online-logo

തളരരുത് അണ്ണാ, തളരരുത്

പ്രമോദ് ഗോപാലകൃഷ്ണന്‍

article-image

ഓരോ വ്യക്തിയും മറ്റുള്ളവര്‍ക്ക് അപരിചിതരല്ലാത്ത സമൂഹം. അപരന്റെ വാക്കുകള്‍ സംഗീതമായി തോന്നുന്ന നാളുകള്‍. ഏതു മനുഷ്യന്റേയും വേദന ഏറ്റെടുക്കാനും അവരുടെ സഹനങ്ങള്‍ അവസാനിപ്പിക്കാന്‍ ഏതറ്റംവരെയും പോകാനും തയ്യാറായ സമൂഹം. എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം എന്നാക്ഷേപിക്കാന്‍ വരട്ടെ. സമത്വസുന്ദരമായ ഇത്തരമൊരു സുപ്രഭാതത്തെക്കുറിച്ചു ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതുകൊണ്ടുകൂടിയാണു കലയും കലാകാരന്‍മാരും ബറുമാനിക്കപ്പെടുന്നത്, സ്നേഹിക്കപ്പെടുന്നത്, അവരുടെ വാക്കുകള്‍ക്കുവേണ്ടി ലോകം കാതോര്‍ക്കുന്നത്.

ഒരു കലാരൂപമെന്ന നിലയില്‍ സിനിമയും ഈ സ്വപ്നങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്; അതിന്റെ തെളിവാണ് ആറാം ദിവസം മേളയില്‍ ആദ്യം പ്രദര്‍ശിപ്പിച്ച ഇറാന്‍ സിനിമയായ ദ് ബ്രൈറ്റ് ഡേ. ഹൊസൈന്‍ ഷഹാബി സംവിധാനം നിര്‍വഹിച്ച ഈ സ്നേഹസങ്കീര്‍ത്തനം ദിവസത്തിനു ശുഭകരമായ തുടക്കമായി. 18-ാം രാജ്യാന്തര മേളയില്‍ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് ഇറാന്‍ സിനിമയായ പര്‍വീസ് ആയിരുന്നു. ഇത്തവണയും ദ് ബ്രൈറ്റ്ഡേയിലൂടെ മറ്റൊരു ഇറാന്‍ സിനിമ രജതചകോരത്തിന് അര്‍ഹമായാല്‍ അത്ഭുതപ്പെടാനില്ല. ആറാം ദിവസംതന്നെയാണ് മികച്ച സിനിമയ്ക്കുള്ള വോട്ടെടുപ്പ് കൈരളി തിയറ്റര്‍ കോംപ്ളക്സിലും ന്യൂ തിയറ്ററിലും തുടങ്ങിയെന്നതും പ്രത്യേകം ശ്രദ്ധിക്കണം. ലോകസിനിമയുടെ പുതുചലനങ്ങള്‍ കേരളക്കരയിലെത്തിച്ച മേളയില്‍ ഇന്ത്യന്‍ ചിത്രങ്ങളെ പാടേ അവഗണിക്കരുതെന്ന സന്ദേശം പ്രേക്ഷകരിലെത്തിച്ച ചിത്രമായിരുന്നു ഗോര്‍ ഹരി ദസ്താന്‍. റസൂല്‍ പൂക്കുട്ടി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍പ്രതിഭകളുടെ സംഗമമായ ഈ ചിത്രം ജീവചരിത്രസിനിമകള്‍ എങ്ങനെയെടുക്കണമെന്നുള്ളതിന്റെ ഏറ്റവും മികച്ച ഉദാഹരണം കൂടിയാണ്.

