online-logo

കൈരളിപ്പടിയില്‍ കാലിടറുമ്പോള്‍

പ്രമോദ് ഗോപാലകൃഷ്ണന്‍

article-image

പത്തരയായപ്പോഴേ തിയറ്റര്‍ നിറഞ്ഞുകവിഞ്ഞു. ഷോ തുടങ്ങുന്നതു 11.30 ന്. കസേരകള്‍ നിറഞ്ഞപ്പോള്‍ കുറേപ്പേര്‍ നിലത്തിരുന്നു. ഷോ ആരംഭിക്കുന്നതിന് അഞ്ചുമിനിറ്റു മുമ്പ് ചലച്ചിത്രമേള ഉപദേശകസമിതി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണനും എത്തി. സിഗ്നേച്ചര്‍ ഫിലിം കഴിഞ്ഞു. അവതാരകരുടെ പൃതിവു പല്ലവികള്‍. ഒരു പ്രകമ്പനനാദത്തോടെ പ്രേക്ഷകര്‍ പോളണ്ടിലേക്ക് എടുത്തെറിയപ്പെടുകയായി. സ്ക്രീനില്‍ അക്ഷരങ്ങള്‍ തെളിഞ്ഞു. ക്രിസ്റ്റഫ് സനൂസി. കയ്യടികള്‍ ഉയരുകയായി. പോളിഷ് സിനിമയിലെ അതികായന്‍, ലോകസിനിമയിലെ മാസ്റ്റര്‍ ക്രാഫ്റ്റ്സ്മാന്‍...സനൂസിക്കു മലയാളത്തിന്റെ വരവേല്‍പ്. രാജ്യാന്തരമേളയുടെ അഞ്ചാംദിനത്തിനു പ്രഭാതത്തില്‍ത്തന്നെ പകിട്ടേറ്റിയതു സനൂസിയായിരുന്നു.

വിശ്വാസത്തിന്റെയും വികാരത്തിന്റെയും ഏറ്റുമുട്ടല്‍ അതിഗംഭീരമായിത്തന്നെ അദ്ദേഹത്തിന്റെ ഫോറിന്‍ ബോഡി പകര്‍ന്നുകൊടുത്തു. ആര്‍ത്തലച്ചുപെയ്യുന്ന മഴയില്‍ ആന്‍ജലോ കന്യാസ്ത്രീമഠത്തിന്റെ കൂറ്റന്‍ചുവരുകള്‍ക്കു പുറത്തുനിന്നു അലറിവിളിക്കുകയായിരുന്നു. കസിയാ....കസിയാ... മഠത്തിന്റെ ചുവരുകള്‍ അവനുമുന്നില്‍ തുറന്നില്ല. അതിനകത്ത് അപ്പോള്‍ ഒരുക്കം നടúക്കുകയായിരുന്നു; കസിയ കര്‍ത്താവിന്റെ മണവാട്ടിയാകുന്നതു പിറ്റേന്നാണ്. മഴയുടെ ആരവത്തില്‍ അലിഞ്ഞുപോയ ആഞ്ജലോയുടെ ആത്മരോദനങ്ങള്‍ പ്രേക്ഷകരുടെ ഹൃദയത്തില്‍ എത്തിച്ചിടത്താണ് സനൂസിയുടെ മിടുക്ക്. മിസ് വയലന്‍സ്, നോ വണ്‍സ് ചൈല്‍ഡ് , ദ് മാന്‍ ഓഫ് ക്രൌഡ്....ഒടുവില്‍ സമാപനമായി ന്യൂ തിയറ്ററില്‍ സാക്ഷാല്‍ തകാശി മിക്കെ. ഒരു സമുറായിയുടെ ജീവിതം വാള്‍മുനയിലൂടെ നടക്കുന്നതുപോലെയാണ്. അത്യന്തം അപകúടകരം. അതാണു ജപ്പാന്‍ സിനിമയുടെ തലതൊട്ടപ്പന്‍ തകാശി മിക്കെ പ്രേക്ഷകര്‍ക്കു മുന്നിലെത്തിച്ചത്. ഒരു നാടക റിഹേഴ്സല്‍ ക്യാംപിന്റെ പശ്ചാത്തലത്തില്‍ ജീവിതവും അരങ്ങും ഒന്നായിത്തീരുന്നതിന്റെ അത്ഭുതദൃശ്യങ്ങള്‍. വീര്‍പ്പടക്കിയാണ് പ്രേക്ഷകര്‍ ഒന്നൊരമണിക്കൂര്‍മാത്രം നീളുന്ന ചിത്രം കണ്ടത്.

