കൊതിപ്പിക്കുന്നൊരു ശർക്കര വരട്ടി
ഓണക്കാലം വന്നു, സദ്യക്കാലവും. ഓണസദ്യയേക്കാൾ മികച്ച ഒരു രുചിക്കൂട്ടും മലയാളിക്ക് തന്റേതു മാത്രം എന്ന് നെഞ്ചോടുചേർക്കാൻ ഇല്ല. തൂശനില വിരിച്ചുവച്ചു, തുമ്പപ്പൂ ചോറുവിളമ്പി എന്നു പാടിപ്പതിഞ്ഞ ഓണസദ്യയുടെ രുചി. നാക്കിലയിട്ട് തൊടുകറികൾ വിളമ്പി, തുമ്പപ്പൂ ചോറുവിളമ്പി നെയ്യും പരിപ്പും പപ്പടവും ചേർത്തു കഴിക്കുന്നതിന്റെ സുഖം, അത് സ്പെഷലാണ്. ഓണസദ്യയിലെ ഓരോ വിഭവങ്ങളും വൈറ്റമിനുകളും ധാതുക്കളും അടങ്ങിയവയാണ്. ഇലയിൽ വിളമ്പുന്ന ഓരോ കൂട്ടാനും ശരീരത്തിന് എന്തു തരുന്നുവെന്ന് ആരും തിരക്കാറില്ല. ഓണസദ്യ പൂർണാർഥത്തിൽ സമീകൃതാഹാരമാണ്. ഓണക്കാലത്ത് ഒട്ടും ഒഴിച്ചുകൂടാനാവാത്ത വിഭവങ്ങളാണ് അടയും പഴം നുറുക്കും ശർക്കരവരട്ടിയുമൊക്കെ. ശർക്കര ഉപ്പേരി, ശർക്കരപുരട്ടി എന്നിങ്ങനെ പല പേരുകളുണ്ട്! പോഷകഗുണത്തെക്കുറിച്ചു പറഞ്ഞാൽ ശർക്കരയിലെ നാരുകൾ ദഹനത്തിനു സഹായിക്കുന്നവയാണ്, ജീരകപ്പൊടിയും ചുക്കുപൊടിയും ശരീരത്തിനാവശ്യമുള്ള ഔഷധങ്ങളും. വീട്ടിൽ തന്നെ നാടൻ വെളിച്ചെണ്ണയിൽ തയാറാക്കാം ഉഗ്രൻ ശർക്കര വരട്ടി.
ഏത്തയ്ക്കാ – | 1/2 കി. ഗ്രാം |
ശർക്കര – | 1/4 കി.ഗ്രാം |
ചുക്ക് – | 1/2 ടീസ്പൂൺ |
ഏലയ്്ക്കാപ്പൊടി – | 1 ടീസ്പൂൺ |
അരിപ്പൊടി – | 2 ടീസ്പൂൺ |
എണ്ണ – | വറുക്കാൻ ആവശ്യത്തിന് |
പാകം ചെയ്യുന്ന വിധം
∙ചെറുതാക്കി മുറിച്ച എത്തയ്ക്ക ചൂടായ എണ്ണയിൽ ഇട്ട് , നല്ല ബ്രൗൺ നിറമാകുമ്പോൾ വറുത്തു കോരി എണ്ണ പോകാൻ വയ്ക്കണം. (വറുത്ത ഉപ്പേരി ആറിയതിനു ശേഷമേ ശർക്കരപ്പാനിയിലിടാവൂ)
∙ശർക്കര ഒന്നര കപ്പ് വെള്ളമൊഴിച്ച് തിളപ്പിക്കുക, നൂൽപരുവത്തിൽ എത്തുമ്പോൾ വറുത്തുവച്ചിരിക്കുന്ന ഏത്തയ്ക്കാ ഇതിലേക്ക് ചേർത്തു കൊടുത്തു നന്നായി ഇളക്കാം. പാത്രത്തിൽ ഒട്ടിപ്പിടിക്കാതെ വിട്ടുവരുന്ന പാകത്തിൽ തീ ഓഫ് ചെയ്യാം.
∙ ഏലയ്ക്ക പൊടിച്ചത്, ചുക്ക്, അരിപ്പൊടി എന്നിവ ഇട്ട് നന്നായി യോജിപ്പിച്ചെടുത്താൽ നല്ല ഹോം മെയ്ഡ് ശർക്കര വരട്ടി തയാർ.