമൻ. പരിപ്പു കൂടാതെ ഗോതമ്പ്, പഴപ്രഥമൻ, അടപ്രഥമൻ, ചക്കപായസം, പിഴിഞ്ഞുപായസം.... ഇങ്ങനെ പായസത്തിന്റെ പട്ടികനീളുന്നു. ഈ തിരക്കേറിയ ജീവിതത്തിൽ വളരെ പെട്ടെന്നു തയാറാക്കാവുന്നൊരു പായസത്തിന്റെ കൂട്ട് പരിചയപ്പെടാം.
പാൽ തിളപ്പിച്ചത് – | 2 ലിറ്റർ |
പഞ്ചസാര – | 10 ഡിസേർട്ട് സ്പൂൺ |
ബസ്മതി റൈസ് – | 4 ഡിസേർട്ട് സ്പൂൺ |
ഏലയ്്ക്കാപ്പൊടി– – | 1 ടീസ്പൂൺ |
കശുവണ്ടിപ്പരിപ്പ് – | 1 ഡിസേർട്ട് സ്പൂൺ |
പാകം ചെയ്യുന്ന വിധം
∙വൃത്തിയാക്കിയ പ്രഷർകുക്കറിൽ പാലും പഞ്ചസാരയും ബസ്മതി റൈസും ചേർത്ത് നന്നായി ഇളക്കി കുക്കർ അടച്ച് വേവിക്കാം. ഒരു വിസിൽ വന്നതിനു ശേഷം, തീ കുറച്ച് 30 മിനിറ്റ് ചെറു തീയിൽ വയ്ക്കുക.
∙കുക്കറിന്റെ വിസിൽ പോയശേഷം തുറന്ന് നന്നായി ഇളക്കി യോജിപ്പിച്ച് ഏലയ്ക്കാപ്പൊടിയും കശുവണ്ടിപ്പരിപ്പും ചേർത്താൽ രുചികരമായ പ്രഷർകുക്കർ റൈസ് പായസം തയാർ.