online-logo

ചുംബിക്കാം; കാഴ്ചയുടെ കലോല്‍സവത്തെ

പ്രമോദ് ഗോപാലകൃഷ്ണന്‍

article-image

സിനിമയ്ക്കു പുറത്തെ സംഭവങ്ങളാല്‍ കൈരളി തിയറ്റര്‍ കോംപ്ളക്സ് വാര്‍ത്തകളില്‍ ഇടം നേടിയെങ്കിലും രണ്ടാംദിവസം ചലച്ചിത്രപ്രേമികള്‍ക്കു നിരാശരാകേണ്ടിവന്നില്ല. ഓര്‍മയില്‍ സൂക്ഷിക്കാന്‍ മനസ്സു കീഴടക്കിയ അപൂര്‍വദൃശ്യങ്ങളാല്‍ സമ്പന്നമായ ചില ചിത്രങ്ങള്‍ മേളയെ സമ്പന്നമാക്കി. സുഹൃത്തുക്കളേയും കാമുകിമാരേയും ചുംബിച്ചു കിസ്സ് ഓഫ് ലവ്ക്കാര്‍ ആവേശക്കൊടുമിടിയേറിയപ്പോള്‍ തിയറ്ററിനകത്തെ ഇരുട്ടില്‍ ജീവസ്സുറ്റ ചിത്രങ്ങള്‍ ചലിച്ചുതുടങ്ങിയിരുന്നു. രാവിലെ ശ്രീവിശാഖില്‍ എയ്സസ്, ശ്രീയില്‍ കോണ്‍ എലെന്‍ഡ്, കൈരളിയില്‍ എ ഗേള്‍ അറ്റ് മൈ ഡോര്‍, ശ്രീകുമാറില്‍ ഒമര്‍, ന്യൂവില്‍ മേറ്റോ....അന്യസംസ്ഥാനങ്ങളില്‍നിന്നുപോലും ഡലിഗേറ്റുകളായി പഠനത്തിന് അവധി കൊടുത്തും ജോലിയില്‍നിന്നു വിടുതല്‍ നേടിയും ആയിരങ്ങള്‍ മേളയ്ക്കെത്തുന്നതെന്തിനെന്ന ചോദ്യത്തിനുത്തരമായിരുന്നു ഈ ചിത്രങ്ങളൊക്കെ.

ഒമര്‍ എന്ന പാലസ്തീന്‍ ചിത്രവും മല്‍സരവിഭാഗത്തില്‍ കിം കി ഡൂക്കിന്റെ നാട്ടില്‍ നിന്നെത്തിയ ജൂലി യങ്ങിന്റെ ഗേള്‍ അറ്റ് മൈ ഡോറും അവസാനിച്ചിട്ടും തിയറ്റര്‍ വിട്ടിറങ്ങിയില്ല പ്രേക്ഷകര്‍. എഴുന്നേറ്റുനിന്നു നിര്‍ത്താതെ കയ്യടിക്കുകയായിരുന്നു അവര്‍. അവിസ്മരണീയമായ അഭ്രകാവ്യങ്ങള്‍ക്കു ദൈവത്തിന്റെ സ്വന്തം നാടിന്റെ ആദരം. രാഷ്ട്രീയ സിനിമയാണ് ഒമറെങ്കില്‍ നിഷ്കളങ്കതയുടെ ശുദ്ധഗീതമാണ് ഗേള്‍ അറ്റ് മൈ ഡോര്‍. രണ്ടുചിത്രങ്ങളും തീര്‍ച്ചയായും കണ്ടിരിക്കേണ്ടവ. ചലച്ചിത്രങ്ങള്‍ ലോകമെങ്ങും ഇപ്പോഴും അതിശക്തമായ മാധ്യമമായി എന്തുകൊണ്ടു നിലനില്‍ക്കുന്നുവെന്നതിന്റെ സാക്ഷ്യപത്രങ്ങള്‍ കുടിയാണിവ. ചൂടന്‍ചിത്രങ്ങള്‍ തേടിയെത്തുന്ന വലിയൊരു വിഭാഗം പ്രേക്ഷകര്‍ ഇപ്പോഴും മേളയ്ക്കെത്തുന്നുണ്ട്. കൈരളി തിയറ്ററില്‍ രാത്രി ഒമ്പതിനുള്ള ബ്ളൂ റും കാണാന്‍ അഭൂതപൂര്‍വമായ തിരക്കായിരുന്നു.

തിയറ്ററിന്റെ ചവിട്ടുപടികളും കടന്ന് മുറ്റത്തേക്കു വളഞ്ഞുപുളഞ്ഞു നീളന്‍ ക്യൂ. വോളന്റിയേഴ്സും പൊലീസുകാരും ചേര്‍ന്ന് ക്യൂവില്‍നിന്ന എല്ലാവരേയും തിയറ്ററിനകത്തേക്കു കടúത്തിവിട്ടെങ്കിലും കുറേപ്പേര്‍ സീറ്റ് കിട്ടാതെ ഇറങ്ങിവന്നു. നിരാശ അവരുടെ മുഖത്തു പ്രകടമായിരുന്നു. അപ്പോഴേക്കും കൈരളിയില്‍ ആസക്തിയുടെ അഗ്നിനാളങ്ങള്‍ ഉയര്‍ന്നുതുടങ്ങിയിരുന്നു; ഡെലിഗേറ്റുകളുടെ ചൂടന്‍നിശ്വാസങ്ങളും. ത്രില്ലര്‍ ചിത്രമായ ബ്ളൂറും അടങ്ങാത്ത കാമത്തിന്റെയും അതു സൃഷ്ടിക്കുന്ന സംഘര്‍ങ്ങളുടെയും ആവിഷ്കാരമാണ്. പ്രതിഷേധത്തിന്റെ ചുംബനങ്ങള്‍ കൊണ്ടു ശ്രദ്ധേയമായ മേളയുടെ രണ്ടാം ദിനത്തിന് ആസക്തിയുടെ അഗ്നിദൃശ്യങ്ങളാല്‍ സമാപനം. മേള തുടങ്ങിയിട്ടേയുള്ളൂ. കാഴ്ചകളുടെ ഉല്‍സവത്തിനു തിരശ്ശീല ഉയര്‍ന്നിട്ടേയുള്ളൂ. വരാനിരിക്കുന്ന ദിവസങ്ങള്‍ ലോക സിനിമ വൈവിധ്യവും സമ്പന്നതയുംകൊണ്ട് രാജ്യാന്തര ചലച്ചിത്രമേളയെ സമ്പന്നമാക്കട്ടെ. പ്രതിഷേധങ്ങളുടെയും എതിര്‍പ്പുകളുടെയും ശബ്ദങ്ങള്‍ക്കുപരി നല്ല സിനിമയുടെ അവിസ്മരണീയ ദൃശ്യങ്ങളാല്‍ ചലച്ചിത്രമേള ചരിത്രത്തില്‍ ഇടം നേടട്ടെ!

open-forum