പേടിക്കണോ പ്രോട്ടീന്‍ പൗഡറിനെ?
സിക്‌സ് പാക്ക് വേണം താനും, എന്നാല്‍ കഷ്ടപ്പെടാനും വയ്യ. പ്രോട്ടീന്‍ പൗഡറും സ്റ്റിറോയ്ഡ് കുത്തിവയ്പ്പുമൊക്കെ ആകര്‍ഷകമായി തോന്നുന്നത് അങ്ങനെയുള്ളവര്‍ക്കാണ്. യഥാര്‍ഥത്തില്‍ അതൊക്കെ ആവശ്യമാണോ? ഉപയോഗിച്ചാല്‍ എന്തെങ്കിലും കുഴപ്പങ്ങളുണ്ടോ?
ശരിക്കും എന്താണീ പ്രോട്ടീന്‍? നമ്മുടെ ശരീര വളര്‍ച്ചയ്ക്ക് ഏറ്റവും ആവശ്യമുള്ള പോഷകങ്ങളിലൊന്നാണത്. മാസ്യം എന്നു മലയാളത്തില്‍ പറയും. ശരീരത്തിന്റെ ബില്‍ഡിങ് ബ്ലോക്ക് എന്നാണ് മാംസ്യത്തിനുള്ള വിശേഷണം. മസില്‍ ബില്‍ഡിങ്ങിന് കൂടുതല്‍ പ്രോട്ടീന്‍ ആവശ്യമാണ് എന്നതാണ് പ്രോട്ടീന്‍ പൗഡര്‍ സപ്ലിമെന്റായി കഴിക്കുന്നതിനു പിന്നിലെ ലോജിക്.
ദിവസം ഒരു മണിക്കൂര്‍ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നവര്‍ക്ക് ആവശ്യം ശരാശരി 80 ഗ്രാം പ്രോട്ടീനായിരിക്കും. ഇതില്‍ ഒരു 60-65 ഗ്രാം വരെ സാധാരണ കഴിക്കുന്ന ഭക്ഷണങ്ങളില്‍നിന്നു തന്നെ കിട്ടും. ബാക്കി ആവശ്യമായതിന് പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണം കഴിച്ചാല്‍ മാത്രം മതി. എന്നാല്‍, കൂടുതല്‍ സമയം വര്‍ക്കൗട്ട് ചെയ്യുന്ന പ്രൊഫഷണല്‍ ബോഡി ബില്‍ഡര്‍മാര്‍ക്ക് തീര്‍ച്ചയായും പ്രോട്ടീന്‍ സപ്ലിമെന്റ് ആവശ്യം വരും.
എന്നാല്‍, പ്രോട്ടീന്‍ പൗഡര്‍ വെറുതേ വാരിവലിച്ചു കഴിച്ചെന്നു വച്ചു മസില്‍ പെരുക്കാനൊന്നും പോകുന്നുമില്ല. കാര്‍ബോഹൈഡ്രോറ്റ്, അഥവാ അന്നജം അടങ്ങിയ ഭക്ഷണം കുറയ്ക്കുകയും, പ്രോട്ടീന്‍ അടങ്ങിയവ കൂട്ടുകയും ചെയ്യുമ്പോള്‍ അമിത ഭാരം കുറയും, പേശികള്‍ ബലപ്പെടും. പക്ഷേ, അന്നജംയ ഊര്‍ജത്തിന് ആവശ്യമാണ്. അത് ആവശ്യത്തിനു കിട്ടിയില്ലെങ്കില്‍ ശരീരം അതിനു പകരം പ്രോട്ടീന്‍ വലിച്ചെടുത്തു തുടങ്ങുകയും, അതു ശരീരം അമിതമായി ക്ഷീണിക്കാന്‍ കാരണമാകുകയും ചെയ്യും. അതുകൊണ്ടു ന്നെ ഓരോരുത്തരുടെയും ശരീരരീതിക്കനുസരിച്ചുള്ള സന്തുലിതമായ ഭക്ഷണരീതി വേണം നിശ്ചയിക്കാന്‍.
പ്രോട്ടീന്‍ പൗഡര്‍ അമിതമായാലും ആപത്താണ്. കിഡ്‌നി സ്റ്റോണ്‍, ക്യാന്‍സര്‍ തുടങ്ങിയവയ്ക്ക് ഇതു കാരണമാകാന്‍ സാധ്യതയുണ്ട്. ശരീരത്തിന് ആവശ്യമുള്ളതിലും കൂടുതല്‍ പ്രോട്ടീന്‍ ഉള്ളില്‍ ചെന്നാല്‍ ഇതെല്ലാം മസിലിലേക്കു ചെന്ന് പെരുപ്പിക്കുകയല്ല ചെയ്യുക, പകരം മൂത്രത്തിലൂടെ അധികമുള്ളത് പുറത്തു പോകുകയായിരിക്കും ചെയ്യുക.
ശരീരഭാരത്തിനും വര്‍ക്കൗട്ട് ചെയ്യാന്‍ എടുക്കുന്ന സമയത്തിനും അനുസരിച്ചു മാത്രമാണ് സാധാരണ ഭക്ഷണം കൂടാതെയുള്ള പ്രോട്ടീന്‍ സപ്ലിമെന്റ് തീരുമാനിക്കേണ്ടത്. വ്യക്തിയുടെ പ്രായം, ലിംഗം, ശരീര വലുപ്പം ഒക്കെ ഇതു തീരുമാനിക്കാനുള്ള ഘടകങ്ങളാണ്.