സിനിമയും നാടകവും ഒന്നാകുന്നു...സ്വപ്നവും യാഥാര്‍ഥ്യവും ഇടകലരുന്നു...ജീവിതവും മരണവും വേര്‍തിരിവുകളില്ലാതെ സംയോജിക്കുന്നു...ചരിത്രവും വര്‍ത്തമാനവും ഏതെന്നറിയാതെ സമനില നഷ്ടപ്പെടുന്ന പ്രേക്ഷകരെ പകയുടെയും പ്രതികാരത്തിന്റെയും കറുത്തകാലത്തിലൂടെ തകാശി മിക്കെ നയിക്കുന്നു :ഓവര്‍ യുര്‍ ഡെഡ്ബോഡി എന്ന ചിത്രത്തിലൂടെ. യുവമിഥുനങ്ങളുടെ ആസക്തിയുടെ ദൃശ്യത്തില്‍ തുടങ്ങി തലച്ചോര്‍ കാലുകൊണ്ടുതട്ടിനീക്കുന്ന കാമുകിയുടെ ദൃശ്യത്തില്‍ അവസാനിക്കുന്ന ഓവര്‍ യുര്‍ ഡെഡ്ബോഡി അവസാനിച്ചപ്പോള്‍ പ്രിയ തകാശി മിക്കെ, ആദരവോടെ എഴുന്നേറ്റുനിന്ന പ്രേക്ഷകരെ താങ്കള്‍ കണ്ടുവോ...നിലയ്ക്കാത്ത കരഘോഷം അങ്ങു കേട്ടുവോ ? കേരളത്തിന്റെ പ്രബുദ്ധപ്രേക്ഷകരുടെ പ്രണാമമാണത്. സദയം സ്വീകരിച്ചാലും....

ഇനി സിനിമയെക്കുറിച്ചല്ല പറയുന്നത്, കൈരളിയെക്കുറിച്ച്. കൈരളി, ശ്രീ, നിള തിയറ്റര്‍ കോംപ്ളക്സിനെക്കുറിച്ച്. ഈ തിയറ്ററിന്റെ പടിക്കെട്ടുകള്‍ പ്രശസ്തമാണ്. എത്രയോ പ്രതിഭാശാലികള്‍ വിശ്രമിക്കാന്‍ തിരഞ്ഞെടുത്തയിടം. അവിടെ എപ്പോഴും ആള്‍ക്കൂട്ടമാണ്. ചലച്ചിത്രമേളയെ കാര്‍ണിവലിന്റെ തലത്തിലേക്കുയര്‍ത്തുന്നത് അവിടെ നിന്നുയരുന്ന പാട്ടുകളും കവിതകളും തെരുവുനാടക പ്രഘോഷണങ്ങളും ചുംബന സീല്‍ക്കാരങ്ങളും ഒക്കെയാണ്. ആഘോഷത്തിന്റെ അരങ്ങിനു സാക്ഷികളായി വലിയൊരു ആള്‍ക്കൂട്ടവും. അവയൊക്കെ നടന്നോട്ടെ. എതിര്‍ക്കുന്നില്ല. ഒരു ചോദ്യം മാത്രം: കൈരളി ഉള്‍പ്പെടെയുള്ള തിയറ്ററുകളില്‍ ഓരോ ഷോയ്ക്കുമുമ്പും ക്യു നില്‍ക്കുന്ന നിങ്ങള്‍ ചിത്രം തുടങ്ങിക്കഴിയുമ്പോള്‍ എഴുന്നേറ്റുമുങ്ങുന്നത് ഏങ്ങോട്ടാണ് ? അര്‍ഹതപ്പെട്ട എത്രയോ പേര്‍ക്കു ചിത്രം കാണാനുള്ള അവസരമാണ് നിങ്ങള്‍ നിഷേധിക്കുന്നത്.

ശ്രദ്ധയോടെ ചിത്രം കാണാനാവാത്തവിധം പലരും എഴുന്നേറ്റു നടക്കുമ്പോള്‍ രാജ്യാന്തരതലത്തില്‍ ശ്രദ്ധിക്കപ്പെട്ട നമ്മുടെ മേള വെറും അലമ്പായി മാറുകയാണ്. പ്രിയ സുഹൃത്തുക്കളേ, നമുക്കു സിനിമയില്‍ ശ്രദ്ധിക്കാം. തിയറ്ററില്‍ കയറിയാല്‍ അവസാനംവരെ ക്ഷമയോടെ സിനിമ കാണാം; മറ്റുള്ളവര്‍ക്കു കാണാനുള്ള അവസരം കൊടുക്കാം. ലഹരിയെ നിയന്ത്രിച്ചുനിര്‍ത്താം. തിരുവനന്തപുരത്തിന്റെ തെരുവില്‍ അജ്ഞാതനായി വീണുമരിച്ച കവി അയ്യപ്പന്‍ ഏതാനും വര്‍ഷം മുമ്പ് ഒരു മേളയ്ക്കിടെ ഈ പടിക്കെട്ടുകളില്‍ നിന്നു പാടിയ കവിത നിങ്ങള്‍ മറന്നോ... കരളു പങ്കിടാന്‍ വയ്യെന്റെ പ്രണയമേ... പകുതിയും കൊണ്ടുപോയ് ലഹരിയുടെ പക്ഷികള്‍...

open-forum