ഹൃദ്രോഗവും വ്യായാമവും തമ്മില്‍
ഹൃദ്രോഗവും വ്യായാമവും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ആഗോളതലത്തില്‍ ഏതാണ്ട് നാലിലൊന്നു ഹൃദ്രോഗികളുടെയും രോഗകാരണം വ്യായാമത്തിലെ കുറവാണെന്നാണ് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളത്. ജീവിതശൈലീ രോഗങ്ങള്‍ പെരുകിവരുന്ന ഈ കാലഘട്ടത്തില്‍ വ്യായാമം മസില്‍ ബില്‍ഡിങ്ങിനെക്കാളുപരി, ആരോഗ്യം നിലനിര്‍ത്താനുള്ളതായി മാറിയിരിക്കുന്നു.
ഹൃദ്രോഗം വന്നവര്‍ക്ക് ശേഷിക്കുന്ന കാലം ആരോഗ്യത്തോടെ ജീവിക്കാനും, രോഗം ആവര്‍ത്തിക്കാതിരിക്കാനും വഷളാകാതിരിക്കാനുമൊക്കെ ശരിയായ വ്യായാമം അനിവാര്യമാണ്. ഹൃദ്രോഗമുള്ളവര്‍ക്ക് മാനസിക ബുദ്ധിമുട്ടുകള്‍ പോലും ശരീരത്തെ പെട്ടെന്നു ബാധിക്കാറുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ക്കും പരിഹാരം വ്യായാമത്തിലുണ്ട്.
വീട്ടിലെ ദൈനംദിന ജോലികള്‍ വ്യായാമത്തിനു പകരമാകില്ല. അതിനു പ്രത്യേകം സമയം നീക്കി വയ്ക്കുക തന്നെ വേണം, ദിവസവും അര മണിക്കൂറെങ്കിലും. എങ്ങനെയുള്ള വ്യായാമങ്ങള്‍ വേണമെന്ന് ഡോക്ടറുമായി സംസാരിച്ചു വേണം തീരുമാനിക്കാന്‍. ടി. എം. ടി. പോലെയുള്ള ടെസ്റ്റുകളുടെ സഹായത്തോടെയാണ് ഇതു നിശ്ചയിക്കുക.
വെയ്റ്റ് ട്രെയ്‌നിങ്ങല്ല, എയ്‌റോബിക് എക്‌സര്‍സൈസുകളാണ് ഹൃദ്രോകികള്‍ക്ക് ഉത്തമം. ഓട്ടവും നടത്തവും സൈക്ലിങ്ങും നീന്തലും നൃത്തവുമൊക്കെ ഇതില്‍പ്പെടുന്നതാണ്. ഇതില്‍ തന്നെ ഏറ്റവും ഉചിതമായി കണക്കാക്കപ്പെടുന്നത് ശരിയായ രീതിയിലുള്ള നടത്തവും.
വ്യായാമം തുടങ്ങുമ്പോള്‍ തന്നെ പൂര്‍ണ തോതില്‍ തുടങ്ങാന്‍ പാടില്ല. പത്തോ പതിനഞ്ചോ മിനിറ്റ് ലഘുവായി തുടങ്ങി ക്രമേണ വര്‍ധിപ്പിക്കുകയാണു വേണ്ടത്. ശരീരത്തിന് ഇതുമായി പൊരുത്തപ്പെടാന്‍ ആവശ്യത്തിനു സമയം കൊടുക്കാന്‍ വേണ്ടിയാണിത്. ആഴ്ചയില്‍ 4 - 5 ദിവസം വരെ വ്യായാമം നിര്‍ബന്ധമാക്കുക. പള്‍സ് അധികം ഉയരാതെ ശ്രദ്ധിക്കുകയും വേണം. ട്രെഡ് മില്ലിലും മറ്റും പള്‍സ് അറിയാനുള്ള സൗകര്യമുണ്ട്. അല്ലെങ്കില്‍ അതു മനസിലാക്കാന്‍ സഹായിക്കുന്ന വാച്ച് പോലുള്ള ഉപകരണങ്ങള്‍ കിട്ടും. ഇതൊന്നുമല്ലെങ്കില്‍, വരല്‍കൊണ്ട് നാഡി മിഡിപ്പ് പരിശോധിച്ചാലും മതി.
രാവിലെയോ വൈകിട്ടോ വ്യായാമത്തിനു തെരഞ്ഞെടുക്കാനും, ആഹാരത്തിനു തൊട്ടുപിന്നാലെ വ്യായാമം ചെയ്യാതിരിക്കാനും ശ്രദ്ധിക്കണം. ടെന്നിസും ഷട്ടിലുമൊക്കെ പോലുള്ള കളികളും നല്ലതാണ്. പക്ഷേ, മത്സരങ്ങള്‍ക്കു മുതിര്‍ന്നാല്‍ അപകടമാകും.