online-logo

കഥാപുരുഷന്‍ സാക്ഷി; കഥ തുടരട്ടെ

പ്രമോദ് ഗോപാലകൃഷ്ണന്‍

article-image

രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഒരു ഞായറേയുള്ളൂ. ആ ദിവസം ആഘോഷത്തിന്റേതാണ്; കൂട്ടായ്മയുടേതും. ഏറ്റവും കൂടുതല്‍ തലസ്ഥാനവാസികള്‍ സിനിമ കാണാന്‍ എത്തുന്നതു ഞായറാഴചയാണ്. ഇത്തവണത്തെ മേളയിലും പതിവു തെറ്റിയില്ല. മേള നടക്കുന്ന ഓരോ തിയറ്ററിലും ഒരു ഉല്‍സവത്തിനുള്ള ആള്‍ക്കൂട്ടം. സമയത്തിനും രണ്ടുമണിക്കൂറെങ്കിലും മുമ്പുവന്നവര്‍ മാത്രം ചിത്രങ്ങള്‍കണ്ടു, ബാക്കിയുള്ളവര്‍ നിരാശരായി തിരിച്ചുപോയി. കലാഭവനില്‍ ഫിഡല്‍ കാസ്ട്രോയുടെ ക്യൂബയുടെ അറിയപ്പെടാത്ത വശം അനാവരണം ചെയ്ത റിട്ടേണ്‍ ടു ഇത്താക്ക വൈകിട്ട് ആററയ്ക്കായിരുന്നു.

അഞ്ചുമണിയായപ്പോഴേ ബാല്‍ക്കണി നിറഞ്ഞു. ആറുമണിയായപ്പോള്‍ തിയറ്ററും. ന്യൂവില്‍ രാവിലെ മുതല്‍ തിരക്കായിരുന്നു; രാത്രി ഒമ്പതിനുള്ള ട്രൈബ് കാണാന്‍. കൈരളയില്‍ ബാരിക്കേഡുകള്‍ വച്ചു കാണികളെ തടയുകയായിരുന്നു...എങ്ങും ആള്‍ക്കൂട്ടം മാത്രം. നല്ല സിനിമകള്‍ കാണാന്‍ കഴിഞ്ഞവര്‍ക്ക് അവിസ്മരണീയമായിരുന്നു ദിനം. രാവിലെ ശ്രീകുമാറില്‍ നാച്ചുറല്‍ സയന്‍സ്. കലാഭവനില്‍ ലോക് ചാമര്‍, കൈരളിയില്‍ വണ്‍ ഫോര്‍ ദ് റോഡ്, ന്യൂവില്‍ ട്രൈബ്.... നിഗൂഢതകൊണ്ടും കഥയുടെ പ്രത്യേകതകൊണ്ടും പ്രേക്ഷകരെ ആകര്‍ഷിച്ച ചിത്രം ലോക് ചാമര്‍ തന്നെയായിരുന്നു. മാജിക്കല്‍ റിയലിസത്തിന്റെ മാന്ത്രിക അന്തരീക്ഷം ചിത്രത്തെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തി. ഈ മേളയുടെ കഥാപുരുഷന്‍ പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും ചിത്രം കാണാനെത്തി. മേളയില്‍ നടപ്പാക്കിയ പുതുമകളുടെ പേരില്‍ കുരിശിലേറ്റപ്പെട്ട അദ്ദേഹം മാന്യമായ അന്തരീക്ഷത്തില്‍ പ്രദര്‍ശിപ്പിച്ച ലോക് ചാമര്‍ ആസ്വദിച്ചു. ഓരോ ചിത്രം കഴിയുമ്പോഴും ഓരോരുത്തരും കൂടെയുള്ളവരെ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു: ട്രൈബ് കാണാന്‍ പോകേണ്ടേ....തിരുവനന്തപുരം മേള ഒരൊറ്റ സിനിമയിലേക്കൊതുങ്ങിയപോലെ.

ആരുടെയും പ്രതീക്ഷകളെ തകര്‍ത്തില്ല ട്രൈബ്. 18-ാം രാജ്യാന്തര ചലച്ചിത്രമേളയിലെ മോബിയസ് പോലെ നിശ്ശബ്ദ ചിത്രമായിരുന്നെങ്കിലും ഹൃദയഭേദകമായിരുന്നു ചിത്രം. പലരും കാഴ്ചകളുടെ ഭീകരതയില്‍ കണ്ണുപൊത്തി. കണ്ടവരുടെ ഹൃദയത്തിലാകട്ടെ കൂടുകൂട്ടി ചിത്രം. തിങ്കള്‍ കിം കി ഡൂക്കിന്റേതാണ്. തിരുവനന്തപുരത്തിന്റെ സ്വന്തം ചലച്ചിത്രകാരന്‍. കിമ്മിനെ മലയാളത്തിന്റെ സ്വന്തമാക്കിയ ബീന പോള്‍ മേളയുടെ സംഘാടനത്തിലില്ലെങ്കിലും കിമ്മിന്റെ ആരാധകര്‍ക്കു കുറവൊന്നുമില്ല. അവര്‍ ഇന്നു മേളയ്ക്കു കൊഴുപ്പേകും. ഹിംസയുടെ അതിസാഹസിക ദൃശ്യങ്ങളാല്‍ ശ്രദ്ധേയമായ വണ്‍ ഓണ്‍ വണ്‍ നല്ല ചിത്രമെന്ന പേര് ഇതുവരെ നേടിയെടുത്തിട്ടില്ലെങ്കിലും കിം കി ഡൂക്കിനെ ഒഴിവാക്കാന്‍ ആര്‍ക്കും കഴിയില്ല. നല്ല അഭിപ്രായം നേടിയ ചിത്രങ്ങള്‍ രണ്ടാമതും മൂന്നാമതും പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളിലായിരിക്കും ഇനി തിരക്ക്. നഷ്ടപ്പെടുത്തരുതല്ലോ മായിക ദൃശ്യങ്ങള്‍.....

open-forum