സൂക്ഷ്മമായ അഭിനയ പാടവം കൊണ്ടും മനസ്സിനെ പിടിച്ചുലയ്ക്കുന്ന ദൃശ്യങ്ങള്‍ കൊണ്ടും ദാസിന്റെ ജീവിതാനുഭവങ്ങള്‍ ആഴത്തില്‍ മുറിവേല്‍പിച്ചു. മികച്ചൊരു രാഷ്ട്രീയ സിനിമയാണിത്. കൊങ്കണ സെന്‍ ശര്‍മ തലമുടി നരച്ച വൃദ്ധയുടെ വേഷംചെയ്ത ഈ ചിത്രം ഇത്തവണ ദേശീയാംഗീകാരങ്ങള്‍ വാരിക്കൂട്ടുമെന്നതില്‍ സംശയം വേണ്ട. ഗോവയില്‍ അംഗീകാരം നേടിയ ലെവിയാതന്‍ എന്ന റഷ്യന്‍ സിനിമയും ബുധനാഴ്ച പ്രദര്‍ശിപ്പിക്കുകയുണ്ടായി. മലയാള ചിത്രം എന്‍. കെ. മുഹമ്മദ് കോയയുടെ അലിഫും ബംഗ്ളദേശി ചിത്രം മല്‍സരവിഭാഗത്തിലെ ദ് ആന്റ് സ്റ്റോറിയും ശ്രദ്ധേയമായിരുന്നെങ്കിലും വൈകിട്ട് ശ്രീകുമാറില്‍ നിറഞ്ഞ സദസ്സിനു മുമ്പാകെ പ്രദര്‍ശിപ്പിച്ച വെനിസ്വേലയില്‍നിന്നുള്ള ദ് ലോംഗസ്റ്റ് ഡിസ്റ്റന്‍സാണ് ബുധനാഴ്ചത്തെ മികച്ച ചിത്രമായത്.

ക്ളോഡിയ പിന്റോയുടെ ഈ ചിത്രത്തിന്റെ മൂന്നാം പ്രദര്‍ശനമായിട്ടും ക്യൂ നിന്നു തിയറ്ററില്‍ കയറിയ കാണികള്‍ ക്ഷമയോടെ ചിത്രം കണ്ടു; ഒടുവില്‍ കരഘോഷത്തോടെ തിയറ്റര്‍ വിട്ടിറങ്ങി. പതൃിവുപോലെ കൈരളിയില്‍ സിനിമയ്ക്കൊപ്പം ഒരു നാടകവും അരങ്ങേറി. നായകന്‍ ഡാന്‍സര്‍ തമ്പി. പഴയ തലമുറയിലും പുതിയ തലമുറയിലുമുള്ള സിനിമാ പ്രവര്‍ത്തകര്‍ക്കെല്ലാം തമ്പിയെ അറിയാം. എല്ലാവരേയും തമ്പിക്ക് അറിയാമെന്നു പറയുന്നതായിരിക്കും കുറച്ചുകൂടി ഉചിതം. പല്ലില്‍ കയറുകെട്ടി കാര്‍ വലിച്ചുനീക്കിയും ടയറിലൂടെ ദുഷ്കരമായി ശരീരം കടത്തിയും (കടത്താതെയും ) ശ്രദ്ധ പിടിച്ചുപറ്റിയ തമ്പി ഇത്തവണ വ്യത്യസ്തമായ ഇനവുമായാണെത്തിയത്.

സാക്ഷികളായി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രാജീവ് നാഥ് ഉള്‍പ്പെടെയുള്ള ചലച്ചിത്രപ്രവര്‍ത്തകരും സാദാ കാണികളും. ഗോര്‍ ഹരി ദസ്താന്‍ എന്ന ചിത്രം കാണാനുള്ള വരി നില്‍ക്കുന്നതിനടുത്തായിരുന്നു തമ്പിയുടെ പ്രകടനം. ക്യൂവില്‍ നിന്ന കുറേപ്പേര്‍ തമ്പിയുടെ സര്‍ക്കസ് കാണാന്‍ പോയതിനാല്‍ ചിത്രം കാണാന്‍ മോഹിച്ചുവന്ന യഥാര്‍ഥ ആസ്വാദകര്‍ക്കു സന്തോഷത്തോടെയും സമാധാനത്തോടെയും ചിത്രം കാണാനായി. ക്യൂവില്‍ നിന്ന ഒരു പ്രതിനിധി വിളിച്ചുപറയുന്നുണ്ടായിരുന്നു: അണ്ണാ തളരരുത്, താങ്കളെപ്പോലുള്ളവര്‍ ഉണ്ടെങ്കിലേ നല്ലസിനിമയുടെ മൂല്യം ഞങ്ങള്‍ തിരിച്ചറിയൂ. തളരരുത് അണ്ണാ തളരരുത്.

open-forum