സുംബയുടെ സുഖതാളങ്ങള്‍
ചടുലതാളത്തിലുള്ള സംഗീതത്തിനൊത്തുള്ള നൃത്ത സമാനമായ ചുവടുവയ്പ്പുകള്‍, അല്ലെങ്കില്‍ നൃത്തം തന്നെയാണ് സുംബ ഡാന്‍സ്. സാധാരണ നൃത്തത്തിനൊപ്പം എയ്‌റോബിക് മൂവ്‌മെന്റുകള്‍ കൂടി ഇതില്‍ ഉള്‍പ്പെടുന്നു. ശാരീരികം മാത്രമല്ല, മാനസികമായ ഫിറ്റ്‌നസിനും ഉതകുന്നതാണ് സുംബ എന്നാണ് സമീപകാല പഠനങ്ങളില്‍ തെളിഞ്ഞിട്ടുള്ളത്.
യഥാര്‍ഥത്തില്‍, ഹിപ് ഹോപ്, സോകാ, സാംബാ, സല്‍സ, മെറിന്‍ഗ്വേ, മാംബൂ എന്നീ നൃത്തരൂപങ്ങളുടെ സമന്വയമാണ് സുംബ. മാനസിക, വൈകാരിക നിലകളില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്താന്‍ ഉതകുന്ന തരത്തിലാണ് ഇതു ചിട്ടപ്പെടുത്തിയിരിക്കുന്നതെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.
വൈകാരികമായി തകര്‍ന്ന അവസ്ഥയില്‍ നിന്നു പോലും സുംബയിലൂടെ മോചനം സാധ്യമാണത്രെ. കായികാധ്വാനം തീരെ ആവശ്യമില്ലാത്ത, എപ്പോഴും ഇരുന്നു ജോലി ചെയ്യുന്ന ആളുകളിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതലായി കാണപ്പെടുന്നതും, സുംബ കൂടുതല്‍ എഫക്റ്റീവാകുന്നതും. സ്‌പെയ്‌നിലെ ഗ്രനാഡ സര്‍വകലാശാലയിലെ വിദഗ്ധരാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്.